‘പ്രതി എഴുതിയ കവിത’ പി.ടി. ബിനുവിന്റെ രണ്ടാമത്തെ കാവ്യസമാഹാരമാണ്. അര വ്യാഴവട്ടത്തിനു മുന്‍പ് പുറത്തുവന്ന ‘ കവിതയില്‍ താമസിക്കുന്നവര്‍’ ആദ്യ കാവ്യസമാഹാരവും. തൊണ്ണൂറുകള്‍ക്കു ശേഷം രൂപപ്പെട്ട സവിശേഷഭാവുകത്വത്തിന്റെ തുറസുകള്‍ പരമാവധി ഉപയോഗപ്പെടുത്തിയ പുത്തന്‍ തഴപ്പുകളായിരുന്നു ആ സമാഹാരത്തിലെ കവിതകള്‍. കവിതയിലെ പദ്യപരത പാടെ തിരസ്കരിക്കപ്പെട്ടു എന്നതായിരുന്നു ആ ദശകം കൊണ്ടുവന്ന പ്രധാനമാറ്റങ്ങളിലൊന്ന്. ഈ സ്വാച്ഛന്ദ്യം ബിനുവിന്റെ കവിതകളിലും സ്വാംശീകരിക്കപ്പെട്ടിരുന്നു. ഗദ്യത്തിന്റെ സുതാര്യച്ഛന്ദസിലൂടെ സുസാധ്യവും സുഗമവുമായിത്തീര്ന്ന വിനിമയത്തിന്റെ സരളമാര്‍ഗം മറ്റു പല ചെറുപ്പക്കാരെയുമെന്നപോലെ ഈ കവിയെയും കവിതയുടെ കാന്തികക്ഷേത്രത്തിലെത്തിച്ചു. പ്രമേയ സ്വീകരണവും പരിചരണവും അതോടൊപ്പം സംഭവിച്ച വമ്പിച്ച വിച്ഛേദവും അതിനു പൂരകമായി. വരേണ്യതയുടെ പുറംപോക്കുകളിലെറിയപ്പെട്ടവയെ അപ്പടി ഉള്‍ക്കൊള്ളുന്ന, തീരെ പകിട്ടുകുറഞ്ഞ, ഒരു സഞ്ചികയോ സംഭരണിയോ ആയി മാറി മലയാള കവിത. ഉപേക്ഷിതങ്ങളുടെ ഈ വീണ്ടെടുപ്പ്, അനാര്യവും ഗ്രാമ്യവുമായ വാക്കുകളെയും ജീവിതങ്ങളെയും ജീവിതാനുഭവസ്ഥലികളെയും കവിതയിലേക്കു മുതല്ക്കൂട്ടാനുമിടയാക്കി. ഈ സാധ്യതകളുടെ പരമാവധി വിനിയോഗമായിരുന്നു പിടി ബിനുവിന്റെ ആദ്യ സമാഹാരത്തിലെ കവിതകള്‍.
വിനീതമായ കാഴ്ചപ്പാടുകളുടെയും പാരിസ്ഥിതികമായ സൂക്ഷ്മസംഗീതത്തിന്റെയും കവിതയാണ് പിടി ബിനുവിന്റേത്. ബിനു കവിതയെഴുതുമ്പോള്‍ പ്രകൃതിയുടെ ക്യാന്‍വാസായി അത് സ്വയം മാറുന്നു. പരിസര പ്രകൃതിയില്‍ നിന്നുള്ള നിറങ്ങള്‍, ശബ്ദങ്ങള്‍ ചലനങ്ങള്‍ ഒക്കെ അതില്‍ ഇടം കണ്ടെത്തുന്നു.
പൊട്ടിച്ചിതറിയ വാക്കുകളുടെ പടക്കങ്ങള്‍ നിറഞ്ഞ പൂരപ്പറമ്പുപോലെയാണ് കവിതയുടെ സമകാലം എന്ന തിരിച്ചറിവില്‍ നിന്നും എഴുതപ്പെട്ടവയാണ് ‘ പ്രതി എഴുതിയ കവിത’ എന്ന സമാഹാരത്തിലെ രചനകള്‍. ഈ വിജന കാലത്തെ അത് ചെറുചലനങ്ങളാലും ചെറു ശബ്ദങ്ങളാലും ആകാവുന്നവിധത്തിലൊക്കെ ഭഞ്ജിക്കാന്‍ ശ്രമിക്കുന്നു. തനിക്കു പരിചിതമായ ഇടങ്ങളെയും മനുഷ്യരെയും ജീവിതാവസ്ഥകളെയും കുറിച്ചെഴുതുന്നു. വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ ശബ്ദത്തേക്കാളേറെ മൗനം നിറച്ചുവയ്ക്കുന്നു. ‘ കവിതയില്‍ ഒരു കാര്യവുമില്ല’ എന്ന കൊടും കയ്പിനെക്കൂടി, അങ്ങനെ അതു കവിതയാക്കി മാറ്റുകയും ചെയ്യുന്നു.
പ്രതി എഴുതിയ കവിത
പി.ടി. ബിനു
ഡിസി ബുക്സ്
വില: 50 രൂപ
Generated from archived content: book1_oct11_13.html Author: sajay_k_v