മിന്നാമിനുങ്ങുകൾ

ട്രെയിനിന്റെ ചൂളം വിളി കേട്ട്‌ സുനന്ദ ഞെട്ടി ഉണർന്നു. താനെവിടെയാണെന്നും ചുറ്റുമെന്താണെന്നും ഓർത്തെടുക്കാൻ അവൾ കണ്ണു തിരുമ്മി നാലു പുറവും നോക്കി. പാടവരമ്പത്ത്‌ ഞണ്ടിനെ നോക്കിയിരുന്ന കുട്ടികളൊക്കെ പൊയ്‌ക്കഴിഞ്ഞിരിക്കുന്നു. ഉമ്മറപ്പടിയിൽ കാലു കൂട്ടിവെച്ച്‌ തല ചായ്‌ച്‌ പാടവരമ്പിലൂടെ നടക്കുന്നവരെയും, അവിടെ ഞണ്ടിനെ പിടിക്കാൻ ശബ്‌ദമുണ്ടാക്കാതെ ക്ഷമയോടെ നോക്കിയിരുന്ന കുട്ടികളേയുമൊക്കെ നോക്കി നോക്കി അവൾ മയങ്ങിപ്പോയതായിരുന്നു. ഉച്ചക്കുള്ള ഗുളിക കഴിച്ച്‌ കഴിഞ്ഞാൽ എന്നുമുള്ളതാണീ മയക്കം. സ്‌കൂളിൽ പോക്ക്‌ മുടങ്ങിയതോടെ ഉമ്മറപ്പടിയിൽ കാഴ്‌ചകണ്ടിരിക്കാൻ സുനന്ദക്ക്‌ വലിയ ഇഷ്‌ടമാണ്‌.

പാടവരമ്പത്തെ തെങ്ങിൻ ചുവട്ടിൽ സൈക്കിൾ നിർത്തി ചെത്തുകാരൻ സുകു ഒരു കുരങ്ങച്ചാരുടെ പ്രാഗത്ഭല്ല്യത്തോടെ തെങ്ങിൽ കയറി മുകളിലേക്ക്‌ പോകുന്നത്‌ കൗതുകത്തോടെ അവൾ നോക്കിയിരുന്നു. അലങ്കാര പണികൾ ചെയ്‌ത സൈക്കിളും, അരയിൽ ചുറ്റിക്കെട്ടിയ നീലത്തുണിയും, പിറകിലായി തൂക്കിയ പണിയായുധങ്ങളും എപ്പൊ കണ്ടാലും സുനന്ദക്ക്‌ കൗതുകമാണ്‌.

“ചേച്ചി പട്ടം പറത്താൻ വരുന്നോ?” അനന്തൻ പിറകിലൂടെ വന്ന്‌ മുന്നിലേക്ക്‌ ചാടിയപ്പോൾ അവളൊന്നമ്പരന്നു.

“അവളൊന്നും വരണില്ല, പൊക്കോ ചെക്കാ നീയവിടന്ന്‌”

അകത്തുനിന്നും അമ്മയാണ്‌ സുനന്ദക്കു പകരം മറുപടി പറഞ്ഞത്‌. അതു കേട്ടപാതി കേൾക്കാത്തപാതി കൈയിലെ വർണ്ണക്കടലാസൊട്ടിച്ച പട്ടത്തിന്റെ ഭംഗി നോക്കി രസിച്ച്‌ അനന്തൻ മുറ്റമിറങ്ങിക്കഴിഞ്ഞിരുന്നു. സുനന്ദ വീണ്ടും കൂട്ടിവെച്ച കാൽമുട്ടിൽ മുഖം ചെരിച്ച്‌ വെച്ച്‌ ഉമ്മറപ്പടിക്കു കീഴെ കുഴിയാന കുത്തിയ കുഴികളിൽ കണ്ണും നട്ടിരുന്നു. അമ്മ അനന്തനെ ചീത്ത പറഞ്ഞാലും അവനോട്‌ വലിയ സ്‌നേഹം തന്നെയാണ്‌ – അവൾടെ മനസ്സ്‌ മന്ത്രിച്ചു. അനന്തൻ സ്‌കൂളിൽ പോകുന്നുണ്ട്‌, നന്നായി പഠിക്കുന്നുണ്ട്‌. അതുപോലെ അല്ലല്ലോ അവൾ – അവൾ സുഖമില്ലാത്ത കുട്ടി. ചികിത്‌സകൾ പലതും ചെയ്‌തിട്ടും ഭേദാകാത്ത അവളെ ഒരു പ്രാരാബ്‌ദമായി അമ്മ കണ്ട്‌ തുടങ്ങിയതിൽ എന്താണ്‌ കുറ്റം പറയാനുള്ളത്‌.

എന്നാണ്‌ അവൾക്ക്‌ സുഖമില്ലാതായത്‌? എങ്ങനെയാണ്‌ അതൊക്കെ ഉണ്ടായത്‌? ഒരിക്കൽ കൂടി അതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു സുനന്ദ. സ്‌കൂളിൽ പോയിരുന്ന നല്ല കാലം. അനന്തന്റെ കൂടെ പാടത്തിന്നക്കരെയുള്ള സ്‌കൂളിലേക്ക്‌ പോകുമ്പോൾ അമ്മയുമച്ഛനും ഉമ്മറപ്പടിയിൽ നോക്കി നിൽക്കും. ദൂരെ എത്തിയാലും ഇടക്കിടെ തിരിഞ്ഞു നിന്ന്‌ സുനന്ദ കൈവീശും. ഒരു മഴക്കാലത്ത്‌ തോട്ടിൽ അനന്തന്റെ കുട വീണൊഴുകിപോയതും, പകരം തന്റെ പുള്ളിക്കുട അനന്തനു കൊടുത്തതും, മഴ നനഞ്ഞ്‌ വീട്ടിലെത്തിയപ്പോൾ വഴക്ക്‌ കേട്ടതും, അന്ന്‌ രാത്രി തൊട്ട്‌ പനി തുടങ്ങിയതുമൊക്കെ അവളോർത്തു. വൈദ്യരുടെ മരുന്നുകൾക്ക്‌ പനി കുറയ്‌ക്കാനാകാഞ്ഞപ്പോൾ സ്‌കൂളിലെ ശ്രീധരൻ മാഷാണ്‌ ഹെൽത്ത്‌ സെന്ററിലെ ഡോക്‌ടറെ കൂട്ടി വന്നത്‌. വായിൽ കുഴൽ വെച്ചും, നെഞ്ചിൽ വേറൊരു കുഴൽ വെച്ചുമൊക്കെ ഡോക്‌ടർ ഏറെ നോക്കിയെങ്കിലും പനി കുറക്കാനായില്ല. നെറ്റിയിൽ ഒട്ടിക്കിടക്കുന്ന നനഞ്ഞ തുണിയുടെ തണുപ്പറിയാതെ, കമ്പിളിക്കടിയിൽ മലർന്ന്‌ കിടക്കുമ്പോൾ കറങ്ങാത്ത ഫാൻ കറങ്ങുന്നതായും അതിന്റെ ചിറകുകളിൽ നിന്നും ഒരായിരം മിന്നാമിനുങ്ങുകൾ പറന്നു നടന്ന്‌ മുറി നിറയുന്നതും, അവളുടെ കട്ടിലിലും കമ്പിളിയിലൊമൊക്കെ പറ്റി വന്നിരിക്കുന്നതൊക്കെ കണ്ടതായി അവൾക്ക്‌ നല്ല ഓർമ്മയുണ്ട്‌. പിന്നെ ഉറക്കത്തിലേക്ക്‌ വീണ്‌ പോയതും, ഉറക്കമുണരുമ്പോൾ തറയിൽ വീണ്‌ കിടന്നതും, അലങ്കോലപ്പെട്ടു കിടക്കുന്ന മുറിയുമൊക്കെ ഓർത്തപ്പോൾ സുനന്ദക്ക്‌ കരച്ചിൽ വന്നു.

“ചേച്ചി എന്തിനാ എന്നെ ചീത്ത പറഞ്ഞെ?”

തേങ്ങിക്കൊണ്ടിരിക്കുന്ന അനന്തന്റെ മുഖത്തെ മുറിവു തുടക്കുന്ന അമ്മയും, അവരുടെ കണ്ണുകളിൽ നിറഞ്ഞ നിന്ന ഭയവും ഒക്കെ ഓർത്താൽ എന്താണ്‌ തനിക്ക്‌ പറ്റിയതൊന്നുമാത്രം സുനന്ദക്ക്‌ അറിയില്ല.

“എന്താ അമ്മെ എനിക്ക്‌?”

ദേഹമെല്ലാം വല്ലാത്ത വേദനയായിരുന്നെങ്കിലും മനസ്സിൽ അതിലിമേറെ വേദനയോടെയുള്ള അവളുടെ ചോദ്യത്തിന്‌ മറുപടിയായി തറപ്പിച്ചൊന്നു നോക്കി, അമർത്തി ചവിട്ടി അടുക്കളയിലേക്ക്‌ നടന്നു മറഞ്ഞു അമ്മ.

കമ്പളി ചേർത്ത്‌ പിടിച്ചങ്ങനെ ഇരിക്കുമ്പോൾ അനന്തനാണ്‌ സംഭവിച്ചതൊക്കെ പറഞ്ഞത്‌. “ചേച്ചിടെ പനി കൂടിയപ്പൊ നെറ്റിയിൽ മരുന്ന്‌ വെക്കാൻ വന്നതാ അമ്മ. ചേച്ചി ഉറക്കമുണർന്ന്‌ മരുന്ന്‌ തട്ടിക്കളഞ്ഞു. ചീത്ത പറഞ്ഞ അമ്മയെ പിന്നെ തമിഴിൽ ആയി ചേച്ചീടെ ചീത്ത വിളി അമ്മയോട്‌ പോടീ മൂധേവി ന്നൊക്കെ പറഞ്ഞു ചേച്ചി…. ഞാൻ വന്നപ്പൊ എന്നെ പിടിച്ച്‌ തള്ളി. ഞാൻ വീണ്‌ ചുവരിൽ നെറ്റി ഇടിച്ച്‌ മുറിവായി….. അച്ഛൻ കൈകൂട്ടി പിടിച്ചപ്പോ ചേച്ചി…. പരിമളം ആണെന്നും, ചേച്ചിയെ പിടിച്ചു വെച്ചാൽ അച്‌ഛനെ കൊല്ലുമെന്നൊക്കെ തമിഴിൽ പറഞ്ഞു. അച്‌ഛൻ കുറെ തല്ലി ചേച്ചിയെ. അപ്പുറത്തുള്ളോരൊക്കെ വന്ന്‌ പിടിച്ച്‌ മാറ്റി. ചേച്ചിക്ക്‌ ബാധ കൂടീതാന്ന്‌ എല്ലാരും പറയുണു. ചേച്ചി ഇന്നേം കൊല്ലോ?”

അതോടെ മിന്നാമിനുങ്ങുകളെ പേടിയായി സുനന്ദക്ക്‌. കണ്ണടച്ചാലും തുറന്നാലും ചില നേരങ്ങളിൽ മിന്നാമിനുങ്ങുകൾ ചുറ്റിലും നിറയും. അപ്പോൾ അവൾ തമിഴിൽ എല്ലാവരെയും ചീത്ത പറയുമെന്നും ഇടക്കൊക്കെ സാധനങ്ങൾ എറിഞ്ഞുടക്കുമെന്നൊക്കെ അവളോട്‌ പലരും പറഞ്ഞു. ക്ലാസ്സിലെ ഏറ്റവും പാവം കുട്ടിയായ അവളാണ്‌ ‘വനിത’ വായിച്ചുകൊണ്ടിരുന്ന ശ്രീദേവിടീച്ചറെ തമിഴിൽ പുലഭ്യം പറഞ്ഞത്‌. അവരുടെ മുടി പിടിച്ച്‌ വലിച്ചത്‌. അതോടെ സ്‌കൂളിൽ പോക്ക്‌ നിലച്ചു. അവളെവിടെ നിന്ന്‌ തമിഴ്‌ പഠിച്ചു എന്ന്‌ എല്ലാവരും അത്ഭുതപ്പെട്ടു. കൊല്ലത്തിൽ രണ്ട്‌ തവണ കക്കൂസ്‌ ടാങ്ക്‌ വൃത്തിയാക്കുന്ന അണ്ണാച്ചി നാട്ടിൽ വരുമ്പോൾ മാത്രമാണ്‌ അന്നാട്ടുകാർ തമിഴ്‌ കേൾക്കുന്നതു തന്നെ. അയാളോട്‌ സുനന്ദ ഇന്നേ വരെ സംസാരിച്ചിട്ടുകൂടി ഇല്ല.

മരുന്നുകളും മന്ത്രവാദവുമൊക്കെ പരീക്ഷിച്ച്‌ ഒരു ഫലവും കാണാത്ത നിരാശയും അരിശവും ഒക്കെ ആണ്‌ അച്‌ഛനും അമ്മക്കും. കുറേ ദിവസം അവൾ നന്നായിരിക്കുമ്പോൾ അവർ കരുതും അവൾ സുഖമായെന്ന്‌. ഒരു പരീക്ഷണാർത്ഥം പുറത്ത്‌ കൊണ്ട്‌ പോയാൽ അവളവരുടെ മാനം കളയും. അമ്പലത്തിലെ ഉത്‌സവത്തിന്‌ അമ്പലമുറ്റത്ത്‌ മൂത്രമൊഴിച്ചതിനും, വല്ല്യമ്മായിടെ അനിയത്തിടെ കല്ല്യാണത്തിന്‌ കല്ല്യാണ പൂമാലക്ക്‌ വേണ്ടി ബഹളം വെച്ചതും, അത്‌ കിട്ടാത്ത ദേഷ്യത്തിന്‌ കല്ല്യാണച്ചെക്കനെ മണ്ണ്‌ വാരി എറിഞ്ഞതുമൊക്കെ അച്‌ഛനെയും അമ്മയെയും നാട്ടുകാരുടെ ചീത്ത ഒരുപാട്‌ കേൾപ്പിച്ചു. ഇതോടെല്ലാം കൂടി സുനന്ദയെ ആരും എങ്ങോട്ടും കൊണ്ടുപോകാതായി. ആരും അവളോട്‌ മിണ്ടാതായി. അനന്തൻ മാത്രം വല്ലപ്പോഴും കല്ല്‌ കളിക്കാനും, നാരങ്ങ മിഠായി പങ്ക്‌ വെക്കാനും അവളുടെ അരികിൽ വന്നു.

“ടീ സുനന്ദേ, ഒന്നവിടന്ന്‌ മൂടനക്കി അടുക്കളേൽക്ക്‌ ചെന്നേ നീയ്‌. തിന്നാൻ മാത്രം കണ്ണും കാണിച്ച്‌ വന്നാ പോരല്ലോ. പാത്രങ്ങളൊക്ക ഇരിക്കണ്‌ണ്ട്‌. ഒക്കെ ഒന്ന്‌ മോറി വെക്കെ. ന്ന്‌ട്ട്‌ മുറ്റടിച്ചിട്ട്‌ വെളക്ക്‌ കഴുകി വെക്കെ. എന്നും ചെയ്യണത്‌ ന്നെ കൊണ്ട്‌ ഇങ്ങനെ പറയ്യിക്കാതെ കണ്ടറിഞ്ഞ്‌ ചെയ്‌തൂടെ നെനക്ക്‌. അതിനെങ്ങനെ, തലക്കകത്ത്‌ ഓളല്ലെ എപ്പളും…..” അമ്മയുടെ പ്രാകൽ അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി വരുന്നതറിഞ്ഞ്‌ സുനന്ദ ഉമ്മറപ്പടിയിൽ നിന്നും എഴുന്നേറ്റു. അടൂക്കളപ്പുറത്തെ എച്ചിൽ പാത്രങ്ങളിൽ ചകിരിയിട്ടുരക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. സുനന്ദയെ ഭയന്ന്‌ സ്വന്തക്കാരും കുടുംബക്കാരുമൊന്നും അവരുടെ വീട്ടിലേക്ക്‌ വരാതായി, വിശേഷങ്ങൾക്ക്‌ അവരെ ക്ഷണിക്കാൻ പലരും മടിച്ചു. താൻ ഇത്ര ശപിക്കപ്പെട്ടവളായതെന്തെന്ന്‌ എന്നും സന്ധ്യക്ക്‌ വിളക്കിന്നരികിലിരുന്ന്‌ അവളോർക്കാറുണ്ട്‌.

കഴുകിയെടുത്ത പാത്രങ്ങളുമായി ഉമ്മറപ്പടികൾ കയറുമ്പോൾ ഉത്തരത്തിലെ ഇരുട്ടിലെ കുഞ്ഞുവെളിച്ചം കണ്ട്‌ അവൾ പുഞ്ചിരിച്ചു. എങ്ങു നിന്നോ ഒരു മിന്നാമിനുങ്ങ്‌ ഉത്തരത്തിൽ പറ്റിയിരിക്കുന്നു. ഒരു പാട്‌ ഭയന്നും വെറുത്തും ഒടുവിൽ അവൾ മിന്നാമിനുങ്ങുകളെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. കൈയിലെ പാത്രങ്ങളെല്ലാം ശബ്‌ദത്തോട്‌ കൂടി താഴെ വീണപ്പോൾ സുനന്ദ ഞെട്ടി. ഉത്തരത്തിലെ മിന്നാമിനുങ്ങ്‌ പറന്ന്‌ പോയതും മുറ്റത്ത്‌ നിന്നും ഓടിയെത്തുന്ന അമ്മയുടെ കാലടി ശബ്‌ദവും സുനന്ദ അറിഞ്ഞു.

“ഒക്കെ നശിപ്പിക്കാനായിട്ടാ നെന്റെ ജന്മം. ഹൊ…. എന്തെങ്കിലും പണി പറഞ്ഞാൽ അത്‌ ചെയ്‌തില്ലെങ്കിലും വേണ്ടീല ഇങ്ങനെ ഉപദ്രവിക്കണോ മനുഷ്യരെ….” ചുമലിലെ തോർത്തിൽ അമ്മ മൂക്ക്‌ ചീറ്റി.

“അമ്മെ ഞാൻ…. അറിയാതെ….” സുനന്ദ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

“അതെടീ… ഒക്കെ നീ അറിയാതെ തന്നെയാ കുറെ അറിഞ്ഞോണ്ട്‌ എറിഞ്ഞ്‌ പൊട്ടിക്ക്‌, കുറെ അറിയാതീം…. ഒക്കെ ഇബടെ തന്നെ പൊട്ടി മോളച്ച്‌ണ്ടാകണതാണല്ലോ ചുമലിൽ പിടിച്ച്‌ അമ്മ തള്ളിയതും, വീഴാൻ പോയപ്പോൾ കറിവേപ്പിൻ തൈയിൽ മുറുകെ പിടിച്ചതും ഒന്നും അവളറിഞ്ഞില്ല.

അടുത്ത വഴക്ക്‌ തുടങ്ങും മുന്നെ മുറ്റമടിക്കാമെന്ന്‌ മനസ്സിലോർത്ത്‌ അവൾ ചൂലുമായി ഉമ്മറത്തേക്ക്‌ നടന്നു. അവിടെ ശ്രീധരൻ മാഷും അച്‌ഛനും സംസാരിക്കുന്നുണ്ടായിരുന്നു. കണ്ണിൽ നിന്നുമിറ്റുവീഴുന്ന കണ്ണീർ തുള്ളികൾ പാവടത്തുമ്പുയർത്തി ഇടക്കിടെ തുടച്ചു കൊണ്ടവർ മുറ്റത്ത്‌ വീണു കിടക്കുന്ന കരിയിലകൾ മാടി നീക്കി.

”നിങ്ങളിങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നൂല. അവിടാകുമ്പോ അവൾക്ക്‌ ശ്രദ്ധ കിട്ടും. മരുന്നും ഭക്ഷണവും അവൾടെ പോലെ ള്ള കുട്ട്യോളും…. ഇങ്ങൾക്കെല്ലാവർക്കും നല്ലതിനാ ഞാമ്പറയണേ….“ കുപ്പി ഗ്ലാസ്സിലെ കട്ടൻ ചായ ഒറ്റ വലിക്ക്‌ മാഷ്‌കുടിക്കുന്നതും നോക്കി സുനന്ദ നിന്നു.

”ന്നാലും നാട്ട്‌കാരൊക്കെ പറയില്ലേ“ അച്‌ഛൻ തോർത്തെടുത്തു കണ്ണൊപ്പി.

”പിന്നെ എന്നും ഇവൾക്ക്‌ കാവലിരിക്കാൻ ഇങ്ങള്‌ണ്ടാകോ? അപ്പൊ നാട്ട്‌കാര്‌ നോക്കി കോളോ?“ കൂടുതൽ കേൾക്കാൻ സുനന്ദക്ക്‌ തോന്നിയില്ല. അവൾ എടുത്തുകുത്തിയ പാവാട ഞൊറികൾ നേരെയിട്ട്‌ ചൂലുമായി കിണറ്റിൻ കരയിലേക്ക്‌ നടന്നു. അൽപ്പം തണുത്ത വെള്ളത്തിൽ മുഖംകഴുകിയപ്പോൾ അവൾക്കൊരു ഉന്മേഷം തോന്നി. സന്ധ്യാ മേഘങ്ങൾക്കിടയിലൂടെ കൂട്ടിലേക്ക്‌ മടങ്ങുന്ന പക്ഷികളുടെ ബഹളം കേട്ടപ്പോൾ ഒരു കൂടു നഷ്‌ടപ്പെട്ട കിളിയുടെ ദുഃഖം അവളുടെ മനസ്സിൽ നിറഞ്ഞു.

തിരികെ ഉമ്മറത്തെത്തുമ്പോൾ മാഷും അച്‌ഛനും പാടത്തിന്റെ അങ്ങേ അറ്റത്ത്‌ നടന്നു മറയുന്നതവൾ കണ്ടു. ഒതുക്കുകളിറങ്ങി അവൾ പതുക്കെ ഗെയിറ്റ്‌ കടന്ന്‌ പാട വരമ്പത്തേക്കിറങ്ങി.

”എങ്കെ പോറതമ്മാ ഇന്ത നേരത്ത്‌?“ എതിരേ വന്ന അണ്ണാച്ചിയെ കണ്ട്‌ അവൾ വഴിയൊതുങ്ങി നിന്നു.

”ദോ…. അങ്കെ വരെ“ ദൂരത്തെവിടേക്കോ നോക്കി അലക്ഷ്യമായി അവൾ പറഞ്ഞു.

”പാത്ത്‌ പോങ്കോ അമ്മ…. അങ്കെ റെയില്‌ വണ്ടി വരത്‌ക്ക്‌ നേരമാച്ച്‌ “ അണ്ണാച്ചി അവളെ പിന്നിട്ട്‌ നടന്നകന്നു.

”എനക്ക്‌ തെരിയും….“ ആരോടെന്നില്ലാതെ അവൾ പിറുപിറുത്തു. താനിത്ര നേരം തമിഴിലാണ്‌ സംസാരിച്ചതെന്ന്‌ ഒരു അത്ഭുതത്തോടെ അവൾ തിരിച്ചറിഞ്ഞു.

പാടമിറങ്ങി റെയിൽ പാളത്തിന്നരികിലൂടെ നടക്കുമ്പോൾ അവൾ ദൂരെ ഒരു മിന്നാമിനുങ്ങിനെ കണ്ടു. അത്‌ തന്നെ മാത്രം ഉറ്റ്‌ നോക്കുന്നതായും, തനിക്കരികിലേക്ക്‌ പറന്നു വരുന്നതായും അവൾക്ക്‌ തോന്നി. ഒരു കുതിപ്പും കൂകലുമൊക്കെ ആയി അതടുത്ത്‌ വരും തോറും ആയിരമായിരം മിന്നാമിനുങ്ങുകൾ അവൾക്കു ചുറ്റും പറന്നെത്തി. അവ അവളെ അവരുടെ ലോകത്തേക്ക്‌ വിളിക്കും പോലെ അവൾക്ക്‌ തോന്നി. ഒരു കൊടുംകാറ്റിന്റെ ശക്തിയോടെ ട്രെയിൻ അവളിലൂടെ കടന്ന്‌ പോകുമ്പോൾ അവൾ കണ്ടു – പാളത്തിനപ്പുറത്ത്‌ ചുവന്ന ദാവണിയും പുള്ളിപ്പാവടയുമിട്ട, പച്ച റിബ്ബൺ കെട്ടിയ എണ്ണമയമില്ലാത്ത, മുടിയിൽ വാടിയ മുല്ലപ്പൂമാല ചൂടിയ ഒരു പെൺകുട്ടി. അവൾ സുനന്ദയെ നോക്കി പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ ആയിരം മിന്നാമിനുങ്ങുകൾ പറന്നു നടക്കുന്നത്‌ സുനന്ദ കണ്ടു.

”ഞാൻ താൻ പരിമളം.“ അവളുടെ ശബ്‌ദം ഒരു ഓടക്കുഴൽ നാദം പോലെ സുനന്ദ കേട്ടു.

”എനിക്കു തെരിയുമേ…..“ സുനന്ദ പറയാനാഞ്ഞെങ്കിലും ട്രെയിനിന്റെ അകന്നുപോകുന്ന ശബ്‌ദത്തിൽ അവളുടെ ശബ്‌ദം നഷ്‌ടപ്പെട്ടിരുന്നു. സുനന്ദ കണ്ണുകളടക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ട്‌, ഒരായിരം മിന്നാമിനുങ്ങുകളെ ചുറ്റിലും പറത്തിക്കൊണ്ട്‌ പരിമളം അപ്പോഴും അവിടെ നിന്നിരുന്നു.

Generated from archived content: story1_jan6_11.html Author: saji_abudabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English