ഇരട്ടിമധുരം

എന്റെ വല്യമ്മയ്ക്കു വേണ്ടി ഇടയ്ക്കിടയ്ക്ക് എണ്ണ കാച്ചുന്നത് കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നാണ്. പലതരം പച്ച- അങ്ങാടിമരുന്നുകള്‍ പലയിടത്തുനിന്നും വന്നെത്തും. അതിലൊന്ന്, ഒരു തരം വേരാനെന്നാണറിവ്, അല്പം മുറിച്ചു തന്നിട്ട് വല്യമ്മ പറയും, നന്നായി ചവച്ചരച്ചുകൊണ്ട് അതിന്റെ രുചിയറിയാന്‍. ഹായ്! ചവയ്ക്കുന്തോറും, രുചി കൂടും. മധുരം തന്നെ, പക്ഷ, ഒരു പ്രത്യേക തരം. ഇരട്ടിമധുരമെന്നായിരുന്നു അതിന്റെ പേര്. ഇന്നും ജീവിതത്തില്‍ പലതുമെനിക്ക് ഇരട്ടിമധുരം പോലെയാണ്. ചവച്ചിറക്കുന്തോറും മധുരം കൂടുന്ന ചിലയനുഭവങ്ങള്‍. എന്തുകൊണ്ടാണിത്?

അര്‍ത്ഥങ്ങളെ സൃഷ്ടിക്കുക എന്നതാണ് മനസ്സിന്റെ നിരന്തര ജോലി. ഓരോരോ ഇന്ദ്രിയതിന്റെ അറിവും ഉടനടി ഒരര്‍ത്ഥത്തെ ഉണ്ടാക്കണമെന്നില്ല. അല്പം കഴിഞ്ഞ് തിരിച്ചു വന്നാല്‍ ഒരു പക്ഷേ, വിപരീതാര്‍ത്ഥം തന്നെ കണ്ടെത്തിയെന്നും വരാം. തിരിച്ചുവരാനുള്ള ഈ ശീലം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. ചില പുസ്തകങ്ങള്‍ ഇങ്ങനെയാണ്. ഓരോ തവണ വായിക്കുമ്പോളും പുതിയ അര്ത്ഥങ്ങളുരുത്തിരിഞ്ഞു വരുന്ന വാക്യങ്ങള്‍ അവയില്‍ കണ്ടെത്തിയെന്നിരിക്കും. അത്തരം ചിലവ ഇവിടെ കുറിക്കട്ടെ:

നിത്യചൈതന്യയതി: “ഒരാരാമത്തിലേയ്ക്ക് പുതുതായി പറിച്ചുനടുന്ന ഇളംചെടി പോലെയാണ് ഒരു സ്ത്രീ ഭാര്യയാകുന്നത്. അവളില്‍ തളിരിലകളെയും പൂമൊട്ടുകളെയും വിരിയിക്കാന്‍ കഴിയുക എന്നതാണ് ഭര്‍ത്താവിനുണ്ടായിരിക്കേണ്ട കലാവൈഭവം. ആ കലയറിയാത്തവര്‍ തന്റെ പൂന്തോട്ടത്തില്‍ പൂവില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല.” ഇതോര്‍ത്താണ് ഓരോ പിണക്കവും ഞാനതിജീവിക്കുക. ലെവിനാസ്: “എത്ര സൌന്ദര്യമുണ്ടെന്നു പറഞ്ഞാലും, ജീവിതത്തെപ്പറ്റി ഒരല്‍പമെങ്കിലും സാര്‍വ്വലൌകികബോധമില്ലെങ്കില്‍, ഒരു സ്ത്രീ ബഹുമാനിതയാവുന്നില്ല, ഭര്‍ത്താവിന്റെ മുമ്പില്‍ പോലും .” “ജീവിതകാലം മുഴുവന്‍ പഠിക്കാനുള്ളതല്ല. പഠിച്ചത് ജീവിക്കുമ്പോഴാണ് ജീവിതം സഫലമാകുന്നത്.” “ഞാനടുത്തു നില്‍ക്കേ, ‘എനിക്കാരുമില്ല’ എന്നൊരാള്‍ പറയുന്നെങ്കില്‍, ഞാന്‍ പരത്തുന്നത് പ്രകാശമല്ല, ഇരുട്ടാണ്‌.” ബാലാമണിയമ്മ: “ഏറ്റവും നല്ല കവിത എഴുതപ്പെട്ടതല്ല, ജീവിക്കപ്പെട്ടതാണ്.” ഓരോ കവിതാസമാഹാരം കൈയിലെത്തുമ്പോഴും ഇതാണ്‌ ഞാനോര്‍ക്കാറ്. ഈ രചയിതാവ് കവിത ജീവിക്കുകയും ഭാഷ പഠിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്നാശിക്കുകയും ചെയ്തിട്ടുണ്ട്.

അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഒരു വിചാരവും സാധ്യമല്ല. എത്ര പുസ്തകം വായിച്ചാലും പ്രഭാഷണങ്ങള്‍ കേട്ടാലും, ധ്യാനത്തില്‍ പങ്കെടുത്താലും, ആത്മാവിനുപകരിക്കുന്ന അറിവുണ്ടാകണമെങ്കില്‍, അത് ഉള്ളില്‍ നിന്ന് തന്നെ വരണം. ജീവന്‍ അനശ്വരമാണെന്നും, അത് എല്ലാറ്റിലും ഒന്നാണെന്നും, അതറിയുകയാണ് ദൈവികത അല്ലെങ്കില്‍ ഐശ്വരസ്പര്‍ശം എന്നുമൊക്കെ ഓരോരുത്തരും തനിയെ കണ്ടെത്തേണ്ട സത്യങ്ങളാണ്. ദൈവം അതാ മുകളിലുണ്ട്, എല്ലാം കാണുന്നുണ്ട്, ദൈവത്തെ ഭയക്കണം, സ്നേഹിക്കണം എന്നൊക്കെ എത്ര തവണ നാം കേട്ടിട്ടുണ്ട്. ജീവിതത്തെപ്പറ്റി ഏതോ ഒരനിശ്ചിതത്വവും ഭയവും സൃഷ്ടിക്കാനല്ലാതെ എന്തെങ്കിലും സ്ഥായിയായ മാറ്റം അതുകൊണ്ടു ജീവിതത്തില്‍ വന്നിട്ടുണ്ടോ? സത്യസന്ധമായി സ്വയം നിരീക്ഷിച്ചിട്ടു പറയുക, ഉണ്ടോ? എന്നാല്‍ നേരേ മറിച്ച്, കാണുന്നതിലെല്ലാം നമ്മോടു പ്രതികരിക്കുന്ന എന്തോ ഉണ്ട്, അതു നമ്മെ സന്തോഷിപ്പിക്കുന്നതിനുള്ളതാണ്; നമുക്ക് സൌന്ദര്യമായി പ്രത്യക്ഷപ്പെടുന്നതെന്തോ, ആനന്ദം തരുന്നതെന്തോ, അതു തന്നെയാണ് ദൈവപ്രഭാവത്തിന്റെ മിന്നലാട്ടങ്ങള്‍ എന്ന് സ്വയം ചിന്തിച്ചും അനുഭവിച്ചും തുടങ്ങുമ്പോള്‍ ജീവിതത്തില്‍ പച്ചപ്പുണ്ടാകുന്നു. അപ്പോള്‍ ദൈവമൊരു നിത്യസാന്നിധ്യമായിത്തീരുന്നു. പള്ളികളിലും പ്രാര്‍ത്ഥനക്കൂട്ടങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും വിശ്വാസികള്‍ മുട്ടിവിളിക്കുമ്പോള്‍ മാത്രം ചെവികൊടുക്കുന്ന ഒരു പുരുഷസത്തയായിട്ടല്ല, മറിച്ച്, ഓരോ നിമിഷവും നമ്മോടിടപെടുന്ന, അല്ലെങ്കില്‍ നാമിടപെടുന്ന കൊച്ചു കാര്യങ്ങളിലാണ് ദൈവം തന്റെ സ്നേഹസാന്നിദ്ധ്യമറിയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍, സംഗതിയാകെ മാറുന്നു. പിന്നെ എവിടെയും വെളിച്ചമാണ് കാണാനാവുക. അതോടെ, സ്വര്‍ഗവും നരകവും നമ്മെ അലട്ടുന്ന വിഷയങ്ങളേ അല്ലാതാകും.

ഇവിടെയൊരു വലിയ യുക്തി ഒളിഞ്ഞിരിപ്പുണ്ട്. പ്രകൃതിയില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിപ്രഭാവത്തോടെ മാറിനില്‍ക്കുന്ന ഒരു സത്തയാണ് ദൈവമെങ്കില്‍, എല്ലാ സൃഷ്ടിയും അതോടെ അര്‍ത്ഥശൂന്യമാണ്. കാരണം, ദൈവത്തില്‍ നിന്ന് വേറിട്ടുള്ളതിനൊക്കെ അസ്തിത്വം കിട്ടുന്നത് എവിടെനിന്ന്, അത്തരം അസ്തിത്വങ്ങള്‍ എന്തിന് വേണ്ടി, എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരും. അതൊരിക്കലും മനുഷ്യബുദ്ധിയില്‍ ഒതുങ്ങുന്ന സംഗതിയേ അല്ല. അദ്വൈതമെന്ന വേദാന്തപാഠത്തിന്റെ പൊരുള്‍ അതാണ്‌. ഇതുവരെയുള്ള ഒരു മതത്തിന്റെയും ദൈവശാസ്ത്രം അത്രകണ്ട് വളര്‍ന്നിട്ടില്ല. അന്ധമായ വിശ്വാസവും അതിന്റെ സാന്ത്വനങ്ങളും തികച്ചും മറ്റൊന്നാണ്. അത് മതിയാകുന്നവരെ ശല്യപ്പെടുത്തേണ്ടതുമില്ല.

പക്ഷേ, ഉറച്ചുപോയ വിശ്വാസങ്ങള്‍ വരുത്തിവയ്ക്കുന്ന വിനാശങ്ങള്‍ അനല്പമാണ്. പരാശക്തി ഇങ്ങനെയാണ്, അങ്ങനെയാണ്, ആ മൂര്‍ത്തി അവിടെയുണ്ട്, ഈ മൂര്‍ത്തി ഇവിടെയുണ്ട് എന്നൊക്കെയുള്ള ഒരേ പല്ലവി ചെറുപ്പം മുതല്‍ കേട്ടുകേട്ട്, ദൈവത്തെ മറ്റെവിടെയെങ്കിലും തെരയാന്‍ ആരും ധൈര്യപ്പെടുന്നില്ല. എല്ലാ മൂല്യച്യുതികള്‍ക്കും കാരണം അതുതന്നെയാണ്. നീ പാപിയാണ്, നമ്മളൊക്കെ പാപികളാണ്, എന്നുമാത്രം ഏതുനേരവും കേള്‍ക്കുന്നവര്‍, മടുത്തുപോകും. അത്തരം ചിന്തകള്‍ ഏകാകിതയെ സൃഷ്ടിക്കും. അപ്പോള്‍ മനുഷ്യര്‍ കുടിച്ചു ബോധംകെട്ട് നടക്കാന്‍ നോക്കും. ഇന്നൊരാള്‍ക്ക് പള്ളിപ്രസംഗങ്ങള്‍ കേട്ടിട്ട് വട്ടുപിടിക്കുന്നില്ലെങ്കില്‍, അതിനര്ത്ഥം, അയാള്‍ക്ക്‌ പണ്ടേ വട്ടായിട്ടുണ്ട് എന്ന് തന്നെ. ആരുടേയും സുബോധം നശിപ്പിക്കാനുള്ളതെല്ലാം ഇന്ന് പ്രാര്ത്ഥനാലയങ്ങളെന്നു പറയപ്പെടുന്നിടത്തൊക്കെ കരുതിവച്ചിട്ടുണ്ട്. പാപം, ബലി, പുക, തിരി, കൂദാശകള്‍, നേര്‍ച്ചകള്‍ എന്നിവയിലൊക്കെ ഊന്നിയൂന്നി മനുഷ്യരുടെ സ്വൈര്യം കെടുത്തുന്നവര്‍ ഒരിക്കലെങ്കിലും വിശ്വാസികളെ ക്ഷണിക്കുന്നത് കണ്ടിട്ടുണ്ടോ, പ്രക്രുതിയിലെവിടെയും എല്ലായിടത്തും ദൈവസാന്നിധ്യം കണ്ടെത്തുവാന്‍? ജീവന്റെ എല്ലാ ഭാവങ്ങളിലും ഈശ്വരനെ കണ്ടെത്താന്‍? അകത്തും പുറത്തും ഐശ്വരസ്പര്‍ശം അനുഭവിക്കാന്‍? ജീവസന്ധാരണത്തിനാവശ്യമായത്തില്‍ കവിഞ്ഞതിനായി പ്രകൃതിയെയും അന്യനെയും ദ്രോഹിക്കുന്നതാണ് പാപമെന്നു മനസ്സിലാക്കാന്‍?

സഹജമായ മൌലികപ്രകൃതിയെ മാറ്റാന്‍ എങ്ങനെ സാധിക്കുമെന്ന് പഠിക്കാത്തിടത്തോളം, സദ്വൃത്തനായി ജീവിക്കേണ്ടത് എങ്ങനെയെന്നും മറ്റുമുള്ള പ്രസംഗങ്ങള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല. ധര്മപദത്തിലും വേദപുസ്തകങ്ങളിലും ഇതൊക്കെ ദൈവവാക്യമെന്നു പുകഴ്ത്തി ഏവരും വായിക്കുന്നുട്, പഠിപ്പിക്കുന്നുണ്ട്. പക്ഷേ, മനുഷ്യന്‍ പണ്ടു നിന്നിടത്തു തന്നെ ഇപ്പോഴും നില്‍ക്കുന്നു. എന്തായിരിക്കാം ഇതിനു കാരണം?

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചോദിച്ച ശിഷ്യനോട് ഒരു സെന്‍ഗുരു പറഞ്ഞയൊരു കഥയുണ്ട്. പല തുരംഗങ്ങളുള്ള ഒരു പെട്ടിയിലേയ്ക്ക് ഒരെലിയെ വിട്ടു. നാലാമത്തെ തുരംഗത്തില്‍ ഒരു കഷണം പാല്‍ക്കട്ടി വച്ചിരുന്നത് എലി കണ്ടുപിടിച്ചു. പിറ്റേ ദിവസവും എലിയെ അതിലിറക്കി. ഒട്ടും സംശയിക്കാതെ അതു നേരിട്ട് നാലാം തുരംഗത്തിലെത്തി, പാല്‍ക്കട്ടി പ്രതീക്ഷിച്ച്. പക്ഷേ, ഇത്തവണ അതു വച്ചിരുന്നത് രണ്ടാം തുരംഗത്തിലായിരുന്നു. പലതവണ നാലാം തുരംഗം പരിശോധിച്ചിട്ടും പാല്‍ക്കട്ടി കാണാഞ്ഞതിനാല്‍, എലി മറ്റുള്ളവയില്‍ കയറിയിറങ്ങി. പാല്‍ക്കട്ടി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഗുരു പറഞ്ഞതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍, എലിക്കു പകരം ഒരു മനുഷ്യനെ അതേ സാഹചര്യത്തില്‍ സങ്കല്പ്പിക്കുക. നാലാം തുരംഗം വിട്ട് മറ്റൊരിടത്തും അവന്‍ തെരയുകയില്ല, മരണം വരെ! ദൈവം ഇന്ന പള്ളിയിലാണെന്നോ ഇന്നയമ്പലത്തിലാണെന്നോ ഇന്ന മലയിലാണെന്നോ തന്നെ അവന്‍ മരിക്കുംവരെ വിശ്വസിക്കും. അതും ഒരിക്കലെങ്കിലും ദൈവത്തെ അവിടെ കണ്ടുമുട്ടിയശേഷമല്ല, അവിടെയുണ്ടെന്ന് മറ്റാരോ പറഞ്ഞതിന്റെ ബലത്തില്‍! അതുപോലെ, ‘ദൈവവചനം’ പ്രഘോഷിക്കാനും വായിപ്പിക്കാനും എന്തെല്ലാം പരിപാടികള്‍ ഈയിടെയായി ആസൂത്രണം ചെയ്യപ്പെടുന്നു! എന്നാല്‍ ഈ കൃതികളുടെ രചനപ്രക്രിയകളെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ വേണ്ട ഗവേഷണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍, ഇപ്പറഞ്ഞതില്‍ അധികവും വ്യര്‍ഥവ്യായാമങ്ങളാണെന്ന് ബോദ്ധ്യം വരുമായിരുന്നു.

വിത്തിലുറങ്ങിക്കിടക്കുന്ന ജീവന്റെ ഉണരലാണ് വൃക്ഷം. നമ്മോടു രക്ഷ പ്രസംഗിക്കുന്നവര്‍ അതിന് മുമ്പ്, നാം അപകടത്തിലാണെന്ന് പറഞ്ഞ് ഫലിപ്പിക്കണം. എന്തപകടം? ജൈവസമ്പന്നതയുടെയും ആത്മസൌന്ദര്യത്തിന്റെയും മദ്ധ്യത്തിലേയ്ക്കാണ് മനുഷ്യനെ ദൈവം ഇറക്കിവിട്ടിരിക്കുന്നത്. ദൈവമാണ് നമുക്കുള്ളിലും ചുറ്റുമെങ്കില്‍, പിന്നെയെന്തില്‍ നിന്നാണ് ഒരാള്‍ രക്ഷതേടേണ്ടത്? ജീവന്റെ കണികകള്‍ തമ്മില്‍ എവിടെയും ഒരു ചൈതന്യവൃത്തമുണ്ട്. അത് പരസ്പരം പൂര്‍ത്തീകരിക്കുന്നതാണ് എല്ലാ തേജസ്സിന്നുമുറവിടം. അതിനുള്ള സാദ്ധ്യതകളെ തെരയുക എന്നതാണ് ഏറ്റവും രസകരമായ ബോധപ്രക്രിയ. അത് സംഭാവിക്കാത്തിടത്താണ് വിരസതയനുഭവപ്പെടുന്നത്. ഉള്‍ക്കണ്ണു തുറന്നുവച്ചാല്‍ മാത്രം മതി, അതൊരു ശീലമാകാന്‍. അത് തന്നെയാണ് ധ്യാനം. അത് ഏതാനും സമയത്തേയ്ക്ക് പരിശീലിക്കാനുള്ള ഒരു മാനസ്സികവ്യായമാമാകരുത്. ഇരട്ടിമധുരം പോലെ എപ്പോഴും കൂടുതല്‍ രുചിയനുവദിക്കുന്ന ഒരു തഴക്കമായി അത് മാറണം. ജീവിതത്തിന്റെ ബഹളങ്ങളില്‍ ചില ഇടവേളകളെങ്കിലും ആന്തരിക മൌനത്തിനായി മാറ്റിവയ്ക്കാനുള്ളവര്‍ക്ക് ഇതെന്തെന്നു മനസ്സിലാകും. ബാക്കിയുള്ളവര്‍ക്ക് ഈ ജീവിതം എന്നും നാലാംതുരംഗം (പള്ളിയമ്പലങ്ങള്‍) കയറിയിറങ്ങിക്കൊണ്ടിരിക്കുക മാത്രമാകും.

Generated from archived content: essay1_aug11_11.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English