പ്രിയപ്പെട്ട യേശൂ….

ചെറുപ്പം മുതല്‍ നിന്നെ നാഥാ എന്ന് വിളിക്കാന്‍ ഞാന്‍ പഠിച്ചിരുന്നു. ഭക്ഷണത്തിനു മുമ്പ് ഞാന്‍ നിന്റെ ആശീര്‍വാദം യാചിച്ചിരുന്നു. ദൈവപുത്രാ എന്നഭിസംബോധന ചെയ്ത് നിന്റെ അനുഗ്രഹം പ്രാര്‍ഥിച്ചിട്ടായിരുന്നു എന്റെയുറക്കം. അപ്പോഴൊന്നും നാഥനെന്ന ഈ വിളിയുടെ ഉള്ളര്‍ത്ഥത്തെപ്പറ്റി ഞാനധികമൊന്നും ചിന്തിച്ചിരുന്നില്ല. എങ്കിലും എന്റെ മാതാപിതാക്കളും ഗുരുക്കളും വൈദികരും നിന്നെപ്പറ്റി പറഞ്ഞുതന്നിട്ടുള്ളതില്‍നിന്നും വളരെ വ്യത്യസ്തനാണ് നീയെന്ന് കാലക്രമേണ ഞാന്‍ മനസ്സിലാക്കുകയായിരുന്നു.

പതിവിന്‍പടി എനിക്ക് സംബോധന ചെയ്യാനാവുന്ന ഒരു വ്യക്തിയല്ലാതായി തീര്‍ന്നിരിക്കുന്നു, ഇന്ന് നീ. പൊതുവേ പറഞ്ഞാല്‍, നീ ഉരുവിട്ടതായും ചെയ്തതായും ബൈബിളില്‍ കുറിച്ചിരിക്കുന്നവയിലധികവും നീ അതുപോലെ പറഞ്ഞിട്ടും ചെയ്തിട്ടുമില്ല. പുതിയ നിയമ കൃതികളും സഭാപാരമ്പര്യവും ചിത്രീകരിക്കുന്ന ആളേയല്ല നീ. ഞങ്ങള്‍ മനുഷ്യരെയപേക്ഷിച്ച് നീ ദൈവപുത്രനോ ദൈവാവതാരമോ അല്ലതന്നെ. മനുഷ്യരുടെ പാപപ്പൊറുതിക്കായി മരിക്കാന്‍ നീ ഒരിക്കലും ആഗ്രഹിച്ചിരുന്നതേയില്ല. ഞായറാഴ്ചകള്‍ തോറും ഒരിക്കല്‍ ഞാനും സംബന്ധിച്ചു നടത്തിയിരുന്ന നിന്റെ അത്താഴവിരുന്നിനെ അനുകരിച്ചുള്ള ദിവ്യബലി, സഭ ശഠിക്കുമ്പോലെ, നിന്റെ ഓര്മ്മക്കായി നീ സ്ഥാപിച്ചിട്ടില്ല എന്ന് മനസ്സിലാക്കുക എന്നെ വേദനിപ്പിക്കാതില്ല. അതില്‍ ഞങ്ങള്‍ ഭക്ഷിക്കുന്ന അപ്പം നിന്റെ ശരീരമോ, കുടിക്കുന്ന വീഞ്ഞ് നിന്റെ രക്തമോ ആകുന്നില്ല. ഞങ്ങളുടെ സ്വന്തം ആതുരത്വമാണ് ഇതിലൊക്കെ സത്യമുണ്ടെന്ന് തോന്നിപ്പിച്ചത്. യഹൂദനെന്ന നിലക്ക് രക്തം പാനം ചെയ്യുക എന്നതുതന്നെ നിനക്ക് ചിന്ത്യമായിരുന്നില്ല എന്ന സത്യം അറിഞ്ഞിട്ടും, സഭയും അതിലെ മേലാളരും ഇതെല്ലാം വിശ്വാസസത്യങ്ങളാക്കി, നിന്റെ കല്പനകളെന്നെ ബോധ്യത്തില്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതരികയായിരുന്നു. ചിന്തിച്ചുനോക്കിയാല്‍, നരഭോജനമായി കരുതേണ്ട ഈ ആചാരത്തെ എന്നും സംശയിച്ചിരുന്നെങ്കിലും, ദൈവശാസ്ത്രവിശകലനങ്ങളുടെ ഊരാക്കുടുക്കില്‍ ഞങ്ങളില്‍ പലരും ഇന്നും പെട്ടുപോകുന്നു.

സ്നേഹത്തിന്റെ കാഴ്ചപ്പാടില്‍ നീ മഹത്തായ ഒരു പെരുമാറ്റച്ചട്ടം നിന്റെ ശിഷ്യരെ പഠിപ്പിക്കുകയും, ഇസ്രായേലിന്റെ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി അതിനെ വ്യാഖ്യാനിക്കുകയും, അതിന്‍പ്രകാരം അവരെ നയിക്കുകയും ചെയ്തു. ശത്രുവിനെയും ഒരുവന്റെ സ്നേഹവലയത്തില്‍ ഉള്ക്കൊള്ളുന്ന മഹാമനസ്കതയോടെ ഉജ്ജ്വലങ്ങളും ഹൃദയസ്പര്‍ശികളുമായ ഉപമകളെ നീ നെയ്തെടുത്തു. എന്നാലെന്തുവേണ്ടി, യുവപ്രതിഭയായിരിക്കെത്തന്നെ അവിചാരിതമായി നീ മരിക്കേണ്ടിവന്നു. പിതാവെന്നു വിളിച്ച്, നീ വിശ്വസിക്കുകയും സമ്പര്‍ക്കം പുലര്ത്തുകയും ചെയ്ത ദൈവം നിന്നെ കൈവിട്ട വേദനയില്‍ നീ ചങ്കുപൊട്ടി മരിച്ചു. ഭാവിയെപ്പറ്റി നിനക്കുണ്ടായിരുന്ന സങ്കല്പങ്ങളുടെ തകര്‍ച്ചയായിരുന്നു അത്.

നീ ഉയിര്ത്തു എന്ന വിശ്വാസം ആര്ത്തിയോടെ പറഞ്ഞു പരത്തപ്പെട്ടില്ലായിരുന്നെങ്കില്‍ നിന്റെ മഹദ്വചനങ്ങളും പ്രവൃത്തികളും കാറ്റില്‍ പറന്നുപോയ കരിയിലപോലെ മറക്കപ്പെടുമായിരുന്നു. നീ തിരിച്ചെത്തുമെന്നു വിശ്വസിച്ച കുറെ പേരില്ലായിരുന്നെങ്കില്‍ നിന്റെ സംഭാവനകളിലൊന്നും ബാക്കിയിരിക്കുമായിരുന്നില്ല. പക്ഷേ, നിന്റെ ഉയിര്പ്പും പുനരാഗമനവും അനാഥരായിപ്പോയവരുടെ മനക്കോട്ടകള്‍ മാത്രമായിരുന്നു. ഇരുപതില്‍പരം നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും ഇന്നും കുറേപ്പേര്‍ ഈ പുല്‍ത്തുമ്പില്‍ പിടിച്ച് രക്ഷപ്പെടാന്‍ കൊതിക്കുന്നു. സഭാനേതാക്കളും പുരോഹിതഗണവും പുതിയ നിന്‍വചനങ്ങളിലൂടെ നിന്റെ പുനരുത്ഥാനത്തെ വിശ്വാസയോഗ്യമാക്കാന്‍ ശ്രമിക്കുന്നു. ദൈവരാജ്യത്തിന്റെ പൊടുന്നനെയുള്ള സംഭവ്യതയില്‍ നീ മരണംവരെ പ്രതീക്ഷ നട്ടിരുന്നെങ്കിലും ഇത്രയൊന്നും നീ നിനച്ചിട്ടേയുണ്ടായിരുന്നില്ല. നിന്റെ കണക്കുകൂട്ടലുകള്‍ക്ക് പകരം ഉടലെടുത്തതോ നിന്റെ പേരില്‍ ഒരു രാജകീയ സഭ! നിന്റെ അനുയായികള്‍ എന്ന വീറോടെ, അതിഭാവുകത്വത്തിനു വഴങ്ങി, ചരിത്രസത്യങ്ങളില്‍ മായം കലര്‍ത്തി, അവര്‍ സ്വന്തം ആഗ്രഹപൂര്ത്തീകരണത്തിനുതകുന്ന ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു.

കണ്ടാലും യേശുവേ, നിന്റെ കാലശേഷം ക്രിസ്ത്യാനികള്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍! യഹൂദരില്‍ ഭൂരിഭാഗവും ഇവരുടെ വീക്ഷണങ്ങള്‍ പങ്കുവച്ചില്ല എന്ന ഒറ്റ കാരണംകൊണ്ട്, നിന്റെ സ്വന്ത സമുദായത്തില്‍ പെട്ട അവരെ “സാത്താന്റെ മക്കള്‍” എന്ന് നാമകരണം ചെയ്യുന്ന പുതിയനിയമവാക്യങ്ങള്‍ തൊട്ട് തുടങ്ങുന്നു, ഈ വിരുദ്ധ്വോക്തി. ഇതിലെ നീചത്വം എന്തെന്നാല്‍, ഈ ശാപവാക്കുകള്‍ നിന്റെ വായിലാണവര്‍ തിരുകിവച്ചത്! ഈ യഹൂദവിരുദ്ധത പിന്നെ സഭാചരിത്രത്തിലുടനീളം ശക്തിയാര്‍ജ്ജിക്കുകയും അനേക സഹസ്രങ്ങളുടെ കുരുതിയില്‍ കലാശിക്കുകയും ചെയ്തു. ഈ ചരിത്രവിശേഷം ഇന്നാരെയും അത്ഭുതപ്പെടുത്തേണ്ടതില്ല. കാരണമെന്തെന്നാല്‍, പഴനിയമ പുസ്തകങ്ങളില്‍ രൂപമെടുത്ത യെഹോവയുടെ മുഖഛായ ഒരു അസഹിഷ്ണുവിന്റെയും അസൂയാലുവിന്റെയുമാണ്‌. ഈ മാതൃകയനുസരിച്ച്, തങ്ങളുടെ എതിരാളികള്‍ എന്ന് അവര്‍ ധരിച്ചുവശായ യഹൂദരോടും മറ്റു മതവിശ്വാസികളോടും വിരോധമല്ലാതെ മറ്റൊന്നും ക്രിസ്ത്യാനികള്ക്ക് സാദ്ധ്യമല്ലായിരുന്നു. എല്ലാ ജനങ്ങള്ക്കും ഉണ്ടായിരിക്കേണ്ട മൌലികാവകാശ- സമത്വസമ്പ്രദായങ്ങളെ അംഗീകരിക്കുവാന്‍ ഇവര്ക്ക് കഴിയുമായിരുന്നത് എങ്ങനെ?

ഇങ്ങനെയെല്ലാം വന്നുഭവിച്ചതില്‍ നിനക്ക് പങ്കില്ലായിരുന്നെങ്കിലും, യേശുവേ, നിന്നോടെനിക്ക് സഹതാപമുണ്ട്. നിന്നെ ഞങ്ങള്ക്കോ നിനക്ക് ഞങ്ങളെയോ മനസ്സിലാക്കുക വിഷമംതന്നെ. നമ്മുടെ കാലങ്ങള്‍ അത്രക്ക് വ്യത്യസ്തങ്ങളാണ്. ഭക്തനായ ഒരു യഹൂദനെന്ന നിലക്ക് അന്നു നീ വിശ്വസിച്ചിരുന്ന പലതും സങ്കല്പിക്കാന്‍പോലും ഞങ്ങള്‍ക്കാകുന്നില്ല. ഒന്നോര്‍ത്തു നോക്കൂ: ആകാശം മുകളിലല്ലെന്നോ, ഭൂമി പരന്നതല്ല, ഒരു ഗോളമാണെന്നോ, അത് ഈ മഹാപ്രപഞ്ചത്തിന്റെ കേന്ദ്രമല്ല, മറിച്ച്, അതിലെ ഒരു തരി മാത്രമാണെന്നോ അറിഞ്ഞിരുന്നെങ്കില്‍, നീ ചിന്താകുലനാകയില്ലായിരുന്നോ? കുരങ്ങന്മാര്ക്കും മനുഷ്യര്ക്കും ഒരേ പൂര്വികരാണ് ഉണ്ടായിരുന്നതെന്നും ജീവജാലങ്ങളെല്ലാം ഒരേ പരിണാമ പ്രളയത്തിന്റെ ഒഴുക്കില്‍ പെടുന്നു എന്നും, ഇവയൊക്കെയുടെയും ഉത്ഭവസ്ഥാനത്ത് വെറും ഏക കോശങ്ങളായിരുന്നു എന്നുമുള്ള അറിവ് നിന്നിലുളവാക്കുക അത്ഭുതമായിരുന്നുവോ, യേശുവേ, അതോ നിരാശതയോ? ഒരു പക്ഷേ, നിന്റെ വേര്പാട് കഴിഞ്ഞ് രണ്ടായിരം വര്ഷം പിന്നിട്ടിട്ടും നിന്റെ ദൈവം ഈ സമയസഞ്ചാരത്തിന് ഒരറുതി വരുത്തിയിട്ടില്ലാ എന്ന സത്യം നിന്നെ ഭയചകിതനാക്കുകയില്ലായിരുന്നോ?

എന്നിരുന്നാലും നിന്റെ സുവിശേഷത്തിന്റെ സാരാംശത്തെ അതിന്റെ സ്ഥലകാലപരിമിതികളില്‍ നിന്നും വേര്പെടുത്തിക്കണ്ട് സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിക്കാതിരുന്നിട്ടില്ല. നീ വിലകല്പ്പിച്ചിരുന്ന സഹവര്‍ത്തിത ചിട്ടകളെയും അധികാരസമ്മര്‍ദ്ദ നിരീകരണത്തെയും ശത്രുസ്നേഹം, അധ:സ്ഥിതന്‍ ഉള്‍പ്പെടെ ഏവരോടും പാലിക്കേണ്ട സമത്വദീക്ഷ എന്നിവയെയും മുറുകെപ്പിടിക്കാന്‍ ഞാനും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇവയൊന്നും പക്ഷേ, നിന്റെ കണ്ടുപിടുത്തങ്ങളായിരുന്നില്ല. നിനക്കു മുമ്പും പലരും ഇതൊക്കെ പഠിപ്പിച്ചിരുന്നു, ജീവിതത്തില്‍ പകര്ത്തിയിരുന്നു. എന്നാല്‍ നിന്റെ അനുയായികള്‍ക്കും എനിക്കും ഈ ധാര്മ്മികമൂല്യങ്ങള്‍ പ്രാവര്ത്തികമാക്കുന്നതിനുള്ള ഉത്തേജനം നിനക്ക് സാദ്ധ്യമായിത്തീര്ന്നെന്നു കരുതപ്പെടുന്ന പുനരുത്ഥാനത്തില്‍ പങ്കുചേരുവാനുള്ള അഭിവാഞ്ചയില്‍ ആണെന്നതല്ലേ പച്ച സത്യം? ഈ ജീവിതത്തില്‍ തരപ്പെടുന്നില്ലെന്നു മനസ്സിലായ ദൈവരാജ്യപ്പിറവിയെ പരലോകത്തേയ്ക്ക് മാറ്റിസ്ഥാപിക്കയാണ് നിന്റെ പേരിലുള്ള സഭ ചെയ്തത്. അങ്ങെനെ തങ്ങളുടെ സമകാലികാധികാരങ്ങളെയും ആര്ഭാടങ്ങളെയും വച്ച് സൂക്ഷിക്കുവാന്‍ നിന്റെ ‘ദാസര്‍’ വഴി കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ കഷ്ടം, ഇവക്കെല്ലാം അടിസ്ഥാനമായി അവര്‍ കരുതുന്ന നിന്റെ പുനരുത്ഥാനം തന്നെ ഒരു മിഥ്യ മാത്രമായിരുന്നില്ലേ?

അതുകൊണ്ട്, പ്രിയ യേശു, ഈ വിഷമവലയത്തിന് ഇന്ന് ഞാന്‍ ഒരന്ത്യമിടുകയാണ്. നീയാകുന്ന അടിത്തറ നഷ്ടപ്പെട്ട, അതൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു സഭയിലും അതിന്റെ വളച്ചുകെട്ടിയ ദൈവശാസ്ത്രങ്ങളിലും ഇവക്കെല്ലാം ആധാരമെന്ന് പറയുന്ന ബൈബിളിലും അന്ധമായി വിശ്വാസമര്‍പ്പിക്കാന്‍ ഞാൻ കൂട്ടാക്കുന്നില്ല. അവയില്ലാതെയും അനുഗ്രഹീതനായ, വിശ്വാസയോഗ്യനായ ഒരു ഗുരുവും നേതാവുമായി നിന്നെ അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ക്കാകണം, നിനക്ക് മുമ്പ്, ബുദ്ധനും കണ്‍ഫ്യൂഷ്യസും സോക്രട്ടിസും എന്നപോലെ. അല്ലാതെ, മാനുഷികസാദ്ധ്യതകളെ കടത്തിവെട്ടി, അനശ്വരതയെ ചുറ്റിപ്പറ്റിയുള്ള അതിഭാവനകളിലൂടെയും അതിമോഹങ്ങളിലൂടെയും നിന്നെ ഈ നൂറ്റാണ്ടിലേയ്ക്ക് കടത്തിക്കൊണ്ടുവരിക അതിരുകടന്ന സാഹസികതയും സ്വാര്‍ഥതയും മാത്രമാണ്.

എന്നാലതല്ല, മനുഷ്യപുത്രാ, വിധിയാളനായി ഒരുനാളില്‍ നീ ആകാശമേഘങ്ങളില്‍ പ്രത്യക്ഷപ്പെടുമെങ്കില്‍, അന്ന് നിന്നെ നേരില്‍ കാണാനും മതിയാകുവോളം പരിചയപ്പെടാനും ആകുമല്ലോ എന്നതില്‍ ഞാന്‍ ഇന്നേ കൃതാര്‍ത്ഥനാകുന്നു. അതുവരെ, ദൈവികത്വം കല്പിച്ച് നിന്നെ വിളിച്ചു പ്രാര്‍ഥിക്കാത്തതിന്റെ പേരില്‍ നീയെന്നെ വെറുക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. യേശുവേ, വന്ദനം.

(Gerd Luedemann എഴുതിയ Der grosse Betrug – ആ വലിയ വഞ്ചന – യേശു യഥാര്‍ത്ഥത്തില്‍ പറഞ്ഞതും ചെയ്തതും എന്ന് ഉപശീര്‍ഷകം – Dietrich zu Klampen Verlag GbR) -എന്ന കൃതി വായിച്ച ശേഷം 1999ല്‍ എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണ് യേശുവിനുള്ള ഈ കത്ത്. യേശു യഥാര്‍ത്ഥത്തില്‍ പറഞ്ഞിട്ടില്ലാത്ത വാക്യങ്ങളും പുനരുത്ഥാനമുള്‍പ്പെടെ അവിടുന്ന് ചെയ്തിട്ടില്ലാത്ത കാര്യങ്ങളും കുറിച്ചുവച്ച്, അവയെ വേദവാക്യമായി സഭ പഠിപ്പിക്കുന്നു എന്നതാണ് വഞ്ചനയെന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ചരിത്രം, ഭാഷാശാസ്ത്രം, ബൈബിള്‍ പഠനം, വ്യക്തി- മനശാസ്ത്രവിശകലങ്ങള്‍ എന്നിവയിലൂടെയെല്ലാം ആഴമായി കടന്നുചെന്ന്, ബൈബിളിലും പാരമ്പര്യങ്ങളിലും സത്യമെത്രയുണ്ട്, തിരുകിവച്ചതും തിരുത്തിയതും എത്രയുണ്ട് എന്നൊക്കെ പഠിച്ചശേഷമാണ് ഗെര്‍ഡ്‌ ല്യൂടെമര്‍ തന്റെ പുസ്തകത്തില്‍ യേശുവിന്റെ വ്യക്തിമുദ്ര തീര്‍ച്ചയായും ഉള്ളവയെ വേര്‍തിരിച്ചെടുക്കുന്നത്‌. അപ്പോള്‍ അദ്ദേഹം Göttingen യൂണിവേര്‍സിറ്റിയില്‍ ആദ്യകാല ക്രിസ്തീയതയെയും മതചരിത്രത്തെയും സംബന്ധിച്ച പഠനകേന്ദ്രത്തിന്റെ തലവനായിരുന്നു.)

Generated from archived content: essay1_jan23_14.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English