കരുണ

വിശന്നു മരിക്കുന്ന ഒരു കുഞ്ഞിനു മുന്നിൽ പുസ്‌തകത്തിനൊരു വിലയുമില്ല. (സാര്‌തൃ) ദാഹിച്ചു മരിക്കുന്ന ഒരു മരത്തിനു മുന്നിൽ ഒരു സംസ്‌കാരത്തിനും ഒരു മതത്തിനും വിലയില്ല.(പി.എൻ.ദാസ്‌) മനുഷ്യരുടെ ബഹളികൾക്കും ആഘോഷങ്ങൾക്കുമിടയിൽ കുഴഞ്ഞുവീണുമരിക്കുന്ന ഒരാനയുടെ മുന്നിൽ അഹിംസാ പാരമ്പര്യത്തിന്റെ സർവ്വ പുണ്യവും അഹന്തയും കപടമായിത്തീരുന്നു.

ചൂഷണം പതുക്കെപ്പതുക്കെയുള്ള കൊലയാണെന്ന്‌ പൂജ്യം എന്ന നോവലിൽ സി. രാധാകൃഷ്‌ണന്റെ തുളച്ചുകയറുന്ന ഒരു നിരീക്ഷണമുണ്ട്‌. അന്ധവിശ്വാസങ്ങളിലൂടെയുള്ള അടിമത്തം, കോഴ, അയിത്തം, അഴിമതി എന്നതെല്ലാം മതത്തിന്റെ മറവിലും ഇന്ന്‌ ധാരാളമായി നടത്തപ്പെടുന്ന കൊലകളാണ്‌. കൊല്ലുകയാണെന്ന്‌ അറിയാതിരിക്കാൻ, കൊലയാളികൾ രാമനാമവും യേശുനാമവും ജപിക്കുന്നു. വെട്ടിയോ കുത്തിയോ കൊല്ലുന്നവന്‌ മരണശിക്ഷ കൊടുക്കാറുണ്ട്‌. പതുക്കെ കൊല്ലുന്നവർ രക്ഷപ്പെടുന്നു. അടിമത്തത്തിന്റെ സുഖവും മതാന്ധതയും മൂലം, കൊലചെയ്യപ്പെടുന്നവർപോലും അതറിയുന്നില്ല.

തെറ്റുകാരനാണെങ്കിൽ പോലും, നീതിന്യായവിധികളിലൂടെ പോകാനനുവദിക്കാതെ, എല്ലാ മനുഷ്യത്വവും നഷ്‌ടപ്പെട്ട, കിരാതരായ പോലീസ്‌ സാഡിസ്‌റ്റുകാർക്ക്‌ ഒരു സഹജീവിയെ കൊല്ലാൻ കഴിയുന്ന ഈ നാട്ടിൽ ഒരു മാനുഷികമൂല്യവും ബാക്കിയിരിപ്പില്ല എന്നാണർത്ഥം. സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയേയും വെറുക്കാതെ അവർക്കതിനാവുന്നതെങ്ങനെ? സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളെയും വെറുക്കുന്നവരുടെ സംസ്‌കാരം എന്തു സംസ്‌കാരമാണ്‌?

ഇതിന്റെയൊക്കെ തുടർക്കഥയാണ്‌ ച്ഛത്തീസ്‌ഘട്ടിലും ത്‌സാർഖണ്ടിലും മറ്റും കേന്ദ്രഗവർമെന്റിന്റെ പട്ടാളം നടത്തുന്ന കൊലകൾ. മന്ദബുദ്ധികളാണ്‌ നമ്മുടെ നാട്ടിൽ ഭരണമെന്ന നാടകം കളിക്കുന്നത്‌. തങ്ങളെ രക്ഷകരായി കണ്ട്‌ ജനം അധികാരത്തിലേറ്റിയവർ തന്നെ അവരെ ചൂഷണം ചെയ്യുകയും അവരുടെ നാടിന്റെ സമ്പത്തെല്ലാം വിദേശകുത്തകകൾക്ക്‌ വിറ്റഴിക്കുകയും ചെയ്യുന്നവരാണ്‌ മരണശിക്ഷ അർഹിക്കുന്ന രാജ്യദ്രോഹം ചെയ്യുന്നത്‌, അല്ലാതെ, കാഷ്‌മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നിട്ടില്ലെന്നു തെളിവ്‌ സഹിതം പറയുന്നവർ അല്ല. അരുന്ധതി റോയിയെപ്പോലുള്ളവർ അങ്ങനെ ചെയ്യേണ്ടി വരുന്നത്‌, അവിടെ നടമാടുന്ന മനുഷ്യക്കുരുതികൾക്ക്‌ അറുതി വരുത്താൻ ആരും അകമറിഞ്ഞ്‌ ശ്രമിക്കുന്നില്ല എന്നതുകൊണ്ടാണ്‌. ഉള്ള വിസ്‌തീർണ്ണം തന്നെ കൈകാര്യം ചെയ്യാനോ അവിടുത്തെ ജനത്തിനു നീതി നല്‌കാനോ കഴിയാത്ത അധികാരികളാണോ, കാശ്‌മീരും കൂടിക്കൂട്ടിവച്ചുള്ള ഇന്ത്യയെ തിളക്കമുള്ളതാക്കാൻ എന്തെങ്കിലും ചെയ്യാൻ പോകുന്നത്‌? അവനവന്റെ ശുഷ്‌കക്കാഭിമാനത്തിനായി അന്യന്റെ ജീവനിട്ടു കളിക്കുന്നവർ എന്നും എല്ലായിടത്തുമുണ്ട്‌. അവരൊക്കെ രാജ്യദ്രോഹികളുമാണ്‌. അവരെ കഴുവിലേറ്റാൻ ആരുമില്ലെന്നതാണ്‌ മനുഷ്യകുലത്തിന്റെ എന്നും തുടരുന്ന ശാപം.

അരുന്ധതി റോയിയും രാജ്യദ്രോഹവും എന്നൊരു എഡിറ്റോറിയൽ എസ്‌. ജയചന്ദ്രൻ നായർ എഴുതിയിരിക്കുന്നത്‌ ഇന്ത്യയെ സ്‌നേഹിക്കുന്നവരെല്ലാം ഒന്നു വായിക്കണം. (മലയാളം വാരിക, നവ.12,2010 – malayalamvarika.com) “ജനങ്ങൾ കൊല്ലപ്പെടാതിരിക്കാനും മാനഭംഗം ചെയ്യപ്പെടാതിരിക്കാനും തടവിലാക്കപ്പെടുകയോ കൈനഖങ്ങൾ പിച്ചിച്ചീന്തപ്പെടുകയോ ചെയ്യാതിരിക്കാനും വേണ്ടിയാണ്‌ താൻ സംസാരിക്കുന്നതെന്നും സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു സംസാരിക്കുന്ന എഴുത്തുകാരെ നിശബ്‌ദരാക്കുന്ന രാജ്യം കരുണ അർഹിക്കുന്നുവെന്നും” അവർ പറയുന്നു. മലയാളം വാരികയുടെ അതേ ലക്കത്തിൽ എസ്‌. ഗോപാലകൃഷ്‌ണന്റെ കാഴ്‌ചപ്പാടുകൾ എന്ന കോളത്തിലും വിഷയം ഇത്‌ തന്നെ. അരുന്ധതി പറഞ്ഞതിൽ ഹൃദയം മുറിഞ്ഞ ‘രാജ്യസ്‌നേഹികളോട്‌’ കൊളമ്‌നിസ്‌റ്റ്‌ ചോദിക്കുന്നു. “അരുന്ധതി റോയിയുടെ ‘ദേശവിരുദ്ധ’ പ്രസ്‌താവനയാണോ നിങ്ങൾ എതിർക്കുന്നത്‌, അതോ അരുന്ധതിയെ ക്രൂശിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കീശകളിൽ ഒളിച്ചിരിക്കുന്ന ആകാശചുംബികളായ രാജ്യദ്രോഹങ്ങളെയാണോ?

Generated from archived content: essay1_feb26_11.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English