ഉഴവുചാലിൽ ഉരിയ വിത്തുപാകി
മണ്ണിനും വിണ്ണിനും മനം പാറ്റി
നീരിനും നെരിപ്പിനും കരൾ തോറ്റി,
കന്നുപൂട്ടി കന്നിമണ്ണുഴുതൊരുക്കി
നെടുവരമ്പുകടന്നു പോയവർ
ഞാറ്റുവേലപ്പഴമൊഴിയിൽ
പുരാവൃത്തമായൂരുചുറ്റി….
കന്നിമണ്ണിനെ തുയിലുണർത്തി
പച്ചനാമ്പുകൾ നോറ്റെടുത്തവർ
അന്തിമേഘചെരിവിലെങ്ങോ
കടംകഥയായ് മറഞ്ഞുപോയി….
മകരം കൊയ്‌തുകളംനിറഞ്ഞ
കുംഭം കനക തിടമ്പെടുത്ത
കാലങ്ങളൊക്കെ കടം കഥകൾ,
ഊരകങ്ങളൊഴിഞ്ഞകന്നുപോം
ഞാറ്റുപാട്ടുകൾ വയൽ ചൂരുകൾ,
ഗദ്‌ഗദങ്ങളായ് പുഴകടന്നുപോം
എള്ളിൻ പൂമണമുലയും കാറ്റുകൾ
ഞാറ്റുവേലപ്പഴമൊഴിയിൽ
പുരാവൃത്തമായൂരുചുറ്റി
കനകംകൊയ്‌തായിരപറനിറച്ച
പാടങ്ങളൊക്കെ പഴംകഥകൾ
പാടത്തിൻ നെഞ്ചുപിളർന്നു നമ്മൾ
പടവുകളായിരം പണിതുതീർത്ത
ഗരിമകളിന്നിന്റെ ശ്രീലകങ്ങൾ….
Generated from archived content: poem1_mar27_09.html Author: sajeev.v_kizhakkepparambil
Click this button or press Ctrl+G to toggle between Malayalam and English