കത്തിയമര്‍ന്നു പോം കാത്തിരിപ്പിന്‍
പകല്‍മുറ്റങ്ങളില്‍ വന്നു
സന്ധ്യമയങ്ങവേ;
ആര്‍ദ്രമേതോ കരലാളത്തിനാ-
ദ്യത്തെ ഓര്‍മ്മയില്‍ ഞാന്‍ വെന്തുരുകവേ,
അകലെയേതോ ഒരദൃശ്യ
സാദൃശ്യം പോലല്‍പ്പല്പ്പമായി,
നീയെന്നില്‍ നിറയവേ…..
ഏതു വിധിയെ പഴിക്കണം ഞാനി-
ന്നേതേതു സത്യത്തെ വിശ്വസിച്ചീടണം.
ഓര്‍മ്മയില്ലെത്രെ ജീവിതം ഞാന്‍ നിന്റെ
ഓര്‍മ്മയില്‍ മാത്രം….
ഉള്‍വലിഞ്ഞേതോ നിഗൂഢ വനാന്തര ജീര്‍ണ്ണജന്മമൊരശ്വധാമായി;
പുഴുവും പഴുതാരയും ചേര്‍ന്ന മനസില്‍
പഴുത്തതൊക്കെ അരിച്ചെടുത്തെങ്കിലും
കനവായി, കനലായെരിഞ്ഞു തീരാത്തയീ-
പ്പഴങ്കുടിലിന്നും പ്രണയമുറയുന്നു.
നിളയായൊഴുകുമാ പ്രണയത്തിനുറവയില്‍
മരണമേ നിന്റെ നടനമേ വേണ്ടിനി
ഇനിയുമെഴുന്നേല്‍ക്കണം
പാടണം
വീണ്ടുമാ പ്രണയഗാനം
നിന്റെ ചെവിയില്‍ ഞാന്‍ മൂളണമെന്നു മീ,
കത്തിയമര്‍ന്നു പോം കാത്തിരിപ്പില്‍
പകല്‍ മുറ്റങ്ങളില്‍ സന്ധ്യ മയങ്ങവേ;
Generated from archived content: poem1_feb10_12.html Author: sajeeven_vaikkath