മരം ചുറ്റാൻ സമയമില്ലാത്തതല്ല സർ
മരങ്ങളില്ല എന്നതാണ് സത്യം!
പാടവരമ്പിലൂടെ പിറകെ നടക്കാൻ
കൊതിയില്ലാഞ്ഞിട്ടുമല്ല സർ,
പാടങ്ങളില്ലാത്തതുകൊണ്ടാണ്!!
അതുകൊണ്ടു തന്നെ
പാർക്കുകളാണ് സേഫ്,
പരിഭവക്കടലുകളുമായെത്തുന്ന
എസ്.എം.എസ്.കളും
ഒരു ജന്മത്തിന്റെ മുഴുവൻ
വായാടിത്തങ്ങളുമായെത്തുന്ന
മിസ്‌ഡ് കോളുകളുമാണ്
നല്ലതെന്ന് ഞങ്ങൾ
തീരുമാനിച്ചതും……..
പ്രണയത്തിന് പ്രായമില്ലെന്ന്
നിങ്ങൾ പറയാറുള്ളതുപോലെ,
അഞ്ചെണ്ണമെങ്കിലും പൊട്ടിയില്ലെങ്കിൽ
മനസ്സിനു കട്ടി വരില്ലെന്ന്
ഞങ്ങളും……
ചെറുതിൽ നിന്ന്
വലുതിലേക്കെന്നല്ലേ
നിങ്ങൾ തന്ന പാഠം?
അതുകൊണ്ടുതന്നെയാണ്
പൊട്ടിയും പ്രണയിച്ചും,
പൊട്ടിയും പ്രണയിച്ചും
മുന്നേറുന്നതും.
എന്തു ചെയ്യാം?
ഞങ്ങൾ സാക്ഷരരായത്
ഞങ്ങളുടെ
കുറ്റം കൊണ്ടല്ലല്ലോ സാർ?
Generated from archived content: poem2_dec3_09.html Author: sajeeven_vaikkath