പറയാൻ മറന്ന വാക്കുകൾ

പറയാൻ മറന്നെത്ര വാക്കുകൾ, പ്രിയേ മറവിയാൽ

മിഴിനീർത്തടങ്കലിൽ പൊറുതി മുട്ടുന്നവ

ഹൃദയം കനത്തുകൊണ്ടെവിടെയെന്നറിയാതെ

വിജന നഗരങ്ങളിൽ വ്യതിതനായി,

മൂകാന്തകാരത്തിൽ വ്രണിതനായ്‌,

സർവദിക്കുമ്മറന്നന്ധനായ്‌

തെരുവിന്റെ പേയുള്ള സഹസ്രജന്മങ്ങളിലൊരുവനായ്‌,

തിരയുന്നു ഞാൻ നിന്റെ മോഹരൂപം സഖീ.

എന്റെ മിഴിനീർത്തടാകങ്ങളെല്ലാം

വലിച്ചെടുത്തൊരു വർഷമായെന്നിൽ

നീ പെയ്യുന്നതും കാത്ത്‌……..

പറയാൻ മറന്നെത്ര വാക്കുകൾ

പ്രണയത്തിന്നംലം ചുരത്തുന്ന ഗീതികൾ.

പ്രിയതരമോർമച്ചിരാതുകൾ

വെയിലിന്റെ നിറമുള്ള,

മഴയുടെ മണമുള്ള,

വശ്യ ഗന്ധികൾ.

മിഴിനീർച്ചവർപ്പിലലിഞ്ഞു പോയവ

നിന്റെ മദനസ്വപ്‌നങ്ങളെ പ്രണയിച്ച വാക്കുകൾ

ഈ ജീവന്റെ ഭാവഗീതങ്ങൾ.

പെയ്യും ഞാനൊരു ശരത്‌കാല മേഘമായ്‌,

നിന്റെ മിഴികളിൽ,

മെയ്യിൽ,

കനപ്പെട്ട മനസിലും……..

ഉറങ്ങാതിരിക്കണമാ രാത്രി

വൈകില്ല ഞാൻ

വൈകിക്കില്ല ഒരു ദൈവവുമന്നെന്നെ.

Generated from archived content: poem2_may3_11.html Author: sajeeven_vaikkath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here