അനുഗ്രഹം

രാത്രിയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നും രാധ എന്നെ കുലുക്കിയുണർത്തുകയായിരുന്നു. ഞെട്ടി കണ്ണുതുറന്ന ഞാൻ ഇരുട്ടിലേയ്‌ക്ക്‌ പകച്ചു നോക്കി. പനമ്പുവാതിൽ ശക്തിയായി ഇളകുന്നുണ്ട്‌. പുറത്ത്‌ കാറ്റുവീശുന്നതോ അതോ ആരെങ്കിലും തട്ടിവിളിക്കുന്നതോ? ഇരുളിൽനിന്നും രാധയുടെ പരിഭ്രമിച്ച ശബ്‌ദം.

“ഒന്ന്‌ എഴുന്നേൽക്കുന്നോ, ആരോ വാതിലിൽ മുട്ടുന്നു.”

ഇരുളിൽ ഒരു പൂമൊട്ടുപോലെ ഒരു നാളം തെളിഞ്ഞു. രാധയുടെ ഉറക്കച്ചടവാർന്ന മുഖം വ്യക്തമായി. ഞാൻ പായിൽ എഴുന്നേറ്റിരുന്നു. വാതിലിൽ അപ്പോഴും ശക്തിയായി മുട്ടുന്നുണ്ട്‌. ആരായിരിക്കും ഈ പാതിരയ്‌ക്ക്‌…ഞാൻ ആലോചിച്ചു. കുപ്പി പിടിക്കാൻ വന്ന പോലീസുകാരായിരിക്കുമോ? സൂക്ഷിക്കേണ്ട നേരമാണ്‌. ഞാൻ എഴുന്നേറ്റ്‌ വാതിലിനടുത്തേയ്‌​‍്‌ക്ക്‌ ചെന്നു. രാധ എന്റെ ചുമലിൽ കൈവച്ചു.

“വരട്ടെ, ആരാണെന്ന്‌ ചോദിച്ചിട്ട്‌ വാതിൽ തുറന്നാൽ മതി.” അവൾ പറഞ്ഞു.

“ആരാണ്‌ പുറത്ത്‌? എന്തുവേണം?” ഞാൻ ശബ്‌ദമുയർത്തി ചോദിച്ചു.

വാതിലിലെ മുട്ടുനിന്നു. താഴ്‌ന്ന സ്വരത്തിൽ മറുപടി ഉണ്ടായി.

“ഞങ്ങൾ രണ്ടു കളളൻമാരാണ്‌ ചേട്ടാ, കുടിക്കാനെന്തെങ്കിലും കാണുമോ എന്നറിയാൻ വിളിച്ചതാ.”

എനിക്ക്‌ സമാധാനമായി. രാധയുടെ ദീർഘനിശ്വാസം ഇളം കാറ്റായി മുറിയിൽ ഒഴുകി. ഞാൻ മെല്ലെ വാതിൽ തുറന്നു. ഇരുട്ടിൽനിന്നും രണ്ടു നിഴലുകൾ അകത്തേയ്‌ക്ക്‌ കയറിവന്നു. അവരിലൊരാൾ ഒരു വലിയ കടലാസുപൊതി നെഞ്ചിൽ ചേർത്തു പിടിച്ചിരുന്നു.

“ഉളള സ്ഥലത്തിരിക്കാം.” ഞാൻ ക്ഷണിച്ചു.

കടലാസു പൊതി താഴത്തുവച്ച്‌ അവർ നിലത്തുവിരിച്ചിട്ട പായയിൽ ഇരുന്നു. ഒരാൾ ആശ്വാസത്തോടെ സിഗററ്റിന്‌ തികൊളുത്തി. തീ വെളിച്ചത്തിൽ അവരുടെ വിയർപ്പണിഞ്ഞ മുഖങ്ങൾ ഞാൻ ശ്രദ്ധിച്ചു.

“മോഷ്‌ടിക്കാൻ പോകുന്നേയുളേളാ, അതോ കഴിഞ്ഞു വരുന്നോ?” ഞാൻ കുശലം ചോദിച്ചു.

“കഴിഞ്ഞു വരുന്നു.” രണ്ടുപേരും ചേർന്ന്‌ ഒരു നെടുവീർപ്പോടെ പറഞ്ഞു.

ഞാൻ അകത്തെ ഇരുളിലേയ്‌ക്ക്‌ നോക്കി വിളിച്ചു. “രാധേ…”

എന്റെ വിളിയുടെ അർത്ഥമറിഞ്ഞതുപോലെ അവൾ ഒരു തുറക്കാത്ത കുപ്പിയും മൂന്ന്‌ ഗ്ലാസ്സുകളും കൊണ്ടുവച്ചു. ഒരു കിണ്ണത്തിൽ ചൂടാറിയ മീൻ ചാറും.

“തൊപ്പിക്കാരായിരിക്കുമെന്ന്‌ കരുതി ഞങ്ങൾ വെരണ്ടുപോയി.” അവൾ പതിഞ്ഞ സ്വരത്തിൽ അറിയിച്ചു. കളളൻമാരുടെ മുഖത്ത്‌ കൃതജ്ഞത നിലാവായി പരന്നു. അവരുടെ കണ്ണുകളിലും ചുണ്ടുകളിലും ആർത്തി നനയുന്നു. ഞാൻ മൂന്ന്‌ ഗ്ലാസ്സുകളും നിറച്ചു.

“അദ്ധ്വാനം കഴിഞ്ഞു വരുന്നതല്ലേ, ആദ്യം ക്ഷീണം മാറട്ടെ.”

മൂന്നുപേരും ഗ്ലാസ്സുയർത്തി ഏക താളത്തിൽ വലിച്ചു കുടിച്ചു. ഒഴിഞ്ഞ വയറ്റിൽ ചാരായം കൊളുത്തി വലിക്കുന്നു. കത്തിപടരുന്നു. ഞരമ്പുകൾ അയയുന്നു. ആലസ്യം നെടുവീർപ്പിനൊപ്പം വിമുക്തമാവുന്നു. ഞാൻ ഒരു സിഗററ്റിന്‌ തീ കൊളുത്തി, വിശേഷങ്ങൾ ചോദിച്ചു.

“എവിടെയായിരുന്നു ഇന്നത്തെ മോഷണം? എന്തുതടഞ്ഞു?”

“ഇവിടെ അടുത്തൊരു ക്ഷേത്രത്തിലായിരുന്നു.” ഒരാൾ ഗൗരവം വിടാതെ പറഞ്ഞു.

ഞാൻ നടുങ്ങിയിരിക്കെ അടുത്ത ആൾ ആ വലിയ കടലാസുപൊതി തുറന്നു. ഞാൻ സൂക്ഷിച്ചുനോക്കി. വില്ലാളി വീരനായ ശ്രീ അയ്യപ്പൻ ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്ന ഒരു തങ്കവിഗ്രഹം. ഇരുട്ടിൽ തങ്കപ്രഭ വിതറികൊണ്ട്‌ അയ്യപ്പൻ ഞങ്ങളെ അനുഗ്രഹിക്കുന്നു.

ഒരു നിമിഷത്തിൽ എന്റെ ലഹരി ഇറങ്ങി എനിക്ക്‌ തലചുറ്റി. പുറകിൽ പതിഞ്ഞ സ്വരത്തിൽ പ്രാർത്ഥന കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ രാധ തൊഴുതുകൊണ്ട്‌ നിൽക്കുന്നു.

“ഇതു നമ്മുടെ ശാസ്‌താംകോവിലിലെ അയ്യപ്പസ്വാമിയല്ലേ….സ്വാമീ…രക്ഷിക്കണേ.”

ആദ്യത്തെ ഞെട്ടലിൽനിന്ന്‌ ഉണർന്നപ്പോൾ ഞാൻ ഓർത്തു എന്തെല്ലാം ദുരന്തങ്ങളാണ്‌ വന്നു പെട്ടിരിക്കുന്നത്‌. കളളൻമാരെന്ന്‌ കേട്ടപ്പോൾ അടയ്‌ക്കയോ, തേങ്ങയോ കൂടിവന്നാൽ ജനലിലൂടെ കയ്യിട്ട്‌ ആഭരണങ്ങളൊക്കെ പൊട്ടിക്കുന്നവരാണെന്നേ കരുതിയുളളൂ. ഇവർ കൊളളസംഘത്തിൽപ്പെട്ടവരായിരിക്കണം. എങ്ങനെ ധൈര്യംവന്നു ധർമ്മശാസ്‌താവിന്റെ വിഗ്രഹം ഇളക്കിയെടുക്കാൻ…ലക്ഷക്കണക്കിന്‌ രൂപ വിലയുളള തങ്കവിഗ്രഹമാണ്‌. ഈ ദേശത്തെ മുഴുവൻ ജനങ്ങളുടേയും ആരാധനാമൂർത്തിയും രക്ഷകനുമാണ്‌. ശാസ്‌താവേ… ഇനി എന്തുചെയ്യും? ഞാൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു.

“ഞങ്ങളെ വലച്ചല്ലോ ചങ്ങാതിമാരേ, ഇനി നാളെ പോലീസ്‌ വരും. കൂടെ നായ മണപ്പിച്ച്‌ ഇവിടേയുമെത്തും. അവര്‌ ഞങ്ങളെ ഇടിച്ചു ചതയ്‌ക്കും.”

എന്റെ പരിഭ്രമം കണ്ട്‌ കളളൻമാർ ചിരിക്കുകയാണ്‌. ചിരിച്ചുചിരിച്ച്‌ കുപ്പി കാലിയാക്കുകയാണ്‌. മീൻകറി വടിച്ചു നക്കുകയാണ്‌.

“ഇങ്ങനെ ചിരിച്ചുചിരിച്ച്‌ ശാസ്‌താവിനേം കൊണ്ട്‌ നിങ്ങളിവിടുന്ന്‌ പോകും. നാളെ ഞങ്ങളുവേണം പോലീസിന്റെ തല്ലുകൊളളാൻ.” ഞാൻ കരച്ചിൽ തൊണ്ടയിലൊതുക്കി.

“അതൊന്നും സാരമില്ലന്നേ, ഒന്നും അറിഞ്ഞന്നും കണ്ടെന്നും നടിക്കേണ്ട.” അവർ ഇഴഞ്ഞ ശബ്‌ദത്തിൽ ഉപദേശിച്ചു.

“കുറച്ചു വെളുത്തുളളി കലക്കി അകത്തും മുറ്റത്തും തളിച്ചാൽ മതി. പിന്നെ പോലീസ്‌ നായ ഈ വഴി വരില്ല.”

അവർ വാച്ചിൽ നോക്കി ആടുന്ന കാലിൽ എഴുന്നേറ്റു. അയ്യപ്പനേയും പൊതിഞ്ഞെടുത്ത്‌ പുറത്ത്‌ കടക്കുന്നതിനുമുമ്പ്‌ ഒരാൾ നാലഞ്ച്‌ വലിയ നോട്ടുകൾ രാധയുടെ കയ്യിൽ കൊടുത്തു.

ഞാനും എഴുന്നേറ്റു. എനിക്ക്‌ നിൽക്കാൻ കാലുറക്കുന്നില്ല. ആപൽശങ്കകൾ തലച്ചോറിൽ കത്തിയെരിയുകയാണ്‌. കളളൻമാർ യാത്ര പറഞ്ഞ്‌ ജീപ്പിൽ കയറി ഓടിച്ചുപോയി.

ഒരു മൃതദേഹം പോലെയാണ്‌ ഞാൻ തിരിച്ചുവന്നത്‌. ചുമടെടുത്തും വണ്ടി വലിച്ചും ജീവിച്ചിരുന്നതാണ്‌. നാളെ എല്ലുകളെല്ലാം നുറുങ്ങും. ചിന്തകൾ നീറുകയാണ്‌. കുടിലിനകത്ത്‌ വെളുത്തുളളിയുടെ രൂക്ഷഗന്ധം. രാധ വെളുത്തുളളി കലക്കി എല്ലായിടത്തും തളിക്കുകയാണ്‌.

“മുറ്റത്തും വഴിയിലും തളിക്കണം. രാവിലെ ഒന്നുകൂടി തളിക്കണം.” ആശങ്കയോടെ ഞാൻ ഓർമ്മിപ്പിച്ചു. രാത്രി പിന്നീട്‌ ഉറങ്ങാൻ കഴിഞ്ഞില്ല. വെളുത്തുളളിയുടെ രൂക്ഷഗന്ധം. കണ്ണടച്ചാൽ പോലീസ്‌ നായ മുഖത്തിനു നേരെ ചാടിവീഴുന്നു.

“ഓ, ഇതിനിപ്പം ഇത്ര മനസ്സ്‌ പുണ്ണാക്കാനെന്താ, നമ്മളൊന്നും മോഷ്‌ടിച്ചില്ലല്ലോ. പിന്നെ കാശ്‌ ചില്ലറയാണോ കിട്ടിയത്‌.” രാധ അലക്ഷ്യമായി പറഞ്ഞു.

“എങ്കിലും എടീ….” ഗദ്‌ഗദത്തിനിടയിൽ ഞാൻ ചോദിച്ചു.

“അയ്യപ്പസ്വാമി പോയതിൽ നിനക്ക്‌ ദുഃഖമില്ലേ? അടുത്താണ്ടിൽ ഇനി പാട്ടും വിളക്കും നടക്കുമോ? ആ ദിവസം നമുക്കെന്തെങ്കിലും കച്ചവടം കിട്ടിയിരുന്നതല്ലേ.”

എന്റെ വേദനകൾക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. ഉറങ്ങിക്കഴിഞ്ഞിരിക്കണം. പുലരുന്നതുവരെ ആപൽചിന്തകളുമായി വെളുത്തുളളിയുടെ രൂക്ഷഗന്ധത്തിൽ വീർപ്പുമുട്ടി ഞാൻ ഉറങ്ങാതെ കിടന്നു. നേരം പുലർന്നതിനുശേഷം ഒരു നിമിഷത്തെ മയക്കത്തിൽ നിന്ന്‌ പോലീസ്‌ നായ്‌ക്കളുടെ കുരകേട്ട്‌ ഞാൻ ഞെട്ടിയുണർന്നു. രാവിലെ മുഖം കഴുകാൻപോലും നിൽക്കാതെ ഞാൻ വെളിയിലിറങ്ങി.

കട്ടൻ ചായയുമായി പിൻവിളിക്കുന്ന രാധയെ തിരിഞ്ഞുനോക്കാതെ ഞാൻ തിടുക്കത്തിൽ നടന്നു. ശാസ്‌താംകോവിലിനു മുന്നിൽ ആൾക്കൂട്ടവും, പോലീസും നായ്‌ക്കളും കാണുമേന്നോർത്തപ്പോൾ എന്റെ മുട്ടുകാൽ വിറച്ചു. ശിരസിൽ ഭീതിയുടെ മണ്ണിടിഞ്ഞു.

പക്ഷേ കുറച്ചുദൂരം ചെന്നപ്പോൾ ക്ഷേത്രത്തിൽ നിന്നുതൊഴുതു മടങ്ങുന്നവർ എതിരെ വരുന്നതുകണ്ട്‌ ഞാൻ അമ്പരന്നു. വിഗ്രഹമില്ലാതെ പൂജ നടക്കുമോ? അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ച ഭാവം ഭക്തജനങ്ങളുടെ മുഖങ്ങളിലില്ല. ചന്ദനം തൊട്ടു പ്രസാദമണിഞ്ഞ മുഖങ്ങൾ നാമങ്ങൾ ഉരുവിട്ട്‌ വഴിയിലൂടെ നീങ്ങി പൊയ്‌ക്കൊണ്ടിരുന്നു. ഒന്നുമൊന്നും തീരുമാനിക്കാനാവാതെ ഞാൻ ക്ഷേത്രത്തിലേയ്‌ക്ക്‌ നടന്നു.

ശാസ്‌താംകോവിലിനുമുന്നിൽ ആൾക്കൂട്ടമില്ല. പോലീസുമില്ല നായ്‌ക്കളുമില്ല. കൂപ്പുകൈകളുമായ്‌ പതിവുപോലെ പ്രദക്ഷിണം ചെയ്യുന്ന ആരാധകർ മാത്രം.

ഇതെന്തുകഥ? സംശയത്തോടെ ക്ഷേത്രത്തിനകത്തുകടന്നു ഞാൻ കോവിലിന്റെ വാതിലിലൂടെ എത്തിനോക്കി. അയ്യപ്പസ്വാമി അവിടെത്തന്നെയുണ്ട്‌. യാതൊരു മാറ്റവുമില്ല. വിഗ്രഹത്തിന്റെ പാദങ്ങളിലേയ്‌ക്ക്‌ പൂവിതളുകൾ ജപിച്ചെറിയുന്ന നമ്പൂതിരിക്കും മാറ്റമില്ല.

ഞാൻ കണ്ണുകൾ വീണ്ടും വീണ്ടും അടച്ചു തുറന്നു.

സ്വപ്‌നം കാണുകയാണോ? അപ്പോൾ കഴിഞ്ഞ രാത്രിയിൽ കൊളളക്കാർ അടിച്ചുകൊണ്ടുപോയ വിഗ്രഹമോ? ആഹ്ലാദത്താൽ വിളിച്ചു കൂവണമെന്നെനിക്കു തോന്നി. തിരിച്ചു വീട്ടിലേക്ക്‌ ഞാൻ ഓടുകയായിരുന്നു. ഒരിക്കൽകൂടി വെളുത്തുളളി കലക്കിതളിക്കാനൊരുങ്ങുന്ന രാധയെ പിടിച്ചു കുലുക്കി ഞാൻ പറഞ്ഞു.

“നമ്മൾ രക്ഷപ്പെട്ടടീ, അയ്യപ്പ വിഗ്രഹം നഷ്‌ടപ്പെട്ടിട്ടില്ല, ക്ഷേത്രത്തിൽ തന്നെയുണ്ട്‌.”

അവൾ വാർത്ത വിശ്വസിക്കാനാവാതെ എന്നെ മിഴിച്ചു നോക്കി.

“പക്ഷേ അവന്മാർ മോഷ്‌ടിച്ചു കൊണ്ടുപോയതോ?” ഞാൻ സംശയം പ്രകടിപ്പിച്ചു.

“ദൈവത്തോടു കളിച്ചാൽ അങ്ങനെയിരിക്കും. അവന്മാർ പോയി തൂങ്ങിച്ചാവട്ടെ.”

ഞാൻ എത്രയൊക്കെ വിശദമായി പറഞ്ഞിട്ടും രാധയ്‌ക്ക്‌ വിശ്വാസമായില്ല. അന്നു പകൽ മുഴുവൻ എനിക്കു പതിവിലധികം ഉത്സാഹമായിരുന്നു. ഉച്ചയൂണു കഴിഞ്ഞ്‌ ഞാൻ സുഖമായി കിടന്നുറങ്ങി.

വൈകുന്നേരം രാധയേയും കൂട്ടി ഞാൻ ശാസ്‌താംകോവിലിൽ ദീപാരാധന തൊഴാൻ പോയി. നക്ഷത്രവിളക്കുകൾക്കിടയിലൂടെ ശ്രീകോവിലിനകത്തേക്ക്‌ ഞാൻ അയ്യപ്പസ്വാമിയെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

“അത്ഭുതം തന്നെ.” അവൾ മന്ത്രിച്ചു.

പിന്നീട്‌ ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്‌ക്കുമ്പോൾ മടിച്ചുമടിച്ച്‌ പതിഞ്ഞ സ്വരത്തിൽ രാധ എന്നോട്‌ ചോദിച്ചു.

“ഇന്നു രാത്രി അയ്യപ്പന്റെ വിഗ്രഹം മോഷ്‌ടിച്ചുകൊണ്ട്‌ നമുക്കും എങ്ങോട്ടെങ്കിലും പോയാലോ…ലക്ഷപ്രഭുക്കളായിട്ടു ജീവിക്കാം. ചുമടുചുമക്കലും പേടിച്ചുളള ഈ കച്ചവടവും പട്ടിണിയും ഒന്നും പിന്നെ വേണ്ടല്ലോ…” ഞാൻ സംശയത്തോടെ രാധയുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി. അവൾ പൂർത്തിയാക്കി.

“അതുകൊണ്ട്‌ കുഴപ്പമൊന്നുമില്ലന്നേ. അയ്യപ്പൻ വീണ്ടും മുളച്ചോളും.

അന്നുരാത്രി അയ്യപ്പസ്വാമി എന്റെ കൈയിലിരുന്ന്‌ അനുഗ്രഹം ചൊരിയുമ്പോഴും ഞാനേതോ സ്വപ്‌ന ലോകത്തായിരുന്നു.

Generated from archived content: story_apr21.html Author: saju_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here