വൈക്കം മഹാദേവക്ഷേത്രത്തിലെ വലിയ കുളത്തിന്റെ കല്‌പ്പടവിൽ ഞാനിരുന്നു. പച്ച നിറമുള്ള വെള്ളത്തിൽ കറുത്ത പൊട്ടുകൾ പോലെ സിലോപ്പിയാ മത്സ്യങ്ങൾ കൂട്ടമായ് നിൽക്കുന്നു. കുളിക്കടവുകൾ ശൂന്യമാണ്. ഒരു കാലത്ത് പുലർച്ചെ മുതൽ സന്ധ്യ മയങ്ങുംവരെ സജീവമായിരുന്നു ഇവിടം. മാറിടത്തിനു മുകളിൽ നിന്നും മുട്ടോളമെത്തുന്ന ഒറ്റ മുണ്ടുടുത്ത്, ഈറനണിഞ്ഞു നിൽക്കുന്ന സുന്ദരികൾ. വെള്ളത്തുള്ളികൾ സ്‌ത്രീശരീരത്തെയാണോ സുന്ദരമാക്കുക, അതോ സ്‌ത്രീശരീരത്തോടുചേരുമ്പോൾ വെള്ളത്തുള്ളികൾ സുന്ദരമാകുന്നതാണോ എന്നറിയില്ല. എന്തായാലും ഈറനണിഞ്ഞ സ്‌ത്രീയ്‌ക്ക് ഏഴഴകാണ്. ആ അഴകിന്റെ ആസ്വാദനത്തിനായി പതിവായി ഇവിടെ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു, എനിക്കും. ക്ഷേത്രഗോപുരങ്ങളിൽ കൊത്തിവച്ച ശില്‌പങ്ങൾ പോലെ എത്രയോ സുന്ദരികൾ. കാലം എത്ര ശ്രമിച്ചിട്ടും മായ്‌ക്കാൻ കഴിയാത്ത ഒരു രൂപം മാത്രം ഇപ്പോഴുമുണ്ട് മനസിൽ. എന്നും സിരകളിൽ അഗ്നി പടർത്തിയ, ഏഴഴകുള്ള കറുപ്പിന്റെ വശ്യത. നേർത്ത വെള്ളവസ്‌ത്രം ധരിച്ച് വെള്ളത്തിൽ മുങ്ങിനിവർന്ന് ഏറെ നേരം കല്‌പ്പടവിൽ ധ്യാനിച്ചു നിൽക്കുന്ന ആ രൂപം കണ്ടാൽ, ഏതോ കരവിരുതുള്ള ശില്‌പി കരിങ്കല്ലിൽ കൊത്തിവച്ച ഒരു സുന്ദരിയുടെ നഗ്നശില്‌പമെന്നേ ആരും പറയൂ.
“പുറത്തെങ്ങും കാണാതിരുന്നപ്പോൾ എനിക്കുതോന്നി സജിയേട്ടൻ ഇവിടുണ്ടാകുമെന്ന്”.
സുന്ദരമായ ഓർമ്മകളിൽ നിന്നും ഉമേഷ് എന്നെ വിളിച്ചുണർത്തി. ഉമേഷ് എനിക്ക് സഹോദരതുല്ല്യനാണ്. നാലോ അഞ്ചോ വയസിനിളപ്പമുണ്ടെങ്കിലും അവന്റെ മുന്നിലാണ് പലപ്പോഴും ഞാൻ മനസ് തുറക്കാറുള്ളതും.
“ഇപ്പോൾ എന്തായിരുന്നു സ്വപ്‌നങ്ങൾ?” അവൻ തുടർന്ന് ചോദിച്ചു.
“അല്‌പം മുൻപ് പൊന്നമ്മയുണ്ടായിരുന്നു ഈ കല്‌പ്പടവിൽ ഈറനണിഞ്ഞ നഗ്നസൗന്ദര്യമായി.” ഞാൻ പറഞ്ഞു.
“ഓ…. സജിയേട്ടൻ സാലഭഞ്ഞ്‌ജിക”
“ഞാൻ ആ പേര് മറന്നിരുന്നു. നീ കാണാറുണ്ടോ അവളെ.”
“ഏതാണ്ടെല്ലാ ദിവസവും കഷ്‌ടം തോന്നിയിട്ടുണ്ട്. എത്രപെട്ടന്നാണ് അവർ ഒരു കിഴവിയായത്. ഭ്രാന്തിയെപ്പോലെ തനിയെ സംസാരിച്ചുകൊണ്ട് നടക്കും. വഴിയരുകിൽ അടുപ്പുകൂട്ടിയാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. ഏതെങ്കിലും ഗോപുരനടയിൽ കിടന്നുറങ്ങും. ഇവിടുത്തെ അവസാനനാളുകളിൽ പട്ടിണിയിലായിരുന്നു അവർ. ഒരേ കിടപ്പിൽ കിടന്നു. ദിവസങ്ങളോളം.”
“ഇപ്പോൾ അവരിവിടെയില്ലാ…. ”ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.
“ഇല്ല. രണ്ടു മൂന്നു മാസമായിക്കാണുമെന്ന് തോന്നുന്നു. ഏതോ സംഘടനക്കാരാണ് ഇവിടെ നിന്നും കൊണ്ടുപോയത്. ഈ അടുത്തദിവസം അവരെ ഏതോ ധ്യാനകേന്ദ്രത്തിൽവച്ചു കണ്ടെന്നും ആരോപറഞ്ഞിരുന്നു.” ഉമേഷ് പറഞ്ഞു.
“ഉമേഷ്… നീ ചിന്തിച്ചിട്ടുണ്ടോ, പലപ്പോഴും മനുഷ്യജീവിതങ്ങൾ എന്തുകൊണ്ടാണ് ഇത്ര നിസഹായമായിത്തീരുന്നതെന്ന്?. അനിയന്ത്രിതമായി അലഞ്ഞുതിരിയുന്ന സ്വന്തം ജീവിതത്തെ നോക്കി പൊട്ടിക്കരയേണ്ടിവരുന്നതെന്ന്….? ഒരുപാടാളുകളുടെ ഇടയിൽ ഒറ്റപ്പെട്ട്, ഒരു ജീവിതം.
മുഴുവൻ കരഞ്ഞുതീർക്കേണ്ടിവരിക, ആ കണ്ണുനീരിൽ മുങ്ങിമരിക്കുന്ന സുന്ദരസ്വപ്‌നങ്ങൾ, ഒടുവിൽ സ്വപ്‌നങ്ങളുടെ ചടുലപ്പറമ്പായിത്തീരുന്ന ഒരു മനസ്. മൂകത തളം കെട്ടിനിൽക്കുന്ന അവിടെ
…….അവിടെ പിന്നെ എന്താണുണ്ടാവുക? നിനക്ക് ചിന്തിക്കുവാൻ കഴിയുമോ അങ്ങനെയൊരു മനുഷ്യായുസിനെക്കുറിച്ച്….?”
“ഇവിടെ ആരാ, ആരെക്കുറിച്ച് ചിന്തിക്കുന്നു? എല്ലാം ബിസിനസാണ്. സ്വന്തം വളർച്ചയ്‌ക്ക് സുഖത്തിന്, ആരെ, എന്തിനെ, എങ്ങിനെ ഉപയോഗിക്കാം എന്നതിൽക്കവിഞ്ഞ്, ഇതൊന്നും ആരുടേയും വിഷയങ്ങളല്ലല്ലോ?” ഉമേഷിന്റെ സ്വരം നിർവ്വികാരമായിരുന്നു.
നമ്മളെന്തുകൊണ്ടാണ് ഇങ്ങനെയൊക്കെയാവുന്നത്? നൈമിഷികമായ സുഖത്തിനുവേണ്ടി മറ്റൊരാളുടെ സ്വപ്‌നങ്ങളെയൊക്കെ ചവുട്ടിമെതിക്കുക. സങ്കടക്കടലിലാഴ്‌ന്നു പോകുന്ന ആ നിസഹായജന്മത്തെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരായി ജീവിക്കുക. എല്ലാമുണ്ടായിട്ടും കൊച്ചു കൊച്ചു മോഹഭംഗങ്ങളിൽ വേദനിക്കുന്ന നമ്മൾ, എല്ലാം നഷ്‌ടപ്പെട്ട് മോഹിക്കുവാനുള്ള മനസുപോലും മരവിച്ചുപോയവരെ വീണ്ടും വീണ്ടും ചവുട്ടിത്തേയ്‌ക്കുന്നു. അവരുടെ സ്വപ്‌നങ്ങളെ എന്നെന്നേയ്‌ക്കുമായ് തല്ലിക്കൊഴിച്ചവർ സൗഭാഗ്യങ്ങളുടെ നടുവിൽ ജീവിക്കുക. ഇതിനൊന്നും ഒരവസാനമില്ലേ?
“സജിയേട്ടനെ പൊന്നമ്മ മൂഡ്‌ഓഫാക്കിയിരിക്കുന്നു. ഇനി ഇതൊന്നു ശരിയാക്കാൻ കാറ്റുംകൊണ്ടിരുന്ന് രണ്ട് ബിയർ കഴിക്കാം വരൂ….”
എന്റെ തോളിൽത്തട്ടി മറുപടിക്കുകാത്തുനില്‌ക്കാതെ ഉമേഷ് കല്‌പടവിൽ നിന്നെഴുനേറ്റു നടന്നു. പിന്നാലെ ഞാനും പടിഞ്ഞാറെ ഗോപുരം വഴി ബോട്ട്‌ജട്ടിയുടെ തെക്കുവശത്തുള്ള കെ.ടി.ഡി.സി.യുടെ ബിയർ പാർലറിലേയ്‌ക്ക് നടക്കുമ്പോൾ എന്തുകൊണ്ടോ അവൻ നിശബ്‌ദനായിരുന്നു. തിരക്കുള്ള ആവഴിയിലൂടെ നടക്കുമ്പോഴും എന്റെ മനസ് പൊന്നമ്മയ്‌ക്കൊപ്പമായിരുന്നു.
പൊന്നമ്മ ഒരു വേശ്യയായിരുന്നു. അസാധാരണമായ ഒരു വേശ്യ. തെരഞ്ഞെടുപ്പുകളില്ലാതെ ആരെയും സ്വീകരിക്കുന്നവൾ. ആർക്കും സ്വീകാര്യയായവൾ. അവൾ ഒരിക്കലും തന്റെ ശരീരത്തിന് വില പറഞ്ഞിരുന്നില്ല. കൊടുക്കുന്നത് വാങ്ങും. ‘നാളെ’ എന്നുപറഞ്ഞു മടങ്ങുന്നവരെ സഹതാപത്തോടെ നോക്കി നില്‌ക്കും. തന്റെയടുത്ത് വന്നിരുന്നവരെയല്ലാതെ അവർ മറ്റാരെയും കണ്ടിരുന്നില്ല. ആ കണ്ണുകളും മനസും അത്രത്തോളം ചുരുങ്ങിയിരുന്നു. അതുകൊണ്ട് തന്നെ എവിടെവച്ചും ആർക്കും മുന്നിലും നഗ്നയാവാൻ അവൾ തയ്യാറായിരുന്നു.
സമൂഹത്തിന്റെ (കപട) സദാചാരസംഹിതകളെ വെല്ലുവിളിക്കുകയായിരുന്നോ അവർ? അല്ലെങ്കിൽ ആർക്കാണു കഴിയുക തിരക്കേറിയ ഈ വഴിയോരങ്ങളിലെ പൈപ്പിൽ ചുവട്ടിൽ പൂർണ്ണനഗ്നയായ് നിന്ന് കുളിക്കുക എന്നത്. യാദൃശ്ചികമായ് ഒരിക്കൽ ആ കാഴ്‌ച ഞാനും കണ്ടും. പക്ഷെ അന്നവർ ഒരു സുന്ദരശില്‌പമായിരുന്നില്ല. വെറും മാംസപിണ്‌ഡം. വെള്ളത്തുള്ളികൾ അവരുടെ ശരീരത്തേയോ ശരീരം വെള്ളത്തുള്ളികളേയോ സുന്ദരമാക്കിയിരുന്നില്ല. അറപ്പുളവാക്കുന്ന ഒരു കാഴ്‌ച. ആപ്രവൃത്തിയിലൂടെ ഈ സമൂഹത്തോട് എന്തെങ്കിലും പറയണമെന്ന്, ഒരു സന്ദേശം നൽകണമെന്ന് അവർ കരുതിയിരുന്നുവോ? മലമുകളിലേയ്‌ക്ക് കല്ലുരുട്ടിക്കയറ്റി, മുകളിൽ നിന്ന് കൈവിട്ട് താഴേയ്‌ക്ക് ഉരുണ്ടുപോകുന്ന കല്ലിനെ നോക്കി കൈകൊട്ടിച്ചിരിച്ച നാറാണത്തുഭ്രാന്തനെപ്പോലെ?
ഉണ്ടാവാം ഒരു കാലത്ത് ഈറനണിഞ്ഞ ആ വശ്യസൗന്ദര്യം കണ്ടുനിന്ന ഞാനടക്കമുള്ളവരോട്, കഴുകൻമാരെപ്പോലെ തന്നിലേയ്‌ക്ക് പറന്നിറങ്ങി കൂർത്ത നഖങ്ങളിറക്കി ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകൾ തീർത്തവരോട് അവർ നിശബ്‌ദമായ് പറയുന്നുണ്ടാവും. ‘എല്ലാം നൈമിഷികമാണെന്ന്. സൗന്ദര്യവും, യൗവ്വനവും, ഒരു സ്‌ഫോടനത്തോടെയവസാനിക്കുന്ന മൃദുലവികാരങ്ങളുടെ തീപ്പൊരികളും എല്ലാം…. എല്ലാം നശ്വരമാണെന്ന്. എന്റെ സുന്ദരമായിരുന്ന യുവത്വത്തെപ്പോലെ, എന്നെപ്പോലെ ഏതൊരു സ്‌ത്രീശരീരവും ഇതുപോലെയാണെന്ന്. ഒരു മനുഷ്യജന്മവും ഈ നിയമവൃത്തത്തിനു പുറത്തല്ലെന്ന്. ഇനിയും മറ്റൊരു പൊന്നമ്മയെ സൃഷ്‌ടിക്കരുതേയെന്ന്; അങ്ങനെ ഒരുപാടൊരുപാടു കാര്യങ്ങൾ.’
നൂറ്റാണ്ടുകൾക്കിപ്പുറം നാറാണത്തുഭ്രാന്തൻ ദൈവമായി. പക്ഷെ പൊന്നമ്മയെ ഇപ്പോൾത്തന്നെ എല്ലാവരും മറന്നിട്ടുണ്ടാവും. അവർ വെറുമൊരു പെണ്ണാണല്ലോ? അതിനപ്പുറം ഒരു തെരുവുവേശ്യയും.
“രണ്ട് കെ.എഫ്. കക്കായിറച്ചി ഫ്രൈയും.” ഉമേഷ് ഓർഡർ ചെയ്‌തുകഴിഞ്ഞു.
ബിയറും ഗ്ലാസുകളും മേശപ്പുറത്തു കൊണ്ടുവച്ച്‌വെയ്‌റ്റർ തന്നെ അത് ഗ്ലാസുകളിലേയ്‌ക്ക് പകർന്നു. ചിയേഴ്‌സ് പറഞ്ഞ രണ്ടുപേരും ഗ്ലാസ് കാലിയാക്കി. എനിക്കൊന്നും സംസാരിക്കാനില്ലാത്തതുപോലെ തോന്നി.
“ഒരിക്കൽ ഞാനൊരു കാഴ്‌ചകണ്ടു.” ഗ്ലാസുകളിലേയ്‌ക്ക് ബിയർ ഒഴിക്കുന്നതിനിടയിൽ ഉമേഷ് പറഞ്ഞുതടങ്ങി.
“ഒരു ദിവസം, രാത്രി, ഏതാണ്ട് രണ്ടുമണിയായിട്ടുണ്ടാവും. കിഴക്കേനടയിലെ വളവുതിരിഞ്ഞുവന്ന ഒരു കാർ കുറച്ചു മുന്നിലായ് വേഗം കുറയ്‌ക്കുകയും ഡോർ തുറന്ന് അതിനുള്ളിൽ നിന്നും ഒരു സ്‌ത്രീയെ റോഡിലേയക്ക് വലിച്ചെറിയുകയും ചെയ്‌ത് പാഞ്ഞുപോയി. പൊന്നമ്മയായിരുന്നു അത്. കൈകളും നെറ്റിയും പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. പാവം, എന്നിട്ടും അവർ ശബ്‌ദിച്ചു പോലുമില്ല. പാഞ്ഞുപോകുന്ന കാറും നോക്കി നിന്നു. പിന്നെ ഗോപുരത്തിങ്കൽ ചെന്ന് ചുരുണ്ടു കൂടി. ആ കാറും കാർഡ്രൈവറേയും എനിക്കറിയാമായിരുന്നു. ഇവിടുത്തെ മാന്യന്മാരുടെ മക്കളായിരുന്നു അതിനകത്ത്. അവന്മാരുടെ അമ്മയുടെ പ്രായമുള്ള സ്‌ത്രീയെ…. അഞ്ചുപൈസ കൊടുത്തില്ലെന്നു മാത്രമല്ല…. ഒടുവിൽ കാലിക്കുപ്പി വലിച്ചെറിയുന്നതുപോലെ… കഷ്‌ടം തോന്നി….”
ഉമേഷ് ബിയറിന് വീണ്ടും ഓർഡർ നൽകി. “നിനക്കറിയുമോ പൊന്നമ്മയുടെ ഭൂതകാലം?” ഞാൻ ചോദിച്ചു. ഇല്ലെന്നവൻ തലയാട്ടി. അത് കേൾക്കുവാൻ അവന് ആഗ്രഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും പറയാതിരിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്തിനെന്നറിയാതെ ഇപ്പോൾ ഞാൻ നെഞ്ചിലേറ്റിയ ഭാരം പങ്കുവെയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി.
ഒരു ഇടത്തരം കുടുംബത്തിലായിരുന്നു പൊന്നമ്മയുടെ ജനനം. കൂലിപ്പണിക്കാരനായിരുന്നുവെങ്കിലും മക്കളെ പഠിപ്പിച്ച് വക്കീലാക്കണമെന്നായിരുന്നു അവളുടെ അച്ഛന്റെ ആഗ്രഹം. അച്ഛന്റെ സ്വപ്‌നങ്ങളുടെ ഓരം ചേർന്നായിരുന്നു പൊന്നമ്മയുടെ യാത്രയും. ഉയർന്ന മാർക്കോടെ പത്താം ക്ലാസും പ്രീഡിഗ്രിയും ജയിച്ചു. ബി.എയ്‌ക്ക് പഠിക്കുന്ന കാലത്താണ് അയ്യാൾ അവളുടെ ജീവിതത്തിലേയ്‌ക്ക് കടന്നുവന്നത്. സുന്ദരനായ ഒരു ക്രിസ്‌ത്യൻ യുവാവ്. വലിയ കുടുംബത്തിലെ ഒറ്റ മകൻ. അയ്യാൾ നല്‌കിയ മോഹനവാഗ്‌ദാനങ്ങളിൽ അവൾ വീണുപോയി. ഒരുപാട് സുന്ദരസ്വപ്‌നങ്ങളുമായി അവൾ വിവാഹജീവിതമാരംഭിച്ചു. പ്രണയവിവാഹം അവളെ ബന്ധുക്കളിൽ നിന്നും ഒറ്റപ്പെടുത്തി. അയ്യാളുടെ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടതുമില്ല. മധുവിധുനാളുകൾ അവസാനിക്കുന്നതിനു മുൻപേ വാടകവീടിന്റെ ചുവരുകൾക്കുള്ളിൽ പൊന്നമ്മ തളയ്‌ക്കപ്പെട്ടു. പിന്നീടുള്ള രാത്രികളിൽ അയ്യാൾ വന്നത് ഒറ്റയ്‌ക്കായിരുന്നില്ല. ക്രൂരമായ പീഢനം സഹിക്കാനാവാതെ അയ്യാളുടെ ആജ്ഞകൾക്ക് അവൾ വഴങ്ങി. എന്നിട്ടും തന്റെ ശരീരം തേടി വന്നവരുടെ കാൽക്കൽ വീണ് അവൾ കരഞ്ഞു പറഞ്ഞു ‘ഞാനൊരു പാവം പെണ്ണാണെന്ന്. എന്ന നശിപ്പിക്കരുതെന്ന്.’ ആരും സഹായിച്ചില്ല. കരഞ്ഞു കരഞ്ഞ് കണ്ണീർ വറ്റിയ ആ പെൺകുട്ടി ഒരു മാംസപിണ്ഡം കണക്കെ തറയിൽ വിരിച്ചിട്ട പായയിൽ കിടന്നു. ആരെക്കെയോ വന്നു പോയ്‌ക്കൊണ്ടിരുന്നു. മുറിക്കു പുറത്ത് കണക്കു പറഞ്ഞ് പണം വാങ്ങുന്ന ഭർത്താവിന്റെ സ്വരം അവൾക്ക് അപരിചിതമായിത്തീർന്നു.
പൊന്നമ്മ ഗർഭിണിയായതോടെ അയ്യാൾ അവളെയുപേക്ഷിച്ചുപോയി. ഗർഭത്തിന്റെ ആലസ്യവും പട്ടിണിയും കൊണ്ട് വഴിയിൽ വീണുപോയ പൊന്നമ്മയെ ആരോ ആശുപത്രിയിലെത്തിച്ചു. അവൾ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. കുഞ്ഞ് ജനിച്ചതോടെ പൊന്നമ്മയുടെ മാനസികനിലയ്‌ക്കുതന്നെ തകരാർ സംഭവിച്ചതുപോലെ തോന്നി. അവൾക്ക് തന്റെ കുഞ്ഞിനെ ഓമനിക്കുവാൻ കഴിഞ്ഞില്ല. ആ മുഖത്തു നോക്കുവാൻ പോലും പൊന്നമ്മ ഭയന്നു. അച്ഛനാരാണെന്ന് ചൂണ്ടിക്കാണിക്കുവാനാളില്ലാതെ, അതിനുമപ്പുറം അതാരാണെന്നുപോലും സ്വയമറിയാതെ പോകുന്ന ഒരമ്മയുടെ വേദന എത്ര ഹൃദയഭേദകമായിരിക്കുമത്. കുഞ്ഞിനെ, ആരോ ഏതോ അനാഥാലയത്തിലെത്തിച്ചു. ആശുപത്രിവിട്ട് പൊന്നമ്മയിറങ്ങിയത് ഈ തെരുവിലേക്കാണ്. ഒരു തെരുവുവേശ്യയായി. ജീവിക്കുവാനുള്ള മോഹം കൊണ്ടായിരുന്നില്ലാ അത്, മരിക്കുവാനുള്ള ഭയംകൊണ്ട്.
“കടും നിറങ്ങളുള്ള ഒരുപാട് സ്വപ്‌നങ്ങളുണ്ടാവുക എന്നിട്ടും…., സ്വയം വെറുക്കുന്ന, ഈ ലോകം തന്നെ വെറുക്കുന്ന അഴുക്കുനിറഞ്ഞ ഒരു ഗർത്തത്തിലേയ്‌ക്ക് തള്ളിയിടപ്പെടുക. അതിൽ നിന്ന് പുറത്തുകടക്കാനാവാതെ കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റി. കൈകാലുകൾ കുഴഞ്ഞ് ആ അഴുക്കിലലിഞ്ഞു ചേരുക. ഒരായുസു മുഴുവൻ ഇങ്ങനെ…. ഹൊ. ചിന്തിക്കുവാൻ പോലും കഴിയുന്നില്ല!” ഉമേഷിന്റെ ശബ്‌ദം ഇടറിയതുപോലെ തോന്നി. അവശേഷിച്ച ഓരോ ഗ്ലാസ് ബിയർ ഞങ്ങൾ ഒറ്റ വലിയ്‌ക്ക് കുടിച്ചു തീർത്തു.
“ഉമേഷ്…. നിനക്കറിയുമോ, ഞാനവരെ ആദ്യം കണ്ടുമുട്ടിയ നാളുകളിൽ …. ഞാനൊരു യുവാവായിരുന്നെങ്കിൽ, അവരുടെ കഥ ഞാനറിഞ്ഞിരുന്നുവെങ്കിൽ…. ഈ ലോകം മുഴുവനെതിർത്താലും ഞാനാ കരംപിടിക്കുമായിരുന്നു. ആ കവിളുകളിൽ ചുംബിച്ച് നഷ്‌ടപ്പെട്ടുപോയ സ്വപ്‌നങ്ങളെ തിരിച്ചുപിടിക്കുമായിരുന്നു. ആ മുഖം നെഞ്ചോടുചേർത്തുവച്ച് മുടിയിഴകളിൽ തഴുകിയുറക്കുമായിരുന്നു. ഈ ലോകം അവളോടു ചെയ്‌ത ക്രൂരതയ്‌ക്ക് പ്രായശ്ചിത്തമായ് എന്നെത്തന്നെ ഞാനവൾക്കു നല്‌കുമായിരുന്നു.”
“ഈ ചിന്തകളെല്ലാം വിഡ്‌ഢിത്തമാണ് എനിക്കറിയാം. ഇന്നലെകളിൽ മാത്രമല്ല. ഇപ്പോഴും ഇവിടെ പൊന്നമ്മമാർ സൃഷ്‌ടിക്കപ്പെടുന്നുണ്ട്. പക്ഷെ ഞാനും നീയുമൊക്കെ നിസഹായരായ്, ഒന്നും കാണാതെ അഥവാ കണ്ടില്ലെന്ന് നടിച്ച് ജീവിക്കുകയാണ്.”
“ഇന്ന് സജിയേട്ടൻ ബിയർ കഴിച്ച് ഫിറ്റായി എന്നു തോന്നുന്നു?” ഉമേഷ് ചോദിച്ചു.
“ഫിറ്റായിട്ടല്ല ഞാനുൾപ്പെടുന്ന ഈ ലോകത്തോടുള്ള രോഷം മുറിവേറ്റു വീഴുന്ന സ്വപ്‌നങ്ങളുടെ ദീനരോദനങ്ങൾ കാതുകളിൽ വന്നലയ്‌ക്കുമ്പോൾ, ആ സങ്കടക്കടലിൽ മുങ്ങിത്താണുപോകുമ്പോഴുള്ള…! പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന. എനിക്കും അതാരോടെങ്കിലും ഒന്നു പങ്കുവയ്‌ക്കേണ്ടേ….?”
വീട്ടിലെത്തി കിടക്കയിലേയ്‌ക്ക് ചായുമ്പോഴും ക്ഷേത്രക്കുളത്തിന്റെ കല്‌പ്പടവിൽ ധ്യാനിച്ചു നിൽക്കുന്ന, ഈറനണിഞ്ഞ പൊന്നമ്മയുടെ രൂപം മനസിൽ നിറഞ്ഞു നില്‌ക്കുന്നു. അവൾ……. ഒരു സാലഭഞ്ജികയെപ്പോലെ……
Generated from archived content: story1_feb11_11.html Author: saji_vaikom