രണ്ട്‌ കവിതകൾ

അക്ഷരപ്പനി

പനി
ഉടലിലൊക്കെ ഉറഞ്ഞടിഞ്ഞ
കെടുതി മാറ്റി ഉഷ്‌ണവഴിതാണ്ടി
ഉയിരേകുമെന്ന്‌
ധന്വന്തരീയോഗം

പടം കൊഴിഞ്ഞ്‌
പഴമ തേഞ്ഞുമാഞ്ഞ്‌
പുതിയകാലം വരമഞ്ഞളാടി
പുടമുറിച്ച്‌ കാവു തീണ്ടുമെന്ന്‌
ഉതഗസൂക്‌തം……

ഉടലും മനവും
ഉ​‍ുരുകി തുളുമ്പും
കാൽപ്പനീക വഴികളിൽ
അക്ഷരപ്പനി
പടംപൊഴിക്കും
പുനർജ്‌ജനി ആവുമെന്ന്‌
പുരാവൃത്തം……..


അർത്ഥന

ഒരു നൂൽതിരി നുറുങ്ങ്‌ നാളം
ഇരുൾ വഴിയിൽ എനിക്കു നൽക്കുക
പഴയ നന്തുണി, കരൾ നനച്ചു-
സ്‌നേഹഗീതികളൊക്കെ നൽകുക;
നാവിൽനാരായം
ഹരിശ്രീ നിറയ്‌ക്കുക
ഇലച്ചീന്തിൽ പാഥേയം
വഴിത്തണലിൽ ഇളനീർ കുളിർ
എനിക്കായ്‌ നൽകുക,

നൂറ്‌ വെറ്റില വയൽക്കാറ്റ്‌
പുഴത്തോറ്റം തിമിലതാളം
ഒക്കെ നൽകുക.

ഒരുചില്ല
ഒരാകാശം
കുരുന്നു ചിറകുകൾ
കടലിരമ്പും നൊമ്പരകടവിലും
കനിവിന്റെ ശാഖകൾ
എനിക്കു നൽകുക.

Generated from archived content: poem1_feb5_20.html Author: sajeev.v_kizhakkepparambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here