സ്വപ്‌നങ്ങളുടെ ബാക്കി

പ്രിയപ്പെട്ടവളേ,

ആസക്തിയുടെ നക്ഷത്രങ്ങൾ കോർത്ത

ഈ മാല അണിയിപ്പതെന്തിന്‌.

അറിയൂ,

ചിതലെടുത്ത ഈ ഉടലിൽ

ഒരു മുഖമോ-

ചിരിയുടെ ഇലകൊഴിഞ്ഞ ചില്ലകളോ ഇല്ലെന്ന്‌

നോക്കൂ,

കുന്നുകളുടെ കണ്ണീർ വറ്റുകയാണ്‌

വയൽ ഗ്രീഷ്‌മത്തിന്റെ

വിഷപാത്രത്തിൽ ചത്തു മലക്കുകയാണ്‌

നാട്ടുമാവും ഗൃഹാതുരത്വത്തിന്റെ

വരണ്ട ഓർമ്മകളും

ദേശാടനത്തിന്‌ പോവുകയാണ്‌

നീ ഇപ്പോഴും എന്തിനാണ്‌ പുഞ്ചിരിക്കുന്നത്‌,

ചിറകൊടിഞ്ഞ-

എന്റെ ഓർമ്മയുടെ കൂട്‌

നമ്മുടെ സ്വപ്‌നങ്ങളെ വിരിയിക്കാതെ

എന്നേ മരിച്ചിരിക്കുന്നു.

ഇരുളിൽ നിന്ന്‌-

അനന്തതയിലേക്കൊഴുകുന്ന

ഈ ജീവിത സഞ്ചയം,

എരിഞ്ഞടങ്ങുന്ന-

ഒരു മെഴുകുതിരിയുടെ കഥയാണിത്‌

തുടക്കത്തിനപ്പുറത്തെവിടെയോ തുടങ്ങി-

അന്ത്യം പറയാതൊടുങ്ങുന്ന ഒരു കഥയാണിത്‌.

Generated from archived content: poem_may14.html Author: saju_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here