വിശക്കുമ്പോഴാണ് നീയും കവിയായത്
‘വിശക്കുന്നവരുടെ’ കൂടെച്ചേർന്നതും
വിൽക്കാവുന്ന വികാരമാണെന്നറിഞ്ഞതും
തിരിച്ചറിവിനുള്ള രുധിരവസ്ര്തത്തി-
ന്നസ്വസ്ഥതയിലും
രക്തപിപാസുക്കളെയോ
മാംസഭിഭുക്ഷുക്കളെയോ
തിരിച്ചറിയാതിരിക്കാനുള്ള
ഒരഹല്യാശാപത്തിൻ
ഇരുൾക്കയങ്ങളിലായിരുന്നു നീ.
അബോധസമുദ്രസഞ്ചാരത്തിനൊടുവിൽ
ഒരു നിദ്രാവിഹീന രാവിൽ
ബോധങ്ങളുടെയാകാശങ്ങളിൽ
നിനക്കും ചിറകുമുളച്ചു.
ചിറകരിഞ്ഞ്, വിവസ്ര്തനാക്കി
താഴെയീത്തെരുവിൽ
പിളർന്നെറിഞ്ഞാലും
ജരാസന്ധനായ് തിരികെയെത്തണം.
നഗ്നനായ്‌ത്തന്നെ നടക്കണം
“അനാവൃതദേഹം ജീവിതത്തിന്റെ
സത്യസന്ധതയാണെന്ന”*
തിരിച്ചറിവോടെ.
തിരിച്ചുപോകരുതിനി
മിടിക്കാത്ത ഹൃദയങ്ങളിലേക്ക്
“വിശക്കുന്നവർക്ക”വേണ്ടി
നീ നിന്നെകൊല്ലണമായിരുന്നു,
മറ്റുള്ളവരെയെങ്കിലും
കൊല്ലാൻ പഠിക്കണമായിരുന്നു.
ജാതിയകറ്റാൻ ജാഥയുണ്ടാക്കുന്നവർ
ജാഥയിൽ ജാതിതിരിക്കുന്നവർ
നിഴൽയുദ്ധങ്ങളിൽ പതറി
പാതകജാഥ പതാകയേന്തും മുൻപ്
നീയും വിടവാങ്ങുക.
ഇനി നിലാവിൽ പാടവരമ്പത്ത്
ഏകാകിയായി കവനം ചെയ്യരുത്
നിന്റെ “ഭയങ്ങൾ” നിന്നെ കീഴ്‌പെടുത്തുമെന്ന്
ഭയന്നു തന്നെ നടക്കുക
കാരണം
“എന്നെ വിമർശിക്കുന്നവരെ
നേരിടാൻ
ഞാനും ഒരു കഠാരി കരുതിയിട്ടുണ്ട്”*
* * * * * * * * * *
* ഖലീൽ ജിബ്രാന്റെ വാക്കുകൾ
കുറിപ്പ് ഃ ശ്രീ. കെ.സി. ഉമേഷ്‌ബാബുവിന്റെ “ഭയങ്ങൾ” എന്ന കവിതയ്‌ക്ക് ഒരു പിൻകുറിപ്പ്.
Generated from archived content: poem1_june18_07.html Author: sajeeven_vaikkath
Click this button or press Ctrl+G to toggle between Malayalam and English