കലയും വിലയും

Free Software Foundation ന്റെ നിയമവിദഗ്‌ദനായ Ebben Mogler ഒരഭിമുഖത്തിൽ പറഞ്ഞത്‌ ഏവരും അറിഞ്ഞിരിക്കേണ്ട നൂതനാശയമാണ്‌. നൂതനം ഇന്നാണ്‌, ഇതേ ആശയം പണ്ട്‌ ഭാരതത്തിൽ എല്ലാ വിജ്ഞാന ശാഖകളുടെയും പൊതു സ്വഭാവമായിരുന്നു. അതെന്തെന്നല്ലേ? അതായത്‌, ഏതറിവും cost free ആയിരിക്കണം, ആയിത്തീരണം. എല്ലാ കലകളും അവയുടെ ആസ്വാദനത്തിലേയ്‌ക്ക്‌ നയിക്കുന്ന സൃഷ്‌ടികളും വിപണിക്ക്‌ പുറത്താക്കണം. അതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്തെന്നാൽ, marginal cost (ആദ്യനിർമ്മാണച്ചെലവും പുനർനിർമ്മാണച്ചെലവും തമ്മിലുള്ള വ്യത്യാസം) സീറോ ആയിരിക്കുന്ന ഏതൊരറിവും പണവുമായി ബന്ധപ്പെടുത്താതെ വിതരണം ചെയ്യപ്പെടണം. ആദ്യനിർമ്മിതിക്കുള്ള ചെലവ്‌, പണം മുടക്കാൻ കഴിവുള്ള ആസ്വാദകരിൽ നിന്ന്‌ ഈടാക്കാം. അത്‌ സാധ്യമായ സംഗതിയാണ്‌താനും. കാരണം, യഥാർത്ഥ ആസ്വാദകൻ കലാസൃഷ്‌ടിയെ ബഹുമാനിക്കുന്നവനായിരിക്കും. അയാൾ അതിന്റെ ചെലവിൽ പങ്കുപറ്റി അതുമായി സഹകരിക്കാൻ മുന്നോട്ടു വരികയും ചെയ്യും. എന്നാൽ, പണം മുടക്കി വാങ്ങാൻ കഴിവു കുറഞ്ഞവർക്കും, ബുദ്ധിയെയോ മനസ്സിനെയോ ധന്യമാക്കുന്ന ഒരു നിർമ്മിതിയുടെയും ഉപയോഗം തടയപ്പെടരുത്‌.

ഇവിടെ തീരുന്നില്ല ഈ ആശയത്തിന്റെ അന്താരാർത്ഥങ്ങൾ, ബുദ്ധിയും മനസ്സും നിലനിൽക്കാൻ ശരീരം വേണം. അതുകൊണ്ട്‌, മനുഷ്യന്റെ അടിസ്‌ഥാന സൗകര്യങ്ങൾക്ക്‌ ശുദ്ധവായു, ജലം, ഭൂമി, വീട്‌, – ആവശ്യമായ സുരക്ഷിതത്ത്വം, അതിനുള്ള വില നല്‌കാനാവില്ലെന്ന ഒറ്റ കാരണംകൊണ്ട്‌ ആർക്കും നിരസ്സിക്കപ്പെടരുത്‌. ഇന്ന്‌, ഒരു വലിയ ഭാഗം ജനങ്ങൾക്ക്‌ ഇവകൾ പ്രാപ്യമല്ലാതായിരിക്കുന്നു എന്നതുതന്നെ, അരുതാത്ത, സ്വാഭാവികമല്ലാത്ത, ഒരു ബന്ധം സ്വത്തും (അടിസ്‌ഥാനസമ്പത്ത്‌) പണവുമായി വന്നുചേർന്നതുകൊണ്ടാണ്‌. ആദ്യകാലങ്ങളിൽ ഇങ്ങനെയൊരവസ്‌ഥ ചിന്തനീയമേ ആയിരുന്നില്ല. അമേരിക്കയിലെത്തി, അവിടത്തെ ആദിവാസികളെ തുരത്തി, സ്‌ഥലമെല്ലാം തങ്ങളുടേതെന്നു പറഞ്ഞു കെട്ടിയടച്ച വെള്ളക്കാരോട്‌ സിയറ്റിലെ ആദിവാസിമൂപ്പൻ ചോദിച്ചത്‌ എന്നും പ്രസക്തമാണ്‌; ‘ഭൂമിയെ എങ്ങനെ കാശ്‌ കൊടുത്തു വാങ്ങാൻ പറ്റും, അത്‌ മനുഷ്യകുലത്തിന്റെ പൊതുസ്വത്തല്ലേ?’

പ്രകൃതിയുടെ ദാനങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിക്കാൻ അസാധ്യമാക്കും വിധം പിടിച്ചുപറിയും കയ്യേറ്റവും ഇന്ന്‌ ഏത്‌ നാട്ടിലും ശീലമായിക്കഴിഞ്ഞു. എന്നിട്ടും ചിലരെങ്കിലും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്‌, കലാപരമായ അറിവുകളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളകണ്ടുപിടുത്തങ്ങൾ എങ്കിലും പണം കൊടുത്ത്‌ ‘വാങ്ങേണ്ടവ’ ആയി തരംതാഴ്‌ത്തപ്പെടരുത്‌ എന്നാണ്‌.

ഈ ചിന്ത ആരുടേയും ഔദാര്യത്തിന്‌ വേണ്ടിയുള്ള ഒരു യാചനയല്ല. അല്‌പം ചിന്തിച്ചാൽ കാണാവുന്ന ആഴമായ ഒരു യുക്തിയുണ്ടിതിൽ. കലാപരമായ സൃഷ്‌ടികളൊന്നും ആരുടേയും തനതു മിടുക്ക്‌ കൊണ്ട്‌ സംഭവിക്കുന്നവയല്ല, അവയ്‌ക്ക്‌ പിന്നിലെ സർഗ്ഗപ്രതിഭ പ്രകൃതിയുടെ ഉദാരമായ ദാനമാണ്‌, അവയെ വികസിപ്പിച്ചെടുക്കുന്നത്‌ വ്യക്തിപരമായ ശ്രദ്ധകൊണ്ടാണെങ്കിലും, പ്രകൃതിയിലൊന്നും ഒരു പ്രത്യേക വ്യക്തിക്കായി ഒതുങ്ങിപ്പോകുന്നില്ല. സാർവത്രിക നന്മയിലേയ്‌ക്കാണ്‌ എപ്പോഴും അതിന്റെയുന്നം. അനന്യസവിശേഷതകൾ പോലും സ്വന്തമെന്നു കരുതുന്നത്‌ വിവരക്കേട്‌ കൊണ്ടാണ്‌. അങ്ങനെയെങ്കിൽ, തങ്ങൾക്കു ലഭിച്ചിട്ടുള്ള കഴിവുകളെ വികസിപ്പിച്ചു, പുതിയവയ്‌ക്ക്‌ രൂപം കൊടുക്കുന്നവർക്ക്‌ അതിനുള്ള ചെലവു വഹിക്കാനാവശ്യമായ വഴികൾ വേണമെങ്കിലും, അതിന്റെ മറവിൽ അമിതലാഭം കൊയ്യുക അശ്ലീലവും പ്രകൃതിവിരുദ്ധവുമാണ്‌.

അന്യനില്ലാത്ത സൗകര്യങ്ങളോ സുഖോപാധികളോ ഉള്ളവർ അക്കാരണത്താൽ ഗമ നടിക്കുന്നിടത്തോളം ആഭാസകരവും അല്‌പ്പത്വവുമായി വേറൊന്നുമില്ല. ‘ഞാനുണ്ടാക്കിയത്‌ എന്ന കേമത്തം ബുദ്ധിശൂന്യതയുടെ പ്രതിഫലനമാണ്‌. ഇങ്ങനെ പറയാൻ തുനിയുന്ന ഞാൻ ഏതെല്ലാം പൂർവ്വകാരണങ്ങളും ത്യാഗങ്ങളും സ്വരുമിച്ചുണ്ടായതും നിലനിൽക്കുന്നതുമാണെന്ന്‌ ഒരു നിമിഷം ചിന്തിച്ചാൽ മതി, സ്വാർത്ഥവിചാരങ്ങൾ പമ്പകടക്കും. ആകുന്നതിനെല്ലാം വിലയീടാക്കുക എന്ന വ്യാപാരതത്ത്വവും തനിക്കാവശ്യമുള്ളതെല്ലാം വിലക്ക്‌ വാങ്ങാമെന്ന ഹുങ്കും മനുഷ്യോചിതമല്ല. അമിതലാഭത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഈയർത്ഥത്തിൽ ’മിടുക്കന്മാരെ‘ പൂജിക്കുന്ന സംസ്‌കാരം തന്നെ പൊള്ളയാണ്‌. ഈ പൊള്ളത്തരമല്ലേ അനുദിനം മാധ്യമങ്ങളും ചാനലുകളും തൊള്ളതുറന്നു ഘോഷിക്കുന്നത്‌! സ്വതന്ത്ര സോഫ്‌റ്റ്‌വെയർ മുന്നോട്ടു വയ്‌ക്കുന്ന നീതിബോധം പൊതുജനങ്ങളിലേയ്‌ക്ക്‌ കൊണ്ടുവരാനായാൽ സുന്ദരമായ ഒരു ലോകവീക്ഷണത്തിനു അതു തുടക്കമാകും. അത്യാഗ്രഹികൾ ഒരിക്കലും ചത്തൊടുങ്ങുകയില്ലെങ്കിലും.

തുടർച്ചിന്തകൾഃ സംഗീതസ്‌നേഹിയായ സംഗീതജ്ഞന്‌ തന്റെ കഴിവും സൃഷ്‌ടികളും ആസ്വദിക്കുന്നവർ പെരുകണമെന്നല്ലാതെ, വിലതരാനാകാത്തവർ അതിൽ നിന്ന്‌ തടയപ്പെടണമെന്നു ഒരിക്കലും ആഗ്രഹിക്കില്ലല്ലോ. ആസ്വാദകർ കൂടുംതോറും സംഗീതദേവത പുകഴ്‌ത്തപ്പെടുന്നുവെന്നതിൽ അയാൾ സന്തോഷിക്കും. ഈ ഹൃദയാന്തരീക്ഷമുണ്ടെങ്കിൽ, വില കൊടുക്കാനാവാത്തവരെയും കൂടി ആസ്വാദകരാക്കാൻ അയാൾ ശ്രമിക്കും. വ്യാപാരലക്ഷ്യങ്ങളും പരസ്യങ്ങളും വാണിക്കിന്റെ തന്ത്രങ്ങളാണ്‌. അതുകൊണ്ടാണ്‌ ഏതെങ്കിലും കലാരംഗത്ത്‌ പ്രഗത്ഭരെന്നും അഭിമിതരെന്നും കരുതപ്പെടുന്നവർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ, അത്‌ അവരുടെ സ്‌ഥാനത്തിന്റെ വിലയിടിവായി നമുക്ക്‌ തോന്നുന്നത്‌. അവർ കലയെ അല്ല, കച്ചവടത്തെയാണ്‌ പൂജിക്കുന്നത്‌. അവരുടെ കള്ളി അതോടെ പുറത്തുവരികയാണ്‌. ഗാനഗന്ധർവൻ യേശുദാസിനെപ്പോലെ ചിലർ മാത്രമാണ്‌ ഇത്‌ മനസ്സിലാക്കിയിട്ടുള്ളതും തീരെ താഴ്‌ന്നതരത്തിലുള്ള ചന്തമനസ്‌ഥിതിക്ക്‌ കീഴ്‌പ്പെട്ടു പോകാത്തതും, മറ്റുള്ള നമ്മുടെ മിക്ക ’ഛോട്ടാ‘ – ’ബഡാ‘ കലാകാരികളും കലാകാരന്മാരും, പണത്തിനായി ഏത്‌ വേഷവും കെട്ടുന്നവരാണെന്ന്‌ ലജ്ജയോടെ നാം നിത്യവും കണ്ടറിയുന്നു.

മിന്നുന്നയുടയാടകളും കോടീശ്വരന്റെ ഗമകളുമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഏത്‌ കോന്തനെയും നോക്കിയിരിക്കാൻ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക്‌ ഇത്‌ മനസ്സിലാവില്ല. ഇതൊരു തിരിച്ചറിവാണ്‌. ഇത്തരം മോടികൾ ഒരു യഥാർത്ഥ താരത്തിന്റെ ’വില‘യോട്‌ ചേർത്ത്‌ ചിന്തിക്കാനാവില്ല. സർവ്വവ്യാപകമായ ഒരു വിഡ്‌ഢിലോകം കെട്ടിപ്പടുക്കുകയാണ്‌ ഇന്ന്‌ എല്ലാ ’താരങ്ങളും‘ മാധ്യമങ്ങളും ഒത്തൊരുമിച്ച്‌ ചെയ്യുന്നത്‌. ഇത്തരക്കാര്‌ ഏത്‌ കലയേയും വെറും കച്ചവടമാക്കും.

വിദ്യയും സൗന്ദര്യവും പകർന്നു കൊടുക്കുന്നവരെ ദൈവത്തെപ്പോലെ കരുതുകയും അവൻ തിരിച്ച്‌ അതിന്‌ ചേർന്ന അന്തസ്സോടെ പെരുമാറുകയും ചെയ്‌തിരുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. പ്രതിഫലേച്‌ഛ ഇല്ലായിരുന്നിട്ടും അവർക്ക്‌ വേണ്ടത്ര പ്രതിഫലം ലഭ്യമായിരുന്നു. ആ സംസ്‌കാരത്തിന്റെ ഒരംശം അല്‌പമായെങ്കിലും തിരികെ കൊണ്ടുവരികയാണ്‌ ഇന്ന്‌ Free softwareന്റെ സംഘാടകർ. ആഗോള കച്ചവടത്തിന്റെയും അമിതലാഭക്കൊള്ളയുടെയും ഈ കാലത്ത്‌ അങ്ങനെ ചിന്തിക്കാനുള്ള ധൈര്യംപോലും ശ്ലാഘനീയമാണ്‌, മഹനീയമാണ്‌.

Generated from archived content: essay1_jan25_11.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here