ചിലപ്പോൾ വാക്ക് തലയില്ലാത്ത ഉടലാണ്,
ഉടലില്ലാത്ത തലയും
ഉടലും തലയും ചേർന്നാലും
ചിലപ്പോളവ ഉയിരറ്റ വിലാപമാകാറുണ്ട്
വാക്ക് കേവലം സ്വരങ്ങളുടെ ചേർച്ചയാകാം
അർത്ഥങ്ങളുടെ മൂർച്ചയും.
എങ്കിലും, ചിലപ്പോൾ
വന്ന വഴിയേ തിരിച്ച്
കണ്‌ഠനാളത്തിലെത്താൻ
വൃഥാ വ്യസനിക്കുന്നു.
വാക്ക് വേദനയാകാം
വേദനാ സംഹാരിയും
വ്രണമായി നീറുമ്പോഴും
ചിലപ്പോളത്
തൃഷ്ണാലുവിന്റെ ശമനവും
പിപാസുവിന്റെ കുടിനീരുമാകാനും മതി.
ചിലപ്പോളവ
മുളന്തണ്ടിന്റെ സംഗീതം പോലെ
മൃദുവാണ്.
മറ്റു ചിലപ്പോൾ
ഉൽക്കപോലെ, ലാവപോലെ
ജ്വലിതവും
ഒരുവാക്കിൽ നാം കുരുങ്ങിവീഴാം
കുരുക്കഴിക്കാനും അതുമതി.
വാക്ക് മൗനമാകുമ്പോൾ
മൗനം വാക്കാകുന്നു
അവ ചിറകുവിടർത്തിന്റെ
പുതിയ അർത്ഥാകാശങ്ങൾ തേടുന്നു.
വാക്ക് വൈരുദ്ധ്യമാകുന്നു
ജനനവും മരണവും പോലെ;
ഒന്നിൽ മറ്റേതും ഉള്ളതുപോലെ.
Generated from archived content: poem1_dec5_07.html Author: sajeeven_vaikkath