ബോൺസായ്‌ ധനത്തിനും ആനന്ദത്തിനും

ബോൺസായികളെ ഇഷ്‌ടപ്പെടാത്തവരാരുണ്ട്‌? പക്ഷേ, സൗന്ദര്യപരമായ അംശങ്ങൾക്കപ്പുറം ഏതോ ഒരു വൈകാരികാസ്വാസ്‌ഥ്യവും അവ ചിലരിലെങ്കിലും പകരാറുണ്ട്‌. ‘ഒരിക്കൽ സ്വച്ഛന്ദ നീലാകാശം വിളിച്ചപ്പോൾ പറക്കാൻ ചിറകൊന്നു പിടഞ്ഞ പക്ഷിയെ കൂട്ടിലാക്കി തൂവൽത്തുമ്പുകളും ചിറകും മുറിച്ച’ ഒ.എൻ.വി. കവിതയിലെ പക്ഷിശാസ്‌ത്രക്കാരൻ നമ്മുടെ മനസ്സിനെ അസ്വസ്‌ഥമാക്കുന്നതുപോലെ! എന്നാൽ ബോൺസായികൾ പഞ്ഞ്‌​‍്‌ജരത്തിലടയ്‌ക്കപ്പെട്ട പക്ഷികളല്ലെന്നും അവ പ്രപഞ്ചസൗന്ദര്യത്തെ ആത്മാവിലാവാഹിച്ച അനശ്വര കലാശില്‌പങ്ങളാണെന്നും ശ്രീ പി.ജെ. ജോസഫും ഡോ. മേരിക്കുട്ടി എബ്രഹാമും നമുക്ക്‌ പറഞ്ഞുതരുന്നു – ‘ ബോൺസായ്‌ ധനത്തിനും ആനന്ദത്തിനും’ എന്ന ഈ ഗ്രന്ഥത്തിലൂടെ!

ഒരു ശാസ്‌ത്ര-സാങ്കേതികഗ്രന്ഥത്തിൽ ചരിത്രത്തിനോ ദാർശനികമായ അംശങ്ങൾക്കോ വലിയ സ്‌ഥാനമൊന്നുമില്ല. പക്ഷേ, നമ്മുടെ ചിന്തയെ ഉണർത്താൻ പര്യാപ്‌തമായ വിധത്തിൽ ബോൺസായിയുടെ നാൾവഴി എന്നൊരു അധ്യായം ഇതിന്റെ തുടക്കത്തിൽതന്നെ അവർ മനോഹരമായി ഇഴചേർത്തിരിക്കുന്നു. ചൈനയിലാണത്രേ ബോൺസായിയുടെ തുടക്കം. വിദൂരസ്‌ഥലങ്ങളിൽ ചികിത്സയ്‌ക്കായി പോകുമ്പോൾ ഇലകൾ മാറിപ്പോകാതിരിക്കാനായി കൂടെക്കൊണ്ടുപോകുവാനുള്ള സൗകര്യത്തിന്‌ വൈദ്യന്മാർ ഇത്തരം ബോൺസായികൾ ഉണ്ടാക്കിയിരുന്നു. ചൈനയിൽനിന്നത്‌. സെൻ ബുദ്ധസന്ന്യാസിമാരിലൂടെ ജപ്പാനിലേക്കു കൂടിയേറിയതും ജപ്പാനിലെ ബുദ്ധവിഹാരങ്ങളിൽനിന്ന്‌ അവ വീടുകളിലെത്തി ആഢ്യതയുടെ ചിഹ്നമായി മാറിയതും പിന്നീടത്‌ സമ്പന്നരുടെയും സാധാരണക്കാരന്റെയും ഒക്കെ സംസ്‌കാരത്തിന്റെ ഭാഗമായതും ഗ്രന്ഥകർത്താക്കൾ നമുക്ക്‌ പരിചയപ്പെടുത്തിത്തരുന്നു. ജപ്പാനിലെ മിക്ക വീടുകളിലും വിൽപത്രമെഴുതുമ്പോൾ ഗൃഹനാഥൻ ബോൺസായിയും വീതം വയ്‌ക്കാറുണ്ടത്രേ!

പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസൗന്ദര്യത്തെ മുഴുവൻ ആവഹിക്കാൻ കൊതിച്ച ജോൺ കീറ്റ്‌സ്‌ തന്റെ കവിതകളിൽ ജീവിതത്തിന്റെ നശ്വരതയും കലയുടെ അനശ്വരതയും താരതമ്യപ്പെടുത്തി നിത്യതയുടെ പ്രതീകമായി ഒട്ടേറെ ബിംബങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. കീറ്റ്‌സിന്റെ ‘വാനമ്പാടി’ ഇന്നും നമ്മുടെ ഹൃദയാകാശങ്ങളിൽ പാടിപ്പറക്കുന്നുമുണ്ട്‌. 300-350 വർഷം പഴക്കമുള്ള ബോൺസായികൾ ജീവനുള്ള ശില്‌പങ്ങളായി ഇപ്പോഴും പരിലസിക്കുന്നു എന്നു പറയുമ്പോൾ കീറ്റ്‌സ്‌ പറഞ്ഞ കാലാതിവർത്തിയായ ജീവന്റെ നിത്യതതന്നെയല്ലേ ഇവയിൽ കുടികൊള്ളുന്നത്‌? സ്‌ഥൂലമായതും സൂക്ഷ്‌മമായതും ഒന്നുതന്നെയെന്ന ഭാരതീയത്വത്ത്വശാസ്‌ത്രം പരിഗണിക്കുകയാണെങ്കിൽ ബോൺസായിയെ ഒരു സൂക്ഷ്‌മ പ്രതീകമായി കണക്കാക്കാം- ഗ്രന്ഥകാരൻ പറയുന്നതുപോലെ പ്രകൃതിയുമായി ഒന്നാകാൻ സഹായിക്കുന്ന ത്രിമാന പ്രതീകം. എങ്കിലും താൻ കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള ആത്മാർപ്പണവും അമിതസ്‌നേഹവുംകൊണ്ടാകാം ഈ അധ്യായത്തിൽ ചിലയിടങ്ങളിലെങ്കിലും വാക്കുകളിൽ അല്‌പം അതിശയോക്തി കലരുന്നില്ലേ എന്നൊരു സന്ദേഹവും എനിക്ക്‌ ഇല്ലാതില്ല.

സാങ്കേതികകാര്യങ്ങളിലേക്കു കടക്കുമ്പോൾ സൂക്ഷ്‌മതയുള്ള ശാസ്‌ത്രകാരരായി ഗ്രന്ഥകർത്താക്കൾ മാറുന്നു. ബോൺസായിക്കു വേണ്ടി ചെറുപുന്ന, ഞാവൽ, ഇലഞ്ഞി, പേര, ആൽ, കുടംപുളി, ഏഴിലംപാല, വാളൻപുളി എന്നുവേണ്ട നമുക്കുചുറ്റും കാണുന്ന ഏതാണ്ട്‌ മിക്കയിനം മരങ്ങളുടെയും ഏതുതരം തൈകൾ എങ്ങനെ ശേഖരിക്കണമെന്നും കറിചട്ടി മുതൽ സെറാമിക്‌ ചട്ടികൾവരെ തൈകൾ വളർത്തുന്നതിന്‌ എങ്ങനെ ഉപയോഗിക്കാമെന്നും വിശദമായി നമുക്കു പറഞ്ഞുതരുന്നു. ബോൺസായ്‌ ഉണ്ടാക്കുന്നതിനാവശ്യമായ ഉപകരണങ്ങളുടെ വിശദവിവരങ്ങളും ചേർത്തിട്ടുണ്ട്‌. തൈകളുടെ നടീലിലും നനയ്‌ക്കലിലും വളപ്രയോഗത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടയോടും യുക്തിവിചാരത്തോടും കൂടിത്തന്നെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. മണ്ണിരയെ ഉപയോഗിച്ചുകൊണ്ട്‌ രാസവളം ഒഴിവാക്കി തൈകളെ വളർത്തുന്ന ഗ്രന്ഥകാരന്റെ സ്വന്തം രീതി ആരുടെയും ശ്രദ്ധയെ ആകർഷിക്കാതിരിക്കില്ല. അനേകവർഷങ്ങളിലെ പ്രായോഗികപരിചയമാണ്‌ അവർ നമുക്കായി തുറന്നു തരുന്നത്‌.

സാധാരണ ചെടികൾ നട്ടു വളർത്തുന്നതുപോലെയല്ലല്ലോ ബോൺസായ്‌ അവയ്‌ക്ക്‌ പരിശീലനം ആവശ്യമാണ്‌. ഇതിനെക്കുറിച്ചു പറയുമ്പോൾ ചെടികൾക്ക്‌ പെട്ടെന്ന്‌ വണ്ണം വയ്‌ക്കാനുള്ള ഒരു വ്യായാമമുറ അഥവാ ‘യോഗതെറാപ്പി’ യെക്കുറിച്ചു പറയുന്നത്‌ ജിജ്ഞാസികളായ ആരുടെയും കൗതുകത്തെ ഉണർത്തുന്നതാണ്‌ ബോൺസായ്‌ വളർത്തലിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്‌ പ്രൂണിങ്ങ്‌. അതുകൊണ്ടുതന്നെ പ്രൂണിങ്ങ്‌ നടത്തേണ്ട രീതികൾ വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്‌. യോഗതൊറാപ്പിപോലെ തന്നെ ഉയരം കൂടിയ ചെടികളുടെ ഉയരം കുറയ്‌ക്കുന്നതിനുവേണ്ടി ഡിഫ്യൂഷൻ എന്നു പേരിട്ടിട്ടുള്ള ഒരു തനതു രീതിയും നമുക്കു ലഭിക്കുന്നു. പ്രകൃതിക്കിണങ്ങുന്ന ജൈവനിയന്ത്രണരീതികൾക്കാണ്‌ ഗ്രന്ഥകർത്താക്കൾ പ്രാധാന്യം നല്‌കുന്നത്‌. ബോൺസായ്‌ ശില്‌പകലയ്‌ക്ക്‌ അനുയോജ്യമായ നമ്മുടെ നാട്ടിലെ ചെടികളും മരങ്ങളുമേതൊക്കെയെന്നും അവ പൂക്കുകയും കായ്‌ക്കുകയും ചെയ്യുന്നതിന്റെ പ്രത്യേകതകളും അടങ്ങുന്ന വിശദമായ ഒരു പഠനം തന്നെ ഈ പുസ്‌തകത്തിലുണ്ട്‌. മാത്രവുമല്ല ചില അപൂർവ്വ ഇനം ചെടികളുടെ പട്ടികയും പുസ്‌തകത്തിന്റെ അവസാനഭാഗത്ത്‌ ചേർത്തിരിക്കുന്നു.

ബോൺസായിക്ക്‌ എങ്ങനെ വില നിശ്ചയിക്കണമെന്നും വിപണനസാധ്യതകൾ വിശദീകരിക്കുവാനും ഗ്രന്ഥകർത്താക്കൾ മറക്കുന്നില്ല. ബോൺസായിക്ക്‌ ഗുണപരമായ ഊർജ്ജമാണുള്ളതെന്നും തേനീച്ചകളും പക്ഷികളും ഇവയെ ഇഷ്‌ടപ്പെടുന്നുവെന്നും സ്വാനുഭവത്തിലൂടെ അദ്ദേഹം കാട്ടിത്തരുന്നുമുണ്ട്‌. വിദേശരാജ്യങ്ങളിൽ ടൂറിസ്‌റ്റുകളെ ആകർഷിക്കുന്നതിനായി ബോൺസായ്‌ മ്യൂസിയങ്ങൾ വരെയുണ്ട്‌. കേരളത്തിലുള്ള ബോൺസായ്‌ സൊസൈറ്റികൾക്കും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ നമ്മുടെ ടൂറിസം രംഗത്ത്‌ കാര്യമായ സംഭാവനകൾ നല്‌കാൻ കഴിയും. ഹോർട്ടികൾച്ചർ തെറാപ്പിയെക്കുറിച്ചും അതിൽ ബോൺസായ്‌ വളർത്തലിന്റെ പ്രധാന്യത്തെക്കുറിച്ചുമെല്ലാം നാമും ഗൗരവമായിത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഫ്‌ളാറ്റുകൾ പെരുകിവരുന്ന നമ്മുടെ കാലത്ത്‌ തീർച്ചയായും പ്രകൃതിയുമായി സംവദിക്കുന്നതിനുള്ള മാധ്യമങ്ങൾതന്നെയാണ്‌ ബോൺസായികൾ. ഗ്രന്ഥകർത്താക്കൾ പറയുന്നതുപോലെ ‘വീടുകളും പറമ്പുകളും പുരയിടങ്ങളും ചെറുതാകുന്നത്‌ സ്വാഭവികം, ചെടികൾ ചെറുതാകുന്നത്‌ കലോചിതം.’

ഒരു പതിറ്റാണ്ടിനപ്പുറം സംസ്‌ഥാനകൃഷിവകുപ്പിൽ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ അതേ വകുപ്പിൽ ഉദ്യോഗസ്‌ഥനായിരുന്നു ശ്രീ. പി.ജെ. ജോസഫിന്റെയും സഹധർമ്മിണിയുടെയും ബോൺസായ്‌ വികസിപ്പിക്കുന്നതിനുളള ശ്രദ്‌ധയും ശുഷ്‌കാന്തിയും എന്നെയാകർഷിച്ചിരുന്നു. അതൊരു തപസ്യയായി തുടർന്നതിൽനിന്നുളവായ അനുഭവജ്ഞാനം ഈ പുസ്‌തകത്തിന്റെ കരുത്താണ്‌.

ജനിതകപരമായ വ്യത്യാസങ്ങൾ വരുത്താതെ, ചെടികളോട്‌ ക്രൂരത കാണിക്കാതെ, ചെടിയുടെ വളർച്ചയുടെ തോതനുസരിച്ച്‌ വേരുകൾ ക്രമീകരിച്ചുകൊണ്ട്‌, രൂപഭംഗിക്കായി ശിഖരങ്ങളും ഇലപ്പടർപ്പുകളും ക്രമീകരിച്ചുകൊണ്ട്‌ എങ്ങനെ ത്രിമാനഭംഗിയാർന്നൊരു കലാശില്‌പം വാർത്തെടുക്കാമെന്ന്‌ സാങ്കേതികത ഒട്ടും ചോരാതെ, പ്രായോഗിക നിർദ്ദേശങ്ങൾ ക്ഷീരനീരന്യായേന കോർത്തിണക്കിക്കൊണ്ട്‌ സാധാരണക്കാരന്‌ മനസ്സിലാകുന്ന ഭാഷയിൽ പറയാൻ ഗ്രന്ഥകർത്താക്കൾക്ക്‌ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ വിജയം. ഒരു മൺതരിയിൽ പ്രപഞ്ചത്തെ കാണിക്കുന്നവനാണ്‌ കവിയെന്ന്‌ ബ്ലേക്ക്‌ പറയുന്നുണ്ട്‌. ബോൺസായിയും ഒരു കവിതയാണ്‌. ഭാവനാസമ്പന്നരായ ശില്‌പികൾ പ്രപഞ്ചത്തിലെ ഏതോ സൂക്ഷ്‌മാംശത്തെ ആവാഹിച്ചെടുത്ത്‌ തലമുറകൾക്കായി നിർമ്മിക്കുന്ന ജീവനുള്ള കവിതാശില്‌പം ഈ കവിതയെ, ഈ ശില്‌പത്തെ ഹൃദയാവർജ്ജകമാംവിധം പകർത്തിത്തന്ന ശ്രീ. പി.ജെ. ജോസഫിനും ഡോ. മേരിക്കുട്ടി എബ്രഹാമിനും അഭിനന്ദനങ്ങൾ. ശാസ്‌ത്ര-സാങ്കേതികഗ്രന്ഥങ്ങൾ പൊതുവേ കുറവുള്ള മലയാളത്തിന്‌ ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.

പ്രസാധനം – ഡി സി ബുക്‌സ്‌

പേജ്‌ – 112, വില – 70&-

Generated from archived content: vayanayute35.html Author: sajan_peter_ias

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English