കമൽ – കഥകളുമായി…..

1986-ൽ ആദ്യമായി മിഴിനീർപ്പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്യുകയും തുടർന്ന്‌ മലയാളികൾക്ക്‌ മുപ്പതോളം സിനിമകളിലായി ഹിറ്റുകളും സൂപ്പർഹിറ്റുകളും സമ്മാനിക്കുകയും ചെയ്‌ത കമൽ മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയതിന്റെ രഹസ്യം പങ്കുവയ്‌ക്കുന്നു ഇവിടെ.

ചോഃ കഥ തിരഞ്ഞെടുക്കുന്ന രീതി?

അതിന്‌ പ്രത്യേക മാനദണ്ഡമൊന്നുമില്ല. എങ്കിലും അടുത്തിടെ ഇറങ്ങിയ സിനിമകളോട്‌ താരതമ്യം പാടില്ല എന്നുണ്ടാവാറുണ്ട്‌. ഒരു കഥ, ഒരു സിനിമ എങ്ങനെയാവാം എന്നുളളത്‌ അതിനു വലിയ വില കൊടുക്കുന്ന നിർമ്മാതാവ്‌ തീരുമാനിക്കേണ്ടതാണ്‌. അതിനുപുറമെ ഞാൻ ചെയ്യണമെന്നു പറഞ്ഞുവരുന്ന സിനിമയിൽ എനിക്ക്‌ സ്വാതന്ത്ര്യമുണ്ടാകും. അങ്ങനെ നമ്മുടെ മനസ്സിലുളള സിനിമ ചെയ്യുവാൻ സാധിക്കുന്നു. കഥ സ്വന്തമായി ചെയ്യുന്ന രീതിയിലും എനിക്ക്‌ താത്‌പര്യമാണ്‌. ഒരു പുഴയും കടന്ന്‌, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ഇതൊക്കെ എന്റെ കഥയായിരുന്നു. പഴയതിലും പുതുമ കാണാനും അതിന്റെ സ്വാതന്ത്ര്യത്തിൽ കഥ പറയുവാനും സാധിക്കണം.

ചോഃ സ്വന്തം സിനിമയുടെ പ്രത്യേകതയായ കാല്‌പനിക ഭാവത്തെക്കുറിച്ച്‌?

അതെന്റെ ഒരു സിനിമ സങ്കല്പമാണ്‌. ജീവിതത്തോട്‌ വളരെ അടുത്തു നിൽക്കുന്ന കഥ പറയുവാനാണ്‌ എനിക്കിഷ്‌ടം. കഥ പറയുന്ന മാധ്യമം ജനങ്ങളുടെ ഹൃദയത്തോട്‌ ചേർന്നിരിക്കണം. അതിനുവേണ്ടത്‌ യാഥാർത്ഥ്യബോധമാണ്‌. അല്ലെങ്കിൽ സിനിമയ്‌ക്കുവേണ്ടി, നായകനുവേണ്ടി ഉണ്ടാക്കുന്ന കഥകളിൽ ആശ്വാസം കണ്ടെത്താൻ കഴിയണം. അതിനു കഴിയാത്തതുകൊണ്ടാണ്‌ കാല്‌പനികതയോടടുക്കുന്നത്‌. കഥയിലെ ആത്മാംശവും അർത്ഥവും സിനിമയ്‌ക്കും ബാധകമാക്കാവുന്നതാണ്‌ എന്റെ ശൈലി.

ചോഃ സ്വന്തം സിനിമകളിൽ സ്‌ത്രീകഥാപാത്രങ്ങൾക്ക്‌ പ്രാധാന്യം നല്‌കുന്നതിനെക്കുറിച്ച്‌?

ഞാൻ ചെയ്‌തിട്ടുളള മിക്കവാറും എല്ലാ സിനിമകളിലും ഇതുണ്ടായിട്ടുണ്ട്‌. ആ പേരിൽ സിനിമയിലെ നായകന്മാർ തന്നെ എന്നോടു പരാതിപ്പെട്ടിട്ടുണ്ട്‌. പരസ്യമായിട്ടല്ലെങ്കിലും സ്വകാര്യസംഭാഷണങ്ങളിൽ അവർ എന്നൊടിതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. ഉളളടക്കം, കാക്കോത്തിക്കാവ്‌ എന്നിവ സ്‌ത്രീകഥാപാത്രങ്ങൾക്ക്‌ മുൻതൂക്കം കൊടുത്ത സിനിമകളായിരുന്നു. ഇനിയും നല്ലൊരു കഥ രൂപപ്പെടാൻ ഇത്തരം സിനിമകൾ ചെയ്യുമെന്നു പറയാം.

ചോഃ സവിശേഷതയർഹിക്കുന്ന ഗാനരംഗങ്ങളെപ്പറ്റി?

എന്റെ സിനിമയിൽ പാട്ടുകൾ നന്നാവണം എന്നെനിക്കഭിപ്രായമുണ്ട്‌. പാട്ട്‌ എല്ലാവരെയുംപോലെ എനിക്കും പ്രിയമാണ്‌. കഥാരചനയുടെ വേളയിൽ തന്നെ സന്ദർഭത്തിനനുസരിച്ച്‌ പാട്ടെഴുതുവാൻ ഏതു കവിയാകും നന്നാവുക എന്നു ഞാൻ ചിന്തിക്കാറുണ്ട്‌. എന്റെ സിനിമയിലെ പാട്ടുകളൊക്കെ ജനങ്ങൾ ഇഷ്‌ടപ്പെടുന്നതും അതുകൊണ്ടാവാം.

ചോഃ പ്രണയത്തിന്‌ ശക്തമായൊരു സ്ഥാനം കൊടുത്തു കാണുന്നുണ്ടല്ലോ?

പ്രണയം എന്ന വാക്കിന്റെ അർത്ഥം, സൗന്ദര്യം ഒക്കെ എന്നിൽ കൗതുകമുണർത്തിയിട്ടുണ്ട്‌. മറ്റെന്തു വിഷയങ്ങൾ ചെയ്യുന്നതിനേക്കാളും വളരെ സുരക്ഷിതത്വവും വൈകാരികതയും പ്രണയം എന്ന സങ്കല്പത്തിൽ ഞാൻ കണ്ടെത്താറുണ്ട്‌. സിനിമയെ സ്‌നേഹിക്കാൻ തുടങ്ങിയ അന്നുമുതൽ കാല്‌പനികതയുടെയും പ്രണയത്തിന്റെയും സൗന്ദര്യം എന്നെ ആകർഷിച്ചിരുന്നു. പ്രണയത്തിന്റെ തീവ്രതയെ സ്പർശിക്കുന്ന കഥയും കഥപറയുന്ന രീതിയും നമ്മൾ തെരഞ്ഞെടുക്കണം.

ചോഃ സിനിമയിലൂടെ സന്ദേശങ്ങൾ നല്‌കുന്നതിനോടുളള അഭിപ്രായം?

അതിനോടെനിക്കു യോജിപ്പില്ല. ഒരഭിപ്രായമോ, ഒരു ഉപദേശമോ, ഒരു സന്ദേശമോ നല്‌കി ജനങ്ങളെ പിരിച്ചുവിടുന്നതിൽ പ്രത്യേകിച്ച്‌ സിനിമ എന്ന മാധ്യമത്തിൽ എനിക്കു താത്‌പര്യമില്ല. കഥയെ, സന്ദർഭങ്ങളെ ജനങ്ങൾ ഉൾക്കൊളളണം. ചുരുങ്ങിയ സമയത്തിൽ ജീവിതത്തിന്റെ അർത്ഥം എല്ലാവരെയും ബോധ്യപ്പെടുത്തുക. അത്രയേ ആകാവൂ. മനുഷ്യന്റെ സഹനശക്‌തി, ഉത്‌കണ്‌ഠ ഇതൊക്കെ അറിയുവാൻ ശ്രമിക്കണം.

ചോഃ ഇന്നത്തെ മലയാള സിനിമ?

ഇന്ന്‌ സിനിമ ഇല്ല എന്നുതന്നെ പറയാം. കഴിഞ്ഞ കുറെക്കാലമായി നായകൻമാർ അട്ടഹസിക്കുന്ന സിനിമയാണ്‌ ഇവിടെ ഉണ്ടാകുന്നത്‌. പരസ്പരവിശ്വാസമില്ലായ്‌മ, വർഗ്ഗീയ ലഹള, കൊലപാതകങ്ങൾ, ഇതൊക്കെ സ്‌ക്രീനിൽ ദർശിക്കുമ്പോൾ പിന്നെയും ജനങ്ങൾ അതിനടിമപ്പെട്ടു പോകുന്നു. ഒരു ജനകീയ മാധ്യമം എന്നുളള നിലയിൽ സിനിമ ആരെയും ഇതിനു പ്രോത്‌സാഹിപ്പിക്കുവാൻ പാടില്ല. ഇതുമാറി പുതിയതും ശുദ്ധവുമായ സിനിമകൾ ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. ഇപ്പോൾ ജനങ്ങൾ ശരിക്കും ഒരു മടുപ്പ്‌ അനുഭവിക്കുന്നുണ്ട്‌. ഒരു മാറ്റം, പുതിയതിനുളള വഴിമാറൽ ഇതൊക്കെ ഇവിടെ ആവശ്യമാണ്‌.

ചോഃ സിനിമയുടെ പ്രതിസന്ധി എന്നു പറയാവുന്നത്‌?

പ്രതിസന്ധി എന്നു പറയുന്നത്‌ ഈ മാറ്റമില്ലായ്‌മ തന്നെയാണ്‌. അല്ലാതെ കഥകളില്ലാത്തതല്ല. ഞാനടക്കമുളള സിനിമാക്കാർ ഒരേ രീതിയിൽ സിനിമകൾ ചെയ്യുന്നതുകൊണ്ടുളള ഒരഭിപ്രായമാണിത്‌. മലയാളിക്ക്‌ മലയാളസിനിമ എന്നുളള ഒന്നുണ്ടായിരുന്നു. അത്തരം സിനിമകൾ ഇവിടെ ഉണ്ടാകണം.

ചോഃ വരാനിരിക്കുന്ന താങ്കളുടെ സിനിമകളുടെ പ്രത്യേകതകളായി?

പുതുമതന്നെ. എല്ലാ അർത്ഥത്തിലും പഴയതിന്റെ മാധുര്യം നിലനിർത്തികൊണ്ടുതന്നെ പുതുമയെ അവതരിപ്പിക്കുവാൻ ശ്രമിക്കുക. സമൂഹം മാറിക്കൊണ്ടിരിക്കുന്നു, പുതിയ അനുഭവങ്ങളും, വീക്ഷണങ്ങളും അവർക്കായി നമ്മൾ പകർത്തി എഴുതണം. ലാളിത്യവും, നൈർമ്മല്യവും കൈമോശം വരാതെ സൗന്ദര്യമുളള അർത്ഥമുളള ജീവിക്കുന്ന നല്ല സിനിമയെടുക്കുക. അതിന്‌ ഏറ്റവും അധികം പരിശ്രമിക്കുക. അതാണ്‌ എനിക്ക്‌ ചെയ്യുവാൻ കഴിയുക.

Generated from archived content: inter-jan23.html Author: sajini-menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English