എന്തൊരു മനസ്സ്‌!

നോവലും കഥയും രസത്തോടെ വായിക്കാനുള്ള സഹൃദയത്വം വികസിപ്പിച്ചെടുക്കാൻ എനിക്കായിട്ടില്ലെങ്കിലും, വായിച്ചതുകൊണ്ട്‌ എനിക്ക്‌ നഷ്‌ടബോധം തോന്നിയിട്ടില്ലാത്ത രചനകൾ, എം.ടി. വാസുദേവൻ നായരുടേതാണ്‌. അനുഭവവും അനുകമ്പയും സ്വരുമിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ അനന്യമെന്നുതന്നെ പറയണം. ‘അയൽക്കാർ’ എന്ന കഥയിലെ സന്ദർഭങ്ങൾ ആരുടേയും മനസ്സലിയിക്കും. അഞ്ചാറു കുഞ്ഞുങ്ങളുമായി ഒരു കുടുംബം വിശപ്പിനും അത്യാവശ്യങ്ങൾക്കുമായി പേറുന്ന പ്രയാസങ്ങൾ നല്ല നിലയിൽ കഴിയുന്ന അയൽക്കാർ അറിയുന്നേയില്ല! അനുദിനജീവിതത്തിൽ ഈ വിടവ്‌, ഇന്നുമെത്രയോ അധികമാണ്‌, കേരളത്തിൽ, നാട്ടിൽ പോയി വന്നിട്ട്‌, കൂട്ടുകാരുടെ മുമ്പിൽ ചിലർ വിളമ്പുന്ന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്‌; നാട്ടിലിപ്പോൾ എല്ലാവർക്കും ഇഷ്‌ടം പോലെ കാശാന്നേ, പട്ടിണിക്കാരാരും ഞങ്ങളുടെ ആ ഭാഗത്തൊന്നും ഇല്ല.‘ കൈയിലൊരു മൊബൈയിൽ ഫോൺ കണ്ടെന്നു വച്ച്‌, പട്ടിണിയും നിറവേറ്റാനാവാത്ത അത്യാവശ്യങ്ങളും ഇല്ലാത്തവരാണവർ എന്നു തീരുമാനിക്കുക മനുഷ്യത്വത്തിന്റെ ഉറവ വറ്റിപ്പോയതിന്റെ ലക്ഷണമാണ്‌. അവനവന്റെ കാര്യങ്ങൾ ഗംഭീരമായി നടക്കുമ്പോൾ, മറ്റുള്ളവരെ മറന്ന്‌ പോകുന്നതിനെപ്പറ്റിയാണ്‌ ’അയൽക്കാർ‘ പ്രതിപാദിക്കുന്നത്‌.

കഥയിൽ തിരുകയിരിക്കുന്ന വ്യക്തി ബന്ധങ്ങൾ, കൗമാരചാപല്യങ്ങൾ, ആദ്യപ്രണയത്തിന്റെ നിഷ്‌ക്കളങ്ക മാധുര്യം എന്നിവയൊക്കെ എത്ര തന്മയത്വത്തോടെയും കഥാഭംഗിയോടെയുമാണ്‌ അദ്ദേഹം ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഓർമ്മയിൽ ബാക്കിനില്‌ക്കുന്നതിനേക്കാൾ ആസ്വാദ്യകരമാകേണ്ടിയിരുന്ന എത്രയോ മുഹൂർത്തങ്ങൾ കൗമാരകാലത്ത്‌ നഷ്‌ടപ്പെട്ടുപോയെന്ന നൈരാശ്യം എന്നെപ്പോലെ പല വായനക്കാർക്കും ബാക്കിയായേക്കാം. “വാടിക്കരിഞ്ഞു നില്‌ക്കുന്ന പെൺകിടാവേ, പ്രേമംകൊണ്ട്‌ പന്താടി, എല്ലാം നഷ്‌ടപ്പെട്ട്‌, ഒരു പിടിയോർമ്മകളുമായി നില്‌ക്കുന്ന ഞാൻ ഒരു സത്യം നിശബ്‌ദമായി പ്രഖ്യാപിക്കുന്നു. എന്റെ മനസ്സിൽ കോരിത്തരിപ്പിക്കുന്ന വികാരങ്ങളുണർത്തിയ ആദ്യത്തെ സ്‌ത്രീ നീയാകുന്നു.” ഇങ്ങനെയൊരാളോട്‌ പറയാൻ എനിക്കവസരമുണ്ടാകാതിരുന്നതിൽ ദുഃഖം അസ്‌ഥാനത്തല്ലെ? കൂടുതൽ പക്വമായ ഒരു സമയത്ത്‌ ഇത്‌ പറയാനും, ആദ്യത്തെ ആ സ്‌ത്രീ തന്നെ തുടർന്നും അത്‌ ചെയ്യാനുള്ള അടുപ്പം നിലനിൽക്കുകയും ചെയ്‌തിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ ആരുണ്ട്‌? ഇവ രണ്ടിനും ഇനി അവസരമില്ലെങ്കിലോ? എങ്കിൽ ജീവിതം ഇനിയും തുടങ്ങിയിട്ടില്ല, എന്നും ഈ കഥ വിരൽചൂണ്ടിപ്പറയുന്നു.

എം.ടി യുടെ മറ്റൊരു സുകൃതരചനയാണ്‌ ’വാരാണസി‘. മലയാളം സമകാലിക വാരികയിൽ വന്നപ്പോൾ വായിച്ചെങ്കിലും, ഡസൻകണക്കിന്‌ തെറ്റുകളോടെയുള്ള അതിന്റെ പതിനൊന്നാമത്തെ മുദ്രണത്തിൽ നിന്ന്‌ മറക്കാനാവാത്ത ഏതാനും വികാരകുസുമങ്ങൾഃ “അവൾ പതുക്കെ ചിരിച്ചു. ആ ചിരി ചെറിയ ഓളങ്ങളായി നുണക്കുഴിയിൽ ചെന്നൊളിക്കുന്നത്‌ നോക്കിനിന്നു.” “മനസ്സിൽ കുറിച്ചിട്ടുഃ എന്റെ നനുത്ത ചുംബനം നിന്റെ ജീവിതരേഖയിലെ ഒപ്പും മുദ്രയുമാണ്‌. എന്റെ കരവലയത്തിൽ നീയൊതുങ്ങിനിന്ന നിമിഷംതൊട്ട്‌ ഞാൻ നിന്റെ രക്ഷകനായി.” “ഭാവനാശീലമുള്ളതുകൊണ്ട്‌ ചില താളക്കേടുകളുണ്ടാവുമെന്നു സൈക്യാട്രിസ്‌റ്റു പറഞ്ഞു. ഭയപ്പെടേണ്ടതില്ല. ഭാവനക്കുള്ള സ്വാതന്ത്ര്യം ഭ്രാന്തിനുള്ള അവകാശമാണ്‌. സാല്‌വഡോർ ദാലിയാണത്‌ പറഞ്ഞത്‌. അല്‌പം ഭ്രാന്തുള്ളതുകൊണ്ടല്ലേ, സുധാകർ, ഞാനിങ്ങനെ എന്റെ കൂടെ കിടക്കാൻ നിന്നെയനുവദിക്കുന്നത്‌. എന്റെ ഭ്രാന്തിഷ്‌ടമല്ലേ നിനക്ക്‌, അല്ലേ? അല്ലേ?”

“ഗംഗയുണരുന്നത്‌ കണ്ടിട്ടുണ്ടോ? ആദിപ്രകാശത്തിന്റെ കുഞ്ഞിക്കൈകൾ തട്ടിവിളിക്കുന്നു, അമ്മയുണരുന്നു. അലകളിളകാൻ തുടങ്ങുന്നു. ഉടയാടകളൊതുക്കുകയാണ്‌.” ഓടിയാലുമോടിയാലും മനുഷ്യന്‌ ഒളിക്കാൻ സ്‌ഥലമെവിടെ? തഥാഗതൻ പറഞ്ഞില്ലേ? സ്വർഗ്ഗത്തിലോ കടലിന്റെ മദ്ധ്യത്തിലോ പർവ്വതങ്ങളുടെ വിള്ളലുകളിലോ ഭൂമിയിൽത്തന്നെയോ മനുഷ്യർ സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്നു രക്ഷപ്പെടാൻ പറ്റിയ സ്‌ഥലം കണ്ടെത്തുകയില്ല.“

അനുബന്ധംഃ കൂട്ടുകാരൻ നാട്ടിൽ നിർമ്മിച്ച, അരയേക്കർ നിറഞ്ഞുനില്‌ക്കുന്ന, ബ്രഹ്‌മാണ്ഡൻ ബംഗ്ലാവിന്റെ ഫോട്ടോ അയച്ചുതന്നിട്ട്‌, വിദേശത്തുള്ള ഒരു സുഹൃത്ത്‌ ചോദിച്ചുഃ മലയാളികളെന്തുകൊണ്ടാണ്‌ ഇത്തരം ആശ്രീകരങ്ങൾ പടുത്തുയർത്താൻ മാത്രം വിഡ്‌ഢികളാവുന്നത്‌? ഒരു പക്ഷേ, അവരുടെ അളിഞ്ഞു നാറുന്ന മനസ്സാക്ഷിക്കൊരു ഒളിസ്‌ഥലം ഒരുക്കുന്നതാവാം……..

ആവാം!

Generated from archived content: essay1_jan4_11.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English