ബെല്ല സുന്ദരിയാണ്. വെളുത്തനിറം. നീണ്ട മുഖം. നീളൻ മൂക്ക്. മയിൽ കണ്ണ്. നിതംബം മറയ്‌ക്കുന്ന കോലൻ മുടി. എം.എസ്.സി. ഒന്നാം ക്ലാസിൽ ജയിച്ചതിന്റെ സന്തോഷത്തിലാണ്.
ഇറാനിമോസിന്റെ വിശദീകരണങ്ങൾ നീണ്ടു.
തോമസ് അത് കേട്ട് മയങ്ങിയിരുന്നു.
സുന്ദരികളെ കുറിച്ചുള്ള സ്വപ്‌നങ്ങൾ പോലും നിഷേധിക്കപ്പെട്ടതാണ് തോമസിന്റെ യൗവ്വനം. ഈ ലോകത്തിലെ വിരൂപനായ ഒരു മനുഷ്യന് അങ്ങിനെയാവാനേ തരമുള്ളൂ.
ഉന്തിയ നെഞ്ചും പരന്ന നെറ്റിയും പതിഞ്ഞ മൂക്കും മുമ്പോട്ടുവളഞ്ഞ ശരീരവുമുള്ള തോമസിനെ കണ്ടാൽ പുരാതന മനുഷ്യന്റെ രൂപമാണ്. ഒരുപാട് പെൺകുട്ടികളെ കണ്ട് വിവാഹം കഴിക്കാമെന്നാശവച്ചു തോമസ്. പക്ഷെ ഒറ്റ പെൺകുട്ടിക്കും അയാളെ ബോധിച്ചില്ല.
ആ ഓർമ്മയിൽ തട്ടിവീണയാൾ ഇറാനിമോസിനോടാരാഞ്ഞു.
“പക്ഷെ ഇറാനി……. അത്രയ്‌ക്ക് സുന്ദരിയാണെങ്കിൽ അവൾക്ക് എന്നെ ഇഷ്‌ടപ്പെടുമോ?” ചോദ്യം ന്യായമാണ്. ഇറാനിമോസ് ഓർത്തു.
തോമസിനെ കണ്ട പെൺകുട്ടികളിലൊരാൾക്ക് പോലും അയാളെ ഇഷ്‌ടമായില്ല. ഇറാനിമോസിന്റെ ബ്രോക്കർ ജീവിതത്തിൽ തോമസിനല്ലാതെ മറ്റൊരാൾക്കും ഇത്രയധികം വിവാഹങ്ങൾ ആലോചിച്ചിട്ടില്ല. തൊട്ട് പിന്നിലായ് തന്നെയുണ്ട് ബെല്ലക്കും സ്‌ഥാനം. താൻ വിവാഹമാലോചിച്ച എത്രയോ ആൺകുട്ടികളും പെൺകുട്ടികളും ഭാര്യാഭർത്താക്കന്മാരായി കഴിയുന്നു. പക്ഷെ ഇവർ മാത്രം…..
തോമസിനെ കാണിച്ച പെൺകുട്ടികളുടെ എണ്ണം ഓർക്കാവുന്നതിലും അധികമാണ്. അത്രയേറെ കണ്ടുകഴിഞ്ഞു. അതിന് സ്‌പഷ്‌ടമായ ഒരു കാരണമുണ്ട്.
ബെല്ലയുടെ മനസ് എന്തൊരു വിചിത്രം!
ആദ്യമായി വീട്ടിൽ ചെന്നപ്പോൾ, വിവാഹമാലോചിച്ചപ്പോൾ അപ്പനും അമ്മക്കുമൊപ്പം നാണിച്ചുനിന്ന ആ പെൺകുട്ടി താൻ കൊണ്ടുചെല്ലുന്ന ആദ്യത്തെ ചെറുക്കനെതന്നെ ഇഷ്‌ടപ്പെടുമെന്നു കരുതിയാണ്. പക്ഷെ എത്ര വിചിത്രം. എത്രയോ ആൺകുട്ടികൾ അവളെ കണ്ടുമടങ്ങി. എല്ലാവരേയും അവൾ ഒഴിവാക്കി. ആർക്കും സൗന്ദര്യമില്ല പോലും.
അപ്പനും അമ്മക്കും ഇഷ്‌ടപ്പെടുന്നത് അംഗീകരിക്കുകയാണ് സാധാരണ പെൺകുട്ടികളുടെ പ്രകൃതം. എന്നാൽ ഇക്കാര്യത്തിൽ അവളുടെ ഇഷ്‌ടം നടപ്പിലാക്കണം എന്നൊരു ശാഠ്യമാണവൾക്ക്.
അവളുടെ അപ്പനും അമ്മയ്‌ക്കുമാണെങ്കിൽ വല്ലാത്ത ആധികയറിയിരിക്കുകയാണ്. ഒരുപാട് ചെറുക്കന്മാർ കണ്ട് മടങ്ങിയാൽ പെണ്ണ് വീട്ടിൽ തന്നെ നിന്നുപോകും. വാക്കുകളേക്കാളധികം നെടുവീർപ്പുകൾകൊണ്ടാണ് അവരുടെ സംസാരം.
എന്താണവളുടെ സൗന്ദര്യ സങ്കൽപ്പം…. അതൊന്നു കണ്ടെത്തണമല്ലോ. സാധാരണ പെൺകുട്ടികൾ ഇഷ്‌ടപ്പെടുന്ന ജീവിക്കാൻ സൗകര്യമുള്ള, സൗന്ദര്യമുള്ള യുവാക്കളെയാണ് താൻ അവളെ കാണിച്ചത്. എന്നിട്ടും അവർക്കൊന്നും സൗന്ദര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. എങ്കിൽ മറ്റെന്തോ ആണ് അവൾ തേടുന്ന സൗന്ദര്യം. അതെന്തെന്നുകണ്ടെത്താൻ നല്ലൊരു പഠനം തന്നെ വേണ്ടിവന്നു. അവളെ കണ്ട ഓരോ ചെറുക്കന്റേയും ഗുണദേഷങ്ങൾ പഠിച്ചു. ഒടുവിൽ ഒരു ചെറിയ ഊഹം കിട്ടി. ആ ഊഹം വച്ചാണ് തോമസിനെ അവൾക്കു മുമ്പിൽ ഒന്നു പരീക്ഷിക്കാമെന്നുറച്ചത്.
“ഇറാനീ……….”
തോമസിന്റെ വിളി അയാളെ ഓർമ്മയിൽ നിന്നുമുണർത്തി.
“അവൾക്ക് എന്നെ ഇഷ്‌ടപ്പെടുമോ?”
“തോമസ്” ഇറാനിമോസ് പറഞ്ഞു.
“നീയൊന്ന് കണ്ട് നോക്ക്. പോയാൽ ഒരു നോട്ടം. ഒത്താൽ ഒരു പെണ്ണ്.”
തോമസിനോട് ബ്രോക്കർമാരുടെ സ്വന്തം ശൈലിയിൽ അങ്ങനെ പറഞ്ഞെങ്കിലും ഇറാനിമോസിന്റെ മനസ്സ് ഗൂഢാലോചനയിലായിരുന്നു.
തോമസ് പ്ലാന്ററാണ്. നെല്ലിയാമ്പതിയിൽ നാനൂറ് ഏക്കർ ഓറഞ്ച് തോട്ടത്തിന്റെ ഉടമയാണ്. ഒരു പാട് സ്വത്തിന്റെ അവകാശി. ബെല്ലയുടെ മനസന്വേഷിക്കുന്ന സൗന്ദര്യം തന്റെ ഊഹം ശരിയാണെങ്കിൽ അതൊക്കെയല്ലാതെ വേറെയെന്താവും. അവൾ അത് തുറന്ന് പറയുന്നില്ല. അല്ലെങ്കിലും ഒരു പെൺകുട്ടിക്ക് അത്തരം ഒരു കാര്യം തുറന്ന് പറയാനാവില്ല. മനസിൽ അതു പൂട്ടിവച്ച് മറ്റെന്തെങ്കിലുമൊക്കെ പറഞ്ഞ് അവർ ചെറുക്കന്മാരെ ഒഴിവാക്കും. പുതിയകാലത്തെ പെൺകുട്ടികളുടെ മനസറിയാൻ പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നവർ ഉപയോഗിക്കുന്ന താക്കോൽ തന്നെ വേണം. – നിരന്തരമായ പരീക്ഷണം പരീക്ഷിച്ചറിയുകതന്നെ.
തന്റെ പുതിയ പരീക്ഷണജീവിയേയും കൊണ്ട് ഇറാനിമോസ് ബെല്ലയുടെ വീട്ടിലേക്ക് കുതിച്ചു. സ്വീകരണമുറിയിലെ സോഫയിൽ ബെല്ലയുടെ അപ്പൻ ജോസഫിനഭിമുഖമായിരുന്ന തോമസിനെ ഇറാനിമോസ് പരിചയപ്പെടുത്തി.
“ഇത് തോമസ് പ്ലാന്ററാണ്. നെല്ലിയാമ്പതിയിൽ നാനൂറ് ഏക്കർ ഓറഞ്ച് തോട്ടം. തോമസിന് ഒറ്റ ഡിമാന്റേയുള്ളൂ. കുടുംബത്തീ പിറന്ന പെണ്ണായിരിക്കണം.”
ജോസഫ് തോമസിനെ ഒന്നിരുത്തിനോക്കി എത്രയോ പേർ വന്നിരുന്നിടത്താണ് ഇയാൾ ഇപ്പോൾ ഇരിക്കുന്നത്. ഇയാളേക്കാൾ എത്രയോ സുന്ദരന്മാർ….. അവരെയൊക്കെ സൗന്ദര്യക്കുറവിനാൽ വേണ്ടെന്നുവച്ച തന്റെ മോൾക്ക് ഈ കോലത്തെ പിടിക്കുമോ…….
എന്താണാവോ അവളുടെ മനസിൽ വിവാഹം മാത്രം നിർബന്ധിച്ച് കഴിപ്പിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ. മനപ്പൊരുത്തമുണ്ടാവേണ്ടതാണല്ലോ മുഖ്യം. അതില്ലെങ്കിൽ ആദ്യദിനം തൊട്ടേ തമ്മിൽ അകൽച്ച ആരംഭിക്കും.
ആളൊരു കോലമാണെങ്കിലും ഇയാൾ കാര്യത്തിന് കേമനാണ്…….. കണ്ടിട്ടങ്ങനെ തോന്നുന്നു. നാനൂറ് ഏക്കർ ഓറഞ്ച് തോട്ടമുള്ളവന്റെ വരുമാനം എന്തായിരിക്കും. ഓ എന്റെ ബെല്ലമോളെ ഇവനെയങ്ങോട്ട്……..
അശാന്തമായ അയാളുടെ മനസ് അങ്ങനെയൊക്കെ ചിന്തിച്ചുപോയി.
തോമസ് ഒന്ന് പരുങ്ങിചിരിച്ചു.
ചിരിച്ചപ്പോൾ നിലതെറ്റിയ പല്ലുകളുള്ള അയാളുടെ മുഖം ഒരു ഗൊറില്ലയെപ്പോലെയായി.
സോഫയിൽ അയാളൊന്ന് ഇളകിയിരിന്നു. അപ്പോൾ അയാളുടെ ശരീരത്തിൽ നിന്നും മറയൂർ ചന്ദനത്തിന്റെ പരിമളം പ്രസരിച്ചു.
ആ സുഗന്ധത്തിലേക്കാണ് ബെല്ല കടന്ന് വന്നത്.
സുന്ദരിയെകാണുമ്പോഴുള്ള വിരൂപന്റെ പതർച്ചയോടെ അയാൾ അവളെ നോക്കി. ദൈവമേ……. എന്തിനാണ് നീ പെൺകുട്ടികളെ ഇത്ര സുന്ദരികളായി സൃഷ്‌ടിച്ചത്….
മുറിയിൽ നിറഞ്ഞു നിൽക്കുന്ന വശ്യഗന്ധത്തിൽ ബെല്ല മുഴുകി നിന്നു. വിടർന്ന കണ്ണുകളാൽ അവൾ അയാളെ നോക്കി. അയാളുടെ കഴുത്തിലാണ് അവളുടെ കണ്ണുകൾ പതിഞ്ഞത്. മുഴുപ്പുള്ള ഒരു സ്വർണ്ണമാല കഴുത്തിൽ മിന്നിക്കൊണ്ടിരുന്നു.
വാൻഹ്യൂസിൻ ഷർട്ടും സിട്രസ് ജീൻസുമാണയാൾ ധരിച്ചിരിക്കുന്നതെന്നവൾ കണ്ടെത്തി. ഇടതു കൈത്തണ്ടയിൽ അയഞ്ഞുകിടക്കുന്ന റാഡോ വാച്ച്. മൂന്നാമത്തെ വിരലിൽ രത്‌നമോതിരം. എല്ലാം സുന്ദരം.
അവളുടെ കണ്ണിലെ കാഴ്‌ചയുടെ ബിന്ദു ഏകമാനത്തിൽ നിന്നും ത്രിമാനത്തിലേക്ക് പരിണമിച്ചു. ആടയാഭരണങ്ങളണിഞ്ഞ് അന്തസോടെ മുമ്പിലിരിക്കുന്ന പുരുഷന്റെ മുഖം ത്രിമാനചിത്രത്തിന്റെ പൊലിമയിൽ അവളുടെ റെറ്റിനയിൽ പതിഞ്ഞു.
എന്തൊരു സുന്ദരൻ! എന്തൊരൈശ്യര്യം മുഖത്തിന്….. എത്ര വശ്യമാണ് ചിരി….. ഇയാളെയാണ് താൻ ഇത്രയും കാലവും കാത്തിരുന്നത്. അയാളുടെ നോട്ടം ഹൃദയത്തിൽ തുളഞ്ഞ് കയറിയപ്പോൾ നാണിച്ചവൾ അകത്തേക്ക് നടന്നു.
അമ്മ അവൾക്ക് പിന്നാലെ ചെന്ന് തിരക്കി.
“എന്താ മോളേ…..”
“സമ്മതം അമ്മേ”
മകളുടെ സമ്മതം അമ്മ അപ്പനെ അറിയിച്ചപ്പോൾ അപ്പനും സന്തോഷം – ഇതെങ്കിലും ബോധിച്ചല്ലോ.
“സമ്മതം” എന്ന് പെണ്ണിന്റെ അപ്പൻ പറഞ്ഞപ്പോൾ ഇറാനിമോസ് കണ്ണു തള്ളിനിന്നു. പരീക്ഷണശാലയിൽ പുതിയൊരു കണ്ടുപിടുത്തം നടത്തിയ ശാസ്‌ത്രജ്ഞന്റെ സന്തോഷമായിരുന്നു അയാൾക്ക്. ‘തന്നെ’ എന്ന ഒരൊറ്റ വാക്കു മാത്രമേ അയാളിൽ നിന്നും പുറത്ത് വന്നുള്ളൂ.
പിന്നെ പെട്ടെന്നായിരുന്നു എല്ലാം.
ക്ഷണം. പന്തലിടല് മിന്ന്‌കെട്ട് സദ്യ.
ക്ഷണിച്ചെത്തിയവർ ഇതെന്തുപറ്റി ഈ പെങ്കൊച്ചിനെന്ന് മൂക്കത്ത് കൈവെച്ചെങ്കിലും സദ്യ ബഹുകേമം എന്ന് മാത്രമേ പരസ്യമായി പറഞ്ഞുള്ളൂ.
വിവാഹനാളിലെ അവസാന അതിഥിയും പോയ് കഴിഞ്ഞപ്പോൾ തോമസ് മണിയറിയിലേക്ക് കടന്നു ചെന്നു. പുഷ്‌പങ്ങൾ കൊണ്ടലങ്കരിച്ചിരുന്നു മറിയറ. നേർത്ത പ്രകാശത്തിൽ മണിയറ ഒരു പൂങ്കാവനം പോലെ തോന്നിച്ചു.
ബെല്ല ഇളം ചുവപ്പ് നിറത്തിലുള്ള നൈറ്റ് ഗൗൺ അണിഞ്ഞ് തലയിൽ മുല്ലപ്പൂ ചൂടി മെത്തയിൽ ഇരിക്കുകയായിരുന്നു.
തോമസ് അവളെ നോക്കി മുഖത്ത് ഒരു ചിരി വരുത്തി. ചിരിക്കാതിരിക്കുന്നതാണ് നല്ലതെന്നറിയാമെങ്കിലും ആദ്യമായി മണിയറിയിലേക്ക് ചെല്ലുമ്പോൾ ഒന്ന് ചിരിക്കാതിരിക്കുന്നതെങ്ങിനെ……..
ബെല്ലയെ അടുത്തുകാണുന്തോറും അയാളുടെ ഉള്ളിൽ സംശയം പെരുത്തു. ഒറ്റനോട്ടത്തിൽ ഇവൾക്ക് തന്നെ ഇഷ്‌ടപ്പെട്ടു എന്ന് പറഞ്ഞത് ശരിയായിരിക്കുമോ….. എങ്ങനെയാണ് ഇവൾതന്നെ ഇഷ്‌ടപ്പെട്ടത്.
ദൈവമേ…….. എന്തുകൊണ്ടാണ് നീ സ്‌ത്രീകളുടെ മനസ് സൃഷ്‌ടിച്ചിരിക്കുന്നത്. മണ്ണിനോട് മല്ലിടാൻ മാത്രം പഠിച്ചവന്റെ സന്ദേഹങ്ങൾ.
കൗമാരത്തിന്റെ കൗതുകങ്ങൾ അടങ്ങുന്നതിനു മുമ്പേ മണ്ണിൽ പണിതുടങ്ങിയതാണ്. തുടക്കം കൂലിപ്പണിയായിരുന്നു. പിന്നെ കുറച്ച് മണ്ണ് പാട്ടത്തിനേറ്റു. വിത്തിറക്കിയത് നൂറ് മേനി വിളഞ്ഞപ്പോൾ അല്‌പസ്വൽപം മണ്ണ് തീറുവാങ്ങാൻ തുടങ്ങി. നാളുകൾ കഴിയവേ കുടിയേറിയ കൂലിപ്പണിക്കാരന് സ്വന്തമായി തോട്ടമുണ്ടായി. തോട്ടത്തിൽ പാർക്കാൻ വന്ന പെണ്ണിന്റെ മനസറിയാൻ അവളോട് ചോദിച്ചുനോക്കുക തന്നെ. ഇപ്പോൾ ഇവൾ തന്റെ സ്വന്തമായല്ലോ….. ധൈര്യമായി ചോദിക്കാം.
ചിലപ്പോൾ ഏതൊരു വിരൂപനും അല്‌പമൊരു സൗന്ദര്യം കാണുമായിരിക്കാം. അല്ലെങ്കിൽ മനസ്സിൽ സ്‌നേഹത്തിന്റെ ഊർജ്ജവുമായി ജനിക്കുന്നവർക്ക് ഏതു വിരൂപനേയും സ്‌നേഹിക്കാനായേക്കും. അതെ അതുതന്നെയാവും അവളുടെ മനസ്സ്. അയാൾ അങ്ങിനെ ആഗ്രഹിച്ചു പോയി. അതൊന്നുറപ്പിക്കാൻ വേണ്ടി അയാൾ അവളെ തൊട്ടു വിളിച്ചു.
“ബെല്ലേ…..”
“എന്തോ” അവൾ വിളികേട്ടു.
ചോദിക്കണോ എന്നൊരു വട്ടം ശങ്കിച്ചു. ആദ്യരാത്രിയിലെ ആദ്യത്തെ ചോദ്യം ഇതാവുമോ……. പക്ഷേ ചോദിക്കാതിരിക്കാനാവാത്ത അവസ്‌ഥയിലേക്ക് മനസ്സ് എത്തുകയാണ്. ആ അവസ്‌ഥയിൽ അയാൾ ചോദിച്ചുപോയി.
“ബെല്ലേ….. സൗന്ദര്യമുള്ള പുരുഷനെ മോഹിച്ച ബെല്ലക്ക് എന്നെ സ്‌നേഹിക്കാനാവുമോ?”
അവൾ തന്റെ കൈകളിൽ അയാളുടെ കൈകൾ ചേർത്ത് വച്ച് മൃദുവായി തഴുകി. അവളുടെ മൃദുലതകളിൽ ലയിച്ചിരുന്നു അയാൾ.
ഇരുണ്ട സിനിമാശാലയിൽ പുതിയ ചലച്ചിത്രം കാണാനിരിക്കുന്നവളേപ്പോലെയായിരുന്നു അപ്പോളവളുടെ മനസ്സ്. മുമ്പിലെ തിരശീലയിൽ ചിത്രം തുടങ്ങിയപ്പോൾ വിദൂരതയിൽ അവ്യക്തമായ പച്ചപ്പ്. അടുത്തുവന്നപ്പോൾ തളിർത്തു നിൽക്കുന്ന ചെടികളാണ്. പിന്നെയത് തെളിഞ്ഞപ്പോൾ പരന്ന് കിടക്കുന്ന ഒരു ഓറഞ്ച്‌തോട്ടം. ഓറഞ്ച് ചെടികൾ കുഞ്ഞുപൂവിട്ട് കോടക്കാറ്റിൽ ചാഞ്ചാടുന്നു. അവക്കിടയിൽ മഞ്ഞനിറത്തിൽ പഴുത്ത ഓറഞ്ചുകളുമുണ്ട്.
ഇരുണ്ട സിനിമാശാലയിൽ നിന്നും പൂത്തു നിൽക്കുന്ന ഓറഞ്ച് തോട്ടത്തിലെത്താൻ അവളുടെ മനസ്സിന് ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ. നെല്ലിയാമ്പതിയിലെ ആ ഓറഞ്ചുതോട്ടത്തിൽ പട്ടുവസ്‌ത്രങ്ങളും രത്‌നാഭരണങ്ങളുമണിഞ്ഞ നായികയായി അവൾ ഒഴുകിനടന്നു.
“ബെല്ലേ………”
അയാൾ അവളെ കുലുക്കി വിളിച്ചു.
“ഓ” എന്ന് ഞെട്ടി അവൾ അയാളെ നോക്കി. കുലുക്കി വിളിച്ചതിൽ അവൾക്ക് ഈർഷ്യതോന്നാതിരുന്നില്ല. അത് മറച്ച് വച്ച് അയാളോട് ചേർന്നിരുന്നവൾ കാതിൽ പറഞ്ഞു.
“കാണുന്നയാളിന്റെ കണ്ണുകളിലാണ് സൗന്ദര്യത്തിന്റെ തോത്.”
“ബെല്ലേ…..” അയാൾ അവളെ ചേർത്ത് പിടിച്ചു കണ്ണുകളിൽ മൃദുവായി ചുംബിച്ചു.
പക്ഷേ അവൾ അതറിഞ്ഞില്ല.
അവൾ അപ്പോഴേക്കും നെല്ലിയാമ്പതിയിലെ ഓറഞ്ച് തോട്ടത്തിലെത്തിയിരുന്നു.
Generated from archived content: story1_may11_11.html Author: saju_pullan