വിശുദ്ധ യൂദാസ്‌ സ്‌കറിയോത്ത

‘ഇതാ ഇവിടെ വരെ എല്ലാം നിശ്ചയിച്ചപ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. പ്രവചനങ്ങളെല്ലാം പിതാവായ ദൈവത്തിന്റെ വിധി തീർപ്പാക്കുന്നു. പ്രവാചകൻമാരുടെ നാവിലൂടെ അത്‌ പുറപ്പെടുന്നുവെന്നു മാത്രം. പെസഹ ഒരുക്കേണ്ട ഈ മാളിക മുറിയെക്കുറിച്ചു പോലും അവൻ പറഞ്ഞുവച്ചിരുന്നു. പട്ടണവഴിയിലൂടെ വെള്ളം കുടവുമായി പോകുന്ന ഒരുവൻ, അവൻ പ്രവേശിക്കുന്ന ഭവനം…. പത്രോസിനും യോഹന്നാനും ഗൃഹനാഥനോട്‌ ആവശ്യപ്പെടുകയേ വേണ്ടിയിരുന്നുള്ളു. സജീകൃതമായ ഈ മുറി……ഇതു പോലും മുൻകൂട്ടി ഒരുക്കപ്പെട്ടിരുന്നു.’

മറ്റ്‌ പതിനൊന്നു പേരോടുമൊപ്പം യേശുവിന്‌ പെസഹാ ഒരുക്കുമ്പോൾ, യൂദാസ്‌ സ്‌കറിയോത്തയുടെ ഹൃദയം അതിദ്രുതം മിടിക്കുന്നുണ്ടായിരുന്നു.

‘ഇത്‌ എന്റെ ഗുരുവിനോടൊപ്പമുള്ള അവസാനത്തെ അത്താഴമാണ്‌. ഈ രാത്രി കൊഴിഞ്ഞുവീഴും മുൻപേ അത്‌ സംഭവിക്കേണ്ടിയിരിക്കുന്നു. അല്ല സംഭവിക്കും. തന്റെ ജന്മദൗത്യം എന്താണോ അത്‌ നിർവ്വഹിക്കപ്പെടുന്നതിന്‌ സമയമായിരിക്കുന്നു. തന്റെ ജീവിതം സഫലമാകാൻ പോകുന്നു.

എല്ലാം പിതാവായ ദൈവത്തിന്റെ ആജ്ഞകൾ മാത്രമെന്ന്‌ ആശ്വസിക്കുമ്പോഴും യൂദാസിന്റെ ഹൃദയം വിങ്ങുകയായിരുന്നു. ’ഗുരുവായ യേശുവിനോടും പതിനൊന്നു സഹചരൻമാരോടും ഇന്നലെവരെ ഒന്നും ഒളിച്ചുവച്ചിട്ടില്ല. അതിനാകുമായിരുന്നില്ല. പക്ഷെ ഇന്ന്‌ ആരുമറിയാതെ താൻ സിനഗോഗിൽ പോയി. നെറികെട്ട ആ പുരോഹിത വർഗ്ഗത്തിനുമുന്നിൽ തലകുനിച്ചു നിന്നു. ഗുരുവിനെ ഒറ്റിക്കൊടുക്കുന്നതിന്‌ വിലനിശ്ചയിച്ചു. വിഡ്‌ഢികൾ തനിക്കു നിശ്ചയിച്ച പ്രതിഫലം, മുപ്പത്‌ വെള്ളിനാണയങ്ങൾ‘

നിറഞ്ഞ മിഴികൾ തുളുമ്പാതിരിക്കാൻ അയാൾ പണിപ്പെട്ടു. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തിറങ്ങി നടന്നു. തനിക്കു ചുറ്റും ആരുമില്ലെന്ന്‌ ഉറപ്പുവരുത്തിയ യൂദാസ്‌ പൊട്ടിക്കരഞ്ഞു. ഉറക്കെയുറക്കെ…. ഒടുവിൽ ഇരു കൈകളും മേലോട്ടുയർത്തി. ആകാശത്തിലേയ്‌ക്ക്‌ കണ്ണുകൾ പായിച്ച്‌ അയാൾ ദൈവത്തോടു ചോദിച്ചു.

“പിതാവായ ദൈവമേ….. എന്തുകൊണ്ട്‌ ഈ ദൗത്യം നീ എന്നെ ഏല്‌പിച്ചു. മുപ്പത്‌ വെള്ളിക്കാശിനുവേണ്ടി എന്റെ ഗുരുനാഥനെ ഒറ്റുകൊടുക്കുവാൻ നീ എന്നെത്തന്നെ ചുമതലപ്പെടുത്തിയതെന്ത്‌. ഇതാ…. ഇപ്പോൾ എന്റെ നാഥനു മുന്നിൽ….. എന്റെ സഹചരർക്കുമുന്നിൽ ഒരു കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കനായിരിക്കുവാൻ എനിക്കു കഴിയുന്നില്ല. ഞാൻ നിന്റെ ആജ്ഞകളെ ധിക്കരിക്കുകയില്ല. പക്ഷെ എന്റെ ഹൃദയം നുറുങ്ങിപ്പോകുന്നു. ഇനിയൊരു സൂര്യോദയം കാണുവാൻ പോലും കഴിയുമോയെന്ന്‌ ഞാൻ ഭയപ്പെടുന്നു.”

യൂദാസിന്റെ രോദനം മലനിരകളിൽത്തട്ടി പ്രതിധ്വനിച്ചു. അത്‌ അങ്ങ്‌ ആകാശം വരെയെത്തി. അവിടെ മേഘങ്ങൾ ഉരുണ്ട്‌ കൂടി, നക്ഷത്രങ്ങൾ മറഞ്ഞു. മേഘങ്ങളിൽ നിന്നും ഒരു മിന്നൽപ്പിണർ ഭൂമിയിലേക്കിറങ്ങിവന്നു. അതിന്റെ ഗർജ്ജനം ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. മേഘങ്ങളുടെയിടയിൽ നിന്നും ദൈവത്തിന്റെ ശബ്‌ദം യൂദാസിനെത്തേടിയെത്തി.

“യൂദാസ്‌, നീയറിയുക, എന്റെ അനുവാദമില്ലാതെ ഒരിലപോലും കൊഴിയുകയില്ലെന്ന്‌. ഞാൻ ഇഛിക്കുന്നതെന്തോ അത്‌ നിവർത്തിക്കുവാൻ മാത്രമേ നിനക്ക്‌ കഴിയൂ. നീ തിരിച്ചു പോകുക. ഞാൻ നിന്നെ നയിക്കുന്നതായിരിക്കും.”

ഒരു നിമിഷം കൊണ്ട്‌ എല്ലാം പഴയതുപോലെയായിത്തീർന്നു. യൂദാസ്‌ സമാധാനത്തോടെ തന്റെ സഹചരന്മാർക്കൊപ്പം ചേർന്നു.

തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കൊപ്പം യേശു ഭക്ഷണത്തിനിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവൻ തന്റെ ശിഷ്യന്മാരോടായ്‌ പറഞ്ഞു.

“സത്യമായ്‌ ഞാൻ നിങ്ങളോട്‌ പറയുന്നു. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രൻ എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാൽ മനുഷ്യപുത്രനെ ആര്‌ ഒറ്റിക്കൊടുക്കുന്നുവോ അവന്‌ ദുരിതം. ജനിക്കാതിരുന്നവെങ്കിൽ അവനു നന്നായിരുന്നു.”

ആ വാക്കുകൾ കേട്ട യൂദാസ്‌ ഞെട്ടി, ആ ശബ്‌ദം യേശുവിന്റേതു തന്നെയോ എന്നയാൾ സംശയിച്ചു.

“തന്റെ മുന്നിലിരിക്കുന്നത്‌ ദൈവപുത്രനായ യേശുതന്നെയോ? നാളയെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ഒന്നുംതന്നെ അറിവില്ലെന്നാണോ? മറിയത്തിന്റെ ഗർഭത്തിൽ അങ്കുരിച്ച നാൾ തന്നെ ആ മരണവും എഴുതപ്പെട്ടതല്ലേ. അത്‌ നീ തന്നെ പറഞ്ഞിരുന്നു. ഒന്നല്ല, മൂന്നുതവണ കേസറിയാഫിലിപ്പിൽ വച്ച്‌, ഗലീലിയോയിൽ വച്ച്‌, ജറുസലേമിലേയ്‌ക്കുള്ള മാർഗ്ഗമദ്ധ്യേ. ശ്രേഷ്‌ഠന്മാരിൽ നിന്നും നിയമജ്ഞരിൽ നിന്നും ക്ലേശങ്ങൾ സഹിക്കേണ്ടിവരുമെന്ന്‌, വധിക്കപ്പെടുമെന്ന്‌, മൂന്നാം നാൾ ഉയിർത്തെഴുനേല്‌ക്കുമെന്ന്‌, എന്നിട്ടിപ്പോൾ….’

യൂദാസ്‌ യേശുവിന്റെ മുഖത്തേയ്‌ക്ക്‌ സൂക്ഷിച്ചുനോക്കി. ആ മുഖത്ത്‌ ദുഃഖം തളം കെട്ടി നില്‌ക്കുന്നു. മരണഭയം കൂടുകെട്ടിയതുപോലെ.

‘പിതാവേ എന്റെ മുന്നിൽ ഒരു ഭീരുവിനെപ്പോലെയിരിക്കുന്നവൻ യേശുതന്നെയോ. അന്ത്യനാളുകളെക്കുറിച്ച്‌ കേസറിയാഫിലിപ്പിൽ വച്ച്‌ പറഞ്ഞ വാക്കുകൾ….. അതുകേട്ട്‌ ദുഖിതനായ പത്രോസ്‌, അങ്ങനെ സംഭവിക്കുവാൻ പാടില്ലെന്ന്‌ തേങ്ങിയപ്പോൾ അവനെ ശപിച്ചത്‌ ഈ യേശു തന്നെയോ? എത്ര ശക്തയായിരുന്നു ആ വാക്കുകൾക്ക്‌. ഒടുവിൽ ബഥാനിയായിൽ ശിമയോന്റെ ഭവനത്തിൽ വച്ച്‌ ആ സ്‌ത്രീ അവന്റെ ശിരസിൽ തൈലം അഭിഷേകം ചെയ്‌തപ്പോൾ ഇതെന്റെ സംസ്‌ക്കാരത്തിന്റെ ഒരുക്കമാണെന്ന്‌ എത്ര ശാന്തനായാണ്‌ പറഞ്ഞത്‌. എന്നിട്ടിപ്പോൾ….

യൂദാസ്‌ ആകെ അസ്വസ്‌ഥനായ്‌, എങ്ങനെയാണ്‌ ശരിതെറ്റുകൾ നിർവചിക്കുക. പിതാവായ ദൈവത്തിന്റെ തീരുമാനങ്ങളിൽ നിന്നും എനിക്ക്‌ മാറി നിൽക്കാനാവില്ല. ഇപ്പോൾ യേശുവിന്‌ ഗുരുതരമായതെന്തോ സംഭവിച്ചിരിക്കുന്നു. മരണഭയം പിതാവിനോടുള്ള വിശ്വസ്‌തതയ്‌ക്ക്‌ ഇളക്കം തട്ടിച്ചിരിക്കുമോ, അതോ ഉയിർത്തെഴുനേല്‌പ്പിനെക്കുറിച്ചുള്ള സങ്കോചം? തന്റെ ദൗത്യമെന്തെന്ന്‌ അദ്ദേഹം മറന്നുവോ?’

യൂദാസിന്റെ മനസിൽ നൂറുനൂറായിരം ചോദ്യങ്ങൾ ഉയർന്നു. പക്ഷെ, ഒന്നിനുമാത്രം അയാൾ ഉത്തരം കണ്ടെത്തി. ‘ദൈവപുത്രൻ മരണഭയത്തിന്‌ അടിമപ്പെട്ടിരിക്കുന്നു.’

ഗത്സമേനിയിൽ വച്ചു കണ്ട കാഴ്‌ച യൂദാസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു. അവിടെ പത്രോസിനും സെബദിയുടെ പുത്രൻമാർക്കുമൊപ്പം മരണഭയം കൊണ്ട്‌ വിലപിക്കുകയായിരുന്നു, യേശു. അയാൾ ഒരിക്കലും കാണുവാൻ ആഗ്രഹിക്കാത്ത കാഴ്‌ചയായിരുന്നു അത്‌.

‘ദൈവപുത്രൻ വെറുമൊരു മനുഷ്യനെപ്പോലെ തേങ്ങുന്നു. ഈ പാനപാത്രം എന്നിൽ നിന്നകറ്റേണമേയെന്ന്‌ പിതാവിനോടപേക്ഷിക്കുന്നു. ഒന്നല്ല. മൂന്ന്‌ തവണ അതെ. അദ്ദേഹം മൂഡൻമാരായ മനുഷ്യരെപ്പോലെ ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ…. തനിക്കതിനാവുമോ….. ഇല്ല. ആവില്ല. പിതാവിന്റെ ആജ്ഞയെ ധിക്കരിക്കുവാൻ തനിക്ക്‌ കഴിയില്ല. എന്റെ കടമ ഞാൻ നിറവേറ്റും. അതിന്‌ പ്രതിഫലമായ്‌ ജീവൻ കൊടുക്കേണ്ടിവന്നാലും ഒരു ഭീരുവാകുവാൻ എനിക്ക്‌ കഴിയില്ല.’

യൂദാസ്‌ ഒഴികെ ക്രിസ്‌തുവിന്റെ ശിഷ്യൻമാർ എല്ലാം മറന്നുറങ്ങിത്തുടങ്ങിയിരുന്നു. യേശുവിന്റെ അന്ത്യനാളുകളെക്കുറിച്ച്‌ അവർ ബോധവാൻമാരല്ലെന്നുണ്ടോ?

കർത്താവിന്റെ കല്‌പന നടപ്പിലാക്കേണ്ടതിലേക്കായി സിനഗോഗിലേയ്‌ക്ക്‌ നടക്കുമ്പോൾ യേശുവിന്റെ സ്വരം പിന്നിൽ നിന്നയാൾ കേട്ടു. ഉറങ്ങിക്കിടക്കുന്ന ശിഷ്യൻമാരോട്‌ അദ്ദേഹം പറയുന്നുണ്ടായിരുന്നു.

”നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ സമയം അടുത്തെത്തിയിരിക്കുന്നു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്‌പിക്കപ്പെടും. എഴുനേല്‌ക്കുവിൻ നമുക്ക്‌ പോകാം.“

യൂദാസ്‌ വളരെ വേഗം നടന്നു.

‘പിതാവിന്റെ തീരുമാനങ്ങൾ നടപ്പിലാക്കിയേ മതിയാകൂ. യേശു ഇവിടെ നിന്നും പാലായനം ചെയ്യുന്നതിനു മുന്നേ തന്റെ ദൗത്യം പൂർത്തീകരിക്കപ്പെടേണ്ടിയിരിക്കുന്നു.’

യേശു ശിഷ്യൻമാരെ വിളിച്ചുണർത്തുന്നതിനിടയിൽ പ്രധാനപുരോഹിതൻമാരുടെ ഭടൻമാരുമായി യൂദാസ്‌ തിരിച്ചെത്തിയിരുന്നു. അവൻ യേശുവിന്റെ അടുത്തു ചെന്ന്‌ ആ കൈകളിൽ മുത്തിക്കൊണ്ട്‌ പറഞ്ഞു.

”ഗുരോ സ്വസ്‌തി“.

അത്‌ ഭടൻമാരെ സംബന്ധിച്ചിടത്തോളം യേശുവിനെ തിരിച്ചറിയുന്ന അടയാളമായിരുന്നുവെങ്കിൽ, നിന്റെ പിതാവായ ദൈവം എന്നെയേല്‌പിച്ച ദൗത്യം ഞാനിതാ പൂർത്തിയാക്കിയിരിക്കുന്നു എന്ന്‌ യേശുവിനോട്‌ പറയാതെ പറയുകയായിരുന്നു യൂദാസ്‌ സ്‌കറിയോത്ത.

യേശുവുമായി കയ്യഫാസിന്റെ അടുക്കലേയ്‌ക്ക്‌ പോകുന്നതിനു മുൻപ്‌ പ്രതിഫലമായി മുപ്പതുവെള്ളിനാണയങ്ങൾ നല്‌കുവാൻ പുരോഹിതന്റെ ദൂതൻ മറന്നില്ല. യൂദാസിന്‌ ഉറക്കെയുറക്കെച്ചിരിക്കുവാനാണ്‌ തോന്നിയത്‌.

‘മുപ്പത്‌ വെള്ളിനാണയങ്ങൾ. ഇത്‌ തനിക്ക്‌ മുപ്പത്‌ പാറക്കഷണങ്ങൾക്ക്‌ തുല്ല്യമാണ്‌. എക്കാലവും എന്തും വിലകൊടുത്തുവാങ്ങാമെന്ന്‌ വ്യാമോഹിക്കുന്ന പുരോഹിതപ്പരിഷകളെ, എനിക്കുള്ളത്‌ ഞാൻ നേടിയിരിക്കുന്നു. ഭൂമിയിലല്ല. സ്വർഗ്ഗത്തിൽ. സ്വർഗ്ഗസ്‌ഥനായ നാഥനിൽ നിന്ന്‌….’

യൂദാസ്‌ ആ വെള്ളിനാണയങ്ങളുമായി ദേവാലയത്തിലെത്തി. അത്‌ പുരോഹിതന്റെ കൈകളിലേല്‌പ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു.

”ഇത്‌ ഒറ്റുകാരന്‌ കിട്ടിയ പ്രതിഫലമാകുന്നു. എന്നാൽ അതും പിതാവായ ദൈവത്തിന്റെ തീരുമാനമായിരുന്നു. അതുകൊണ്ട്‌ ഈ വെള്ളിക്കാശുകൾക്കും വിലയുണ്ടാകാതിരിക്കാൻ നിവൃത്തിയില്ല. ജറെമിയാ പ്രവാചകന്റെ അരുളപ്പാട്‌ സത്യമാകേണ്ടതിലേയക്ക്‌ നിങ്ങൾ ഇത്‌ സ്വീകരിക്കുക. ഇതിനാൽ കുശവന്റെ പറമ്പുവാങ്ങി ശ്‌മശാനത്തിനായ്‌ നല്‌കുക. അത്‌ എന്നും രക്തത്തിന്റെ പറമ്പ്‌ എന്നറിയപ്പെടുകയും ചെയ്യും.“

യൂദാസ്‌ ആകാശത്തിലേയ്‌ക്ക്‌ നോക്കി. അവിടെ നക്ഷത്രങ്ങളുണ്ടായിരുന്നില്ല. അതുപോലെ തന്നെയാണ്‌ ഇപ്പോൾ തന്റെ ഹൃദയമെന്നും യൂദാസിനു തോന്നി.

‘തന്റെ ജന്‌മോദ്ദേശ്യം പൂർത്തിയായിരിക്കുന്നു. മനുഷ്യപുത്രൻ ക്രൂശിക്കപ്പെടേണ്ടതിലേയ്‌ക്കും ഉയിർത്തെഴുനേല്‌ക്കണ്ടതിലേക്കുമുള്ള തന്റെ ഭാഗം പൂർത്തികരിക്കപ്പെട്ടിരിക്കുന്നു. ഇനിയെന്താണ്‌ നാളെ…..?

ആ ചിന്ത അയാളെ ഉലച്ചു. ’പിതാവിന്റെ ആജ്ഞ താൻ നിറവേറ്റിയിരിക്കുന്നു. പക്ഷേ തന്റെ സുഹൃത്തുക്കൾ, യേശുവിന്റെ ശിഷ്യന്മാർ തന്നെക്കുറിച്ച്‌ ഈ ലോകത്തോട്‌ എന്താവും പറയുക. താൻ വെറുമൊരു ഒറ്റുകാരൻ മാത്രമായിത്തീരുമോ? മുപ്പതു വെള്ളിക്കാശിനുവേണ്ടി ദൈവപുത്രനെ ഒറ്റിക്കൊടുത്തവൻ എന്നാവുമോ ഞാൻ അറിയപ്പെടുക?‘

യൂദാസിന്റെ ചിന്തകൾക്ക്‌ തീ പിടിച്ചു. ഹൃദയത്തിൽ ആയിരമായിരം വിഷസർപ്പങ്ങൾ ഇഴയുന്നതുപോലെ അയാൾക്കു തോന്നി. യേശുവിന്റെ വാക്കുകൾ യൂദാസിന്റെ ചെവികളിൽ മാറ്റൊലികൊണ്ടു.

’എല്ലാം സംഭവിച്ചിരിക്കുന്നു. അതെ. അതങ്ങനെതന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഞാൻ ഒറ്റുകാരനായിരിക്കുന്നു. ലോകം എന്നും തന്നെ ഒറ്റുകാരനായ്‌തന്നെ ഇകഴ്‌ത്തും. ഇനി… ഇനിയെന്താണൊരു പോംവഴി?

യൂദാസിന്റെ അന്തരംഗം മറ്റൊന്നുകുടിപ്പറഞ്ഞു.

‘ഒറ്റുകാരനെന്ന്‌ വിളിക്കപ്പെട്ടാൽ പോലും എന്ത്‌? ഞാനറിയുന്നു ഞാൻ ഒറ്റുകാരനല്ല. ലോകത്തിന്റെ പാപങ്ങളേറ്റുവാങ്ങി ക്രൂശിക്കപ്പെടുവാനുള്ള യേശുവിന്റെ നിയോഗത്തിന്‌ ഭാഗമാകാൻ ജനിച്ചവൻ. പിതാവായ ദൈവത്തിന്റെ വിശ്വസ്‌തനായ ദാസൻ’.

അങ്ങനെ ആശ്വസിക്കുകയായിരുന്നു യൂദാസ്‌. സമാധാനത്തിന്റെ ആ വാക്കുകൾ തന്റെ ഹൃദയത്തെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട്‌ അയാൾ സിനഗോഗിലേയ്‌ക്ക്‌ നടന്നു. എന്നാൽ ഒരശനിപാതം പോലെ ഗോൽഗാഥയിൽ നിന്നും യേശുവിന്റെ നിലവിളി യൂദാസിന്റെ ചെവികളിൽ പതിച്ചു.

”എന്റെ ദൈമേ….. എന്റെ ദൈവമേ…. എന്തുകൊണ്ട്‌ നീ എന്നെ ഉപേക്ഷിച്ചു.“

ആ കരച്ചിൽ കരളലിയിക്കുന്നതായിരുന്നു.

യുദാസിന്റെ ഹൃദയത്തിൽ കാർമേഘങ്ങളുരുണ്ട്‌ കൂടി. മിന്നൽപ്പിണരുകളുണ്ടായി. ഇടിമുഴക്കങ്ങളുണ്ടായി.

‘എല്ലാമുപേക്ഷിച്ച്‌, എല്ലാവരേയുമുപേക്ഷിച്ച്‌ ഗുരുവിനൊപ്പം ഇറങ്ങിത്തിരിച്ചവനാണ്‌ ഞാൻ അവന്റെ കാരുണ്യവും ദയാവായ്‌പും കണ്ടറിഞ്ഞവനാണ്‌ ഞാൻ. അവന്റെ വജനങ്ങൾ ദൈവത്തിന്റെ വചനങ്ങളാണെന്ന്‌ ഹൃദയത്തിൽ കോറിയിട്ടവനാണ്‌ ഞാൻ. എനിക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നുവോ? യേശു നിലവിളിച്ചുകൊണ്ട്‌ ജീവൻ വെടിഞ്ഞിരിക്കുന്നു. സ്വയം പ്രവചിച്ച മരണത്തെ മുഖാമുഖം കണ്ടപ്പോൾ അവൻ തളർന്നുവെന്നാണോ? അതോ ആ പ്രവചനങ്ങൾ സഫലമാകുവാൻ താൻ ചെയ്‌തത്‌ കൊടിയ അപരാധമാണെന്നാണോ? പിതാവായ ദൈവമേ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ എനിക്കറിയുവാൻ കഴിയുന്നില്ലല്ലോ? എന്താണ്‌ ചെയ്യേണ്ടതെന്നും എനിക്കറിയില്ല. നീ സ്വർഗ്ഗസ്‌ഥനായ ദൈവമേ നീയെന്നെ നയിച്ചാലും.”

ഒരു ഭ്രാന്തനെപ്പോലെ യൂദാസ്‌ അങ്ങുമിങ്ങും ഓടിനടന്നു. മണ്ണിൽക്കിടന്നുരുണ്ടു. യേശുവിന്റെ ആ നിലവിളി……

“ദൈവമേ….. ദൈവമേ….. എന്തുകൊണ്ട്‌ നീ എന്നെ ഉപേക്ഷിച്ചു.”

അത്‌ യൂദാസിന്റെ ഹൃദയത്തിൽ പുതിയൊരു സമസ്യയായി. ഉത്തരങ്ങളില്ലാത്ത ഒരുപാട്‌ ചോദ്യങ്ങൾ അയാൾ വായുവിലേക്ക്‌ തുപ്പി. ഭ്രാന്തനെപ്പോലെ.

ഇല്ല. ഇനിയും എനിക്കിങ്ങനെ തുടരാനാവില്ല. അത്‌ എന്തായാലും സംഭവിച്ചിരിക്കുന്നു. അതെ യേശു മരിച്ചിരിക്കുന്നു. തന്റെ ദൗത്യം ഭൂമിയിൽ നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. ഇനി ഗുരുവിനൊപ്പം ആ കാലടികളെ പിന്തുടർന്ന്‌…. പിതാവിന്റെ സന്നിധിയിൽ….

യൂദാസിന്റെ കണ്ണുകൾ തിളങ്ങി. അയാൾക്കുമുന്നിൽ അനന്തമായ ശൂന്യത പ്രത്യക്ഷപ്പെട്ടു. ആകാശവും ഭൂമിയും മറഞ്ഞുപോയി.

“ഈ ശൂന്യതയിൽ ഇനി…..?

ഒരു മുഴം കയറിൽ മരണത്തെ വരിക്കുമ്പോൾ യൂദാസ്‌ കരഞ്ഞില്ല. ഭൂമിയിൽ ഒരിലകൊഴിയുന്നതുപോലും സ്വർഗ്ഗസ്‌ഥനായ പിതാവിന്റെ ഇഛയാലാണെന്ന്‌ അയാൾക്കറിയാമായിരുന്നു. ആ ശരീരത്തിൽ നിന്നും പ്രാണൻ പറന്നകലും മുൻപ്‌ രണ്ടുവാക്കുകൾ മാത്രം അവ്യക്തമായ്‌ പറുത്തുവന്നു.

”ദൈവത്തിനു സ്‌തുതി“

Generated from archived content: essay1_apr1_10.html Author: saji_vaikom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English