പട്ടിണിയോടും രോഗങ്ങളോടും പടവെട്ടി സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കഴിയേണ്ടിവരുന്ന പാവങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിലെ പണക്കാർ സ്വിസ് ബാങ്കിൽ എഴുപതുലക്ഷം കോടി രൂപ പൂഴ്‌ത്തി വച്ചിട്ടുണ്ടെന്നു നമുക്കു വിശ്വസിക്കാനാകുമോ. ഇതു കലികാലമാണെന്നും മനുഷ്യരുടെ മനസ്സിന്റെ നന്മ വറ്റിക്കൊണ്ടിരിക്കുകയാണെന്നും ആളുകൾ പറയാറുണ്ട്. എന്നാൽ നരകയാതന അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന നല്ലയാളുകൾ പലരും നമ്മുടെയിടയിലുണ്ട്. തങ്ങൾക്കു കിട്ടുന്ന തുച്‌ച്ഛമായ ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ച് ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന പല ആളുകളും ഉണ്ട്. ഇന്റർനെറ്റ് മുഖേനയും ഒട്ടേറെ സന്നദ്ധ സംഘടനകൾ സേവനം നടത്തുന്നു. എന്നാൽ ചാരിറ്റിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന ചില വ്യാജൻമാരും ഇന്റർനെറ്റിൽ ഉണ്ടെന്നുള്ളതിനു തർക്കമില്ല. അവരുടെ വെബ് സൈറ്റുകളിലുള്ള കരളലിയിപ്പിക്കുന്ന കഥകൾ കേട്ട് അവർ പറയുന്ന അക്കൗണ്ട് നമ്പറിൽ പൈസ അയച്ചുകൊടുക്കുമ്പോൾ അത് വ്യാജൻമാരുടെ കീശയിലേക്കാണോ പോകുന്നത് എന്ന് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.
അബുദാബിയിൽ ജോലി ചെയ്യുന്ന ഞാൻ, ഇവിടെ പല ആളുകളും ചാരിറ്റിക്കു വേണ്ടി പൈസ അയക്കാൻ മടിക്കുന്നതിന്റെ കാരണം തങ്ങൾ കബളിപ്പിക്കപ്പെട്ടാലോ എന്നുള്ള സംശയം കൊണ്ടാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. പലപ്പോഴും, മാധ്യമങ്ങളിൽ വരുന്ന റിക്വസ്‌റ്റുകൾ ഏതെങ്കിലും ഒരു രോഗിക്കുവേണ്ടി ഏതാനും ലക്ഷങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾക്കായി പണം കൊടുക്കുന്നവർ ആളെ നേരിട്ടു കണ്ടുതന്നെ പൈസ കൊടുക്കുന്നതാണ് ഉചിതം.
ഇന്റർനെറ്റ് സൗകര്യം ഇത്രയും ഉള്ള ഈ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം, ഒരു നെറ്റവർക്ക് ആയി, കൂട്ടായ മോണിട്ടറിങ്ങ് സംവിധാനത്തോടെ, യഥാർഥമായി സഹായം അർഹിക്കുന്നവരെ കണ്ടെത്തുന്ന ഒരു സംവിധാനത്തിന്റെ പ്രാധാന്യം ഏറെയാണ്. മുടക്കുന്ന പണം, അത് അർഹിക്കുന്നവരുടെ കൈയിൽത്തന്നെ എത്തും എന്ന് ഉറപ്പുണ്ടെങ്കിൽ പൈസ നല്‌കാൻ തയ്യാറുള്ള വളരെയധികം ആളുകൾ നമ്മുടെയിടയിൽ ഉണ്ട് എന്ന് നിസ്സംശയം പറയാം. അങ്ങനെയുള്ളവരുടെ സഹായഹസ്‌തം പ്രയോജനപ്പെടുത്തണമെങ്കിൽ, ശക്തമായ ഒരു നെറ്റവർക്കിങ്ങ് സംവിധാനം തന്നെ ആവശ്യമുണ്ട്. ഒരാൾ റെക്കമെന്റ് ചെയ്യുന്ന കേസുകൾ വ്യാജമല്ല എന്നുറപ്പുവരുത്താൻ മറ്റ് അംഗങ്ങൾ നേരിട്ട് പോയി സന്ദർശിച്ച് അപ്രൂവ് ചെയ്യുന്ന ഒരു സംവിധാനം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അനവധി ആളുകൾ അംഗങ്ങളായി ഉണ്ടെങ്കിൽ ഓരോ കേസുകളും പല ആളുകൾ വേരിഫൈ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നരകയാതന അനുഭവിക്കുന്ന പാവങ്ങളെ ആവുംവിധം സഹായിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. ഇതു വായിക്കുന്ന എല്ലാവരുടേയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
Generated from archived content: essay1_nov16_09.html Author: saji_madathipparambil