കാക്ക

”കൂത്തിച്ചി കഴുവേര്‍ടമോളെ… പറ, ഏത് മഹാപാപിയാടി നെന്നെ പെഴപ്പിച്ചത്..?”

ചെല്ലമ്മ തിളച്ചു മറിയുകയായിരുന്നു. അവള്‍ ശാലിനിയുടെ കവിളത്തടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് അവളെ കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആലില പോലെ വിറയ്ക്കുകയായിരുന്നു അപ്പോള്‍ ശാലിനി. അവളുട മുഖത്തു നിന്ന് ചോര വാര്‍ന്നു പോയിരുന്നു. കണ്ണുകളില്‍ ഭയവും നിസഹായതയും കലര്‍ന്ന് നിറയുകയും കവിളുകളിലേക്കത് കവിഞ്ഞൊഴുകകയും ചെയ്തു.

” നാക്കെറങ്ങിപ്പോയോടി അവനാരാന്ന് പറഞ്ഞില്ലേ കൊല്ലും ഞാന്‍ നെന്നെ’ പൊട്ടിത്തെറിച്ച ചെല്ലമ്മയുടെ വാക്കുകളില്‍ മുറിവുണ്ടായിരുന്നു. ശാലിനിയുടെ നാക്ക് അപ്പോഴും ചലിച്ചില്ല. അവളുടെ കണ്ണുകള്‍ മുകളിലെ ചിതലരിച്ച് കഴുക്കോലുകളിലൂടെ, പൊട്ടിയടര്‍ന്ന ഓടുകളിലൂടെ എന്തോ പരതുകയായിരുന്നു.

ഇരുണ്ട മുറിയിലെ തേയ്ക്കാത്ത, കരിപിടിച്ച ഇഷ്ടികചുമരില്‍ തട്ടിച്ചിതറി പൊടി നിറഞ്ഞ നരച്ച തറയില്‍ വീണ വാക്കുകള്‍ പെറുക്കി കൂട്ടിയ കാറ്റ് അതൊരു നാടന്‍ പാട്ടിന്റെ ശീലായ് മൂളി. ജനാലയ്ക്കലെ ചാക്കുമറ പൊക്കി പുറത്തേക്കു പാഞ്ഞു.തേവക്കോളനിയിലെ സകലവീടുകളുടേയും അടുക്കളയിലും ഉമ്മറപ്പടിയിലും കയറിയിറങ്ങി, ചൊടലദാക്ഷായണിയുടെ ചായക്കടയിലെ മുളകുവടക്ക് എരിവേറ്റി, സീതത്തോട്ടിലെ കുളിക്കടവിലെത്തി. വെള്ളത്തുള്ളികള്‍ ഉമ്മവച്ചുമ്മവച്ച് ഒറ്റ മുണ്ടിന്റെ മറപോയതറിയാതെ നിന്ന പെണ്ണുങ്ങളെ ഇറുകെ പുണര്‍ന്ന് കുളിരുള്ള ഞെട്ടലുയര്‍ത്തി, കാവും പാടത്തെ ഇഷ്ടികകളങ്ങളിലേക്ക്. ചേറ് പുതഞ്ഞ കണങ്കാലുകളിലൂടെ മണ്ണും വിയര്‍പ്പും ഒഴുകിയിറങ്ങുന്ന പണിക്കാരി പെണ്ണുങ്ങളുടെ കറുത്ത മേനിയിലേക്ക് പടര്‍ന്നു കയറി വെയിലാറ്റിപ്പാടിയ കാറ്റില്‍ ചൂളയിലെ പുകയൊടുങ്ങി. തീയാളിപ്പടര്‍ന്നതും കനലുകള്‍ പൊട്ടിയടര്‍ന്നതും പക്ഷെ ചെല്ലമ്മയുടെ നെഞ്ചിലായിരുന്നു. അവളുടെ ചുളിഞ്ഞ നെറ്റിയില്‍ ചിന്തകള്‍ വഴി തെറ്റി നില്‍ക്കുകയായിരുന്നു.

”പെണ്ണുങ്ങള്‍ക്കിത്ര അഹങ്കാരം പാടില്ല.ആണുങ്ങളായാ പണീം കഴിഞ്ഞ് അന്തിക്കിത്തിരി കള്ള് കുടിക്കും.കോവാലന്‍ ഒരുത്തീനെ വിളിച്ച് കൂടെക്കെടത്തീട്ടുണ്ടെങ്കി അത് അവളുടെ കൊണവതിയാരം കൊണ്ടാ വര്‍ഷയിത്രേയായിട്ടും എന്റെ കെട്ടിയോനൊരുത്തീടേം പാവാട പൊക്കാന്‍ പോയിട്ടില്ലല്ലോ. അതും പറഞ്ഞ് കെട്ടിയോനെ എറക്കിവിട്ടിട്ടപ്പ എന്നായി.പതിനാറ് തെകന്നേന് മുമ്പ് മകക്ക് ഗര്‍പ്പം. പെണ്ണുങ്ങള്‍ കുടിവാണാ ഇതും ഇതിനപ്പുറൊം വരും.” ചൂളയിലെ പണികഴിഞ്ഞ് കയ്യും കാലും കഴുകുന്നതിനിടയില്‍ വിലാസിനി പറഞ്ഞു. തോട്ടുകരയില്‍ നിന്ന രമണി ഒപ്പം ചേര്‍ന്നു.

എന്തൊരു നെഗളിപ്പാരുന്നു മൂദേവിക്ക്. തള്ള മകളെ കളട്ടറാക്കാന്‍ പടിപ്പിച്ചപ്പം മകള്‍ വയറ്റിലൊണ്ടാക്കാന്‍ പടിച്ച്. തന്തയില്ലാത്തേന്റെ കൊണാ. നിങ്ങക്കറിയാവാ ഒരിക്കെ കോവാലാന്‍ മകളെ കാണാന്‍ വന്നേന് ചെല്ലമ്മയൊണ്ടാക്കിയ പുകില്. പാവം കോവാലന്‍. തള്ളയില്ലാത്ത നേരത്ത് പൊതീം കെട്ടി ഒളിച്ചും പാത്തുവാണ് അവന്‍ മകള കാണാന്‍ വന്നത്.

” ദൈവദോഷം പറേല്ല് നിങ്ങള്. കെട്ടിക്കൊണ്ട് വന്നിട്ട് ഒര് ദെവസം സമാദാനം കൊടുത്തിട്ടൊണ്ടൊ അവനവക്ക്. തല്ലും ഇടീം ചവിട്ടും കുത്തും.ഒക്കെപ്പോരാഞ്ഞ് ചോത്തീനെ വിളിച്ച് കൂടെക്കെടത്തി. അഞ്ചെട്ട് കൊല്ലം മുന്ന് പള്ളിക്കൂടത്തീപോയിട്ട് വന്ന ശാലിനിക്കൊച്ച്, കോവാലനും കുഞ്ഞമ്മ ചോത്തീം തുണീല്ലാണ്ട് കട്ടിലേക്കെടന്ന് കുട്ടകളിക്കണ കണ്ട് പേടിച്ച് കരഞ്ഞോണ്ടോടീ വന്നത് എന്റെ പെരക്കകത്തേക്കാ. ഏത് തള്ള സഹിക്കും അത്. അവന എറക്കി വിട്ടെങ്കി എന്നാ തെറ്റ് .ഒര്ത്തന്റേം കൂടെക്കെടക്കാന്‍ പോകാതെ രണ്ടണ്ണത്തിന അവള് വളത്തേം ചെയ്ത്. പിന്ന… തലേലെഴുതീത് മായിക്കാന്‍ പറ്റേലല്ലോ..! ഗോമതിയമ്മയുടെ വാക്കുകളില്‍ നിരാശയുണ്ടായിരുന്നു.

‘എന്നാ ചെയ്യാനാന്നാ! കലക്കിക്കളയും അല്ലാതെന്നാ. ഇനി ചെല്ലമ്മ ഒന്ന് കണ്ണടച്ച് കൊടത്താ സുകായിട്ട് കഴിയാനൊള്ള വക മകളൊണ്ടാക്കി കൊടുക്കും.” ഗ്ലാസ്സുകളിലേക്ക് ചായ പകരുന്നതിനിടയില്‍ ചൊടലദാക്ഷായണി ചിരിച്ചു.

” നീ ചെല്ലമ്മേനെ പറഞ്ഞൊന്ന് മനസിലാക്ക്. അവളെനിക്ക് മാത്രം കണ്ണടച്ചാല്‍ മതി. ഞാന്‍ കൊടുക്കാം അവക്കും മകക്കും ചെലവിന്” ചെത്തുകാരന്‍ ദാമോദരന്റെ വര്‍ത്തമാനം കേട്ട് ചായക്കടയൊന്നാകെ പൊട്ടിച്ചിരിച്ചു.

നാട്ടു വര്‍ത്തമാനങ്ങളൂടെ കുപ്പിച്ചില്ലുകള്‍ ചെല്ലമ്മയുടെ ചെവികളില്‍ ചൊരിഞ്ഞ് കണ്ണീരിന്റെ കുളിര്‍മ്മയില്‍ കാറ്റ് മുറിക്കുള്ളില്‍ ചുറ്റിപ്പറ്റി നിന്നു. നിസ്സഹായതയുടെ ആള്‍ രൂപമായി ശാലിനിക്കരുകില്‍ ഉരുകിയൊഴുകുകയായിരുന്നു അവള്‍. ശാലിനിക്കു പനിച്ചു തുടങ്ങിയിരുന്നു. അവളുടെ ചുണ്ടുകള്‍ക്കിടയില്‍ ഏതോ വാക്കുകള്‍ തടഞ്ഞു നിന്നിരുന്നു. കണ്ണുകളില്‍ അശാന്തമായ കടലും.

”നെന്റെ ആങ്ങള വന്നാ ഇവടെ കൊലപാതകം നടക്കും അതിന് മുമ്പ് എന്റെ മകള് പറ ആരാ നെന്നോടീ ചതി ചെയ്തേന്ന് .നെന്റെ കെടപ്പ് കണ്ടിട്ട് അമ്മക്ക് പേടിയാകണൊണ്ട്” ചെല്ലമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഓര്‍മ്മകളുടെ തുടിപ്പുയര്‍ന്നു തുടങ്ങിയിരുന്നു. സ്വരം വല്ലാത നേര്‍ത്തിരുന്നു.

”എടീ പൊലയാടി മോളെ.. നീ ഞങ്ങടെ മാനം കളഞ്ഞല്ലേ…!” ശാലിനിയുടെ മറുപടിക്കു പകരം ഉയര്‍ന്ന ചന്ദ്രന്റെ അലര്‍ച്ചയില്‍ തേവക്കോളനി നടുങ്ങി.

” കൊന്നു കുഴിച്ചു മൂടും നെന്നെ ഞാന്‍”. അവന്‍ ശാലിനിയെ കഴുത്തില്‍ പിടിച്ചുയര്‍ത്തി ഭിത്തിയില്‍ ചേര്‍ത്തു ഞെരിച്ചു. അവളുടെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ശരീരം ഞെട്ടിപ്പിടഞ്ഞു.

”വിടടാ മഹാപാപി എന്റെ കൊച്ചിനെ അവളെ കൊല്ലണേന് മുമ്പ് നീ എന്ന കൊല്ല്.” ചന്ദ്രന്റെ കൈ തട്ടിപ്പറിച്ച ചെല്ലമ്മ ഇരുവര്‍ക്കുമിടയില്‍ ഉടഞ്ഞു ചിതറി.

” ഏത് നാറിയാ ഇവക്ക് വയറ്റിലൊണ്ടാക്കിക്കൊടുത്തേന്ന് പറഞ്ഞില്ലേ കൊല്ലും ഞാനീ ചെറ്റേനെ.” ചെല്ലമ്മയെ ഭേദിച്ച് ചന്ദ്രന്‍ ശാലിനിയുടെ മുഖത്തടിച്ചു. അവന്റെ തഴമ്പിച്ച കൈ അവളുടെ വലതു കണ്ണില്‍ ചുവപ്പു പടര്‍ത്തി. മുഖം പൊത്തി കട്ടിലിലേക്ക് വീണുപോയ ശാലിനിയുടെ തൊണ്ടയില്‍ നിന്നും വിറങ്ങലിച്ച നിലവിളി പുറത്തുചാടി.

ചന്ദ്രന്‍ കത്തിപ്പടരുകയായിരുന്നു. അതില്‍ സകലതും കത്തിയമരുമെന്ന് ചെല്ലമ്മയ്ക്ക് തോന്നി. പൊന്നുമോള്‍ക്ക് പേടിതട്ടാതിരിക്കാന്‍ അമ്മ കട്ടില്‍ താഴെ വച്ചിരുന്ന കൊയ്ത്തരിവാള്‍ വലിച്ചെടുത്ത് അവന്‍ ശാലിനിക്കു നേരെ ഓങ്ങി.

” പറയടീ പൊലയാടീ അവനാരാന്ന്” ചന്ദ്രന്‍ അലറി.

” എന്റയ്യോ. …. നാട്ടാരേ ഓടിവരണേ.. ഇവനെന്റെ കൊച്ചിനെ കൊല്ലണേ…” നെഞ്ചത്തടിച്ചു നിലവിളിച്ച് ചെല്ലമ്മ മകള്‍ക്ക് മറയായി അരിവാളിന് മുന്നില്‍ നിന്നു. ഭയത്തിന്റെ കനല്‍ കൂനയില്‍ പുതഞ്ഞ് നീറിപ്പിടഞ്ഞ ശാലിനിയുടെ കണ്ണുകളില്‍ നീര്‍ക്കടല്‍ തിളച്ചു.

ചെല്ലമ്മയെ തള്ളി വീഴ്ത്തി ഇടംകയ്യാല്‍ ശാലിനിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് അവളവനെ ഉയര്‍ത്തിയെടുത്തു.

”കൊല്ലും ഞാന്‍ നെന്നെ”

” എന്നെ ഒന്നും ചെയ്യല്ലേ അണ്ണാ ഞാമ്പറയാം… ഞാമ്പറയാം” ശാലിനിയുടെ ശബ്ദം തട്ടിത്തകര്‍ന്നൊഴുകി. മരണത്തെ അവള്‍ക്ക് ഭയമായിരുന്നു.

”അവള് പറയും…അവള് പറയും.. നീ അരിവാ കള.. അരിവാ കള…നീ പറ മകളെ.. എന്റെ പൊന്നുമോള് പറ…” ശാലിനിയെ പൊതിഞ്ഞു പിടിച്ച് ചെല്ലമ്മയുടെ വാക്കും ശരീരവും വിറച്ചു തളര്‍ന്നിരുന്നു. ശാലിനിയുടെ വിതുമ്പിയ ചുണ്ടുകളില്‍ വാക്കുകള്‍ വഴിമുട്ടി നിന്നപ്പോള്‍ ചന്ദ്രന്‍ വീണ്ടും പൊട്ടിത്തെറിച്ചു.

”തള്ളേനേം മകളേം വെട്ടി നുറുക്കും ഞാന്‍…” കഴുത്തിനു നേരെ താഴ്ന്നു വരുന്ന കൊയ്ത്തരിവാള്‍ കണ്ട് ചെല്ലമ്മക്ക് ശബ്ദം നഷ്ടപ്പെട്ടപ്പോള്‍ പൊട്ടിക്കരച്ചിലിനിടയില്‍ ശാലിനിയില്‍ നിന്നും വാക്കുകള്‍ ചിതറി വീണു.

” എന്നെ കൊല്ലല്ലേ അണ്ണാ… ഞാന്‍… എന്ന..എന്ന നമ്മട അച്ഛന്‍….”

ഒരായിരം മുളന്തണ്ടുകള്‍ പിളര്‍ന്നു വീണു. ശാലിനിയുടെ മുറിഞ്ഞുപോയ വാക്കുകളില്‍ നിന്നും ചോര വാര്‍ന്നൊഴുകി. അരിവാള്‍ തറയില്‍ പിടഞ്ഞമര്‍ന്നു. കഥകാത്തുനിന്ന കാറ്റ് അവളുടെ മിഴിനീര്‍ത്തുള്ളിയില്‍ മുങ്ങിമരിക്കുവാന്‍ വെമ്പി.

Generated from archived content: story1_sep24_11.html Author: saji_vaikom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English