ഗ്രീഷ്‌മം;
എരിയുന്ന ചിതയ്‌ക്കു മുകളിൽ
വിറയ്‌ക്കുന്ന ചുണ്ടിണകളുമായ്
ഒരു മേഘക്കീറു തേടിയലഞ്ഞു.
സൂര്യമണ്ഡലത്തിനുമപ്പുറം
നീണ്ടു പോകുന്ന പിൻകാലുകളുടെ
നിറം മങ്ങിപ്പതിയുന്ന രേഖാചിത്രങ്ങൾ.
കൊത്തി വലിച്ചെടുത്ത
മാംസപിണ്ഡത്തിൽ നിന്ന്
പുറത്തെറിയപ്പെട്ട
ഭ്രൂണത്തിൽ നിന്നൊരു
തിരിച്ചറിവിന്റെ തേങ്ങൽ
മൃത്യുവിന്റെ കാലടികളിൽ
നിമിഷങ്ങളുടെ ചാപല്യങ്ങളായമർന്നു.
പാനപാത്രങ്ങളുടെ
സ്വയം നിറഞ്ഞൊഴുകലിൽ
ഹൃദയകഷ്‌ണങ്ങൾ
ജീവസ്‌പർശത്തിനായ് കൊതിച്ചു.
അടച്ചൊളിപ്പിച്ച
കണ്ണീരുറവകൾ തേടി
ശവംതീനിപക്ഷികളുടെ
നിലയ്‌ക്കാത്ത കലമ്പൽ.
പ്രവാഹത്തിനൊടുവിലെത്തുന്ന
വസന്തത്തെയും കാത്ത്
ഗ്രീഷ്‌മത്തിനവസാനം
ഒരു നെടുവീർപ്പു മാത്രം.
Generated from archived content: poem2_jun18_10.html Author: saju_soman