ആത്മീയതയെ പിന്താങ്ങുന്ന തത്ത്വവിചാരങ്ങൾ

ഏതാനും അടിസ്‌ഥാന തത്ത്വങ്ങൾ അംഗീകരിക്കാതെ ഒരു വിഷയവും വിശകലനം ചെയ്യാനാവില്ലല്ലോ, അതുകൊണ്ട്‌; ദൈവത്തോട്‌ അടുക്കുക എന്നതാണ്‌ ആത്മീയത.

ദൈവം എല്ലാ വിപരീതങ്ങൾക്കും അതീതനായിരിക്കണം.

അഹം ആത്മാവിന്റെ ശത്രുവാണ്‌.

ഈ അടിത്തറയിൽ നില ഉറയ്‌ക്കുന്നവർക്ക്‌ ഇനി മുകളിലേയ്‌ക്ക്‌ കയറാം. എന്താണ്‌ നന്മ. എന്താണ്‌ നന്മയല്ലാത്തത്‌ എന്നത്‌ വ്യക്തിപരമായ കാഴ്‌ച്ചപ്പാടനുസരിച്ചുള്ള വിലയിരുത്തലാണ്‌. രണ്ടു തരത്തിലുള്ള മനുഷ്യരുണ്ട്‌. പുറത്തേയ്‌ക്ക്‌ നോക്കുന്നവരും ഉള്ളിലേയ്‌ക്ക്‌ നോക്കുന്നവരും. ആദ്യത്തെ കൂട്ടർക്ക്‌ അംഗീകാരമാണാവശ്യം. അവർ വളരെയെളുപ്പം ഭൂരിപക്ഷാഭിപ്രായത്തിനു വഴങ്ങും. ഇവർക്ക്‌ നന്മതിന്മകൾ എന്നത്‌ തങ്ങളുടെ ബാഹ്യലോകത്ത്‌ എന്ത്‌ സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാര്യങ്ങളുടെ അന്തഃസത്തയിൽ അവർക്ക്‌ താല്‌പര്യമില്ല. സ്വന്തം സുസ്‌ഥിതിയാണവർക്ക്‌ നന്മ. മറ്റെല്ലാം തിന്മയും.

മറിച്ച്‌, ഉള്ളിലേയ്‌ക്ക്‌ കാഴ്‌ചയുള്ളവർക്ക്‌ പ്രധാനം വ്യക്തതയും ശാന്തിയുമാണ്‌. വ്യക്തതക്ക്‌ തടസ്സം വരുത്തുന്നത്‌ അവർ തിന്മയായി കാണുന്നു. അന്യരുടെ അംഗീകാരത്തിന്‌ ഇവിടെ പ്രസക്തിയില്ല. അതുകൊണ്ട്‌, ശരിയല്ലെന്ന്‌ തോന്നുന്നവയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നത്‌ ഇത്തരക്കാരാണ്‌, അവരുടെ മാനസികഗുണം വിരക്തിയാണ്‌. എന്ത്‌ സംഭവിച്ചാലും അതിന്‌ മുകളിൽ നില്‌ക്കാനാവുമെന്ന മനോധൈര്യം അതൊടൊത്തു പോകുന്നതാണ്‌. എന്നാൽ ഈ വിരക്തിയും അഹന്തക്കൊരു മൂടുപടമായിത്തീരാം. തനിക്കു മനസ്സിലാകുകയും മനസ്സിന്‌ തൃപ്‌തി തരികയും ചെയ്യാത്തതിനെ നിരസ്സിക്കാനുള്ള പ്രവണതയാണത്‌. വിരക്തിക്ക്‌ പലപ്പോഴും പരിത്യാഗത്തിന്റെ പരിവേഷമണിയാം. പരിത്യാഗം നിരസിക്കലിന്‌ തുല്യമാവുമ്പോൾ അവിടെ ദൈവം സന്നിഹിതനല്ല. കാരണം, ദൈവം, ആത്മീയത എന്നീ ആശയങ്ങളിൽ നിരസിക്കലല്ല, ഉൾക്കൊള്ളലാണ്‌ ഉണ്ടാവുക. സകലതിനെയും ആശ്ലേഷിക്കുന്ന സമഗ്രതയാണ്‌ ദൈവീകത. പൂർണതയ്‌ക്ക്‌ മറ്റൊരു വ്യാഖ്യാനവും ചേരില്ല. ദ്വൈതത്തെ പിന്താങ്ങുന്നതാക്കെ ദൈവത്തിൽ നിന്നകലെയാണ്‌. സമസ്‌ത മാനങ്ങളും ഉൾക്കൊള്ളാനാകുക എന്നതുപോലെ തന്നെ ഒരു മാനവും ആവശ്യമില്ലെന്ന്‌ വരുന്നതും ദൈവമനസ്സിനോടടുക്കുകയാണ്‌.

പരിഹാസമാണ്‌ ആത്മീയതക്ക്‌ വന്നുഭവിക്കാവുന്ന മറ്റൊരപകടം. പരിഹാസം ആന്തരികശൂന്യതയുടെ ലക്ഷണമാണ്‌. യഥാർത്ഥ സുകൃതം, ഭൗതികമായ മൂടുപടങ്ങൾക്ക്‌ പിന്നിലും നന്മയുണ്ടെന്ന തിരിച്ചറിവാണ്‌. ബാഹ്യമായ പ്രതിഫലനങ്ങൾ വേഗം തെറ്റിദ്ധരിപ്പിക്കും. ഉദഃ ഉൾക്കാഴ്‌ചയുള്ള ധനികനും പരിത്യാഗിയായി ജീവിക്കാനാകുമെന്ന്‌ എത്രപേര്‌ അംഗീകരിക്കുന്നുണ്ട്‌? കർമ്മനിരതയും ആന്തരികാന്വേഷണത്തിനു വിഘാതമാകണമെന്നില്ല. അതേസമയം, ഏകാന്തവാസിയായ സന്യാസി സ്വാർത്ഥനും ദുരാഗ്രഹിയുമായിക്കൂടെന്നില്ല. ഇവിടെയൊക്കെ ശരിയായ മാനദണ്ഡം ഒരാളുടെ വിശ്വസ്‌തത ആന്തരികഫലത്തോടാണോ ബാഹ്യഫലത്തോടാണോ എന്നതാണ്‌.

ദൈവീകമായ കാഴ്‌ചപ്പാട്‌ ശരി, തെറ്റ്‌ എന്നിവക്കതീതമാണ്‌. അത്തരമൊരു മാനസികാവസ്‌ഥയിൽ ചെന്നെത്തുക ശരാശരി മനുഷ്യനുള്ളതല്ല. കാരണം, വേദനാജനകമായ സത്യങ്ങളെ ഒഴിവാക്കാനാണ്‌ അധികമാളുകളും അവരുടെ സമയത്തിലധികവും ചെലവിടുന്നത്‌. സത്യമെന്തോ, അതിനെ, അത്‌ നോവിക്കുന്നതായാലും, നിഷ്‌പക്ഷമായി സ്വാഗതം ചെയ്യാനാകുക എന്നതാണ്‌ ആത്മീയ ഉൾക്കാഴ്‌ചയുടെ പൊരുൾ. ആത്മീയതക്കുതകുന്ന ഉൾക്കാഴ്‌ചയുടെ സമുച്ചയത്തിൽ എന്തെല്ലാമുൾക്കൊള്ളുന്നുവെന്ന്‌ ദീപക്‌ചോപ്ര (How to know God, Depak Chopra) വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌.

1. എല്ലാം നന്നായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

2. ആകസ്‌മിക സംഭവങ്ങൾ കൂടുതലുന്നതമായ ജ്ഞാനത്താൽ നിയന്ത്രിക്കപ്പെടുന്നു.

3. ക്രമരഹിതമായ അവസ്‌ഥയെന്നത്‌ നമ്മുടെ മിഥ്യാധാരണയാണ്‌. സംഭവങ്ങൾക്ക്‌, നാം കാണാത്ത പൂർണമായ ക്രമമുണ്ട്‌.

4. കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. (ഇക്കൂടെ എന്റേതായി, ഇതുകൂടി ചേർക്കുന്നുഃ അത്ഭുതം എന്നൊന്നില്ല, ഉണ്ടെങ്കിൽ, സംഭവിക്കുന്നതെല്ലാം അത്ഭുതങ്ങളാണ്‌.)

ഈ ആശയങ്ങളെല്ലാം ഓരോന്നായും ഒരുവന്റെ സാമാന്യഭാവമായിത്തീരുക എന്നതാണ്‌ ദൈവാവബോധമെന്നു പറയുന്നത്‌. പ്രാർത്ഥിച്ചും ധ്യാനിച്ചും ഈ സ്‌ഥിതിയിൽ എത്താമെന്ന്‌ പറയുന്നത്‌ ഒരു ഭാഷാശൈലിയെന്നു മാത്രം കരുതിയാൽ മതി. ഒരിക്കലും അങ്ങനെ സംഭവിക്കുന്നില്ല. കാരണം, ദൈവത്തെ രീതിശാസ്‌ത്രത്തിലൂടെ കണ്ടെത്താനാവില്ല. നമ്മെ സംബന്ധിച്ചിടത്തോളം, അതൊരു സാന്നിധ്യമാണ്‌; ആ സാന്നിധ്യം നമ്മിൽ സംഭവിക്കുന്നത്‌ നാം പോലുമറിയാതെയായിരിക്കും. അതുണ്ടായിക്കഴിഞ്ഞവർ ഉച്ചരിക്കുന്ന ഏത്‌ വാക്കിനും ഏറ്റം മഹത്വമാർന്ന ഒരർഥം കൈവരും. അവർക്ക്‌ ഒരില പഴുത്തുവീഴുന്നത്‌, പൂർണതയുടെ പ്രകടനമായി കാണാനാവും. അനിവാര്യതകളിൽ, പ്രശ്‌നങ്ങൾക്ക്‌ പകരം, അവർ ഉത്തരങ്ങൾ കണ്ടെത്തിത്തുടങ്ങും. അവിടെവരെ എത്താത്തവർക്ക്‌, ഇതൊക്കെ വ്യർത്ഥഭാഷയാണ്‌. അതുകൊണ്ട്‌, അതുവരെ കാത്തിരിക്കുകയേ അവർക്ക്‌ വഴിയുള്ളൂ.

മനുഷ്യചേതനയുടേതായി വ്യക്തിശരീരങ്ങളെ സ്വാധീനിക്കുന്ന മനസ്സിന്റെ ഒരു സാധാരണ മണ്ഡലവും അതിനതീതമായ സാർവലൗകികമായ മനസ്സിന്റെ ഒരു മണ്ഡലവുമുണ്ട്‌. വ്യക്തിത്വം ആദ്യത്തേതിനോടും ഈ പ്രപഞ്ചം മൊത്തത്തിൽ രണ്ടാമത്തേതിനോടും ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ സ്വത്വം അവനവന്റെ ചെറിയ ലോകത്തിന്റെ സൗകര്യാർത്ഥം ഓരോരുത്തരും നിർമിക്കുന്ന ഒരാശയം മാത്രമാണ്‌. എന്നിട്ടതിനെ കാതലുള്ള പ്രപഞ്ചസത്യങ്ങളിൽ ഒന്നായി കാണുക എന്നതാണ്‌, മായ എന്ന പദംകൊണ്ട്‌ അർത്ഥമാക്കുന്നത്‌. ആത്യന്തികമായി അത്‌ മിഥ്യയാണ്‌. നമ്മുടേത്‌ എന്നു നാം അഭിമാനിക്കുന്ന വ്യക്തിത്വം ഒരു പുറംപൂച്ചാണ്‌. മായ ആ വ്യക്തിത്വത്തിന്റെ ഒളിച്ചുകളിയും. ഭക്തിമാർഗം ഉൾകൊള്ളുന്ന മതങ്ങളിലെല്ലാം മറ്റു മനുഷ്യഭാവങ്ങളോടൊപ്പം വ്യക്തിഭാവവും ഈശ്വരനിൽ ആരോപിക്കുക സർവസാധാരണമാണ്‌. ഈയിടെ ഒരു ഷാലോം പ്രഭാഷകൻ വിളിച്ചു പറയുന്നത്‌ കേട്ടുഃ പരിശുദ്ധാരൂപിയേ, ത്രീത്ത്വത്തിൽ മൂന്നാമനേ, അങ്ങനെ ഒരു വ്യക്തിയായി അറിയാനും സ്‌നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കേണമേ എന്ന്‌! ദൈവജ്ഞരെന്നു സ്വയം കരുതുന്ന ഇത്തരക്കാരെ അവരുടെ ദൈവശാസ്‌ത്ര മിമിക്രികളുമായി വെറുതേ വിടുന്നതാണുത്തമം.

എന്താണ്‌ മായ എന്ന്‌ വിശദീകരിക്കുക പ്രയാസമാണ്‌. പൊതുജനത്തിന്റെ സംസാരഭാഷയിൽ ധാരാളം പദങ്ങൾക്ക്‌ അവയുടെ ശുദ്ധമായ അർത്ഥം മാറി മറ്റൊന്ന്‌ പറ്റിച്ചേർന്നിട്ടുണ്ട്‌. താത്ത്വികമായ വിചാരങ്ങളിൽ അർത്ഥവ്യതിയാനത്തോടെ ഒരു വാക്കുപയോഗിക്കുക എന്നയപകടം പതിയിരിപ്പുണ്ട്‌. അതിലൊന്നാണ്‌ ‘മായ’

ഭാരതീയ ചിന്തയിൽ ഈ ശബ്‌ദം അതിപ്രധാനമായ ഒരാശയത്തെ ഉൾക്കൊള്ളുന്നുണ്ട്‌. പ്രപഞ്ചാസ്‌തിത്വവും പരിപൂർണ്ണത തന്നെയായ ഈശ്വരശബ്‌ദവും ഒരുമിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്ന യുക്തി ഋഗ്വേദഭാഷയിൽ ഇങ്ങനെ ഒരു ശ്രമം നടത്തുന്നു. That which is the finest essence – that is the soul of this whole reality. That is Atman. And that is you.” (Translated by Frijof Capra in his book, The Tao of physcics) നിരന്തരമായ ഈശ്വാവബോധത്തിൽ എത്താത്തവർക്ക്‌ ഇത്‌ യുക്തിവൈരുദ്ധ്യം തന്നെയാണ്‌. എന്നാൽ ഈ വൈരുദ്ധ്യം നമ്മുടെ മനസ്സിലാണെന്ന്‌ പറയാനാണ്‌ ‘മായ’ എന്ന പദം സൃഷ്‌ടിക്കപ്പെട്ടത്‌. അതായത്‌, അനുഭവപ്രപഞ്ചത്തെ ആത്മത്തിന്റെ ഭാഗമല്ലാതെ, അതിൽ നിന്ന്‌ വ്യത്യസ്‌തമായി കരുതുന്ന മനസ്സിന്റെ അവസ്‌ഥയെയാണ്‌ ‘മായ’ കൊണ്ട്‌ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്‌. “Maya does not mean that the world is an illusion, as is often wrongly stated. The illusion lies in our point of view, if we think that the shapes and structures, things and events, around us are realities of nature, instead of realizing that they are concepts of our measuring and categorizing minds. Maya is the illusion of taking these concepts for reality, of confusing the map with the territory.” (The Tao of physics, p.100) ‘മായയുടെ പ്രതിഭാസങ്ങൾ’ എന്ന ലേഖനം കാണുക. Znperingulam.blogspot.com

ഉപനിഷത്തുകളുടെ ഭാഷയിൽ രണ്ട്‌ അടിസ്‌ഥാനപദങ്ങളുണ്ട്‌. അതിൽ ഒന്നാമത്തേത്‌ ‘തത്‌’ ആണ്‌. അത്‌ പരമമായ സത്തയെ ദ്യോതിപ്പിക്കാനുപയോഗിക്കുന്നു. രണ്ടാമത്തേത്‌ ‘മായ’യാണ്‌. പരമസത്തയെ വാക്കിനുള്ളിലാക്കുന്നതോടെ, അതുമായി കലരുന്ന പ്രശ്ചന്നതയെ ദ്യോതിപ്പിന്നു, ‘മായ’. പരാശക്തിക്ക്‌ പേരിടരുതെന്നു എല്ലാ പ്രാചീനമതങ്ങളും പറയുന്നെങ്കിലും മനുഷ്യരതുതന്നെ ചെയ്യും. വീണ്ടും വീണ്ടും അവർക്ക്‌ വേണ്ടത്‌ കൈയിലൊതുങ്ങുന്ന ഒരീശ്വരനെയാണ്‌! ആരംഭവും അവസാനവുമില്ലാത്ത പരമസത്തയിൽ, പരിധിക്കു പര്യായമായ വ്യക്തിത്വം ആരോപിക്കുന്നതിൽക്കവിഞ്ഞ അയുക്തിയില്ല. അങ്ങനെയെങ്കിൽ, ഭക്തിയുടെ പേരിലാണെങ്കിലും, ദൈവം പിതാവും മാതാവും അങ്ങനെ പലതുമാണെന്ന്‌ സങ്കല്‌പിക്കുന്നത്‌ പരിതാപകരം തന്നെയാണ്‌.

നമുക്ക്‌ മനുഷ്യവ്യക്തിയിലേക്ക്‌ തിരിച്ചു പോകാം.. വ്യത്യസ്‌തനായി, വേർതിരിഞ്ഞു നില്‌ക്കുന്നയാളാണ്‌ വ്യക്തി. പ്രാകൃത ജനസമൂഹങ്ങളിൽ വ്യക്തിബോധം ഒട്ടും തന്നെയില്ലായിരുന്നു. പൊതുനന്‌മയിൽ കവിഞ്ഞതൊന്നും അവിടെ പ്രബലമായിരുന്നില്ല. ഇന്നും പല ആദിവാസി സമൂഹങ്ങളിലും ഇതാണ്‌ സ്‌ഥിതി. പരിഷ്‌കൃത മനുഷ്യർ സംസ്‌കാരം എന്ന്‌ ഓമനിച്ചു വിളിക്കുന്ന ഏച്ചുകെട്ടുകൾ കണ്ടുപിടിച്ചതിന്റെ കൂടെയാണ്‌ വ്യക്തിവിചാരവും വികസിച്ചത്‌. പാശ്ചാത്യ ഭാഷകളിൽ person അല്ലെങ്കിൽ തത്തുല്യമായ മറ്റൊരു വാക്കാണ്‌ വ്യക്തി എന്നതിന്‌ ഉപയോഗിക്കുന്നത്‌. അവയുടെ മൂലശബ്‌ദം ‘persona’ ആണ്‌. അതിനർത്ഥം മുഖാവരണം എന്നാണ്‌. അഭിനയകലയിൽ character എന്ന ആശയത്തോടാണ്‌ ഇതിനു ബന്ധം. ലത്തീനിൽ per എന്നാൽ ‘അതിലൂടെ’. ‘sonare’ എന്നാൽ ശബ്‌ദിക്കുക. അഭിനേതാക്കൾ ഏതിലൂടെ സംസാരിക്കുന്നോ, അതാണ്‌ persona (മുഖം മൂടി). ഗ്രീസിൽ ഓരോ കഥാപാത്രവും തനിക്കു ചേരുന്ന മുഖംമൂടി ധരിച്ചാണ്‌ നാടകം കളിച്ചിരുന്നത്‌. ഈ മൂലാർത്ഥം പിന്നീട്‌ ‘പരസ്‌പരം ബന്ധപ്പെടാൻ മനുഷ്യർ ധരിക്കുന്ന, അല്ലെങ്കിൽ ധരിക്കേണ്ട മുഖാവരണം’ എന്ന സാമൂഹിക ആശയത്തിലേയ്‌ക്ക്‌ വ്യാപിച്ചു. ഇന്ന്‌ നമ്മൾ Personality അല്ലെങ്കിൽ വ്യക്തിത്വം എന്ന്‌ പറയുമ്പോൾ ഈ അർഥപരിണാമം അറിഞ്ഞിരിക്കണം.

വ്യക്തിത്വം കൃത്രിമമാണെന്നാണ്‌ പറഞ്ഞുവരുന്നത്‌. മനുഷ്യബന്ധങ്ങളിൽ ഓരോ ഇടപെടലിലും നമ്മൾ ഓരോരോ മുഖംമൂടികൾ ധരിക്കുന്നുണ്ട്‌. എത്ര കിണഞ്ഞു പരിശ്രമിച്ചാലും എല്ലാവരോടും ഒരേപോലെ പെരുമാറാൻ കഴിയുന്നവർ വിരളമാണ്‌; അത്രമാത്രം സത്യസന്ധതയും സ്വാവബോധവും ഉള്ളവർ ഇല്ലെന്നു തീർത്തു പറയാനാവില്ലെങ്കിലും, അനുദിനജീവിതത്തിൽ, നൂറിൽ തൊണ്ണൂറ്റി ഒൻപതു പേരും സ്വന്തമായ മുഖം ഇല്ലാത്തവരാണ്‌. ആരോടിടപെടുന്നു എന്നതിനനുസരിച്ച്‌, നാം മുഖാവരണം മാറ്റുന്നു. സ്വന്തം മുഖം മറച്ചുവെച്ചുള്ള ഒരൊളിച്ചുകളിയാണത്‌. ഇതേ ഒളിച്ചുകളി ഈശ്വരന്‌ മുമ്പിലും നടത്താൻവേണ്ടിയാണ്‌ ഈശ്വരനിലും വ്യക്തിത്വം ഉണ്ടെന്നു വരുത്തുന്നത്‌. എന്നിട്ട്‌ അത്‌ ആത്മീയതയായി തെറ്റിധരിക്കുന്നു.

ഈ പരിചിന്തനങ്ങളിൽ കാര്യമുണ്ടെങ്കിൽ, വ്യക്തിത്വമെന്ന കപടതയുടെ നിരാകരണത്തിലൂടെയല്ലാതെ ദൈവവുമായോ, മറ്റ്‌ മനുഷ്യരുമായി പോലുമോ സത്യസന്ധമായ ബന്ധം സാധ്യമേയല്ല. പ്രാർത്ഥനയും ധ്യാനവും തമ്മിലുള്ള വ്യത്യാസവും ഇതിലൂടെ മനസ്സിലാക്കാം. മതങ്ങൾ പ്രാർത്‌ഥനയെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വ്യക്തിയായി അല്ലെങ്കിൽ മദ്ധ്യസ്‌ഥനോ& മദ്ധ്യസ്‌ഥയോ ആയി അപ്പുറത്ത്‌ നമുക്ക്‌ മുമ്പിൽ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഇഷ്‌ടമൂർത്തിയുമായുള്ള ബദ്‌ധപ്പെടലാണത്‌ എന്നാണ്‌ പൊതുവായ ധാരണ. എപ്പോഴും തന്നെ ഇത്‌ അനുഗ്രഹങ്ങൾക്കായുളള യാചനയല്ലാതെ മറ്റൊന്നുമല്ല താനും. ഭക്തിക്കച്ചവടത്തിന്റെ സൂപ്പർ മാർക്കറ്റുകളിൽ അത്ഭുതങ്ങളിൽ കുറഞ്ഞതൊന്നും വിശ്വാസികൾക്ക്‌ വേണ്ട! എന്നാൽ, ഐശ്വരസ്‌പർശത്തിനായി ഉപനിഷത്തുക്കളും ബുദ്ധനും നിർദേശിക്കുന്നത്‌ ധ്യാനമാണ്‌. ഞാനും നീയും ഇല്ലാതാകുന്നതാണ്‌ ധ്യാനം. ഞാനും നീയും അഹത്തിന്റെ ഭാവങ്ങളാണ്‌. അഹങ്ങൾ തമ്മിൽ ഒരു ബന്ധവും സാധ്യമല്ല. ഒരഹം മറ്റൊരു അഹത്തിന്റെ വിപരീതധ്രുവമാണ്‌ എന്നതാണതിനു കാരണം. ധ്യാനത്തിൽ സംഭവിക്കുന്നതെന്താണ്‌? എല്ലാ മുഖാവരണങ്ങളും ഉപേക്ഷിച്ച്‌, അസ്‌തിത്വവുമായി ഒന്നുചേരുന്നതിനാണ്‌ ധ്യാനമെന്നു പറയുന്നത്‌. അത്‌ മാത്രമേ ആനന്ദം തരൂ. അതൊരു പൂവിന്റെ, പ്രണയിക്കുന്ന ആളിന്റെ സാന്നിധ്യം തോട്ട്‌ ദൈവസാന്നിധ്യം വരെയാകാം. ഇവിടെയെല്ലാം അടുപ്പം അല്ലെങ്കിൽ തന്മയീഭാവം സാധ്യമാകുന്നത്‌ സ്വയം മറക്കുന്നതിലൂടെയാണ്‌. നമ്മുടെ വ്യക്തിത്വം എപ്പോൾ വീണ്ടും തെളിയുന്നുവോ, അപ്പോൾ ബന്ധം തകരുന്നു. അസ്‌തിത്വം ഒന്നേയുള്ളൂ എന്നറിയുകയാണ്‌ ധ്യാനത്തിന്റെ ഫലം. നിലനില്‌ക്കുന്ന ആനന്ദം അങ്ങനെ മാത്രമേ ലഭ്യമാകൂ.

‘ഞാൻ എന്ന ബോധത്തോടെ ഒരാൾക്ക്‌ ഒരിക്കലും ഒരു പൂവിന്റെ അത്ഭുതം അനുഭവിക്കാനാവില്ല. ’ഞാൻ നിലനില്‌ക്കുവോളം ഒരാൾക്ക്‌ മറ്റൊരാളെ പ്രണയിക്കാനാവില്ല. ‘ഞാൻ എന്ന ഭാവേന, ഒരിക്കലും നമുക്ക്‌ വിശുദ്ധിയുടെ സൗരഭ്യം കൈവരില്ല. വ്യക്തിത്വവും ആത്മീയതയും വൈരുദ്ധ്യങ്ങളാണെന്ന്‌ പറയുന്നതും അതിനാൽ തന്നെ.

Generated from archived content: essay1_feb10_11.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English