“എന്റെ വാക്ക് എന്റെ മനസ്സിൽ ഉറച്ചിരിക്കുന്നു. പരമചൈതന്യമേ, നീ എനിക്ക് വെളിച്ചപ്പെട്ടാലും. പ്രജ്ഞാനം ഉറപ്പിച്ചു നിറുത്തുന്ന ആണികളാകട്ടെ എനിക്കു വാക്കു മനസ്സും. ഞാൻ പഠിച്ചത് എന്നെ വിട്ട് പോകാതിരിക്കട്ടെ. ആ പഠിപ്പിന് വേണ്ടിയാണ് ഞാൻ രാവും പകലും കഴിച്ചുകൂട്ടുന്നത്. ഞാൻ പറയുന്ന പരമാർത്ഥവും സത്യവും എന്നെ രക്ഷിക്കട്ടെ.” അതിസുന്ദരമായ ഈ പ്രാർത്ഥന ‘പ്രജ്ഞാനം ബ്രഹ്‌മ’ എന്ന മഹാവാക്യമുൾക്കൊള്ളുന്ന ഐതരെയോപനിഷത്തിലുള്ളതാണ്. ജീവജ്ഞാനം തന്നെയാണ് ദൈവികത എന്നു പ്രഘോഷിക്കുന്ന ഋഗ്വേദമാണ് മനുഷ്യമഹത്വത്തെപ്പറ്റിയും ഗർഭത്തെപ്പറ്റിയും ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന വേദകൃതി. ജ്ഞാനത്തെ ഉള്ളിൽ വഹിക്കുന്നതും ജീവനെ ഉള്ളിൽ വഹിക്കുന്നതുപോലെയാണ് എന്നാണതിന്റെ മതം.
മലയാളത്തിലും സംസ്‌കൃതത്തിലും ശബ്‌ദമെന്നാൽ വാക്കെന്നും അർത്ഥമുണ്ട്. വാക്കുകളുടെ അദ്‌ഭുതത്തിലേക്ക് വായനക്കാരെ ഒരിക്കൽകൂടി വഴിനടത്തട്ടെ. സംസ്‌കൃതത്തിൽ ഭൂതകാലക്രിയയുണ്ടാക്കാൻ വർത്തമാനത്തോട് അ ചോർത്താൽ മതി. ഉദാഃ കരോതി = ചെയ്യുന്നു. അകരോത് + ചെയ്‌തു. എത്ര അഗാധമായ തത്ത്വചിന്തയാണ് ഭാഷയിൽ ഒളിഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. അ നിഷേധധ്വനിയുള്ള ഉപസർഗ്ഗമാണ്. ചെയ്യുന്നു അല്ലെങ്കിൽ ചെയ്‌തുകൊണ്ടിരിക്കുക വർത്തമാനാനുഭവമാണ്. അതു പൂർത്തിയാക്കുക എന്നാൽ വർത്തമാനം ഭൂതത്തിലേയ്‌ക്ക് മറഞ്ഞുപോയി എന്നാണല്ലോ. അതായത്, വർത്തമാനത്തെ ഇല്ലായ്‌മ ചെയ്യാൻ, സംഭവിച്ചുകൊണ്ടിരുന്നത് ഇതാ സംഭവിച്ചുകഴിഞ്ഞു എന്ന ധ്വനിയുണ്ടാക്കാൻ, ക്രിയാപദത്തോട് അ ചേർക്കുക. ഭൂതം ഇല്ലായ്‌മക്ക് (മരണത്തിനു) പര്യായമാണ്. ജീവനാകട്ടെ വർത്തമാനത്തിലൂടെ തുടർപ്രക്രിയയാകുന്ന ഒരു പ്രതിഭാസമാണ്.
തീർന്നില്ല, വാക്കുകളിലെ വിസ്‌മയം ‘ഭൂത’ത്തിൽ നിന്നുണ്ടാകുന്ന വാക്കാണ് അദ്‌ഭുതം. അത്- എന്തെങ്കിലും പുതിയത് – ഭവിക്കുന്നതാണ് അദ്‌ഭുതം. ഈ വാക്കിലെ ത ഘോഷാക്ഷരമായ ‘ഭ’ക്കു മുമ്പിൽ മൃദുവാകണമെന്ന വ്യാകരണപ്രകാരം ദ ആകുന്നു. അതുകൊണ്ട്, അത്ഭുതം എന്നെഴുതുന്നത് അത്ര ശരിയല്ല. അദ്‌ഭൂതം തുടരാനാവില്ല, കാരണം, ഉണ്ടായത്, അതോടെ ഭൂതമായിക്കഴിഞ്ഞു. സംഭവിക്കുന്നതെല്ലാം അദ്‌ഭുതങ്ങളാണെന്നു നേരത്തെ ഒരു ലേഖനത്തിൽ (ആത്മീയതയും വ്യക്തതിത്വവും) പറഞ്ഞത് ഈയർത്ഥത്തിലാണ്.
ഇന്നലെയും നാളെയും പാലങ്ങളാണ്. ഈ പാലങ്ങളിലൂടെ മാത്രം നടക്കുന്നവർ ഇന്നുകൊണ്ട് തൃപ്‌തരല്ലാത്തവരാണ്. സ്വർഗ്ഗരാജ്യം ഒരദ്‌ഭുതമാണെന്നും അത് നമുക്കുള്ളിലാണെന്നും അത് ഇപ്പോൾ ഇവിടെയാണെന്നും യേശു പറഞ്ഞത് എത്ര കണിശമായിട്ടാണ്! അന്ന് അദ്ദേഹത്തെ കേട്ടവർക്കോ, ഇന്ന് അദ്ദേഹത്തിന്റെ വചനം ഘോഷിക്കുന്ന അനുയായികൾക്കോ ഇതൊന്നും ഇതുവരെ തിരിഞ്ഞിട്ടില്ല എന്നത് കഷ്‌ടം തന്നെ.
ഓരോ വാക്കും ഒരു വിസ്‌മയം തന്നെ. ‘വിസ്‌മയം’ എന്ന വാക്ക് തന്നെ രൂപപ്പെട്ടത് എങ്ങനെയെന്നു നോക്കുക. ‘സമയ’ എന്ന സംസ്‌കൃത ശബ്‌ദത്തിനർത്ഥം ഗർവ്, അഹങ്കാരം എന്നൊക്കെയാണ്. അതില്ലാത്ത അവസ്‌ഥയാണ് ‘വിസ്‌മയം.’ നമ്മെ അതിശയിക്കുന്ന (നമ്മുടെ മാനസ്സസീമകൾക്ക് അപ്പുറത്ത് ശയിക്കുന്ന) എന്തും വിസ്‌മയഹേതുവാണ്. അതായത്, ‘അമ്പേ, ഞാൻ’ എന്ന പമ്പരവിഡ്‌ഢിത്തത്തിൽ നിന്ന് നമ്മെ മുക്തരാക്കുന്ന അനുഭൂതിയാണ് വിസ്‌മയിക്കാനുള്ള കഴിവ്. നമുക്കുള്ളിലും പുറത്തും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം വാസ്‌തവത്തിൽ നമ്മെ വിസ്‌മയിപ്പിക്കേണ്ടവയാണ്. നാമുച്ചരിക്കുന്ന ഓരോ വാക്കിന്റെയും ശബ്‌ദം ഒരിക്കലും നശിക്കുന്നില്ല. എത്ര നേർത്തതായിരുന്നാലും അതുണ്ടാക്കുന്ന തരംഗങ്ങൾ വിഹായസിൽ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും എന്നറിയുന്നത് തന്നെ എന്തൊരു വിസ്‌മയമായിരിക്കേണ്ടതാണ്! ഓരോ വാക്കും അനന്തതയിലേയ്‌ക്ക് നീളുന്ന ഒരോളം സൃഷ്‌ടിക്കുന്നുണ്ട്.
Soren Kierkegaard ന്റെ ഈ വാക്യം ശ്രദ്ധിക്കൂ. “Die Ruhe der Natur hat ihren Grund drain, dass die Zeit gar keine Bedeutung fur sie hat. Erst mit der Augenblick beginnt die Geschichte.” അത് ഞാനിങ്ങനെ സ്വതന്ത്ര തർജ്ജമ ചെയ്യട്ടെഃ
ഒരു നിശ്വാസ, മൊരേങ്ങൽ, നിൻ
കണ്ണിമകളുടെയൊരു വിതുമ്പൽ-
ഒരു തൂവലായെൻ നെഞ്ഞിടത്തിൽ
വന്നു പതിക്കൂ, സർവ്വസ്വമേ!
Generated from archived content: eesay1_may6_11.html Author: sakariyas_nedukanal