അനില്‍ ചന്ദ്രനെക്കുറിച്ച് അപ്രിയമായത് കേള്‍ക്കുമ്പോഴൊക്കെയും എന്റെ മനസിന് വല്ലാത്ത പിടച്ചിലായിരുന്നു. അവിശ്വസനീയം എന്നതു പോലെ അവ്യക്തവുമായിരുന്നു ആ വാര്‍ത്ത. അനില്‍ ചന്ദ്രന്‍ എന്ന എന്റെ സുഹൃത്ത് കൊല്ലപ്പെട്ടുവെന്നും അതല്ല ആ സുഹൃത്ത് ആരെയോ കൊല്ലുകയാണ് ചെയ്തതെന്നു മുള്ള ആ വാര്‍ത്തയില്‍ ഉടനീളം ചില സംശയങ്ങള്‍ കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവന്‍ ഒരാളെ കൊന്നുവെന്നു പറഞ്ഞാല്‍ അത്ര പെട്ടന്നൊന്നും വിശ്വസിക്കുവാന് ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് കഴിയുമായിരുന്നില്ല. വ്യക്തമായും നിര്‍വചിക്കാനാവാത്ത വിധം ഞങ്ങള്‍ കടലോര ഗ്രാമത്തിന്റെ എന്തൊക്കെയോ ആയിരുന്നു അവന്‍. നര്‍മ്മ പ്രധാനമായിരുന്നു അവന്റെ സംസാരം. ശരീരം ആകമാനം കുലുക്കിയുള്ള ചിരി. നിഷ്ക്കളങ്കമായ ചിരി എന്നാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ അതിനെ പറയുക. അന്നൊക്കെ കടല്‍ത്തീരത്തെ കരിമണലില്‍ ഞങ്ങള്‍ വെറുതെ കിടക്കും. സൂര്യന്‍ ചുവന്ന് തുടുത്ത് കടലില്‍ വീണ് കൈകാലുകളിട്ടടിച്ച് താഴേക്ക് പോകുന്നത് നോക്കിക്കാണും. അപ്പോള്‍ ആകാശത്തിന് എന്തൊരു സൗന്ദര്യമാണ്. പകല്‍ വഴിമാറുമ്പോള്‍ കടലില്‍ തത്രപ്പെട്ട് ഓടി നടക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ അരയന്മാര്‍ ആഴക്കടലില്‍ വലയെറിഞ്ഞ് ചെറുവള്ളങ്ങള്‍ക്ക് മീതെ കാത്തിരിക്കുന്നുണ്ടാകും. സന്ധ്യകഴിഞ്ഞ് വള്ളങ്ങളില്‍ വല വലിച്ചു കയറ്റുവാന്‍ വിളക്കുകള്‍ തെളിക്കും. അപ്പോള്‍ കടലിനുമക്കരെയാണ് അവിടം എന്നു തോന്നും. കുറെ കഴിയുമ്പോള്‍ മത്സ്യങ്ങളെ കയറ്റി വരുന്ന വള്ളങ്ങളെ കൊണ്ട് തീരം നിറയും. മീന്‍ വാങ്ങുവാനെത്തുന്ന വണ്ടിക്കാരുടേയും മറ്റ് കച്ചവടക്കാരുടേയും ബഹളം. ഈ ബഹളങ്ങള്‍ക്കിടയില്‍ ഓടിയും ചാടിയും ഞങ്ങള്‍ നടക്കും. ഞങ്ങളെ സംബന്ധിച്ച് അന്നൊക്കെ ഉത്സവനാളുകളായിരുന്നു. ഞങ്ങള്‍ ഓടിക്കളിച്ച് നടന്ന ആ തിരവും തീരത്തെ വീടുകളും പല പല കാലങ്ങളിലായി കടല്‍ ഒഴുക്കിക്കൊണ്ടു പോയി. അലമുറയിട്ട് കരയുന്ന സ്ത്രീകളും കുട്ടികളും കിടപ്പാടം നഷ്ടപ്പെട്ട വേദനയോടെ സര്‍ക്കാര്‍ ക്യാമ്പുകളില്‍ അഭയം തേടല്‍. അന്നൊക്കെ ഗ്രാമീണരെ സഹായിക്കുവാന്‍ ഒരു സംഘം ചെറുപ്പക്കാര്‍ അവരോടൊപ്പം കൂടാറുണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു അനില്‍ ചന്ദ്രന്‍.
ശാന്തമായി ഒഴുകികൊണ്ടിരുന്ന അനില്‍ ചന്ദ്രന്റെ കുടുംബ പശ്ചാത്തലം താളം തെറ്റിപ്പിടയുന്ന കാലമായിരുന്നു അത്. അസ്വസ്ഥയുടെ കൊടും വേനല്‍ നിറഞ്ഞ അവന്റെ മനസ്സ് പൊള്ളിക്കുന്ന നാളുകള്‍ സാമൂഹ്യപ്രവര്‍ത്തനം അന്നൊക്കെ അവനൊരു ആശ്വാസമായിരുന്നു.
അമ്മ ഒരു മാനസികരോഗിയയി മാറിയെന്ന യാഥാര്‍ത്ഥ്യം അവന്‍ അംഗീകരിച്ചു തുടങ്ങിയിരുന്നു. മരുന്നും മന്ത്രവുമായി അവന്റെ അമ്മയുടെ അസുഖത്തിനു പിന്നലെയാണ് ഇന്നും കുടുംബം.
ഇസ്തിരിയിട്ട് നിവര്‍ത്തിയെടുത്ത വസ്ത്രങ്ങള്‍ ധരിച്ചു നടന്ന കുലീനത്വം തുടിക്കുന്ന മുഖവും ഭാവവുമുള്ള ഒരു നല്ല മനുഷ്യനായിരുന്നു അനില്‍ ചന്ദ്രന്റെ അച്ഛന്‍. ബീഡി തെറുപ്പും സ്റ്റേഷനറി കടയുമായിരുന്നു വരുമാന മാര്‍ഗം. നാലു മക്കളുടെ പഠനം, രണ്ട് പെണ്‍കുട്ടികള്‍ക്കും പലതരം അസുഖങ്ങള്‍ മാറി മാറി വന്നു. അമ്മയുടെ ചികിത്സാ ചിലവും നാള്‍ക്കു നാള്‍ ഏറിക്കൊണ്ടിരുന്നു. വീടും വസ്തുക്കളും കടത്തിലായി. കുടുംബത്തിന്റെ പരമാവധി വെളിച്ചം പകര്‍ന്ന് അച്ഛന്‍ ഉരുകിത്തീരുകയാണെന്നു കണ്ടപ്പോള്‍ ബി. എസ്. സി പഠനമവസാനിപ്പിച്ച് അനില്‍ ചന്ദ്രന്‍ ഒരു ഇ ഡി പോസ്റ്റാഫീസില്‍ പോസ്റ്റുമാന്റെ പകരക്കാരനായി. കുറെക്കാലം ജോലി ചെയ്തു കിട്ടുന്ന വരുമാനത്തില്‍ ഒരു ഭാഗം സ്പോക്കണ്‍ ഇംഗ്ലീഷ് പഠനത്തിനും കമ്പ്യൂട്ടര്‍ പഠനത്തിനുമായി ചെലവിട്ടു. പിന്നീട് ഒരു നാള്‍ തിരുവനന്തപുരത്ത് ഒരു അന്വേഷണാതമക വാര്‍ത്താവാരികയില്‍ ജോലി ശരിയായി എന്നു പറഞ്ഞു പോയ അവന്‍ പടി പടിയായി വളര്‍ന്നു.
രണ്ട് സഹോദരിമാരുടേയും വിവാഹം കഴിഞ്ഞു. സഹോദരന്‍ സുനില്‍ ചന്ദ്രന്‍ ഗള്‍ഫിലുമായി. സാമ്പത്തിക ചുറ്റുപാടും നിലവാരവുമുള്ള ഒരു കുടുംബത്തിലെ അഭ്യസ്ഥവിദ്യയായ വന്ദന എന്ന യുവതിയെ അനില്‍ ചന്ദ്രന്‍ വിവാഹം കഴിച്ചു. കുറെ വര്‍ഷങ്ങളായി തിരുവനന്തപുരത്തെ ഐ ടി കമ്പനിയില്‍ ഇരുവര്‍ക്കും ജോലിയാണെന്നും അറിയാം. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? ചാനലുകള്‍ വിശദമായ വാര്‍ത്ത പുറത്ത് വിട്ടുവെന്ന വിവരം ഞങ്ങളുടെ സുഹൃത്ത് സേതുവാണ് പറഞ്ഞത്.
തമ്പാനൂരിലെ റോഡരികില്‍ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന ഒരാളെ അനില്‍ ചന്ദ്രന്‍ അടിച്ചു കൊന്നുവെന്നാണ് ചാനല്‍ വാര്‍ത്ത. ആ വാര്‍ത്ത വിശ്വസിക്കാനാവാതെ അവന്റെ അത്മമിത്രങ്ങളായ ഞങ്ങള്‍ പകച്ചു നിന്നു. അനില്‍ ചന്ദ്രന്‍ എന്ന ഞങ്ങളുടെ സുഹൃത്തിന് ഒരാളെ കൊല്ലാനാകുമോ? ഒത്തിരി സ്വപ്നങ്ങളുള്ള വ്യക്തിയായിരുന്നു അവന്‍. തിരുവനന്തപുരം നഗരത്തില്‍ സ്വന്തമായി കുറച്ച് ഭൂമി മനോഹരമായ ഒരു വീട് അതായിരുന്നു അവന്റെ പ്രഥമ സ്വപ്നം.
‘’ ഞാനും ഭാര്യയും ദിവസേന പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യുന്നു. ലഷ്യത്തിലാണ് മനസ്സെങ്കില്‍ നാം മറ്റൊന്നും അറിയില്ല. ഞങ്ങളുടെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ പോലും വന്ദനക്ക് സമയം കിട്ടിയിട്ടില്ല’’
അതു പറയുമ്പൊള്‍ അവന് വല്ലാത്തൊരു ഗൗരവം ഉണ്ടായിരുന്നു. അമ്മയും മുലപ്പാലും പ്രകൃതിയും അവന് വിലപ്പെട്ടതായിരുന്നു. കരുണയും കരുതലും ഏറെയുള്ള സവിശേഷ വ്യക്തിത്വത്തിന് ഉടമായിരുന്നു അവന്‍. സൗന്ദര്യം നശിക്കുമെന്ന അജ്ഞതയില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാതിരുന്ന അമ്മയുടെ മുല പൊട്ടി വികൃതമാകുന്നതും ആ വൈകൃതം മുഖവും ശരീരവും ഏറ്റു വാങ്ങുന്നതും വിഷയമാക്കി അനില്‍ ചന്ദ്രന്‍ എഴുതിയ കവിതയുടെ വരികളില്‍ ചിലത് മനസിലേക്ക് ഓടിയെത്തി.
പഠനകാലയളവില്‍ സമാനവിഷയങ്ങള്‍ മുന്‍ നിര്‍ത്തി അവന്‍ ഏറെ എഴുതുകയും ആനുകാലികങ്ങളില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ സ്വന്തം നിലപാടുകളില്‍ നിന്നും അണുവിട ചലിക്കാത്ത കര്‍ക്കശക്കാരനായിരുന്നു അവന്‍.
ഇവനിതെന്തു പറ്റിയെന്ന് ആ സമയം ഞാന്‍ സ്വയം ചോദിച്ചിരുന്നു. നാട്ടില്‍ വന്നാല്‍ അവന്‍ അധികം ആരോടും സംസാരിക്കാറില്ലെന്നും ഒന്നു ചിരിച്ച് പരിചയം കാണിക്കുക പോലുമില്ലെന്നും പലരും പറഞ്ഞിരുന്നു. മറ്റാരുമായും ഇല്ലാത്തത്ര ഒരു അടുപ്പം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നതുകൊണ്ടാവാം നാട്ടില്‍ വരുമ്പോഴൊക്കെ അവന്‍ എന്നെ തേടി വരാറുണ്ടായിരുന്നു. പക്ഷെ അന്നൊന്നും അവന്‍ ചിരിച്ച് ഞാനും കണ്ടിട്ടില്ല. ആ മനസിന്റെ നിഗൂഢത പല നേരങ്ങളിലും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും വിശ്വസ്സ്ഥനും പ്രിയപ്പെട്ടവനുമായിരുന്നു അവന്‍. എങ്കിലും ചില സുഹൃത്തുക്കള്‍ അവനെ അത്യാപത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഒന്നുരണ്ട് തവണ എന്നോടു പറയുകയും അപ്പോഴൊക്കെ അവന്റെ കണ്ണുകളില്‍ ഒരു സവിശേഷ ഭാവം നിറയുന്നത് എനിക്കനുഭവപ്പെടുകയും ചെയ്തിരുന്നു.
ജീവിത പ്രാരാബ്ധങ്ങളുടെ നടുവില്‍ ഞാന്‍ കിതച്ചുകൊണ്ടു നില്‍ക്കുമ്പോഴായിരുന്നു പിന്നീട് പലപ്പോഴും അവന്റെ സാന്നിധ്യം ഉണ്ടായത്. അന്നൊക്കെ ഭാര്യയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചു മാത്രം പറഞ്ഞു. എല്ലാ കേട്ടുകൊണ്ട് ഇരുന്നതല്ലാതെ മനസ്സ് തുറന്ന് സംസാരിക്കാന്‍ അന്നൊന്നും കഴിഞ്ഞിരുന്നില്ല. അവസാനമായി കണ്ടുമുട്ടിയത് ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പാണ്. അന്ന് ഏറെ നേരം അവന്‍ എനിക്കൊപ്പം ചിലവഴിച്ചു. മനസ്സ് തുറന്ന് സംസാരിക്കുവന്‍ അവന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതു പോലെ തോന്നി. അവന്റെ പഴയ ശബ്ദവും ചിരിയുമൊക്കെ തിരിച്ചു വരുമെന്ന് ഞന്‍ ആശിച്ചെങ്കിലും അത് വ്യര്‍ത്ഥമായി. ഇടക്കെപ്പോഴോ ഞാന്‍ തിരിച്ചറിഞ്ഞു അവന് കരയുവാനും കഴിയുന്നില്ലെന്ന്. ആ കൂടിക്കാഴ്ചയില്‍ അവന്‍ പറഞ്ഞത് പലതും വ്യക്തമായി മനസ്സില്‍ തെളിയുന്നു.
‘ പണത്തിനു വേണ്ടി മാത്രമായി ഞാനെന്റെ ജോലികള്‍ ക്രമീകരിച്ചിക്കുന്നു. നാം വെറുതെ എന്തിന് സമയം കളയണം? പണമുണ്ടാക്കണം വയസ്സുകാലത്തെങ്കിലും നന്നായി ജീവിക്കണം’ ഞാനും അവനും അല്‍പ്പനേരം മൗനത്തിന്റെ കൂടാരം തേടി. ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ ആ നേരം വല്ലാതെ അകന്നും പോയി. വീണ്ടും തുടങ്ങിയത് അവനായിരുന്നു ‘ വിശപ്പും ദാഹവുമില്ലാത്ത പുതിയൊരവസ്ഥയിലാണ് ഞാന്‍. ചിരിയും കരച്ചിലുമില്ലാത്ത പുതിയൊരു ലോകത്ത് എനിക്ക് എന്നെയോര്‍ത്ത് വല്ലാത്ത ഭയമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ ഒരു കാര്യത്തിലും പരസ്പരം സഹായിക്കുവാന്‍ എനിക്കും വന്ദനക്കും കഴിയുന്നില്ല. ബാങ്കുകളിലേക്ക് പോകുന്ന പണത്തിന്റെ കാര്യം മാത്രം ഞങ്ങള്‍ പങ്കുവയ്ക്കും. കുഞ്ഞിന്റെ ഫീസിന്റെ കാര്യവും എന്റെ മകള്‍. ബഹുമിടുക്കിയാണ് ആവശ്യത്തിനുപോലും കരയാറില്ല. അധികം ചിരിക്കാറുമില്ല കുട്ടിത്തം നഷ്ടപ്പെട്ട് പക്വത വന്ന മകള്‍’.
പുതിയ വിവരങ്ങളുമായെത്തിയ സുഹൃത്തുക്കള്‍ക്കു മുന്നില്‍ ഓര്‍മ്മകള്‍ മുറിഞ്ഞു ‘ അറിഞ്ഞതൊക്കെയും സത്യമാണ് അനില്‍ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു’.
ടി. വി യില്‍ മിന്നി മറിയുന്ന കാഴ്ചകളില്‍ ഞങ്ങള്‍ ഗ്രാമവാസികള്‍ കാതും കൂര്‍പ്പിച്ചിരുന്നു ‘ ഇപ്പോള്‍ ഞങ്ങളുടെ തിരുവനന്തപുരം ലേഖകന്‍ സന്തോഷ് കൊട്ടിയം ലൈനിലുണ്ട്. കൂടുതല്‍ വിവരം നമുക്ക് സന്തോഷിനോട് ചോദിക്കാം’
‘ സന്തോഷ് എന്താണവിടെ സംഭവിച്ചത്..? ഇങ്ങനെയൊരു കൊലപാതകം ചെയ്തത് എന്തിനാണെന്ന് വ്യക്തമായിട്ടുണ്ടോ? ഇതിനെ ക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം എന്താണ്..?
‘ മനു , പോലീസിന് അയാള്‍ നല്‍കിയ മൊഴിയനുസരിച്ച് ജീവിതത്തില്‍ യാതൊരു സുരക്ഷിതവുമില്ലാത്ത യാചകന്‍ ചിരിക്കുന്നത് കണ്ടിട്ട് അടക്കാനാവാത്ത അമര്‍ഷം കൊണ്ട് അയാളങ്ങനെ ചെയ്തുപോയതെന്നാണ് ആദ്യ വിവരം. അത് സത്യമാണെന്ന നിഗമനത്തിലാണ് പോലീസ്. വിചിത്രമായ ഉത്തരം അനില്‍ ചന്ദ്രന്‍ ഒരു മനോരോഗിയാണോ എന്ന സംശയം പൊതുവെ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പ്രശസ്തനായ മന: ശാസ്ത്രജ്ഞന്‍ ഈ സംഭവത്തോട് പ്രതികരിച്ചിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ വരും കാലങ്ങളില്‍ കൂടുതലായി ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐ. ടി കമ്പനികളില്‍ വിശ്രമമില്ലാതെ പണി ചെയ്ത് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ ഏറെയാണ്. കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കുവാന്‍ കഴിയാത്തതിനാല്‍ ഇവരില്‍ പലരുടേയും കുടും ബന്ധങ്ങള്‍ ശിഥിലമാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. പണവും വീടും ഭൂസ്വത്തുമൊക്കെ വെട്ടിപ്പിടിച്ചിട്ടും ചിരിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു തെരുവ് തെണ്ടിയുടെ ചിരി അസ്വസ്ഥയുണ്ടാക്കുമെന്നത്‍ സ്വാഭാവികമാണ്. ഏതായാലും ഈ സംഭവം കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് വിചാരിക്കാം’ ടി. വി യിലെ കാഴ്ച മിന്നിമറയുന്നു.
‘ ഇത് ചുമ്മാ കള്ളക്കേസാ. ഒരു എറുമ്പിനെ പോലും കൊല്ലാത്ത ചെക്കന്‍ ആരെയോ കൊന്നെന്ന് .. അതു പറഞ്ഞിട്ട് തുടര്‍ച്ചയെന്നോണം മറ്റെന്തോ പുലമ്പുന്ന വൃദ്ധയെ ഞങ്ങള്‍ നോക്കി. കുറെ നേരത്തിനു ശേഷം ഞങ്ങള്‍ കടല്‍ ത്തീരത്തേക്കു നടന്നു. അപ്പോള്‍ സൂര്യന്‍ ചുവന്നു തുടുത്ത് കടലിലേക്ക് ഇറങ്ങുവാന്‍ തയ്യാറെടുക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ കരച്ചില്‍ എന്റെ കാതുകളില്‍ തുളച്ചെത്തും പോലെ. ഒരുക്കലും കണ്ടിട്ടില്ലാത്ത അനില്‍ ചന്ദ്രന്റെ മുഖം ഞാന്‍ മനസ്സില്‍ സ്വയം രൂപപ്പെടുത്തി. ഇപ്പോള്‍ എന്റെ മനസില്‍ ആ കുഞ്ഞിന്റെ മുഖം മാത്രം ആ കുഞ്ഞിന് അല്‍പ്പമെങ്കിലും ചിരിക്കുവാനും കരയുവാനും കഴിയുന്നുണ്ടല്ലോ എന്ന വിശ്വാസം അത് മാത്രമായിരുന്നു അപ്പോഴുള്ള എന്റെ ഏക ആശ്വാസം.
Generated from archived content: story1_jan10_13.html Author: saju_d_kalikkad