അവകാശം

ഒരു രാഷ്‌ട്രത്തിന്റെ കരുത്ത്‌

ചോരപ്പുഴയുടെ ആഴമളന്ന്‌ നിർണ്ണയിക്കുന്നു

അതിർവരമ്പുകൾക്ക്‌-

ഭാഷയും വർണ്ണവും

മതധർമ്മവും കൽപ്പിച്ച്‌

രാഷ്‌ട്രം കെട്ടിപ്പടുത്തപ്പോൾ

ഭൂമിയുടെ അവകാശം

മനുഷ്യന്‌ നഷ്‌ടമായി

ചോരയും നീരും പകരം വച്ച്‌

അതിരുകളിളകുമ്പോൾ

വിധവകളുടെ കണ്ണീരിൽ ചവിട്ടി

കാലം കടന്നുപോകുന്നത്‌ കാണേണ്ടി വരുന്നു.

ആദ്യം ഒരു വെടിയൊച്ച കേട്ടു

പിന്നെ വെടിയൊച്ചകൾ

ഭൂമിയുടെ അവകാശം

ആയുധപ്പുരയ്‌ക്ക്‌

കൈമാറിയ കരാർ

ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്‌.

കണ്ണീര്‌ കൊണ്ട്‌ കവിതയും

ചോരകൊണ്ട്‌ ചരിത്രവും

എഴുതുന്നതാണ്‌ പതിവ്‌

പതിവ്‌ തെറ്റിക്കുന്നത്‌-

അതിർത്തി ലംഘിക്കുന്നതു-

പോലെയായിരിക്കുന്നു.

Generated from archived content: poem1_jan11_10.html Author: saju_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here