കാലം വല്ലാതെ മോശമായിപ്പോയി
രോഗങ്ങളില്ലാത്തവരില്ല അല്ലേ ഡോക്ടര്‍…
ആരു പറഞ്ഞു മോശമെന്ന്
നല്ല കാലമാണടോ ശരിക്കും
പനി തന്നെ പല ഇനമല്ലേ
ചുമയില്ലാത്തവര്‍ വിരളം
ഗ്യാസ്ട്രബിള്‍ കൊളസ്ട്രോള്‍ ഷുഗര്‍
ഉള്ളവനും ഇല്ലാത്തവനും
ചെക്കിങ്ങ് മുടങ്ങില്ല
സ്ഥിരമായി ആക്സിഡന്റ് കേസും ഉണ്ട്
ക്യൂ നില്‍ക്കുകയാണ് പേഷ്യന്റ്സ്
ഇതൊരു മോശം കാലമാണെന്ന്
എങ്ങിനെ
പറയാന്‍ തോന്നി…?
എപ്പോഴും തല്ലും വഴക്കുമായി
കാലം തീരെ മോശമായിപ്പോയി
അല്ലെ വക്കീലെ…
അല്ലെടോ
ഇതിലും നല്ലൊരു കാലം
വരാനില്ല
കൈവെട്ടും കാല്‍വെട്ടും
നിത്യ തൊഴില്‍.
തൊഴിലാളികള്‍ക്ക് വേണ്ടിയാണല്ലോ നമ്മള്‍ വാദിക്കേണ്ടത് ..യേത്
തലവെട്ട് കേസ് ഒന്ന് ഒത്താല്‍ മതി
പിടിച്ചു പറി മോഷണം തട്ടികൊണ്ടുപോകല്‍
മണ്ണ് കേസ് മണല്‍ കേസ് ഹോ ഹോ
ഓര്‍ക്കുമ്പോ ചിരി വരുന്നു
സിവിലാണേല്‍ കണക്കില്ല
സ്വന്തക്കാര്‍ തമ്മില്‍ സ്വത്ത് തര്‍ക്കം
പഴേ പോലൊന്നുമല്ല
സ്ഥലത്തിനിപ്പോ പൊള്ളിയവിലയല്ലേ
ഫീസിന്റെ തോതും തഥൈവ!
വിവാഹമോചനം വിശ്വാസ വഞ്ചന
ജോലി തട്ടിപ്പ്
ഒന്നു തുപ്പാന്‍ പോലും നേരമില്ല
അഞ്ച് ജൂനിയേഴ്സ് ഉണ്ടായിട്ടും!
ഞാനെങ്ങനെയാണ് മോശം കാലമാണെന്നു പറയുക
പിന്നെ
ഇതൊന്നും പരസ്യമാക്കിയേക്കരുത് ..ട്ടോ ..എഴുത്തുകാരാ
ഞങ്ങള്‍ വേണ്ടപോലെ കാണണ്ണ്ട്
-ദേ
ഡോക്ടറും വക്കീലും പറഞ്ഞതു കേട്ടില്ലേ
ഇനിയും എത്ര പേര്‍ പറയാനിരിക്കുന്നു..?
എല്ലാവരും കൂടി
‘വേണ്ട രീതിയില്‍’ കണ്ടാല്‍
എന്റെ കാലം …
Generated from archived content: poem1_sep1_13.html Author: saju_pullan