ആകാശം ഒരു മഞ്ഞുതുള്ളിയിലും
വസന്തം ഒരു പൂവിതളിലും
നക്ഷത്രം ഒരു മിന്നാമിന്നിയിലും
വിസ്‌മയ സമസ്യകളാവുമ്പോൾ
സമുദ്രം ബക്കറ്റിൽ
നിശബ്‌ദവിലാപമായ് നിപതിച്ചു…..
ഹൃദയങ്ങളിൽ നിന്നും
ഹൃദയങ്ങളിലേയ്‌ക്ക്
സംവദിച്ച മഹാപ്രവാഹം
ബക്കറ്റിലടച്ച് കോമാളി കാഴ്‌ച ആക്കിയ
കൗടിലീയത്തിന്
ആയിരംനാവിൽ നാവോര് പാടുവാൻ
പുതുയുഗത്തിന്റെ
സൂതരും മാഗധരും
സിണ്ടിക്കേറ്റുകളും തിക്കിതിരക്കി……
രണാങ്കണങ്ങളിൽ
സ്‌ഫുടപാകം ചെയ്‌ത
ഒടുവിലത്തെ ചേതനയും
മെല്ലെ മെല്ലെ ഫ്രെയിമിൽനിന്നും മാഞ്ഞുപോകുന്നു.
വഴിയിൽ കളഞ്ഞുപോയ
നൻമയുടെ നക്ഷത്രങ്ങളോർത്ത്
വിലപിക്കുന്ന തലമുറകൾ
ഓർമത്താളുകളിൽ ബാക്കിയായി………
Generated from archived content: poem1_nov11_10.html Author: sajeev.v_kizhakkepparambil