കവിതയിലെ കടുംതുടിയും ഓടക്കുഴലും

മനുഷ്യപ്രകൃതിയുടെ രണ്ടുമുഖങ്ങളാണ്‌ ശൈവവും വൈഷ്‌ണവവും. ധൈഷണികവും വൈകാരികവുമായ പെരുമാറ്റരീതികളിൽ ഇതിൽ ഒന്നിനോടല്ലെങ്കിൽ മറ്റൊന്നിനോടടുക്കാനാണ്‌ വ്യക്തിമനസ്സിന്റെ വാസന. കടുംതുടിയും ഓടക്കുഴലും, രാസനൃത്തവും താണ്ഡവവും, മയിൽപ്പീലിയും തിങ്കൾക്കലയും, വനമാലയും ഉരഗാഭരണവും, ചന്ദനവും ഭസ്‌മവും ആദ്യത്തേതിനെ രണ്ടാമത്തേതിൽ നിന്നു വ്യാവർത്തിപ്പിക്കുന്നു. ഇവിടെ സൂചിപ്പിച്ചതുപോലെ ദൈവങ്ങളുടെ രൂപസങ്കല്പത്തിലുളള ഈ വ്യത്യാസം, സൗന്ദര്യബോധപരവും അഭിരുചിനിഷ്‌ഠവുമായ ഭിന്നരീതികളെയാണ്‌ കുറിക്കുന്നത്‌. കവികളുടെ സൗന്ദര്യസമീപനത്തിലും കാണാം ലാസ്യപ്രകൃതിയും താണ്ഡവപ്രകൃതിയും; പീതാംബരവും പുലിത്തോലും. മലയാളകവിതയെ ശൈവ-വൈഷ്ണവപ്രകൃതികളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനുളള ഈ ശ്രമം ഗൗരവാവഹമായ കവിതാവിമർശനമല്ല ലക്ഷ്യമാക്കുന്നത്‌. കൗതുകകരമായ കാവ്യാസ്വാദനത്തിന്റെ ഒരു പുതിയ രീതി പരീക്ഷിക്കുകയാണിവിടെ. വൃന്ദാവനവാസികളായ കവികളുണ്ട്‌, ശ്മശാനവാസികളായ മറ്റുചിലരും. മലയാള കവിതയുടെ പാരമ്പര്യമത്രയും ഈ വിഭജനത്തെ ആശ്രയിച്ചു നിൽക്കുന്നു എന്നു പറയാൻ കഴിയും. തെറ്റുപറ്റാനിടയുളള നിരീക്ഷണമല്ല ഇതെന്ന്‌ ഞാൻ വിചാരിക്കുന്നു. തെറ്റുപറ്റിയാലും അത്‌ സൗന്ദര്യമുളള ഒരു പ്രമാദമായിരിക്കുമെന്നാണ്‌ ഈ ലേഖകൻ കരുതുന്നത്‌.

കൃഷ്‌ണകവിതകളുടേതു മാത്രമായ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുളള കവിയാണ്‌ സുഗതകുമാരി. കാല്പനിക പ്രണയത്തിന്റെയും ഭാവാത്മകതയുടെയും പരമാവധിയായി സുഗതകുമാരി രാധാ-കൃഷ്‌ണ പ്രണയത്തെ കരുതി. വികാരങ്ങളുടെ ഏകാത്മകവും സാന്ദ്രനിബിഡവുമായ അവസ്ഥയാണ്‌ ശുദ്ധകാല്പനികത. അത്‌ പല തന്ത്രികൾ മീട്ടുന്നില്ല. ഒറ്റക്കമ്പിയിൽ ഒരേയൊരു ഭാവത്തെ സാന്ദ്രമായാവിഷ്‌കരിക്കലാണ്‌ അതിന്റെ രീതി. വിഭിന്നഭാവങ്ങളുടെ സംഘർഷവും കെട്ടുപിണയലും അവിടെയില്ല. സ്വച്ഛമായ ആലാപനമാണ്‌ ശുദ്ധകാല്പനിക കവിത. ദുഃഖത്തെക്കുറിച്ചായാലും അത്‌ മുക്തകണ്‌ഠം പാടുന്നു. ആന്തരികമായ കലക്കങ്ങളെപ്പോലും തെളിമയോടെ ആവിഷ്‌കരിക്കുന്നു. ഒരു തന്ത്രിപ്പോലും പൊട്ടാതെ, സൂക്ഷ്‌മശ്രദ്ധയോടുകൂടിയ മീട്ടലാണിത്‌. പലപ്പോഴും അത്‌ ഒരു ഏകതാരയുടെ മീട്ടലുമാണ്‌. മലയാളകവിതയിൽ ഈ കാവ്യരീതിയുടെ സ്വയംപൂർണ്ണവും സുഭദ്രവുമായ മാതൃകയാണ്‌ സുഗതകുമാരിയുടെ കവിത. അതുകൊണ്ട്‌ അത്‌ കടുംതുടിയെ കൈവെടിഞ്ഞ്‌ ഓടക്കുഴലിനെ കൈക്കൊളളുന്നു. വൃന്ദാവനവിഹാരിയായ കവിപ്രതിഭയാണ്‌ സുഗതകുമാരിയുടേത്‌. പരിപൂർണ്ണമായ സ്‌ത്രൈണതയാണ്‌ അതിന്റെ മുഖമുദ്ര. കൃഷ്‌ണഭക്തി സാധകനേയും കവിയേയും സ്‌ത്രൈണവ്യക്തിത്വത്തിലേക്ക്‌ മാറ്റിപ്രതിഷ്‌ഠിക്കുന്നു എന്ന പി.പി. രവീന്ദ്രന്റെ നിരീക്ഷണം ഇവിടെ സംഗതമാണ്‌. പുരുഷപ്രകൃതിയുടെ ലാഞ്ഞ്‌ഛനപോലുമില്ലാത്ത സമ്പൂർണ്ണ സ്‌ത്രീത്വമാണ്‌, നിത്യമായ കാമുകീഭാവമാണ്‌, സുഗതകുമാരിക്കവിതയിൽ പ്രവർത്തിക്കുന്നത്‌. ആ അർത്ഥത്തിൽ സുഗതകുമാരിയുടെ പ്രതിഭാവൈഷ്‌ണവമാണ്‌; കാഠിന്യങ്ങളെ വെറുക്കുന്നത്‌, മാർദ്ദവങ്ങളെയും മിനുസങ്ങളെയും ലാളിക്കുന്നത്‌. വായനക്കാരെ അത്‌ കാമുകീഭാവത്തിൽ സംബോധന ചെയ്യുന്നു.

സുഗതകുമാരിയുടെ ‘രാധയെവിടെ?’ എന്ന ഖണ്ഡകാവ്യത്തിലെ ഒരു ഭാവസന്ധി ഈ സന്ദർഭത്തിൽ സവിശേഷ ശ്രദ്ധയർഹിക്കുന്നു. ഹിമാലയത്തിലെത്തിയ രാധ, പരമശിവനെ കാണുന്നു. മഹാരുദ്രന്റെ പുരുഷപ്രകൃതി രാധയെ ചലിപ്പിക്കുന്നില്ല. ഭസ്‌മത്തിനു പകരം ചന്ദനവും കടുംതുടിക്കു പകരം ഓടക്കുഴലും പുലിത്തോലിനു പകരം മഞ്ഞപ്പട്ടും ചന്ദ്രക്കലയ്‌ക്കുപകരം മയിൽപ്പീലിയും ചാർത്തിവരാനാണ്‌ രാധ ശിവനോട്‌ അപേക്ഷിക്കുന്നത്‌. സുഗതകുമാരിയുടെ വൈഷ്‌ണവപ്രജ്ഞയുടെ തികവിനെയാണിതു കാണിക്കുന്നത്‌. ശൈവമായതിനെയെല്ലാം അത്‌ ത്യജിക്കുന്നു. ശുദ്ധ കാല്പനികതയുടെ സ്വഭാവമാണിത്‌.

ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക്‌ ചങ്ങമ്പുഴയിലേക്കും ഇടപ്പളളിയിലേക്കും വരാം. കാല്പനികതയിൽ ഒരു സ്വർഗ്ഗവും ഒരു നരകവുമുണ്ടെന്ന്‌, കാല്പനികതയെക്കുറിച്ച്‌ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച ഗ്രന്ഥത്തിൽ പ്രൊഫ.ബി. ഹൃദയകുമാരി നിരീക്ഷിച്ചിട്ടുണ്ട്‌. കാല്പനികതയുടെ സ്വർഗ്ഗനരകങ്ങളിലെ നിത്യസന്ദർശകനായിരുന്നു ചങ്ങമ്പുഴ. ‘വൃന്ദാവനം’ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുളള ചങ്ങമ്പുഴ ‘രമണ’നിലെ മലരണിക്കാടുകളിൽ വൃന്ദാവനസദൃശമായ ഒരു കാല്പനികസ്വർഗ്ഗമാണ്‌ സൃഷ്‌ടിച്ചത്‌. ‘അദ്വൈതാമലഭാവസ്പന്ദിതമായ’ കാല്പനികമൂർച്ഛയിലലിഞ്ഞ നിമിഷങ്ങളിലാണ്‌ കവി, കാവ്യനർത്തകിയുടെ രാസനൃത്തമാവിഷ്‌കരിച്ചത്‌; ‘മനസ്വിനി’പോലെയുളള കവിതകളെഴുതിയതും. പക്ഷേ, ചങ്ങമ്പുഴയുടെ പ്രതിഭ ആ ‘വൃന്ദാവനമുരളീരവ പശ്ചാത്തല’ത്തിൽ തന്നെ തങ്ങി നിന്നില്ല. അത്‌ ശ്മശാനവാസിയായും താണ്ഡവപ്രിയമായും ഭാവം പകർന്നു. ‘പാടുന്ന പിശാച്‌’ ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിലെ കാല്പനികനരകത്തിന്റെ, ശ്മശാനകാണ്ഡത്തിന്റെ ആവിഷ്‌കാരമായിരുന്നു. കാളികൂളികളോടൊപ്പമുളള ഈ ശ്മശാനതാണ്ഡവം മദ്യാസക്തനും പാപാസക്തനുമായ കവിയുടെ ശാക്തേയമായിരുന്നു. കാല്പനികകവിതയ്‌ക്ക്‌ തികച്ചും അന്യമായ ഫലിതവിഡംബനങ്ങളിൽ മുഴുകുന്ന കവിയെ നമുക്ക്‌ ‘പാടുന്ന പിശാചി’ൽ കാണാം. ചങ്ങമ്പുഴയുടെ സ്വത്വം ഒരേസമയം ശൈവ-വൈഷ്‌ണവ പ്രകൃതങ്ങൾക്ക്‌ കീഴടങ്ങിയിരുന്നു. അത്‌ ഒരു കാല്പനികകവിയെന്ന നിലയിലുളള ചങ്ങമ്പുഴയുടെ സങ്കീർണ്ണവ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.

ഇടപ്പളളി രാഘവൻപിളളയാകട്ടെ വൈഷ്ണവമെന്നതിനേക്കാൾ ഉറച്ച ശൈവവ്യക്തിത്വമായിരുന്നു. ചങ്ങമ്പുഴക്കവിതയിൽ വിരളമായ പുരുഷപ്രകൃതിയായിരുന്നു ഇടപ്പളളിയുടേത്‌. വേദനയെപ്പോലും അത്‌ കാളകൂടവിഷം പാനം ചെയ്യുന്നതുപോലുളള തീവ്രതയാക്കി മാറ്റി. മാർദ്ദവത്തിനുളളിലൊളിപ്പിച്ചു വച്ച കഠിനതയായിരുന്നു അത്‌. സംഹാരരുദ്രന്റെ ഈ പ്രകൃതമാണ്‌ ഇടപ്പളളിയെക്കൊണ്ട്‌ ‘മണിനാദം’ എഴുതിച്ചത്‌. സ്വയം സംഹരിക്കുന്നതിലൂടെ തന്നിലുളള മഹാകാലന്റെ സംഹാരശക്തിയെ ആത്മനശീകരണപ്രവണതയാക്കി പരിണമിപ്പിക്കുകയാണ്‌ ഇടപ്പളളി ചെയ്‌തത്‌. ശ്മശാനരംഗവുമായി നിത്യപ്രണയത്തിലായിരുന്നു ഇടപ്പളളിയുടെ പ്രതിഭ. വേദനയെ അത്‌ ചുടലഭസ്‌മം പോലെ വാരിപ്പൂശി. കഠിനസങ്കടങ്ങളെ വേതാളതാണ്ഡവം പോലെ കൊണ്ടാടി. ‘എന്റെ മുരളി തകർന്നു പോയി’ എന്ന്‌ ആത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയ ഇടപ്പളളി കാല്പനിക കവിയുടെ വൈഷ്ണവസ്വത്വം കൈവെടിഞ്ഞ്‌ ആത്മനശീകരണവ്യഗ്രമായ ശൈവവ്യക്തിത്വവുമായി പരിപൂർണ്ണമായി താദാത്മ്യപ്പെടുകയായിരുന്നു.

‘കളിയച്‌ഛനും’ ‘നിത്യകന്യകയെ തേടി’യുമെഴുതിയ പി.കുഞ്ഞിരാമൻനായരിൽ ശൈവ-വൈഷ്ണവ വ്യക്തിത്വങ്ങളുടെ ബലാബലം രൂക്ഷമായിരുന്നു. ‘കളിയച്ഛൻ’ ഈ സംഘർഷത്തെ ഉജ്ജ്വലമായി ആവിഷ്‌ക്കരിക്കുന്നു. ഈ ദീർഘകാവ്യത്തിനൊടുവിൽ പീതാംബരവും പീലിക്കിരീടവുമണിഞ്ഞ ജഗത്‌പ്രഭുവിനുമുന്നിൽ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യുന്ന കവി, തന്റെ വ്യക്തിത്വത്തിലെ വൈഷ്ണവ സ്വാധീനത്തിനുമുന്നിൽ നിരുപാധികം കീഴടങ്ങിക്കൊണ്ട്‌ ഈ സംഘർഷത്തിനു പരിഹാരം കണ്ടെത്തുന്നു.

ഇടശ്ശേരിയെപ്പോലുളള ഒരു കവി, പരുഷവും പൗരുഷം നിറഞ്ഞതുമായ ശൈവപ്രകൃതിയിൽ അടിയുറച്ച വ്യക്തിത്വമാണ്‌ പ്രദർശിപ്പിക്കുന്നത്‌. ശക്തിയുടെ ഉപാസകനായ കവി എന്ന വിശേഷണം ഇടശ്ശേരിക്ക്‌, അതിന്റെ എല്ലാ അർത്ഥത്തിലും, ഇണങ്ങും. ‘കാവിലെ പാട്ടും’ ‘പൂതപ്പാട്ടും’ കവിയുടെ ശൈവവ്യക്തിത്വത്തിലെ നിലീനസംഘർഷങ്ങളുടെ ആവിഷ്‌ക്കാരമായി വായിക്കാവുന്നതാണ്‌. കാളിയുടെ ക്രൗര്യത്തോടു കലഹിക്കുന്ന ഒരു സൗമ്യപ്രകൃതം ഇടശ്ശേരിയിലുണ്ടായിരുന്നു. ഒപ്പം വേദനകളെ കുഴിവെട്ടി മൂടി, ശക്തിയിലേയ്‌ക്ക്‌ കുതികൊളളാനായുന്ന ഒരു ശൈവപ്രകൃതിയും. ഇടശ്ശേരിയിൽ ശിവനോടും ബുദ്ധനോടുമുളള ആഭിമുഖ്യങ്ങളുണ്ടായിരുന്നു.

എഴുത്തച്ഛന്റെ ഭക്തിയും നാമസങ്കീർത്തന പ്രവണതയും വൈഷ്ണവവ്യക്തിത്വമായ വിനമ്രതയെ പ്രതിനിധീകരിക്കുന്നു. എഴുത്തച്ഛന്റെ പാർത്ഥസാരഥീവർണ്ണനയിൽ ഭക്തന്റെ ഗോപികാഹൃദയമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. ചെറുശ്ശേരിയുടെ ശൃംഗാരരസികതയും പതഞ്ഞൊഴുകുന്ന നർമ്മവും പാട്ടുകവിതയുടെ ഗാനാത്മകതയും കവിയുടെ വൈഷ്ണവവ്യക്തിത്വത്തെയാണു കാണിക്കുന്നത്‌. കടുംതുടിയുടെ ഉത്താളതാളമല്ല, ഓടക്കുഴലിന്റെ മധുരനാദമാണ്‌, ചെറുശ്ശേരിക്കവിതയിൽ ശൃംഗാരമധുരമായി നിറയുന്നത്‌.

ആധുനികക്കവിതയിൽ കടമ്മനിട്ടയും കക്കാടുമാണ്‌ ശൈവ വ്യക്തിത്വത്തിന്റെ പ്രചണ്ഡത ഏറ്റവുമധികം പ്രകടമാക്കിയത്‌. ‘കുറത്തി’യും ‘ശാന്ത’യും ‘കാട്ടാള’നുമെഴുതിയ, പരുക്കൻ പദങ്ങളുടെയും ഡമരുപോലെ മുഴങ്ങുന്ന നാടൻതാളങ്ങളുടെയും ഉപാസകനായ കടമ്മനിട്ടയുടെ ശക്ത്യുപാസനയും ശൈവപ്രകൃതിയും വിശദീകരണമാവശ്യമില്ലാത്തവിധം വ്യക്തമാണ്‌. ശ്മശാന രുദ്രന്റെ രൂപാന്തരമാണല്ലോ ‘നീറായ വനത്തിൻ നടുവിൽ നെഞ്ചത്തൊരു പന്തം കുത്തി’ നിൽക്കുന്ന കടമ്മനിട്ടയുടെ കാട്ടാളൻ. പഞ്ചമകാരങ്ങളുടെ ഉപാസനയിലൂടെ വാക്കിന്റെ വിപ്ലവശക്തിയെ തോറ്റിയുണർത്തുകയായിരുന്നു കടമ്മനിട്ട.

നഗരപാതാളവും വേതാളവും മാറിമാറി പ്രത്യക്ഷപ്പെടുന്ന കക്കാടിന്റെ കവിതകളിൽ വേതാളനൃത്തവും ശ്മശാനരംഗവും വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഭാഷയിലെ പരുക്കത്തരവും വിഗ്രഹഭഞ്ജകമായ രൂപസങ്കല്പവും കക്കാടിന്റെ ശൈവവ്യക്തിത്വത്തിന്‌ അടിവരയിടുന്നു.

‘താതവാക്യവും’ ‘ഡ്രാക്കുള’യും ‘അമാവാസി’യുമെഴുതിയപ്പോൾ ബാലചന്ദ്രൻ ചുളളിക്കാട്‌ തന്റെ ശൈവവ്യക്തിത്വത്തെ പ്രകാശിപ്പിക്കുകയായിരുന്നു. ‘അച്‌ഛന്റെ കാലപുരിവാസി കരാളരൂപം’ കാലകാലന്റെ ഓർമ്മയുണർത്തുന്നു. കാളിയെയാണ്‌ കാവ്യദേവതയായി ബാലചന്ദ്രൻ ഉപാസിച്ചത്‌. ‘ഗസലി’ൽ ചരിത്രവേഗത്തിന്റെ പ്രതിരൂപമായി അവതരിക്കുന്ന തീവണ്ടിപോലും ഒരു യന്ത്രരുദ്രനായിട്ടാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.

അഷ്ടപദിയുടെ സംഗീതാത്മകതയും ശൃംഗാരപ്രാമുഖ്യവുമാണ്‌ വൈഷ്ണവവ്യക്തിത്വമുളള കവിതയെ അടയാളപ്പെടുത്തുന്നത്‌. ശിവസ്തോത്രങ്ങളുടെ ഗാംഭീര്യമാണ്‌ ശൈവവ്യക്തിത്വമുളള കവികളുടെ പദരചനയേയും ബിംബസംവിധാനത്തേയും സ്വാധീനിക്കുന്നത്‌. മധുരാഷ്‌ടകങ്ങളായി മാറാൻ ഒന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന കവിത (ഒ.എൻ.വി. ഉദാഹരണം) ശ്രമിക്കുമ്പോൾ, ശിവഭജനത്തിന്റെ ചടുലതാണ്ഡവജതികളാവിഷ്‌ക്കരിക്കാനാണ്‌ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന കവികൾക്കിഷ്‌ടം. ഡി.വിനയചന്ദ്രൻ ഈ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ആധുനികകാലത്തെ കവിയാണ്‌. ‘നരകം ഒരു പ്രേമകവിത എഴുതുന്നു’ എഴുതിയ കവി, ദിഗംബരനും ശ്മശാനവാസിയുമായ ശിവനെയാണ്‌ ഓർമ്മയിൽ കൊണ്ടുവരുന്നത്‌.

കുമാരനാശാന്റേത്‌ ശൈവവ്യക്തിത്വമായിരുന്നു. വൈരാഗികളായ ആശാന്റെ നായകൻമാർ വൈരാഗിയായ ശിവയോഗിയെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. നളിനിയിലെ ദിവാകരയോഗി ശിവൻ തന്നെയാണ്‌; നളിനിയാകട്ടെ താപസിയായ ഉമയും. ശിവസ്തോത്രങ്ങളും കാളിനാടകവും കുണ്ഡലിനിപ്പാട്ടുമെഴുതിയ ഗുരുവിന്റെ ശിഷ്യനിൽ സ്വാഭാവികമായി രൂപപ്പെട്ടതാണ്‌ ഈ ശൈവവ്യക്തിത്വം. രചനാജീവിതത്തിന്റെ പ്രാരംഭത്തിൽ ‘കാമിനീഗർഹണ’മെഴുതിയ കവിയുമാണല്ലോ ആശാൻ. ‘പ്രരോദന’ത്തിൽ ശ്മശാനവർണ്ണന നടത്തിയ കവി, പരോഷമായി, ഒരു ശിവശതകമോ വൈരാഗ്യശതകമോ ആണ്‌ എഴുതിയത്‌. ആളിപ്പടരുന്ന ശ്മശാനാഗ്നിയെ ‘ശോചിഷ്‌കേശനിതാ ജടവിടുർത്താടുന്നു, രുദ്രാകൃതി!’ എന്നു വർണ്ണിച്ച കവി, നൂറുശതമാനവും ഒരു ശൈവവ്യക്തിത്വമായാണ്‌ ജീവിച്ചത്‌.

വൈലോപ്പിളളിയുടേതും വൈഷ്ണവവ്യക്തിത്വമായിരുന്നു. സൃഷ്‌ടിയുടെയും സ്ഥിതിയുടെയും പക്ഷത്താണ്‌ ഈ കവി നിലയുറപ്പിച്ചത്‌. ജീവിതനൈരന്തര്യബോധത്തിലധിഷ്‌ഠിതമായ ശാസ്‌ത്രീയവീക്ഷണമുപയോഗിച്ച്‌, ജീവിതത്തിന്റെ താഴാക്കൊടിപ്പടത്തെ കൊണ്ടാടുന്നതിലൂടെ സ്ഥിതിയുടെ നൈരന്തര്യമെന്ന വൈഷ്ണവബോധത്തെയാണ്‌ കവി ആഘോഷിച്ചത്‌. വൈലോപ്പിളളിയുടെ വേറിട്ടൊരു കവിതയായ ‘സാവിത്രി’ ഒരു മൃത്യുഞ്ജയപൂജയായും അതുവഴി ശിവഭജനമായും മാറുന്നുണ്ടെന്നു കാണാം. ഇവിടെയും മൃത്യുഞ്ജയനായ ശിവനോടാണ്‌, കവിയുടെ ആഭിമുഖ്യം. അത്‌ ഫലത്തിൽ, സ്ഥിതികാരകനായ വിഷ്ണുവിനോടുളള ആഭിമുഖ്യമായി മാറുന്നു.

ഒരു വശത്ത്‌ അഷ്‌ടപദിയുടെ ശ്രുതിലയസുഭഗമായ ആലാപനമായും മറുവശത്ത്‌ ഡമരുവിന്റെ അകമ്പടിയുളള ശിവഭജനമായും വികസിച്ചതാണ്‌ മലയാള കവിതയുടെ പാരമ്പര്യം. അതിന്റെ പുതിയ മാതൃകകൾ ഏതു രൂപത്തിലാവും വികസിക്കുക എന്നതും കൗതുകകരമായ മറ്റൊരാലോചനയ്‌ക്കും അന്വേഷണത്തിനുമുളള വിഷയമാണ്‌.

Generated from archived content: essay_sep28_05.html Author: sajay_k_v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here