ലേലം

ലോകത്തിലെ മുഴുവന്‍ കാളകളെയും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് ആ ചന്തയിലാണെന്ന് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാണെന്നു തോന്നാം. എന്നാല്‍ അതങ്ങനെയല്ല അതിവിശാലമായ ആ ചന്തയിലേക്ക് നയിക്കപ്പെട്ട കാളകള്‍ എണ്ണി തിട്ടപ്പെടുത്താവുന്നതിനേക്കാള്‍ എത്രയോ അധികമായിരുന്നു . ചന്തയുടെ നടത്തിപ്പുകാര്‍ക്കുപോലും അതിനെക്കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടായിരുന്നില്ല. പ്രവേശനകവാടത്തില്‍ കാളകളെ ആട്ടിത്തെളിച്ചുകൊണ്ടു വന്നവര്‍ വിളിച്ചു പറഞ്ഞ എണ്ണം രേഖപ്പെടുത്തുകയല്ലാതെ മുഴുവന്‍ കാളകളേയും എണ്ണി നോക്കുവാനുള്ള സാദ്ധ്യതകള്‍ അവര്‍ക്കു മുന്നിലുണ്ടായിരുന്നില്ല. പക്ഷെ അതുതന്നെ അവരെ സംബന്ധിച്ചിടത്തോളം വമ്പിച്ച ലാഭവുമായിരുന്നു. ലോകത്തുള്ളവര്‍ മുഴുവന്‍ തങ്ങള്‍ക്ക് വില്‍ക്കുവാനുള്ള കാളകളുമായി അവിടെത്തന്നെ എത്തിച്ചേരുന്നതില്‍ തികച്ചും വിരുദ്ധമായ രണ്ട് വിശ്വാസങ്ങളുടെ സമന്വയമുണ്ടായിരുന്നു. തങ്ങളുടെ ഉരുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വില കിട്ടുന്നു എന്ന് കച്ചവടക്കാര്‍ വിശ്വസിച്ചിരുന്നപോലെ ; ഏറ്റവും മികച്ച ഉരുക്കളെ ലാഭത്തിനു കിട്ടുന്നതും ഇവിടെയാണെന്ന് വാങ്ങുവാന്‍ വരുന്നവരും കരുതിയിരുന്നു.

ചന്തയുടെ നടത്തിപ്പുകാര്‍ പ്രധാനമായും ശ്രദ്ധ വച്ചിരുന്നത് വെള്ളത്തിന്റെ കച്ചവടത്തിലായിരുന്നു. അന്‍പതോളം ആഴമേറിയ കിണറുകളാണ് അതിനുള്ളിലുണ്ടായിരുന്നത്. അത്രതന്നെ കറുത്തു മെലിഞ്ഞ മനുഷ്യര്‍ രൂപദാരിദ്ര്യമുള്ള പാത്രങ്ങളുമായി അവയ്ക്കരില്‍കില്‍ ചടഞ്ഞിരുപ്പുണ്ട്. വെള്ളം കോരുവാനുള്ള തൊട്ടിക്കും , കയറിനും, പാത്രത്തിനും വാടകയും; വെള്ളത്തിന് വിലയും വാങ്ങേണ്ട ജോലി അവരുടേതായിരുന്നു. അദ്ധ്വാനഭാരമില്ലാത്ത ജോലി ചെയ്യുന്നവര്‍ എന്ന നിലയില്‍ ഒരു നേരത്തെ ഭക്ഷണമായിരുന്നു അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നത്. ഒരു പാട് വിലയുള്ള കാളകള്‍ അതിനുള്ളില്‍ നിശബ്ദരായിരുന്നതുപോലെ ; അതിനുമപ്പുറം തങ്ങള്‍ക്കെന്തു കാര്യം എന്ന മട്ടിലായിരുന്നു ആ മനുഷ്യരുടെ നിശബ്ദചലനങ്ങള്‍. സ്വപ്നങ്ങള്‍ ചത്തു ചീഞ്ഞു കിടന്ന അവരുടെ കുഴിഞ്ഞ കണ്ണുകളിലൂടെ എണ്ണമില്ലാത്തത്ര കാളകകള്‍ മാത്രം സദാ സഞ്ചരിച്ചുകൊണ്ടിരുന്നു.

കാളച്ചന്ത, പക്ഷെ നിശബ്ദമായിരുന്നില്ല. കാളകളെ വില്‍ക്കുവാന്‍ വന്നവരും വാങ്ങുവാന്‍ വന്നവരും ഉറക്കെയുറക്കെ സംസാരിച്ചുകൊണ്ടേയിരുന്നു. കാളകളുടെ ഗുണമേന്മയെക്കുറിച്ച് , കരുത്തിനെ കുറിച്ച് , തൂക്കത്തെക്കുറിച്ച്, ഭക്ഷണരീതിയെ കുറിച്ച് , കാലാവസ്ഥയോടുള്ള അവയുടെ പ്രതികരണത്തെക്കുറിച്ച്, കാളകൃഷിയില്‍ നിലവിലുള്ള പ്രതിസന്ധികളെകുറിച്ച് , നാളെകളില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെകുറിച്ച് , അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍. കിണറുകളുടെയരുകില്‍ പലപ്പോഴും വാഗ്വാദവും കയ്യാങ്കളിയും നടന്നു. ഊഴം തെറ്റിച്ച് വെള്ളമെടുക്കാന്‍ ശ്രമിച്ചതിനായിരുന്നു അത്. ഇതെല്ലാം അവിടെ പതിവായിരുന്നു താനും.

അന്നാദ്യമായി , ആ കാളച്ചന്തയുടെ ചരിത്രത്തിലാദ്യമായി അവിടെയൊരു ലേലം നടന്നു. ആവേശത്തോടെയാണ് ആളുകള്‍ ലേലത്തില്‍ പങ്കെടുത്തത്. അതാകട്ടെ ചന്തയുടെ നടത്തിപ്പുകാരുടെ മേല്‍നോട്ടത്തിലുമാ‍യിരുന്നു. അവരില്‍ പ്രധാനിയും വലിയൊരു കാളയേക്കാള്‍ തൂക്കവുമുള്ള അലിയായിരുന്നു ഈ കച്ചവടത്തിന്റെ സൂത്രധാരന്‍. അയാള്‍ ഭരണകക്ഷിയിലെ പ്രമുഖരുടെ ബിനാമിയാണെന്നത് പരസ്യമായ രഹസ്യവും . സുപ്രീം കോടതി ജഡ്ജിയുടെ സഹോദരനായ ലിയോയും കളക്ടറുടെ അനന്തിരവനായ സാനിയുമായിരുന്നു മറ്റു രണ്ടു പേര്‍. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിത്തരുവാന്‍ കഴിയുന്ന ഒരിടപാടിനെ കുറിച്ച് വളരെ നാളത്തെ ഗവേഷണത്തിനു ശേഷമാണ് അവര്‍ പദ്ധതി തയ്യാറാക്കിയതും എഴുതപ്പെട്ട നിയമങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിലും നിയമജ്ഞരും നിയമപാലകരും ഭരണകര്‍ത്താക്കളും ഒത്താശ ചെയ്തിരുന്നതിനാല്‍ പുതിയ കച്ചവടം ഗംഭീര വിജയമാക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. നാളെയത് നിയമവിധേയമാക്കാമെന്നും.

ലേലത്തിനു വച്ചത് കാളയോ പോത്തിനേയോ എരുമയേയോ ഒന്നുമായിരുന്നില്ല. പത്തൊന്‍പതുകാരിയായ ഒരു യുവതിയെ! മുനീറ എന്നായിരുന്നു അവളുടെ പേര്. ഉന്മാദരോഗികളേപ്പോലെ ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ കുനിഞ്ഞ ശിരസ്സും വിറയ്ക്കുന്ന ശരീരവുമായി നില്‍ക്കുകയായിരുന്നു അവള്‍. മുനീറയുടെ അസാമാന്യമായ സൗന്ദര്യത്തിനു മേല്‍ വീണുകിടന്ന വേദനയുടെ കരിമ്പടം കാഴ്ചക്കാരില്‍ കൂടുതല്‍ ആവേശമുണര്‍ത്തി എന്നു തോന്നുന്നു. വില കൂട്ടി വിളിക്കുന്നതിനൊപ്പം അതിന്റെ കാരണത്തെക്കുറിച്ചു അവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

‘’ ഗോതമ്പിന്റെ നിറമാണവള്‍ക്ക് ചെറിപ്പഴം പോലുള്ള ആ ചുണ്ടുകളുടെ മധുരം എനിക്കു വേണം’‘ ഒരാള്‍ പറഞ്ഞു.

‘’ ആ പൊക്കിള്‍ചുഴിയില്‍ മദ്യമൊഴിച്ചു കുടിക്കുന്നത് അനിര്‍വചനീയമായ അനുഭവമായിരിക്കും. ഞാനതിനു വിലയിടുന്നു ‘’

മറ്റൊരാള്‍ വിളീച്ചു കൂവി ‘’ ഇത്രയും കിളിന്തു ശരീരത്തില്‍ ഇത്രയും വലിയ മുലകള്‍ ഞാനൊരിക്കലും കണ്ടിട്ടില്ല അതെനിക്കു സ്വന്തമാണ്.’‘

ഇനിയൊരാള്‍ പറഞ്ഞു.

‘’ റാത്തലുകള്‍ തൂക്കമുള്ള ഗംഭീരമായ ചന്തികള്‍ അതെനിക്കു കിട്ടെട്ടെ’‘

‘’ അവളുടെ കണങ്കാല്‍ കണ്ടാലറിയാം തുടകളുടെ വലിപ്പവും അരക്കെട്ടിന്റെ ചലന വേഗവും ഇവള്‍ എനിക്കുള്ളതാണ്.‘’ പോരുകാളകളെ വില്‍ക്കാന്‍ വന്നവന്‍ ആര്‍ത്തു വിളിച്ചു.

വാക്കുകള്‍ കടന്നലുകളായി മുനീറയെ ആക്രമിച്ചുകൊണ്ടിരുന്നു. അവള്‍ വേദനകൊണ്ട് പുളഞ്ഞു ,നിശബ്ദമായി കരഞ്ഞു. അതിനു മാത്രമേ അവള്‍ക്കപ്പോള്‍ കഴിയുമായിരുന്നുള്ളു. മുനീറ യ്ക്കുവേണ്ടി സംസാരിക്കുവാന്‍ അച്ഛനമ്മമാര്‍ പോലും ഉണ്ടായിരുന്നില്ല. അവള്‍ സകലരേയും നിഷേധിച്ചവളായിരുന്നു. സമൂഹത്തിന്റെ സദാചാര നിയമങ്ങളെ വെല്ലുവിളിച്ചവളായിരുന്നു.

സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം കുടുംബത്തില്‍ കലാപം നടത്തിയവള്‍, എട്ട് ഭാര്യമാരും ഇരുപത്തിയാറ് മക്കളുമുള്ള എഴുപത്തിയൊന്‍പതുകാരനും അറബി വംശജനും സമ്പന്നനുമായ ഒരുവനുമായുള്ള വിവാഹത്തെ എതിര്‍ത്തവള്‍ , സ്നേഹത്തിന്റെ ആള്‍രൂപമായെത്തിയ അന്യമതക്കാരനെ പ്രണയിച്ചവള്‍ , പ്രണയസ്വപ്നങ്ങളെ തകര്‍ത്ത് യവ്വനം വലിച്ചു കുടിച്ച് അവന്‍ പോയപ്പോള്‍, രാപകലില്ലാതെ കരഞ്ഞും ചിരിച്ചും തെരുവിലലഞ്ഞ സാത്താ‍ന്റെ സന്തതി, പരിപാവനമായ കുടുംബവ്യവസ്ഥിതിക്കുള്ളില്‍ സദാചാരത്തിന്റെ കനകമറക്കുള്ളില്‍ നടക്കേണ്ട മംഗളകരമായ ചേര്‍ത്തു വയ്ക്കലിനെ ചന്തയിലെ കച്ചവടത്തിലേക്ക് വലിച്ചിഴച്ചവള്‍ … വിശേഷണങ്ങള്‍ ഏറെയാണവള്‍ക്ക്.

വൈകുന്നേരമായിട്ടും ലേലം സ്ഥിരപ്പെടുത്താന്‍ കഴിയാതെ നടത്തിപ്പുകാര്‍ അവളെ തിരിച്ചെടുത്തു. ആവേശത്തോടെ ലേലത്തില്‍ പങ്കെടുത്തവര്‍ പോലും ഒരു കാളയുടെ ; അല്ലെങ്കില്‍ ഒരു പോരു കാളയുടെ വില എണ്‍പതു ശതമാനത്തില്‍ കുടുതല്‍ അവള്‍ക്ക് വിലയിട്ടില്ല എന്നതായിരുന്നു കാരണം . കാളകള്‍ മുഴുവന്‍ അന്നും കച്ചവടം ചെയ്യപ്പെട്ടു. ചന്തയൊഴിഞ്ഞു വിലയുറയ്ക്കാത്ത ലേല ഉരുപ്പിടിയായ മുനീറക്ക് പകലിലെ വെയിലിനൊപ്പം രാത്രിയിലെ മഞ്ഞുമേറ്റ് കാളച്ചന്തയില്‍ തന്നെ കാത്തിരിക്കേണ്ടി വന്നു, നാളത്തെ പ്രഭാതത്തിനാ‍യി.

അലിയും സാനിയും ലിയോയും രാത്രിയില്‍ ഒരുമിച്ചുകൂടി സമൂഹത്തിലെ പല ഉന്നതരുമായി സംസാരിച്ചു. തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി. കൂട്ടലും കിഴിക്കലിനുമൊടുവില്‍ പുതൊയൊരു ലേലതന്ത്രം ആവിഷ്ക്കരിക്കപ്പെട്ടു. അതിങ്ങനെയായിരുന്നു ഒരു കാളയുടെ പകുതിവിലയില്‍ നിന്നും ലേലം ആരംഭിക്കുക. കൂട്ടി വിളിക്കുന്നവരുടെ പേരുകളും തുകയും കൃത്യമായി രേഖപ്പെടുത്തുക. അവരവര്‍ വിളിക്കുന്ന മുഴുവന്‍ തുകയും നടത്തിപ്പുകാരെ ഏല്‍പ്പിക്കുക. ഏറ്റവും കൂടുതല്‍ തുക നല്‍കിയവന് ആദ്യം എന്ന രീതിയില്‍ നിശ്ചിത സമയത്തേക്ക് അവളെ നല്‍കുക. തൊട്ടു താഴെ തുക നല്‍കിയവന്‍ രണ്ടാമത്, പിന്നെ മൂന്നാമന് അങ്ങനെയങ്ങനെ താഴേക്ക്….

ആ ആശയം വമ്പന്‍ വിജയമായിരുന്നു. ലേലത്തില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും നഷ്ടമുണ്ടായില്ല. ഒട്ടനവധി പേര്‍ ലേലത്തില്‍ പങ്കെടുക്കുകയും അവരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് ചന്തയുടെ പല കോണുകളിലേക്ക് മുനീറ വലിച്ചിഴക്കപ്പെടുകയും ചെയ്തു. അവര്‍ അവളുടെ ചോരക്കൊപ്പം കണ്ണീരും ആ‍ര്‍ത്തിയോടെ വലിച്ചു കുടിച്ചപ്പോള്‍ ലാഭകരമായ ഈ കച്ചവടത്തിന്റെ തുടര്‍ച്ചയ്ക്കായി പദ്ധതികളൊരുക്കുകയായിരുന്നു ചന്തയുടെ നടത്തിപ്പുകാര്‍.

ആ ദിവസം അവസാനിച്ചപ്പോള്‍ രാത്രി കൊണ്ടുവന്ന മഞ്ഞുപോലെ മുനീറയുടെ ശരീരവും തണുത്തിരുന്നു. എന്നാല്‍ അടുത്ത ദിവസം ലേലത്തിനായി മറ്റൊരുവളെ അവതരിപ്പിക്കുന്നതിനു മുമ്പ് സാധാരണ ലേല നടപടികളിലൂടെ അസാധാരണമായ ചിലത് വന്‍ വിലക്ക് അവിടെ വില്‍ക്കപ്പെട്ടു. അത് , രണ്ട് തുടകളോടുകൂടിയ അരക്കെട്ടും നെഞ്ചില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട രണ്ട് മുലകളുമായിരുന്നു.

Generated from archived content: story1_sep28_12.html Author: saji_vaikom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here