നിര്‍വാണവും നിര്‍വൃതിയും

ഘ്രാണിക്കപ്പെടാത്തിടത്ത് സുഗന്ധമില്ല,

ശ്രവിക്കപ്പെടുന്നില്ലാത്തിടത്ത് ശബ്ദമില്ല,

കാണപ്പെടുന്നില്ലാത്തിടത്ത് പ്രകാശമില്ല,

ആസ്വദിക്കപ്പെടാത്തിടത്തു സംഗീതമില്ല,

സ്നേഹിക്കപ്പെടാത്തിടത്തു മനുഷ്യരില്ല,

എന്റെ ലോകം എന്റെ മാത്രം സൃഷിയാണ്.

പ്രപഞ്ചോര്‍ജ്ജമെന്ന സമഗ്രമായ ഉണ്മയുടെ ഘനീഭാവമാണ് മണല്‍ത്തരി തൊട്ട്‌ താരങ്ങള്‍ വരെയുള്ളതെല്ലാം. ഈ ഊര്‍ജത്തിന്റെ ഒരു പ്രത്യക്ഷ രൂപമാണ് വെളിച്ചം‌. ഈ പ്രകാശത്തെ പിടിച്ചെടുക്കാനുള്ള ഉപകരണമായിട്ടാണ് ജീവികള്‍ക്ക് കണ്ണുണ്ടായത്. കണ്ണില്ലെങ്കില്‍ വെളിച്ചമില്ല. സൂര്യനില്‍ നിന്നോ മറ്റു നക്ഷത്രങ്ങളില്‍ നിന്നോ ഫോട്ടോണ്‍പ്രസരം ശൂന്യവിഹായസിലൂടെ കടന്നുപോകുമ്പോള്‍ അതു വെളിച്ചമായി മാറുന്നില്ല. അതിനെ തടയുന്ന ആകാശഗോളങ്ങളില്‍ ഊര്‍ജ്ജമായിട്ടാണ് അത് പ്രതികരിക്കുന്നത്. തടയാനൊന്നുമില്ലാത്തിടത്ത് പ്രതിബിംബിംബങ്ങള്‍ ഉണ്ടാവില്ല. ഫോട്ടോണ്‍ കണ്ണുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് വെളിച്ചം. ഭാസത്തിന്റെ അര്‍ഥം തന്നെ ശോഭ, രശ്മി, സങ്കല്‍പം എന്നെല്ലാമാണ്. പ്രകാശത്തിന്റെ വാച്യാര്‍ഥവും ഇത് തന്നെ: ആകാശമെന്നാല്‍ (ദ്യോവ്) വീണ്ടും ശോഭ എന്നാണ്. ആകാശത്തോടുള്ള കണ്ണിന്റെ പ്രതികരണമാണ് പ്രകാശവും കാഴ്ചയെന്ന സൃഷ്ടിയും. (ഇത്രവരെ വായിച്ചശേഷം ഒരു സുഹൃത്ത്‌, എഴുതിച്ചോദിച്ചു: ഒരന്ധനും നല്ല കാഴ്ചയുള്ളവനും സൂര്യപ്രകാശത്തു നിന്നാല്‍ …? ശരിയാണ്, ഇരുവര്‍ക്കും സൂര്യനെ അനുഭവിക്കാം, പക്ഷേ, അന്ധന്‍ അത് സൂര്യതാപമായിട്ടെ അനുഭവിക്കുകയുള്ളൂ, വെളിച്ചമായിട്ടല്ല.) നമ്മെപ്പോലെയല്ല, പ്രത്യുത, മറ്റൊരു രൂപത്തിലാണ്, കണ്ണില്ലാത്തവ, ഉദാ. ചെടികള്‍ സൌരോര്‍ജ്ജത്തെ സ്വീകരിക്കുന്നത്. ഈ തത്ത്വം എല്ലാ ഇന്ദ്രിയവിഷയങ്ങളിലേയ്ക്കും വ്യാപിപ്പിക്കാം. ഘ്രാണേന്ദ്രിയമില്ലെങ്കില്‍, മുല്ലപ്പൂവിനു സുഗന്ധമില്ല; തന്നെയല്ല, ഒരു ഗന്ധത്തെയും നമുക്ക് സുഗന്ധം, ദു:ര്‍ഗന്ധം എന്ന് വേര്‍തിരിക്കാനുമാവില്ല; ആസ്വദിപ്പിക്കുന്ന സ്വരവും മടുപ്പിക്കുന്ന സ്വരവും നമ്മുടെ ശ്രവണേന്ദ്രിയത്തിന്റെ ഘടനയുടെ ഫലമാണ്. നാമെന്തെല്ലാം കേട്ടാലും, നമ്മുടെയടുത്ത് നില്‍ക്കുന്ന ബധിരനു ചുറ്റുവട്ടം നിശബ്ദമാണല്ലോ. അങ്ങനെയെങ്കില്‍, നമുക്ക് പറയാം, മനുഷ്യരും അവരുടെ മനസ്സെന്ന ഉപകരണവും ഇല്ലായിരുന്നെങ്കില്‍, സ്ഥലവും (ഇടവും) സമയവുമില്ല. കാരണം, ഇവ രണ്ടും കല്പിതങ്ങളാണ്.

സ്ഥലകാലങ്ങള്‍ കല്പിതങ്ങളാണെങ്കില്‍‍, അവയിലൂടെ മാത്രം ഗ്രഹിക്കാനാവുന്നവയും കല്പിതങ്ങളാണ്. നന്മതിന്മകളെന്ന വേര്‍തിരിവും സമയബന്ധിതമാകയാല്‍ അവയും കല്പിതമാണ്. നമുക്ക് വെളിയിലുള്ളത് നിര്‍ഗുണമായ ഊര്‍ജ്ജമാണ്. ഈയറിവ് നമുക്ക് അനുഭൂതിയുടെ വിതാനങ്ങളിലേയ്ക്കും മനുഷ്യബന്ധങ്ങളിലേയ്ക്കും വ്യാപിപ്പിക്കാം. മറ്റൊരാളുടെ പ്രവൃത്തികള്‍ നമ്മില്‍ എന്ത് വികാരമുണ്ടാക്കണമെന്നു നാമാണ് നിശ്ചയിക്കുന്നത്. ‘ഞാനിവിടെയില്ല’ എന്ന നിലപാടെടുത്താല്‍, പിന്നെയൊന്നും നമ്മെ ബാധിക്കുകയില്ല. നമ്മോടു അസഭ്യം പറയുന്നവനെ നാം ശ്രദ്ധിക്കാതിരുന്നാല്‍, നമുക്ക് രോഷമുണ്ട്ടാവില്ല. എതിരെ നിന്ന് ചീത്ത വിളിക്കുന്നവനെപ്പറ്റി, അവന്‍ അവന്റെ വികാരത്തള്ളലിനടിപ്പെടുന്നു,പാവം! അതെന്തിനെന്നെ സ്പര്‍ശിക്കണം എന്ന നിര്‍മ്മമത സാധിക്കുന്നവന് ഒരു ചുക്കും സംഭവിക്കുന്നില്ല. ഇകഴ്ത്തല്‍ മാത്രമല്ല, പുകഴ്ത്തലും, അത് കാര്യമുള്ളതോ ഇല്ലാത്തതോ ആകട്ടെ, ഈ നിലയിലെത്തിയവരില്‍ ഒരു വിധ വൈകാരിക മാറ്റവും വരുത്തുകയില്ല. അതായത്, സ്വയം ഇല്ലാതായിക്കൊണ്ട്, വളരെ ധന്യമായ ശൂന്യതയെ, വിശ്രാന്തിയെ, നമുക്ക് ചുറ്റും സൃഷ്ടിക്കാം. അഹംബോധത്തെ മറികടക്കുന്ന ഈ അവസ്ഥയെയാണ് ബുദ്ധന്‍ നിര്‍വാണയെന്നു വിളിച്ചത്. ചാഞ്ചല്യമില്ലാതെ, ആളാതെ കത്തുന്ന തീനാളത്തിന്റെ അവസ്ഥയാണത്. ‘വാണ’ (സംസ്കൃതം) എന്നാല്‍, ആളുന്ന നാളമാണ്.

നിര്‍വാണത്തിലേയ്ക്കുള്ള വഴി സാധനയാണ്‌. വെളിയില്‍ നിന്ന് വരുന്നവയില്‍ എന്ത് സ്വീകരിക്കണം, എന്ത് നിരാകരിക്കണം എന്ന് സ്വയം തീരുമാനിക്കാനായാല്‍, നമ്മുടെ ശാന്തിയെ നശിപ്പിക്കുന്നവയെ ‘കണ്ടില്ലെന്നു’ വയ്ക്കാന്‍ ആര്‍ക്കും പഠിച്ചെടുക്കാം. സര്‍വദോഷിയായ നമ്മുടെ അഹത്തെ തോല്‍പ്പിക്കാനായാല്‍ സംശുദ്ധമായ അസ്തിത്വത്തെ തൊട്ടറിയാനുള്ള സാധ്യത കൈവരും എന്നാണിതിനര്‍ഥം. സ്വയം മറക്കുക എന്നത് എവിടെയും ഏറിയ അര്‍ഥത്തിലേയ്ക്കുള്ള വഴിയാണ്. കേള്‍വിക്കാരെയും കാണികളെയും അങ്ങേയറ്റം ആസ്വദിപ്പിക്കാന്‍ ഒരു ഗായകനോ നര്‍ത്തകിക്കോ സാധിക്കുന്നത്, സ്വയം മറന്ന് പാടുകയും നൃത്തം വയ്ക്കുകയും ചെയ്യുമ്പോഴാണല്ലോ. എവിടെയും ഇത് ബാധകമാണ്. സ്വയം മറക്കാതെ സ്നേഹം പോലും സ്നേഹമാകുന്നില്ല. സമ്പുഷ്ടമായ മൌനമെന്നും ശൂന്യതയെന്നും പറയുന്നത് ഈ അവസ്ഥക്കാണ്.

എന്താണ് നിര്‍വൃതി?

അഗാധമായ ഒരു സ്നേഹാനുഭൂതി, അപ്രതീക്ഷിതമായ ഒരുള്‍ക്കാഴ്ച, അതിതീക്ഷ്ണമായ ഒരു കലാനുഭവം തുടങ്ങിയവയിലെല്ലാം നാം സ്വയം മന്തിക്കുന്നു: സമയം പോയതറിഞ്ഞില്ല! ഇവിടെ സമയമെന്ന സങ്കല്പവസ്തുവിനെ അളക്കുന്ന യന്ത്രങ്ങളില്‍ സൂചിക മാറിയിട്ടുണ്ടെങ്കിലും, അനുഭവസ്ഥന്റെ ‘സമയം’ ഓടുകയല്ലായിരുന്നു, മറിച്ച്, നിന്നിടത്ത് നില്‍ക്കുകയായിരുന്നു. ഇത്തരം അല്‍പനിര്‍വൃതിയുടെ നിമിഷങ്ങള്‍ ഏവര്‍ക്കും തന്നെ ഉണ്ടായിരിക്കണം. ആത്മാവില്‍ നിര്‍വൃതി വന്നു നിറയുന്നത് ഒരു നിമിഷാര്‍ദ്ധത്തിലാണ്. അനന്തതയുടെ ആ തരിയെ പുണരാന്‍ കഴിയുമ്പോള്‍, പിന്നിട്ടുപോയ സമയദൂരങ്ങള്‍ അപാരതയിലലിഞ്ഞ് അപ്രസക്തമായിത്തീരുന്നു. കോടക്കാറിറങ്ങുന്ന മലഞ്ചെരുവിലോ, സായാഹ്നശാന്തതയിലെ കടല്ത്തീരത്തോ, ഏകാന്തവിജനമായ നടപ്പാതയിലോ ആകാം ഇത്തരമൊരനുഭൂതി പെട്ടെന്ന് നമ്മെ വലയം ചെയ്യുക. ബോധിവൃക്ഷച്ചുവട്ടില്‍ സിദ്ധാര്‍ഥ ഗൌതമനും, താജ്മഹളിനു മുമ്പില്‍ ഷാജഹാനും, മരിച്ചെന്നു കരുതിയിരുന്ന യേശുവിനെ ശവക്കല്ലറയ്ക്കു മുമ്പില്‍ ജീവനോടെ കണ്ടുമുട്ടുന്ന മിറിയവും അനുഭവിച്ചറിഞ്ഞ നിര്‍വൃതിയുടെ നിമിഷങ്ങള്‍ ഏവര്‍ക്കുമുള്ളതല്ല.

ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം അല്ലെങ്കില്‍ ഇഷ്ടവസ്തുക്കളുടെ ലഭ്യതയാണല്ലോ നിര്‍വൃതിക്ക് കാരണമാകുന്നത്. ഏറ്റവും ഇഷ്ടപ്പെട്ടയാളുടെ സാന്നിധ്യവും നിര്‍വൃതിദായകമാകുന്നു. ഇവയിലേതായാലും, നിര്‍വൃതിക്ക് കാരണമായത് കൈവിട്ടുപോകുമ്പോള്‍ ഫലം ദു:ഖമാണ്. നിര്‍വൃതിയുടെ ആഴത്തിനനുസരിച്ചിരിക്കും ദു:ഖത്തിന്റെയാഴവും. നമ്മുടെ ഭാഷകളുടെയൊക്കെ വളര്‍ച്ചയില്‍ വളരെയധികം താത്ത്വികവിചാരം ഉള്‍പ്പെടുന്നുണ്ട്. വൃതിയില്‍ നിന്നാണ് നിര്‍വൃതി വരുന്നത്. വൃതിയുടെ അര്‍ഥം വരണം, ആവരണം, വളച്ചുകെട്ട് എന്നും അന്വേഷണം, തിരഞ്ഞെടുക്കല്‍ എന്നുമൊക്കെയാണ്. അങ്ങനെയെങ്കില്‍, ആവരണങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രരായി, തേടിപ്പോക്ക് സാര്‍ഥകമാകുമ്പോള്‍ കൈവരുന്ന ആനന്ദത്തിന്റെ മധു നുകരുന്നതാണ് നിര്‍വൃതി.

ദ്രവ്യത്തിന്റെ ലോകത്ത് ഇത് താല്‍ക്കാലികമായിരിക്കും, കാരണം, അതു മാറ്റങ്ങളുടെ പരിധിക്കുള്ളിലാണ്. ഊര്‍ജ്ജതലത്തിലും നിര്‍വൃതി അസ്ഥിരമായിരിക്കും. ഉദാ. വൈകാരിക ബന്ധങ്ങള്‍. അവ ഊര്‍ജ്ജതലത്തില്‍ സംഭവിക്കുന്നവയാണ്. കാമനകളെല്ലാം ഇതില്‍ ഏതെങ്കിലും ഒരു തലത്തിലായിരിക്കും. എന്നാല്‍, ദ്രവ്യശരീരത്തിനും ഊര്‍ജ്ജതലത്തിനും അപ്പുറത്തേയ്ക്ക് നീങ്ങിയാല്‍, ബോധതലത്തില്‍, നിര്‍വൃതി സ്ഥിരമായിരിക്കണം. തികച്ചും സംശുദ്ധമായ ഇത്തരമൊരു ബന്ധമാണ് കറകളഞ്ഞ പ്രണയത്തിന്റേത്. പ്രണയനിര്‍വൃതി സ്ഥായിയല്ലെന്നയനുഭവം ഉണ്ടാകുമ്പോള്‍ അതിന്റെ പരിശുദ്ധിയെപ്പറ്റി അതിലകപ്പെട്ടവര്‍ ശോധന നടത്തേണ്ട സമയമായി എന്നാണര്‍ഥം. ശുദ്ധമായ പ്രണയം അവസാനമില്ലാത്തതായിരിക്കും. അതിനപ്പുറത്തേയ്ക്കൊന്നും ആര്‍ജ്ജിക്കേണ്ടതില്ലാത്ത അവസ്ഥയിലാണ് പ്രണയവും, ദൈവസ്നേഹവും പരമാനന്ദമായിത്തീരുന്നത്. എന്നെ സ്നേഹത്തില്‍ മുക്കിക്കൊല്ലുന്നതും, എന്റെ സ്നേഹത്തില്‍ മുങ്ങിത്താഴുന്നതുമായ മറ്റൊരു ബോധത്തെ കണ്ടെത്തിയെന്ന ധൈര്യമാണ് ഒരാളെ പരമമായ നിര്‍വൃതിയിലെത്തിക്കുന്നത്. അങ്ങനെയൊന്ന് ഐന്ദ്രികതലത്തിലോ മനസ്സിന്റെ തലത്തിലോ മാത്രം സാധ്യമല്ല, ബോധതലവും ഉള്‍പ്പെടുമ്പോഴേ അതുണ്ടാവൂ.

Generated from archived content: essay1_july19_12.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here