കരിയിലകള്‍ക്കു മീതെ മുള്ള് വേലിയുടെ നിഴല്‍ വീണു കിടക്കുന്ന ഇടവഴിയിലൂടെ അവന്‍ തിരിഞ്ഞു നോക്കാതെ ഓടി. തൊട്ടു പിന്നാലെയായി അമ്മയും ഉണ്ട്. “മോനെ..ഉണ്ണീ..ഉണ്ണിക്കുട്ടാ..അവിടെ നില്‍ക്ക് മോനേ.. അമ്മയുടെ അകന്നകന്നു പോകുന്ന ആ നിലവിളിക്കു കാതോര്‍ക്കാതെ കരിയിലകളെ ചവിട്ടിയരച്ചുകൊണ്ട് ഉണ്ണിക്കുട്ടന്‍ ഓടി. ഒടുവില്‍ ആ അമ്മ കണ്ണില്‍ നിന്നും മറഞ്ഞു പോകുന്ന മകനെ നോക്കി കൊണ്ട് അവിടെ തളര്‍ന്നിരുന്നു.
പുലര്‍ച്ചെ കണ്ട അവ്യക്തമായ സ്വപ്നത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നുഉണ്ണിക്കൃഷ്ണന്‍. തന്റെ ചെറുപ്പകാലം… പത്ത് വയസ്സുകാരനായ തന്നെത്തന്നെ സ്വപ്നത്തില്‍ കണ്ടപ്പോഴുണ്ടായ എന്തോ ഒരു സുഖം..ചെറുപ്പകാലങ്ങളിലേക്ക് ആ സ്വപ്നം അയാളുടെ കൈ പിടിച്ചു നടന്നു കഴിഞ്ഞിരിക്കുന്നു. രണ്ടടി വീതിയിലുള്ള രണ്ടു വശങ്ങളിലും മുള്ള് വേലികളാല്‍ അതിര്‍ത്തി തീര്‍ത്തിരിക്കുന്ന നീണ്ട ഇടവഴി. അത് ചെന്ന് അവസാനിക്കുന്നിടത്ത് കുളമാണ്. അതിനു അരികിലൂടെ സൗമ്യമായി ഒഴുകുന്ന ആണിത്തോട്..കൈതക്കാടുകള്‍..പേരയ്ക്ക മരങ്ങള്‍.. ഞാവല്‍ പഴങ്ങള്‍.. അപ്പൂപ്പന്‍ താടികള്‍….അങ്ങിനെ പ്രിയപ്പെട്ടതെന്തെല്ലാമായിരുന്നു. സുഹൃത്തുക്കളോടൊപ്പം ആണിത്തോട്ടില്‍ ചൂണ്ടയിടാന്‍ പോകുമായിരുന്നു. ഇരുട്ട് വീണു തുടങ്ങുമ്പോഴുള്ള കുളത്തിലെ ചാടിക്കുളിയും കഴിഞ്ഞ് വീട്ടിലേക്കു നടക്കുമ്പോള്‍ പേടിയാണ്.. അച്ഛന്‍ വീട്ടിലുണ്ടാവരുതേ..!! അമ്മയുടെ ചോദ്യം ചെയ്യലില്‍ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടാം..എന്നാല്‍ അച്ഛന്‍ ഉണ്ടെങ്കില്‍ അടി ഉറപ്പ്. എന്നാലും അച്ഛന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നത് പലപ്പോഴും അമ്മയാണ്..
******************************
എന്താ ഉണ്ണി സാറെ..ഇന്ന് ഓഫീസില്‍ പോകുന്നില്ലേ..?
താനടക്കം എട്ടുപേര്‍ താമസിക്കുന്ന റൂമില്‍ ഇന്നലെ വന്ന അബ്ദുക്കയുടെ ചോദ്യം അയാളെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി. സമയം വൈകിയിരിക്കുന്നു. തിടുക്കത്തില്‍ എണീറ്റ് ഓഫീസിലേക്ക് പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഓഫീസിലേക്കുള്ള വഴിമധ്യേ കാറോടിച്ചു കൊണ്ടിരിക്കുമ്പോഴും പുലര്‍ച്ചെ കണ്ട ആ സ്വപ്നം.. അമ്മയുടെ ആ നിലവിളി അയാളെ എന്തിനെന്നില്ലാതെ അസ്വസ്ഥനാക്കികൊണ്ടിരുന്നു. “മോനെ ഉണ്ണീ..ഞങ്ങള്‍ക്ക് ആണായിട്ടും പെണ്ണായിട്ടും നീ മാത്രമല്ലെ ഉള്ളൂ.. ഞങ്ങളെ വിട്ടു ദൂരെക്കൊന്നും പോവല്ലേ. ഈ അമ്മയ്ക്ക് നീയല്ലാതെ മറ്റാരുണ്ട്..?
അമ്മക്കെന്നും അവന്‍ അടുത്ത് വേണമായിരുന്നു. അവനും അമ്മയായിരുന്നു എല്ലാം. പക്ഷെ വളരുന്തോറും അവന്‍ അമ്മയില്‍ നിന്നും അകലാന്‍ തുടങ്ങി. അമ്മയുമായി എന്നും വഴക്കിടും.. അമ്മയെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി അവന്‍ ഉച്ചത്തില്‍ പറയുന്ന ശകാര വാക്കുകള്‍ അടുക്കളയുടെ നാലു ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു കൊണ്ട് ആ അമ്മയുടെ മനസ്സിലേക്ക് വേദനിപ്പിക്കുന്ന ചോദ്യചിഹ്നങ്ങളായി ആഴ്ന്നിറങ്ങി. അമ്മ സ്നേഹത്തോടെ വിളമ്പി തരുന്ന കറികള്‍ക്ക് ഉപ്പ് കുറവെന്നും, എരിവ് കൂടുതലെന്നും.. അങ്ങിനെ പല പല കാരണങ്ങളും അമ്മയുമായി വഴക്കിടാന്‍ വേണ്ടി അവന്‍ കണ്ടെത്തി. തേപ്പ് പെട്ടി കൊണ്ട് ചുളിവുകള്‍ നിവര്‍ത്തി അവനു വേണ്ടി മടക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ അവന്‍ ചുളിവുകള്‍ കണ്ടെത്തി… അമ്മയുടെ അഗാധമായ സ്നേഹത്തിന് പകരം അവന്‍ വേദനകള്‍ മാത്രം അമ്മക്ക് തിരിച്ചു നല്കികൊണ്ടിരുന്നു. ഒടുവില്‍ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയോടെ മസ്കറ്റിലേക്ക്. അവിടെ അമ്മയില്ലാത്ത ദിവസങ്ങള്‍.
അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞ ദിവസങ്ങള്‍..പശ്ചാത്താപം മനസ്സില്‍ നിറഞ്ഞു നില്‍കുന്നു. അമ്മയില്‍ നിന്ന് അകന്നു ജീവിച്ചപ്പോള്‍ മാത്രമാണ് അയാള്‍ക്ക് അമ്മയുടെ സ്നേഹത്തിന്റെ വില തിരിച്ചറിയാന്‍ കഴിഞ്ഞത്. തന്റെ സന്തോഷത്തിനു വേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളര്‍ന്ന അമ്മയുടെ കാലുകള്‍ മടിയില്‍ വെച്ച് കൊണ്ട് തിരുമ്മി കൊടുക്കാനും.. അമ്മ അറിയാതെ ആ കാല്‍പാദങ്ങളില്‍ പശ്ചാത്താപത്തിന്റെ ഒരിറ്റു കണ്ണ് നീര്‍ വീഴ്ത്താനും അയാളുടെ ഉള്ളം കൊതിച്ചു. ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ അമ്മയ്ക്കായ് കരുതി വെച്ച സ്നേഹം തിരിച്ചു കൊടുക്കാന്‍ ഇനിയും സമയം കിട്ടിയിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്കു പോകുമ്പോഴും അമ്മയുടെ അടുത്ത് കുറെ സമയം ചെലവിടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ തന്റെ രണ്ടാമത്തെ കുഞ്ഞിനെ കാണാനുള്ള വെമ്പലും പുതിയ വീടിന്റെ പാലുകാച്ചലും ആയിരുന്നു ആ പോക്കിന്റെ പ്രധാന ഉദ്ദേശങ്ങള്‍. ഭാര്യയോടും മക്കളോടുമുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണോ എന്നറിയില്ല അമ്മയോടും അച്ഛനോടും ഒപ്പം ചെലവഴിച്ചത് വളരെ കുറച്ചു സമയം മാത്രം.
***********************
ഓഫീസിലെ മേശമേല്‍ നിരന്നിരിക്കുന്ന ഫയലുകളെല്ലാം അടുക്കിപ്പെറുക്കിവെച്ച് പ്രധാന ജോലികളെല്ലാം വേഗത്തില്‍ ചെയ്തു തീര്‍ത്ത് മനസ്സൊന്ന് ശാന്തമായപ്പോഴേക്കും ഉച്ച ഭക്ഷണത്തിനുള്ള സമയമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുമ്പെ അമ്മയെ ഒന്ന് വിളിക്കണം. അയാള്‍ മൊബൈലില്‍ വീട്ടിലെ നമ്പര്‍ തിരയുന്നതിനിടയില്‍ മറ്റൊരു കോളുമായി അയാളുടെ മൊബൈല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്ന് പരിചിതമല്ലാത്ത ഒരു നമ്പര്‍… മറുതലക്കല്‍ നിന്നുള്ള ശബ്ദത്തിന്‍റെ ഉടമ ആദ്യം തന്നെ സ്വയം പരിചയപ്പെടുത്തി. “ഞാന്‍ ഡോക്ടര്‍ ഹരീന്ദ്ര നാഥ്.. എടപ്പള്ളി അമ്രിതാനന്ദമയി ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്. ഇത് മിസ്റ്റര്‍.. ഉണ്ണികൃഷ്ണന്‍ അല്ലേ..?
അതെ ഡോക്ടര്‍ പറയൂ..
“നിങ്ങളുടെ അമ്മയെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. താങ്കള്‍ പറ്റുമെങ്കില്‍ ഇവിടെ വരെ യൊന്നു വരണം.”
കുറെ നേരത്തേക്ക് ഉണ്ണി ഒന്നും സംസാരിക്കാന്‍ കഴിയാതെ നിന്നു.. ശീതീകരിച്ച മുറിയുടെ തണുപ്പില്‍ നിന്നുപോലും അയാളുടെ ശരീരം വിയര്‍ക്കാന്‍ തുടങ്ങി. അയാള്‍ കസേരയില്‍ തളര്‍ന്നിരുന്നു.
എന്ത് പറ്റി ഡോക്ടര്‍ എന്റെ അമ്മക്ക്..?
“അമ്മയുടെ ഒരു വൃക്കയ്ക്ക് സാരമായ തകരാറുണ്ട്.. ചെറിയൊരു ശസ്ത്രക്രിയ വേണ്ടിവരും…താങ്കള്‍ എന്തായാലും ഇവിടെ വരെ ഒന്ന് വന്നെ പറ്റൂ.. രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഞാന്‍ തന്നെ പറഞ്ഞാലേ നിങ്ങള്‍ വരൂ… എന്ന് നിങ്ങളുടെ അച്ഛന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ തന്നെ നിങ്ങളെ വിളിക്കുന്നത്..”
“അറിയാം ഡോക്ടര്‍..ഞാന്‍ വരാം.. ഞാന്‍ വരുന്നത് വരെ എന്റെ അമ്മക്ക് ഒന്നും സംഭവിക്കരുത്..എത്ര പണം വേണമെങ്കിലും ഞാന്‍ അമ്മയുടെ ചികിത്സക്ക് വേണ്ടി ചെലവഴിക്കാം..എന്റെ സ്വത്തുക്കള്‍ മുഴുവന്‍..എനിക്കെന്റെ അമ്മയെ വേണം..”
അയാള്‍ കരഞ്ഞുകൊണ്ട് ഡോക്ടറോട് യാചിച്ചു..അമ്മയുടെ ജീവന് വേണ്ടി..
അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മറുതലക്കല്‍ നിന്നുള്ള ഡോക്ടറുടെ ശബ്ദം നിലച്ചു. അയാള്‍ മാനേജരുടെ റൂമിലേക് ഓടുകയായിരുന്നു. “സാര്‍ എനിക്കെത്രയും പെട്ടെന്ന് നാട്ടില്‍ പോവണം.. അല്ലെങ്കില്‍ എന്റെ അമ്മ..” എനിക്കെന്റെ അമ്മയെ നഷ്ടപ്പെടും…എനിക്ക്.. അയാള്‍ക്ക് ഒന്നും പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. സഹപ്രവര്‍ത്തകര്‍ എല്ലാവരും കൂടി അയാള്‍ക്ക് വേണ്ടി സംസാരിച്ചു. അന്ന് രാത്രി തന്നെ നാട്ടിലേക്കുള്ള ടിക്കറ്റും ശരിയാക്കി. മരവിച്ച മനസ്സുമായി പ്രാര്‍ത്ഥനയോടെ അയാള്‍ നാട്ടിലേക് പുറപ്പെട്ടു. രകത ബന്ധങ്ങളും, സ്നേഹ ബന്ധങ്ങളും എല്ലാം മറന്നു പോകുന്നത് നാട്ടില്‍ നിന്നും ഇത്രയും ദൂരം അകന്നു നില്‍ക്കുമ്പോള്‍..എന്നാല്‍ ആ ദൂരത്തിന് വെറും നാലു മണിക്കൂര്‍ യാത്രയുടെ ദൈര്‍ഖ്യം മാത്രം..
ഉണ്ണികൃഷ്ണന്‍ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു.. ഐ സി യുവിന്റെ മുമ്പില്‍ ബെഞ്ചില്‍ തളര്‍ന്നിരിക്കുന്ന തന്‍റെ അച്ഛനെയാണ് ആദ്യം കണ്ടത്. തന്റെ ഭാര്യയും കുട്ടികളും അടുത്തുണ്ട്.
“എന്ത് പറ്റി അച്ഛാ നമ്മുടെ അമ്മക്ക്..?
ഇത്രയും സങ്കടത്തോടെ അയാള്‍ തന്‍റെ അച്ഛനെ കാണുന്നത് അന്ന് ആദ്യമായിട്ടായിരുന്നു.
“ഒന്നുമില്ല ഉണ്ണീ..നിന്നെ കാണണം എന്ന് പറഞ്ഞു കരയാന്‍ തുടങ്ങിയിട്ട് കുറെയായി..ഇന്നലെ മുതല്‍ തീരെ വയ്യാണ്ടായിരിക്കുന്നു”.
അച്ഛന്‍ ഉണ്ണിയുടെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ടു എഴുന്നേറ്റു. അപ്പോഴേക്കും ഡോക്ടര്‍ വന്നു.
“ഞാന്‍ ഹരീന്ദ്രനാഥ്. ഞാനാണ് താങ്കളെ വിളിച്ചത്. വരൂ നമുക്ക് അമ്മയെ കാണാം.”
ഡോക്ടര്‍ അയാളെയും കൂട്ടി അമ്മയുടെ അടുക്കലേക്ക് നടന്നു. നീര് വന്നു വീര്‍ത്തിരിക്കുന്ന അമ്മയുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തത്ര മാറിയിരിക്കുന്നു. അയാള്‍ അമ്മയുടെ അടുത്തിരുന്നു. അബോധാവസ്ഥയില്‍ ആ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ട്. അയാള്‍ ചെവിയോര്‍ത്തു..”മോനെ ഉണ്ണീ……. പോവല്ലേ..മോനെ..” ഇന്നലെ രാവിലെ മുതല്‍ തന്നെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന അമ്മയുടെ ശബ്ദം. അയാള്‍ അമ്മയുടെ ഒരു കൈ തന്റെ നെഞ്ചില്‍ ചേര്‍ത്തുവെച്ചു കൊണ്ട് ഇടറിയ ശബ്ദത്തോടെ പറഞ്ഞു..
“അമ്മെ ഞാന്‍ വന്നു അമ്മെ..അമ്മയുടെ ഉണ്ണി…”
ആ കണ്ണുകള്‍ പതിയെ തുറന്നു..ഉണ്ണിയെ കണ്ട അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു..
പതിഞ്ഞ ശബ്ദത്തില്‍ അവര്‍ സംസാരിച്ചു തുടങ്ങി.
“നീ വന്നോ..എന്റെ ഉണ്ണി വന്നോ..അമ്മക്ക് ഒന്നും ഇല്ലെടാ..നിന്നെ കാണാന്‍ ഉള്ള മോഹം കൊണ്ടാ..നീ എന്നെ മറന്നോ മോനെ..? നീ ഇപ്പോള്‍ തന്നെ തിരിച്ചു പൊവ്വോ…?എന്നോട്….എന്നോടിപ്പോഴും ദേഷ്യണ്ടോ ഉണ്ണീ നിനക്ക്..?
അരുതെന്ന അര്‍ത്ഥത്തില്‍ അമ്മയുടെ ചുണ്ടുകളില്‍ കൈവിരലുകള്‍ വെച്ചു കൊണ്ടയാള്‍ പറഞ്ഞു.
“എന്താ അമ്മെ ഇത്..?എനിക്ക് അമ്മയോട് എന്തിനാ ദേഷ്യം..അങ്ങിനെ പറയല്ലേ അമ്മെ…ഇനി ഞാന്‍ അമ്മയെ വിട്ടു എങ്ങും പോവുന്നില്ല..എന്നും അമ്മയുടെ അടുത്ത് തന്നെ ഉണ്ടാവും.”
സന്തോഷം കൊണ്ടാവാം.. അത് കേട്ടപ്പോള്‍ അവരുടെ കണ്ണുകള്‍ തിളങ്ങി. കരഞ്ഞു കൊണ്ട് ചിരിക്കുന്ന അമ്മ അയാളുടെ കയ്യില്‍ കൊതിയോടെ ഉമ്മ വെച്ചു. പിന്നെ ആ കണ്ണുകള്‍ പതിയെ അടഞ്ഞു.. അമ്മയുടെ മനസ്സ് വീണ്ടും അബോധവസ്ഥയിലേക്ക് മാറി..
ഉണ്ണികൃഷ്ണന്‍ കൊച്ചു കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു.. ഡോക്ടര്‍ അയാളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ഒരു ചെറിയ ശസ്ത്രക്രിയ കൊണ്ട് ശരിയാവുന്നതേ ഉള്ളൂ എല്ലാം..പക്ഷെ അതിന് അമ്മയുടെ മനസ്സും ശരീരവും അനുകൂലമായി പ്രതികരിക്കണമെങ്കില്‍ നിങ്ങള്‍ ഇവിടെ വരെ ഒന്ന് വരണമായിരുന്നു. അതിനാണ് നിങ്ങളെ വിളിച്ചത്.
അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ഉണ്ണികൃഷ്ണന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഡോക്ടര്‍ തുടര്‍ന്നു…
“നിങ്ങളെ കുറിച്ചുള്ള വേദനകള്‍..ആധികള്‍.. ഇതെല്ലാമാണ് അമ്മയുടെ യഥാര്‍ത്ഥ രോഗം, അമ്മയ്ക്ക് ആദ്യം വേണ്ടത് നിങ്ങളുടെ സ്നേഹമാണ്. നിങ്ങള്‍ അത് കൊടുക്കാന്‍ മറന്നു പോയി അല്ലേ..?
ഉണ്ണികൃഷ്ണന് ഉത്തരമില്ലായിരുന്നു ആ ചോദ്യത്തിന്..
“സാരമില്ല !! ഇനി ഞങ്ങള്‍ക്ക് ഞങ്ങളുടെ ചികിത്സ തുടങ്ങാം..ദൈവത്തോട് പ്രാര്‍ത്ഥിക്കുക.”
ശസ്ത്രക്രിയാ വാര്‍ഡിലേക്ക് തള്ളി കൊണ്ട് പോകുന്ന അമ്മയെ നോക്കികൊണ്ട് ഉണ്ണികൃഷ്ണന്‍ ആശുപത്രിയിലെ വരാന്തയിലെ ബെഞ്ചില്‍ അച്ഛന്റെ അടുത്ത് തളര്‍ന്നിരുന്നു. ശോകമൂകമായ അന്തരീക്ഷം. ഐ സി യു വില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഉറ്റവരെ ദൂരെ നിന്ന് ഒരു നോക്ക് കാണാനായി കുറെ പേര്‍ ചില്ല് വാതിലിനടുത്ത് കാത്തുനില്‍ക്കുന്നു. കാഴ്ചയെ മറക്കുന്ന തുണി രണ്ടുവശങ്ങളിലേക്കും മാറുന്ന സമയവും കാത്ത് !!..
ഹോം നേഴ്സ് തള്ളിക്കൊണ്ട് പോവുന്ന ചക്രമുള്ള കസേരയില്‍ ഇരുന്നുകൊണ്ട് വൃദ്ധയായ ഒരു മാതാവ് ആ ആള്‍ക്കൂട്ടത്തില്‍ പ്രത്യാശയോടെ പരതിക്കൊണ്ടിരുന്നു… തന്നെ സ്നേഹിക്കുന്ന തനിക്ക് പരിചയമുള്ള മുഖങ്ങള്‍ക്കു വേണ്ടി !!!…
ഉണ്ണികൃഷ്ണന്‍ പുതിയ ചില തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു. ഇനി അമ്മയെ വിട്ട് എങ്ങോട്ടുമില്ല, എന്നെ ഞാനാക്കിയ എന്റെ അമ്മയ്ക്ക് ഇത്തിരിയെങ്കിലും സ്നേഹം തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനീ ജീവിതം. ഈ ജീവിതം കൊണ്ട് എന്തര്‍ത്ഥം..? ഒരായുസ്സിന്റെ സ്നേഹം മുഴുവന്‍ അമ്മയ്ക്കായ് കരുതിവെച്ചുകൊണ്ട് അയാള്‍ കാത്തിരുന്നു..പ്രാര്‍ത്ഥനയോടെ.. തന്റെ പിറകില്‍ നിന്നുകൊണ്ട് തന്നെ സാന്ത്വനിപ്പിക്കുന്ന ഭാര്യയുടെ തലോടലിന്റെ സ്പര്‍ശനം പോലും അയാള്‍ അപ്പോള്‍ അറിഞ്ഞില്ല.. അയാളുടെ മനസ്സ് മുഴുവന്‍ അമ്മയായിരുന്നു..അമ്മ മാത്രം..
Generated from archived content: story1_sep13_11.html Author: sajad_saheer