ഗദ്യകവിത
കർമ്മബന്ധങ്ങളാൽ കൺചിമ്മിയൊഴുകുകയായിരുന്നു ഞാൻ
കഥയറിയാതെയേതോ കാണാക്കയങ്ങളിലൂടെ
ജീവതാളത്തിന്റെ മുത്തുകളും തേടി ഞാനെന്റെ ജന്മം
ഈ ആഴക്കയങ്ങളിലൂടെ അലഞ്ഞുനടക്കുന്നു
ആഢംബരപ്രൗഢിയിൽ വാദ്യഘോഷങ്ങളോടെ
ആഘോഷനർത്തനമാടുന്ന തീരങ്ങൾ ഞാൻ കണ്ടു
പുഞ്ചിരിച്ചെന്നെയനുയിച്ചെത്തുന്ന കൊഞ്ചലുകളും
പിഞ്ചുമനസ്സിന്റെ പിൻവിളികളും ഞാൻ കേട്ടു
ജീവിതം തേടി ഞാൻ വീണ്ടും മുന്നോട്ടൊഴുകിക്കൊണ്ടിരുന്നു
ജീവനായ് ചേർന്നവരിൽനിന്നെല്ലാം ഞാനൊരുപാടു മുന്നോട്ടൊഴുകി
കേട്ടില്ല ഞാൻ കാതങ്ങളകലെ ഈ മരുഭൂവിലേക്ക്
നിൻ ബലിച്ചോറിനായ് കേഴുന്ന കാകന്റെ ശബ്‌ദം
കണ്ടില്ല ഞാനെൻ കാളരാത്രികളിലൊരിക്കൽ പോലും
നിലവിളക്കിൻ കീഴിൽ വെള്ളപുതപ്പിച്ചൊരാ ദേഹം
നിന്നുൾവിളികേട്ടു ഞാൻ മടങ്ങിയെങ്കിലും
എന്നെക്കാത്തിരുന്നത് ചേതനയറ്റ നിൻ ദേഹം മാത്രം
ശേഷിച്ചതന്ത്യനമസ്‌ക്കാരം, ഹതഭാഗ്യയാം പുത്രി ഞാൻ
അവസാനയാത്രയിൽ ഒരിക്കൽകൂടി നീ കാണാൻ കൊതിച്ച
അനേകമുഖങ്ങളിൽ ആദ്യത്തേത് ഞാനായിരുന്നില്ലേ…?
ഒരു നിമിഷത്തേക്കെങ്കിലും പ്രജ്ഞയോടെ നീ വിടപറഞ്ഞെങ്കിൽ
ഓർമ്മകളിലോമനിച്ചേനെ ഞാനാ മഹാനഗരത്തിലെ ബാല്യകാലം മാത്രം
മനോഹരമാക്കാനായ് ഞാൻ പതിയേ വരച്ചു തീർക്കവേ
പെരുമഴയിൽ വർണ്ണവും രൂപവും നഷ്‌ടപ്പെട്ട ചിത്രമായ് മാറി നീ
പെരുമഴ ആർത്തിരമ്പിപ്പെയ്‌തു തോർന്നപ്പോൾ
ശബ്‌ദമില്ലാത്ത നിന്റെ രോദനം ഓർമ്മ മാത്രമായി
ഒരു നൂറ് തവണ തുടങ്ങി അവസാനിക്കാതെ പോയ
എല്ലാ വരികളിലും നീയുണ്ടായിരുന്നു.
ഒരായിരം തവണ മന്ത്രിച്ച് എനിക്ക് മാത്രം സുപരിചിതമായ
എന്റെ എല്ലാ സ്‌നേഹവായ്‌പുകളും നിനക്കുള്ളതായിരുന്നു
ഒരിക്കലും നീയറിയാതെ പോയെന്നു ഞാനറിയാതിരുന്ന
എന്നിലെ എല്ലാ വ്യാകുലതകളും നിന്നെക്കുറിച്ചായിരുന്നു
ജീവതാളങ്ങൾ തൻ മുത്തുകൾതേടി ഞാനെത്തിയൊരീ തീരം
തിരിച്ചുതാണ്ടുവാനുള്ള “ദൂരം” ഏറെയായിരുന്നു
ഒരു ബലിതർപ്പണത്തിലവസാനിച്ച യാത്ര, എന്റെ യാത്ര!
ഓർമ്മകളിലിന്നുമാ പെരുമഴ തകർത്തുപെയ്യുന്നു.
ഇന്നു നീ തനിച്ചു വാഴുന്നൊരാ തീരത്തു വന്നു വീണ്ടെടുക്കാൻ
ആവതില്ലാർക്കും! മറ്റാർക്കുമീ ഭൂവിൽ അതു മരണതീരം!
ആർക്കുമവസാനതീരം!
Generated from archived content: poem1_april9_11.html Author: sajitha_manoj