രാജാവ് അര്‍ദ്ധരാത്രി കഴിഞ്ഞനേരം ഉറക്കത്തില്‍ നിന്നും ഞെട്ടിയുര്‍ന്നു. അഗാധമായ ഉറക്കമായിരുന്നില്ല. മയക്കത്തിനും ഉറക്കത്തിനുമിടയിലെ ഒരു പ്രത്യേക അവസ്ഥയായിരുന്നു.
പ്രജാകാര്യങ്ങളില്‍ വിചാരപ്പെട്ട് രാവ് ഏറുവോളം ഇരുന്നതിനാല്‍ നല്ല ക്ഷീണമുണ്ടായിരുന്നു. താടിയില്‍ ഉഴുഞ്ഞുഴിഞ്ഞുകൊണ്ടാണ് മയക്കത്തിലേക്ക് പോയത്. നാനാ ദേശത്തെ പ്രജകളുടെ പ്രശ്നങ്ങള്‍ ഓര്‍ത്തിരിക്കുമ്പോള്‍ നരച്ച ദീക്ഷയില്‍ ഉഴിഞ്ഞുകൊണ്ടിരിക്കുന്നത് രാജാവിന്റെ ഒരു ശീലമാണ്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് കാവല്‍ നിന്ന് രാജകുലത്തിന്റെ ഭാഗമായിരുന്നു രാജ്യം. സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്തമിക്കുകയും രാജ്യങ്ങള്‍ ഭാഗ ഉടമ്പടിയില്‍ ഏര്പ്പെടുകയും ചെയ്തു. സൂര്യസ്തമയങ്ങള്‍ സ്വന്തമായി ലഭിച്ചു.
അക്കാലം തൊട്ടിങ്ങോട്ട് പല പല രാജാക്കന്മാരും സിംഹാസനത്തിലേറി കുലമഹിമ വളര്‍ത്താന്‍ വീറോടെ പോരാടിയവരും നാനാവിധത്തിലുള്ള ദേശങ്ങളെ ഐക്യപ്പെടുത്താന്‍ ഭരണഘടന നിര്‍മ്മിക്കുകയും തിരുത്തുകയും ചെയ്തവരും ഉണ്ടായിരുന്നു. അങ്ങനെയുള്ളൊരു രാജാവിന്റെ ഭരണകാലത്താണ് സാമന്തന്മാര്‍ അധികാരത്തിലേക്കു നുഴഞ്ഞു കയറ്റം നടത്തിയത് .
ഇപ്പോഴത്തെ രാജാവ് പ്രായത്തില്‍ കേമനാണ്. മഹാരാജാവെന്നാണ് സ്ഥാനനാമം. ആചാരത്തിനും അരങ്ങിനും കുറവൊന്നുമില്ലെങ്കിലും ഭരണം സാമന്തന്മാരുടെ കയ്യിലാണ്. സാമന്തന്മാര്‍ നാനാദേശത്തു നിന്നുള്ളവരും നാനാവിധമുള്ളവരും. പക്ഷെ ആരേയും ഉപേക്ഷിക്കാനാവില്ല സൗരയൂഥത്തില്‍ ഓരോ ഗ്രഹത്തിനും അതിന്റേതായ ഭ്രമണപഥം!
അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ രാജാവ് അര്‍ദ്ധരാത്രി കഴിഞ്ഞനേരം തന്റെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു
ഖജനാവിനരികില്‍ എന്തോ ഉടഞ്ഞ സ്വര കേട്ടാണ് ഉറക്കം ഞെട്ടിയത്. ഉണര്‍ന്നപാടേ ഖജനാവിനരുകിലേക്ക് ഓടി ആരുടേയോ പാദചലനം ഇടനാഴിയിലൂടെ ഒളിച്ച് അകന്നകന്നു പോകുന്നു…
കൊട്ടരം ഖജനാവ് കൊള്ള ചെയ്യപ്പെട്ടിരിക്കുന്നു- ദ്രവ്യങ്ങളൊക്കെയും നഷ്ടപ്പെട്ടിരിക്കുന്നു- കൂട്ടത്തില്‍ ഏറ്റവും വിലപിടിപ്പുള്ള തീറോലകളും- അരണ്ട വെളിച്ചത്തിലും രാജാവ് തെളിഞ്ഞ് കണ്ടു.
കുലത്തിന്റെ മഹിമകള്‍ക്ക് മിഴിവേകാന്‍ നാളയിലേക്ക് തെളിവാകേണ്ട തീറോലകള തന്റെ അറിവില്ലാതെ ഒരു ഈച്ചക്കു പോലും കയറാന്‍ പഴുതില്ലാത്ത ഈ കൊട്ടാരത്തിനുള്ളില്‍ എങ്ങിനെ സംഭവിച്ചു ഈ അതിക്രമം….
‘’ ആരവിടെ ?’‘ രാജാവ് അലറിവിളിച്ചു.
ആരവിടെ.. ??? ആരവിടെ…??? ആരവിടെ…?
കൊട്ടാര കെട്ടുകളില്‍ തട്ടി പ്രതിധ്വനികള്‍ ചിതറി.
ഏതു ദിക്കില്‍ നിന്നാണ് വിളി മുഴങ്ങിഅതെന്നറിയാതെ മുഖ്യ സേനാധിപന്‍ പായുകയായിരുന്നു. രാജാവിനെ കണ്ടതും കുത്തിപ്പിടിച്ച പോലെ നിന്നു സലാം വച്ചു.
‘’ സേനാധിപാ ഇതു കാണുന്നില്ലേ?’‘
‘’ എവിടെ പോയി കൊട്ടാരം സൂക്ഷിപ്പുകാരനും ഖജനാവിന്റെ കാവല്‍ക്കാരുമൊക്കെ?’‘
രാജാവിന്റെ ശാസനയില്‍ സൈന്യാധിപന്‍ നാവിറങ്ങി നിന്നു. ആപത്തിന്റെ അഴങ്ങളിലേക്ക് കണ്ണുകള്‍ ഊര്‍ന്നു വീണു.
കൈകള ചലിച്ചു. പരസ്പരം പതിച്ചപ്പോള്‍ വീര്യമുള്ള ഒച്ചകള്‍ മുഴങ്ങി. ഗുപ്ത സന്ദേശം ശ്രവിച്ചവര്‍ പല ഭാഗങ്ങളില്‍ നിന്നും ഓടി വന്നു.
സൈന്യാധിപനു മുമ്പില്‍ വണങ്ങി നിന്നു.
സൈന്യാധിപന്‍ കല്‍പ്പിച്ചു ‘’ ഖജനാവ് ആരോ കൊള്ള ചെയ്തിരിക്കുന്നു. ഭടന്മാരെ, ഖജനാവ് കൊള്ള ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ പുറപ്പെടുവിന്‍ ഈ രാജ്യത്തുള്ള സകല കള്ളന്മാരേയും കയ്യാമം വച്ച് കൊണ്ടു വരിക ‘’
ഭടന്മാര്‍ കൂട്ടായും ചിതറിയും നാലുപാടും തെറിച്ചു. മാളങ്ങളിലേക്ക് ഗുഹകളിലേക്ക് തുരങ്കങ്ങളിലേക്ക് പതുങ്ങിയിരുന്നവരേയും വേഷം മാറി നടന്നവരേയും തിരഞ്ഞു തിരഞ്ഞു പിടിച്ചു കാല്‍ നഖം തൊട്ട് തലമുടി വരെ ചോദ്യം ചെയ്തു.
ഖജനാവ് പോയിട്ട് കൊട്ടാരം നേരെ ചൊവ്വെ കണ്ടിട്ടില്ലാത്തതുങ്ങള്‍ കിണ്ടി കിണ്ണങ്ങളൊക്കെ കക്കുന്നവരെങ്കിലും.
കലിയടങ്ങാതെ ഭടന്മാര്‍ കണ്ടവരൊക്കെയും ചോദ്യം ചെയ്തു. ങമുഹും ഒരു തുമ്പും കിട്ടിയില്ല. ഇനിയെന്ത് എവിടെ അന്വേഷിക്കും…..
സൈന്യാധിപന്‍ രാജാവിനു മുമ്പില്‍ കിട്ടിയ വിവരങ്ങള്‍ പരത്തി. ഒരു സന്ദേഹവും മുമ്പോട്ടു വച്ചു.
‘’ ഇനി വല്ല വിദേശ മോഷ്ടാക്കളൊ മറ്റോ…?’‘
‘’ ഛായ് – വിഢിത്തം പുലമ്പാതിരിക്കു സൈന്യാധിപാ… അവര്‍ക്ക് ആവശ്യമുള്ളതൊക്കെ അവര്‍ എന്നേ കൊണ്ടൂ പോയ്. ഇപ്പോഴും ചോദിക്കുമ്പോ ചോദിക്കുമ്പോ നമ്മള്‍ കൊടുക്കുന്നുമുണ്ടല്ലോ’‘ രാജാവ് ക്ഷോഭിച്ചു.
‘’ സൈന്യാധിപാ നമ്മുടെ രാജ്യത്തുള്ള ആരോ ആണ്’‘
ഒന്നു വീണ്ടു വിചാരം ചെയ്ത് ആരാഞ്ഞു.
‘’ ഇനിയും ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ ശേഷിക്കുന്നുണ്ടോ ‘’
”യുവരാജാവിനേയു രാജകുടുംബാംഗങ്ങളേയും , പിന്നെ…’‘
‘’ പറയ്യ് സൈന്യാധിപാ പറയ്…’‘ രാജാവ് പ്രോത്സാഹിപ്പിച്ചു.
‘’…. സാമന്തമാരേയും ഒഴിച്ച് മറ്റെല്ലാവരേയും ചോദ്യം ചെയ്തു കഴിഞ്ഞു. അവരെ ചോദ്യം ചെയ്യാനുള്ള അധികാരം അടിയനില്ലല്ലോ പ്രഭോ’’
‘’ ഉം …….’‘ രാജാവ് ഇരുത്തിയൊന്നു മൂളി. ചിന്തളുടെ ഭാരത്താല്‍ ആ ശബ്ദം മൂക്കും കുത്തി വീണു.
അവരുടെ സംഭാഷണത്തിനു ഭംഗം വരുത്തിക്കൊണ്ടു മുഖ്യഭടന്‍ സൈന്യാധിപനു മുമ്പില്‍ സലാം വച്ചു ശബ്ദം താഴ്ത്തി എന്തോ അടക്കം പറഞ്ഞു. അനുവാദത്തിനു കാത്തു നിന്നു.
സൈന്യാധിപന്‍ തുടുക്കപ്പെട്ട് രാജാവിനരുകിലേക്ക് നീങ്ങി കാതില്‍ പറഞ്ഞു.
‘’ മഹാ പ്രഭോ യുവരാജാവ് അങ്ങയെ മുഖം കാണിക്കാന്‍ തിരക്ക് കൂട്ടി പുറത്തു നില്‍ക്കുന്നു’‘
‘’ വരാന്‍ പറയൂ’‘ രാജാവ് ആജ്ഞ വച്ചു.
സൈന്യാധിപന്‍ നീട്ടൊയൊരു സലാം വച്ച് പുറത്തേക്കു നടന്നു.
താടിയിലും മീശയിലുമൊന്നും വിശ്വാസമില്ല യുവരാജാവിന്. അയാള്‍ക്കുള്ളതാണ് ഈ ദ്രവ്യങ്ങളും ഓലകളുമൊക്കെ അടുത്ത കിരീടാവകാശിയാണ്. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് മോശമാണ്. ആചാരം തരുന്നില്ലെന്നതു നേരു തന്നെ എന്നാല്‍ ഇക്കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
രാജാവ് ഈ വിധം ചിന്തിച്ചു നില്‍ക്കെ യുവരാജാവ് കയറി വന്നു.
വന്നപാടെ പറഞ്ഞു .
‘’ സംശയ്ക്കേണ്ട രാജാവേ സംശയ്ക്കേണ്ട ‘’ ഗൗരവത്തിലാണ്.
‘’ മറ്റാരേയും സംശയിക്കേണ്ട. നമ്മുടെ യുവചാരന്മാര്‍ എല്ലാ അറിഞ്ഞിരിക്കുന്നു. സമാന്തരന്മാരില്‍ ചിലരാണ് പണി വച്ചിരിക്കുന്നത്’‘
‘’ സമാന്തരന്മാരൊ…..?’‘
‘’ തെളിച്ചു പറഞ്ഞാല്‍ രാജ്യത്തിന്റെ തെക്കൂന്നുള്ള സഖ്യം. പിടിച്ചു കൊണ്ടു വന്നിട്ടുണ്ട് നമ്മുടെ കിങ്കരന്‍മാര്‍ അവരില്‍ മുഖ്യനെ. കൊണ്ടുവരാന്‍ പറയട്ടെ’‘
‘’ നാം ആജ്ഞ വച്ചിരിക്കുന്നു കൊണ്ടു വരിക’‘
യുവരാജാവ് അപ്പോള്‍ ഏതോ വിദൂര നിയന്ത്രിത യന്ത്രത്തില്‍ നിന്നും സന്ദേശ സൂചക ശബ്ദം ശ്രവിച്ച് പുറത്തേക്കും സാമന്ത മുഖ്യന്‍ ഏതോ വിദൂര നിയന്ത്രിത യന്ത്ര സന്ദേശത്തില്‍ കുരുങ്ങി അകത്തേക്കും….
കൊട്ടാരത്തിനുള്ളില്‍ വിശാലമായ മുറിയില്‍ മൂവര്‍ണ പരവതാനിക്കു മേല്‍ രാജാവും സാമന്ത മുഖ്യനും മുഖത്തോടു മുഖം നോക്കി നിന്നു. ഒരങ്കത്തിനുള പടയൊരുക്കങ്ങളോടെ നേത്ര യുദ്ധം തുടങ്ങി. കണ്ണുകളില്‍ നിന്നും തീ പാറി.
‘’ തും – യോ-‘’ എന്നൊരു ചോദ്യം രാജാവിന്റെ ഹൃദയത്തില്‍ നിന്നു ‘’ അതെ – നാന്‍ താന്‍ ‘’ എന്ന് സാമന്തഹൃദത്തില്‍ നിന്നും പോര്‍ പേച്ച് മുഴങ്ങി.
ആദ്യം ആരു തുടങ്ങണം മുറ എന്നൊരു ശങ്കയില്‍ കമ്പിച്ചു നിന്ന നിമിഷങ്ങള്‍… പൊടുന്നനെയാണ് സാമന്തന്‍ കയറി വെട്ടിയത്.
സാമന്ത മുഖ്യന്‍ പറഞ്ഞു ‘ രാജാവെ , എന്‍ കൈകളാലെയും ഇരിക്ക വേണ്ടു കൊഞ്ചം ദ്രവ്യം. എനിക്കു. ചില സ്വകാര്യ ആവശ്യങ്ങളൊക്കെയുണ്ടല്ലോ . ‘’ സ്വിസ്’‘ എന്നൊരു നാടിനെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ ഇങ്കള്‍ സെറിയാനെ കേട്ടിരിക്കും. വെളിനാട്ടില്‍ പോയി പഠിച്ച് വന്തിട്ടേന്‍ അവിടെയൊക്കെയൊന്ന് പോയ് വരേണ്ടേ എനിക്കും…. ജെന്‍റീല്‍മാന്‍ ആവ്ണോങ്കി അതൊക്കെ നിര്‍ബന്ധ നമ്മുടെ രാജ്യത്ത്. നിങ്കള്‍ക്ക് പുരിയാതെയാ നമ്മനാടൈ പറ്റ്തി. അയ്ഞ്ച് വര്‍ഷത്തിനപ്പുറം സാമന്തമുഖ്യനായ് തിരുമ്പി വരവേണ്ടി കൂടി സാരി , ടി വി , സൈക്കിള്‍ ഒക്കെ കൊടുക്ക വേണ്ടും മക്കള്‍ക്ക്. ആനാലും തീര്‍പ്പൊന്നുമില്ലൈ. തിരുമ്പി വരാതിരുന്താല്‍ നെക്സ്റ്റ് 5 ഇയേഴ്സും എനക്ക് ജീവിക്ക വേണം രാജപദവിയോടെ താനെ. അതുക്ക് ദുട്ട് വേണം ദുട്ട്. ദുട്ടില്ലേ നാ നമ്മ നാട്ടില്‍ കാട്ടാളന്‍ മാതിരി ഗൗനിക്കില്ലൈ ഒരുവന്‍. പിന്നെ കിട്ടിയതൊക്കെ ഞാന്‍ തന്നത്താന്‍ സംഭരിച്ച് ഒരു കുത്തകയാവും എന്നൊന്നും ധരിക്കേണ്ട. മറ്റുചിലര്‍ക്കും കൂടി വേണ്ടിയിട്ടാ എല്ലാവരും നമ്മ ആള്‍ക്കാര്‍ താനെ. ഹോ! ആരേയും അറിയാത്ത പോലെ അവരുടെ സ്വത്തുക്കളുടെ വികസനമല്ലേ നമ്മള്‍ രജ്യത്തിന്റെ മൊത്തം വികസനമായി പുറം ലോകത്തെ അറിയിക്കാറ്?’‘
ദേഷ്യം കടിച്ച് പിടിച്ച് രാജാവ് ചോദിച്ചു ‘’ ആ തീറോലകളൊ…?’‘
സാമന്ത മുഖ്യന്‍ : ‘’ ആയ് ആയ് ആയ നമ്മ ആള്‍ക്കാര്‍ പക്കം താന്‍ തീറോല അതാവത് ഭരണ ശാസ്ത്രം എനിക്കൊന്നു മാറ്റി എഴുതണം പ്രഭോ. പലതും വെട്ടി മാറ്റാനും കൂട്ടി ചേര്‍ക്കാനുമുണ്ട്. കാലം മാറിയില്ലേ അപ്പോള്‍ പുതിയ നീതി ശാസ്ത്രമൊക്കെ വേണ്ടേ’‘
അജജ ജ ജ്ജേ നീങ്ക തൊന്തരപ്പെടാതെ- നല്ല ശിങ്കം ആള്‍ക്കാര്‍ താണ്ണും നമ്മ ആള്‍ക്കാര്‍…’‘
ക്ഷോഭം കൊണ്ട് രാജാവിന്റെ മേലാസകലം ഒരു തരിപ്പ് കയറി. കൈ വാള്‍പ്പടിയിലമര്‍ന്നു. തെക്കെന്ന് വന്നവന്‍ തന്റെ ആശ്രിതനായി നിന്നവന്‍ – തനിക്കു നേരെ അഭ്യാസമിറക്കുന്നു ദ്രോഹീ.
ആ നേരം സാമന്ത മുഖ്യന്‍ അരയില്‍ നിന്നും ഒരു ചെങ്കോല്‍ വലിച്ചൂരി രാജാവിനു നേരെ ചൂണ്ടീ ‘’ രാജാവേ ക്ഷോഭം വേണ്ട അടങ്ങ് ഖജനാവ് കൊള്ള ചെയ്യുന്നതിനു മുമ്പ് നിങ്ങള്‍ സൂക്ഷിച്ചിരുന്ന അധികാര ദണ്ട് ഞാന്‍ കൈക്കലാക്കിയിരുന്നു. നിദ്രയില്‍ അറിയാതെ പോയി ഇപ്പോള്‍ എഴുന്നേറ്റു വന്നപ്പോ ഉറക്കടവില്‍ അതു ശ്രദ്ധയില്‍ പെട്ടതുമില്ല’‘
സാമന്ത മുഖ്യന്‍ ചെങ്കോല്‍ ചുഴറ്റികൊണ്ടിരുന്നു.
അകലെ ഉയരത്തില് ആകാശചെരുവില്‍ പ്രാപ്പിടിയന്മാര്‍ വട്ടമിട്ടു പറന്നു. ഭൂമിയിലെ പച്ചപ്പുകള്‍ക്കിടയില്‍ സ്വതന്ത്ര സഞ്ചാരികളായ ചെറുജീവികള്‍ക്കു നേരെ അവ കണ്ണുഴിഞ്ഞു. അവയുടെ കണ്മുനയേറ്റ ചെറു ജീവികളെല്ലം എന്തെക്കയോ ഉള്‍ഭയത്താല്‍ ഒന്ന് ഒച്ച വെക്കുവാന്‍ പോലുമാവാതെ പച്ചിലകളുടെ മറ പറ്റി നിന്നു. രാജാവിന്റെ കൈ വാളില്‍ നിന്നുമയഞ്ഞു.
സാമന്ത മുഖ്യന്‍ പറഞ്ഞു ”ഭരിക്കാന്‍ നിങ്ങള്‍ തലയിലണിഞ്ഞിരിക്കുന്ന ഈ കിരീടം തന്നെ ധാരാളം . കിരീടം ഭദ്രമായി സൂക്ഷിക്കണം. അശ്രദ്ധ കൊണ്ടെങ്ങാനും അതും കൂടി പോയാല്‍ പിന്നെന്താ കഥ. ആ പിന്നെ എന്റെ കൂട്ടത്തിലുള്ള പലരെയും കല്‍ത്തുറങ്കില്‍ അടച്ചിരിക്കുന്നു നിങ്ങളുടെ കിങ്കരനമാര്‍. അവരെ തുറന്നു വിടണം എനിക്കു വേണ്ടി വേല ചെയ്യുന്നവര്‍ മാത്രമല്ല അവര്‍ എന്റെ തത്വങ്ങളുടെ പ്രചാരകരാണ്. നാളെ ഈ രാജ്യം മുഴുവന്‍ എന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിച്ച് പ്രജകളെ എന്റെ വഴിയിലൂടെ നടത്തും അവര്‍. എനിക്കു വേണം അവരെ.
അധികാരത്തിന്റെയീ ചെങ്കോല്‍…… ഇതു ഞാന്‍ കയ്യില്‍ വയ്ക്കുന്നു’‘
സാമന്തമുഖ്യന്‍ ഒരു മന്ദഹാസത്തോടെ പുറത്തേക്കു നടന്നു.
എതിര്‍പ്പിന്റെ ഒരു മൂളല്‍ പോലും രാജാവില്‍ നിന്നുണ്ടായില്ല. എന്തൊക്കെയോ ശങ്കകളില്‍ മനസ് കുടുങ്ങി നിന്നു. പ്രജകളോട് എന്ത് സമാധനം പറയും. അവര്‍ ഉറങ്ങിയപ്പോള്‍ ഉണര്‍ന്നിരിക്കേണ്ടതായിരുന്നു താന്‍ . വിജയത്തിന്റെ വീര ചരിതങ്ങളില്‍ പുകള്‍ കൊണ്ട കുലമഹിമകള്‍ക്ക് പ്രജകള്‍ക്കിടയില്‍ ഇനിയെന്ത് സ്ഥാനം? ഇതിനൊരു പരിഹാരം…? ആരെ വിശ്വസിക്കും?
ഒരു കൂറ്റന്‍ ചിലന്തി നെയ്ത വലയില്‍ താന്‍ കുടുങ്ങി പോയിരിക്കുന്നു. എങ്ങനെ ഈ വല പൊട്ടിക്കും. രാജാവിന്റെ മനസ് കലങ്ങി മറിഞ്ഞു. ചിന്തകള്‍ വട്ടം ചുറ്റുമ്പോള്‍ ചെയ്യാറുള്ളതു പോലെ താടി ഉഴിഞ്ഞു. ഏതോ ഒരു നിമിഷത്തില്‍ എന്തോ ഒന്നിലോ ഉറച്ചു.
സിംഹാസനത്തിലിരുന്ന ഉടന്‍ രാജാവ് സൈന്യധിപനെ ആരാഞ്ഞു. സൈന്യാധിപന്‍ ആജ്ഞ കാതോര്‍ത്ത് നില്‍ക്കുകയായിരുന്നു.
രാജാവ് കല്‍പ്പിച്ചു.
‘’ സൈന്യാധിപാ പിടിച്ചു വച്ചിരിക്കുന്നതും തുറങ്കില്‍ അടച്ചതുമായ രാജ്യത്തെ സകല കള്ളന്മാരേയും തുറന്നു വിടാന്‍ നാം ആജ്ഞാപിക്കുന്നു”
സൈന്യാധിപന്റെ കാത് ആന്തിപ്പോയി . കേട്ടത് അങ്ങിനെ തന്നെയോ എന്ന് ഉറപ്പുവരുത്താന്‍ രാജാവിന്റെ മുഖത്തേക്കു നോക്കി.
രാജാവ് എന്തൊക്കെയോ ആലോചനകളില്‍ ഉള്ളിലേക്ക് തിരിഞ്ഞ് ഇരുന്നതിനാല്‍ ചുറ്റുമുള്ളതൊന്നും കാണുകയുണ്ടായില്ല.
സൈന്യാധിപന്‍ ഒന്നിലും ഒരു ഉറപ്പില്ലായിരുന്നു. ആജ്ഞ നടപ്പാവണം- കല്‍പ്പന… കല്ലുപിളര്‍ക്കും. ഉള്ളാലെ ചിരിയും വന്നു.
വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന്.
രാജാവിനെ എങ്ങെനെ മറികടക്കും എന്ന ശങ്കയിലായിരുന്നു സാമന്തമുഖ്യനില്‍ നിന്നും ദ്രവ്യം കൈപ്പറ്റിയപ്പോള്‍ മുതല്‍ ഖജനാവ് കൊള്ള എത്ര എളുപ്പത്തിലാണ് വിജയിച്ചത്! പ്രജകളുടെ കണ്ണില്‍ പൊടിയിടാന്‍ കള്ളന്മാരെ പിടിക്കണമെന്നും കാരാഗ്രഹത്തില്‍ പൂട്ടണമെന്നും സാമന്ത മുഖ്യന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കുറെ നിരപരാധികളെ കൂടി പിടിക്കണമെന്ന് പറഞ്ഞതാണ് മഹാബുദ്ധി ! കള്ളന്മാരെ തുറന്നു വിടുന്നതിനുള്ള ദര്‍ശനീക വ്യാഖ്യാനം നല്‍കുന്നതിനു വേണ്ടിയുള്ള സിദ്ധാന്തം രൂപപ്പെടുത്താന്‍ ചുമതപ്പെടുത്തിയിരുന്ന ദ്രവ്യം കൈപ്പറ്റുന്ന ചിന്തകന്മാരെ ഇനിയിപ്പോ തനിക്ക് കൈകഴുകാം. സിദ്ധാന്തത്തിന് രാജകീയ പരിരക്ഷണം ലഭിച്ചോളും.
കള്ളന്മാര്‍ക്കിടയിലേക്ക് സൈന്യാധിപന്‍ കടന്നു ചെന്നു നേതാവിനെ കണ്ടതു പോലെ കള്ളന്മാര്‍ കീ ജെയ് വിളികളോടെ സൈന്യാധിപനെ സ്വീകരിച്ചു. കല്‍ത്തുരങ്കില്‍ നിന്നുയര്‍ന്ന ജയാരവങ്ങള്‍ കൂട്ടത്തോടെ പുറത്തേക്കൊഴുകി.
ഏതൊക്കെയോ ഒളി സങ്കേതങ്ങളില്‍ പോയി രൂപവും ഭാവവും മാറി പ്രച്ഛന്നവേഷധാരികള്‍ രാജകൊട്ടാരത്തിന്റെ അകത്തെക്ക് നുഴഞ്ഞുകയറാന്‍ അവസരം നോക്കി നില്‍പ്പായി.
മാന്യ വേഷങ്ങളില്‍ തിളങ്ങിയ അവര്‍ കൊട്ടാരത്തിനു ചുറ്റും തിക്കി തിരക്കി നടക്കുമ്പോള്‍ ഏതോ വിദേശ മുഖ്യന്‍മാരുമായി രാജ്യത്തിന്റെ എന്തോന്നോ കച്ചവടമുറപ്പിക്കുന്നതിന്‍ മേല്‍ സാമന്തന്മാരും ദല്ലാളുകളും ഒരുതരം …രണ്ടു തരം… ലേലം വിളീച്ചു കൊണ്ടിരുന്നു.
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ സിംഹാസനത്തില്‍ രാജാവും…..
Generated from archived content: story1_july31_13.html Author: saju_pullan
Click this button or press Ctrl+G to toggle between Malayalam and English