അവളെ ഒരിക്കൽ കൂടി കാണണം. എന്ന അതിയായ ആഗ്രഹമാണ് എന്നെ ഇന്ന് ഈ യാത്രക്ക് പ്രേരിപ്പിക്കുന്നത്. എന്റെ പ്രണയം അവളോട് നേരിട്ട് വെളിപ്പെടുത്താൻ വെമ്പുന്ന മനസ്സുമായി ഒരുപാട് പ്രതീക്ഷകളോടെ അവളെ തേടി ഞാൻ യാത്ര തുടങ്ങുകയാണ്…. അവളുടെ ഗ്രാമത്തിലേക്ക്…. ഈ മഴയുടെ കൂടെ….
ആ പഴയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്… മഴയിൽ കുതിർന്ന വസ്‌ത്രത്തോടെ കുടയും ചൂടി ബസ്സ് കാത്തു നിൽക്കുന്ന അവളുടെ ചിത്രമാണ്… അവളെ കുറിച്ച് കൂടുതൽ ഒന്നും ഓർക്കാൻ ഇല്ലെങ്കിലും…. ഇന്നും അവൾ എന്റെ മനസ്സിലെ സുഖമുള്ള ഒരു വേദനയാണ്…..
* * * * * * * * * * * * * * * *
അവളെ ആദ്യമായി എവിടെ വെച്ചാണ് ഞാൻ കണ്ടത്……..? അറിയില്ല…. എങ്കിലും ഒന്ന് ഞാൻ ഓർക്കുന്നു. അതൊരു മഴക്കാലത്തായിരുന്നു. ഏതോ മുജ്ജന്മ ബന്ധം പോലെ ഓരോ തവണ കാണുമ്പോഴും അവൾ എന്നിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. റോഡിനിരുവശവും നിന്നുകൊണ്ട് ഞങ്ങൾ തമ്മിൽ കണ്ണുകൾ കൊണ്ട് ഒരുപാട് നേരം സംസാരിക്കുമായിരുന്നു. അപ്പോൾ ശാന്തമായി പെയ്‌തുകൊണ്ടിരിക്കുന്ന ചാറ്റൽ മഴയ്‌ക്ക് പ്രണയത്തിന്റെ ഗന്ധമായിരുന്നു. ആ മഴത്തുള്ളികളുടെ കിലുക്കത്തിന് ഒരു പ്രത്യേക താളമായിരുന്നു.
അവളുടെ കുടക്കു കീഴിൽ അവളോടൊപ്പം മുട്ടിയുരുമ്മിനിൽക്കാനും…. കുടക്കു ചുറ്റും ചാറ്റൽ മഴ ചുമരുകൾ തീർക്കുമ്പോൾ അവൾക്ക് എന്റെ പ്രണയം കൈമാറാനും ഞാൻ ഒരുപാട് കൊതിച്ചു. ഒടുവിൽ അവൾ യാത്രയാവുമ്പോൾ എന്റെ ഹൃദയം എന്തിനോ വേണ്ടി വേദനിക്കുമായിരുന്നു. ബസ്സിന്റെ ജാലക വാതിലിലൂടെ അവൾ അവസാനമായി എന്റെ നേർക്ക് തൊടുത്തുവിടുന്ന തീക്ഷ്‌ണമായ ആ നേത്രശരത്തിൽ വിരഹത്തിന്റെ വേദന പതിയിരിപ്പുണ്ടായിരുന്നു. അവൾക്കെന്നോടുള്ള ഇഷ്‌ടം കണ്ണുകൾകൊണ്ട് പറയാതെ പറയുകയായിരുന്നു അവൾ.
അവളെയും കൊണ്ട് ആ ബസ്സ് നീങ്ങി കഴിയുമ്പോൾ അതുവരെ ഉണ്ടായിരുന്ന ചാറ്റൽ മഴയുടെ സൗന്ദര്യം പൂർണ്ണമായും ചവിട്ടി മെതിച്ചുകൊണ്ട് മഴ അതിശക്തിയോടെ പെയ്യാൻ തുടങ്ങും… എന്റെ മനസ്സിൽ വിരഹവേദനയുടെ വിത്തുകൾ പാകികൊണ്ട്.
* * * * * * * * * * * * * * * *
അന്ന്……… അപ്രതീക്ഷിതമായി മഴ പെയ്‌ത ദിവസം….
ക്‌ളാസ്സിൽ കയറാനാവാതെ കോളേജ് കാന്റീനിൽ നില്്ക്കുകയായിരുന്ന എന്നെ അവൾ അവളുടെ കുടയിലേക്ക് ക്ഷണിച്ചു. അവൾ കുടയും പിടിച്ചു എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു. ഞാൻ അവളുടെ കുടയിലേക്ക് നിന്നു. കുടയിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എന്റെ ഒരുഭാഗം നനക്കുന്നുണ്ടായിരുന്നു. അവൾ എന്നോട് ചേർന്ന് നിൽക്കാൻ ആങ്ങ്യം കാണിച്ചു. അവളുടെ സമ്മതം കൂടാതെ ഇടത്തെ കൈ കൊണ്ട് അവളുടെ കയ്യിൽ നിന്നും കുട ഞാൻ വാങ്ങി. വലത്തേ കൈ പതിയെ അവളുടെ തോളിൽ വെച്ചപ്പോൾ സമ്മതത്തോടെ അവൾ എന്നിലേക്ക് ചേർന്ന് നിന്നു. കോളേജിലേക്കുള്ള കൽപടവുകൾ ഓരോന്നായി കയറുമ്പോഴും അവൾ എന്റെ മനസ്സിൽ മറ്റൊരു മഴയായ് പെയ്‌തിറങ്ങുകയായിരുന്നു. ഞങ്ങളുടെ കാൽപാദങ്ങളെ തഴുകിക്കൊണ്ട് മഴവെള്ളം കൽപടവുകൾ ഇറങ്ങുമ്പോൾ എവിടെനിന്നോ വന്ന ഇളം കാറ്റ് ഞങ്ങളെ കുളിരണിയിക്കുന്നുണ്ടായിരുന്നു.
* * * * * * * * * * * * * * * *
പരസ്‌പരം ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും ഞങ്ങൾ തമ്മിൽ ഒരുപാടു അടുത്ത് കഴിഞ്ഞിരുന്നു. എങ്കിലും ഒരുനാൾ എന്റെ പ്രണയം വാക്കുകളിലൂടെ അവളോട് വെളിപ്പെടുത്താൻ ഞാൻ നല്ലൊരു അവസരം കാത്തിരുന്നു.
* * * * * * * * * * * * * * * *
ഒരു വർഷത്തിനുശേഷം അവൾ തന്ന മേൽവിലാസവുമായി അവളെ കാണാൻ ഞാൻ യാത്രയാവുകയാണ്. അന്നത്തെ ആ കാത്തിരിപ്പിന്റെ സുഖം….. അതിപ്പോഴും ഞാൻ അനുഭവിക്കുന്നു. അതേ ചാറ്റൽ മഴ ഇപ്പോഴും പെയ്യുന്നുണ്ട്. കൈകൾ പുറത്തേക്കു നീട്ടി കൊണ്ട് ഞാൻ ആ മഴത്തുള്ളികളെ തലോടി…. അപ്പോൾ ചെറിയൊരു കാറ്റിന്റെ സഹായത്താൽ അവ എന്നെ ഉമ്മവെക്കുന്നു… അവയുടെ തണുപ്പ് എന്നെ വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു.
* * * * * * * * * * * * * * * *
അവൾക്കെന്നോടുള്ള പ്രണയം എന്നെ അറിയിച്ചത് അവളുടെ കൂട്ടുകാരികൾ ആയിരുന്നു. ഞാൻ സന്തോഷം കൊണ്ട് മതി മറന്നുപോയ നിമിഷം…. പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അവർ എന്നോട് വേദനിപ്പിക്കുന്ന മറ്റൊരു സത്യം കൂടി പറഞ്ഞു. “അവൾ ഇനി കോളേജിലേക്ക് വരുന്നില്ല…….!!” അവളുടെ അച്ഛന് ജോലി ട്രാൻസ്‌ഫർ ആയി. പാലക്കാട്ടേക്ക്, അവൾക്ക് അവിടെ കോളേജിൽ അഡ്‌മിഷനും ശരിയായി.“
അവളെ എനിക്ക് നഷ്‌ടപ്പെടാൻ പോവുകയാണ് എന്ന സത്യം എന്നെ ഒരുപാട് വേദനിപ്പിച്ചു. എന്റെ മുഖത്ത് വരുന്ന ഓരോ ഭാവ മാറ്റങ്ങളും ശ്രദ്ധിച്ചുകൊണ്ട് അവൾ കുറച്ചു ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പിന്തിരിഞ്ഞോടി. അവളുടെ പിന്നാലെ ഞാനും. അവൾ ഒരു ഒഴിഞ്ഞ ക്ലാസ്സ്‌റൂമിലേക്കാണ് ഓടിക്കയറിയത്. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. തൊട്ടു പിന്നിൽ ഓടി വന്ന എനിക്ക് നേരെ വിറയാർന്ന കൈകളോടെ അവൾ ഒരു ഓട്ടോഗ്രാഫ് നീട്ടി.
ഞാൻ കേട്ടതെല്ലാം സത്യമാണോ….? അവളോട് ഞാൻ ചോദിച്ചു…. അതേ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
അവളോട് ഞാൻ ആദ്യമായും അവസാനമായും സംസാരിച്ചത് അന്നായിരുന്നു. ”നിനക്ക്…. പോവാതിരുന്നുടെ“…? അതിനു മറുപടിയായി അവൾ ശബ്‌ദമില്ലാതെ കരയുകയായിരുന്നു. കൂടുതൽ ഒന്നും ആ മുഖത്ത് നോക്കി ചോദിക്കാൻ എനിക്ക് പിന്നെ കഴിയുമായിരുന്നില്ല. എനിക്ക് പറയാനുണ്ടായിരുന്നത് അവളുടെ ഓട്ടോഗ്രാഫിൽ അക്ഷരങ്ങളായി ഞാൻ ഇങ്ങനെ കുറിച്ചിട്ടു.
”എന്നെങ്കിലും ഒരിക്കൽ… വീണ്ടും നീ കുടയും ചൂടി ഈ കൽപടവുകൾ കയറി വരുന്നതും കാത്തു ഞാൻ ഇവിടെ ഉണ്ടാകും….. നിനക്കായ് മാത്രം ഞാൻ എന്നും ഇവിടെ കാത്തിരിപ്പുണ്ടാകും. എന്നെ വിട്ടു പോവാതിരുന്നൂടെ….“?
എന്റെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് തിരിച്ചു വാങ്ങി ബാഗിൽ വെക്കുമ്പോഴേക്കും അവളുടെ കൂട്ടുകാരികൾ അവളെ വിളിക്കുന്നുണ്ടായിരുന്നു. ധൃതിയിൽ അവൾ ഒരു തുണ്ടുകടലാസിൽ എന്തോ എഴുതി രണ്ടായി മടക്കി എന്റെ കയ്യിൽ തന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് യാത്രപോലും പറയാതെ അവൾ അവർക്കൊപ്പം നടന്നു നീങ്ങി.
അവിടെയുള്ള എല്ലാ ശബ്‌ദങ്ങളും നിശബ്‌ദമായതുപോലെ… എന്റെ കാതുകൾ കൊട്ടിയടച്ചപോലെ… പലതവണ പിന്തിരിഞ്ഞു നോക്കി കൊണ്ട് നടന്നകലുന്ന അവളെ നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കി നിന്നു. കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എന്റെ കയ്യിൽ തന്ന തുണ്ടു കടലാസ് ആകാംക്ഷയോടെ ഞാൻ നിവർത്തി നോക്കി. സുന്ദരമായ കയ്യക്ഷരങ്ങൾ… അതിലെ വാചകങ്ങൾ മൂർച്ചയേറിയ അമ്പുകൾ പോലെ എന്റെ ഹൃദയത്തിൽ തുളച്ചു കയറി.
”ഒരിക്കലും സംസാരിക്കാൻ കഴിയാത്ത എന്നെ നിനക്ക് സ്‌നേഹിക്കാൻ ആവുമോ….? ഇല്ലെന്നറിയാം… അതുകൊണ്ട് എന്നെ മറക്കുക… വെറുക്കാതിരിക്കുക…. ഞാൻ പോവുന്നു….“ എനിക്കൊരിക്കലും വിശ്വസിക്കാൻ കഴിയാത്തതായിരുന്നു അത്. ആരും എന്നോടൊന്നും പറഞ്ഞില്ല. എനിക്കൊരിക്കലും അങ്ങിനെ തോന്നിയിട്ടുമില്ല. തളർന്നു പോയ എന്റെ കാലുകൾക്ക് ശക്തി പകർന്നുകൊണ്ട് അവൾ പോയ വഴിയെ ഞാൻ ഓടി. അപ്പോഴേക്കും ഒരുപാട് കുടകൾക്കിടയിൽ അവളും മറഞ്ഞു കഴിഞ്ഞിരുന്നു.
എനിക്കു പറയാനുള്ളത് മുഴുവൻ കേൾക്കാതെ അവൾ പോയി…. പറയാൻ ഒരുപാട് ഉണ്ടായിട്ടും ഒരിക്കലും ഒന്നും പറയാൻ കഴിയില്ലെന്ന സത്യം എന്നെ അറിയിച്ചുകൊണ്ട് അവൾ പോയി. തകർന്ന മനസ്സുമായി ഞാൻ തിരിഞ്ഞു നടക്കുമ്പോഴേക്കും മഴ കൂടുതൽ ശക്തിയോടെ പെയ്യാൻ തുടങ്ങിയിരുന്നു… വിരഹത്തിന്റെ മഴ…. വേദനയുടെ മഴ…..
* * * * * * * * * * * * * * * * *
പിന്നീടെപ്പോഴോ ആണ് അവൾ ആ തുണ്ട് കടലാസിനു പിറകിൽ എഴുതിയ അവളുടെ പുതിയ മേൽവിലാസം ഞാൻ ശ്രദ്ധിച്ചത്. അവളില്ലാത്ത ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു. പരീക്ഷ കഴിഞ്ഞു. കോളേജ് അടച്ചു. രണ്ടു മാസത്തെ അവധി ദിവസങ്ങളിൽ അവളെ കുറിച്ചുള്ള ഓർമ്മകൾ വീണ്ടും എന്നെ നൊമ്പരപ്പെടുത്താൻ തുടങ്ങി. അവളെ ഒരിക്കൽ കൂടി കാണുന്നതിനുവേണ്ടി പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. അമ്മയുടെ കയ്യിൽ നിന്നും കുറച്ചു രൂപയും വാങ്ങി ഞാൻ യാത്ര തുടങ്ങി. പാലക്കാട്ടേക്ക്….
* * * * * * * * * * * * * * * * *
ചെറുകുന്ന്….. ചെറുകുന്ന്…. ബസ്സിലെ കിളിയുടെ ശബ്‌ദമാണ് എന്നെ ഓർമ്മയിൽ നിന്നുണർത്തിയത്…. ഇത് തന്നെ സ്‌ഥലം. ചെറുകുന്ന് (പി.ഒ) വെള്ളിയില. ഞാൻ അവിടെ ഇറങ്ങി. സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. മഴ പെയ്‌തു തോർന്നെങ്കിലും മാനം തെളിഞ്ഞിട്ടില്ല. ശക്തമായ മറ്റൊരു മഴക്കുവേണ്ടിയാകാം. കാറ്റടിച്ചുകൊണ്ടേ ഇരിക്കുന്നു.
ഒരു ചെറിയ കവല. ഒരു വലിയ ആൽമരവും, ചെറിയ ഒരു അമ്പലവും, കുറച്ചു കടകളും പരിചിതമല്ലാത്ത ഒരു മുഖം എന്ന മട്ടിൽ പലരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആൾകൂട്ടത്തിൽ നിന്നും മാറി നിൽക്കുന്ന ഒരാളോട് ഞാൻ ചോദിച്ചു.
”ചേട്ടാ… എവിടെയാ ഈ വെള്ളിയില ഗ്രാമം….?
ചുവന്ന കണ്ണുകളും കുറ്റി താടിയുമുള്ള അയാൾ എന്നെ അടിമുടി ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു. “വെള്ളിയില ഗ്രാമം ഇവിടെ അടുത്താ… ആട്ടെ…. മോനെങ്ങോട്ടാ….? അവിടെ ആരെ കാണാനാ…?
”അത്… ഒരു ബാലൻ മാഷ്….. ഇവിടെ ചെറുകുന്ന് ഹൈസ്‌കൂളിലെ…. അത് കേട്ടപ്പോൾ അയാളുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.
“ബാലൻ മാഷിന്റെ ആരാ…”? അയാളുടെ ശബ്‌ദം അപ്പോൾ ഒരല്‌പം പതറിയിരുന്നു.
“ആരുമല്ല…..! മാഷ് ആദ്യം ഞങ്ങളുടെ നാട്ടിലായിരുന്നു. അവിടുന്നു ഇങ്ങോട്ട് സ്‌ഥലം മാറിയത്.
ഓ…. അത്രേയുള്ളൂ….?
ശക്തിയായ കാറ്റിൽ തൊട്ടടുത്തുള്ള ആൽമരത്തിൽ നിന്നും തങ്ങിനിന്ന മഴത്തുള്ളികൾ ഞങ്ങളുടെ തലയിലേക്ക് പെയ്‌തുകൊണ്ടിരുന്നു.
അയാൾ എന്തോ ഓർത്തിട്ടെന്ന പോലെ ഒരു ദീർഘനിശ്വാസത്തോടെ എളിയിൽ നിന്ന് ഒരു ബീഡി എടുത്തു കത്തിച്ചു.
തണുപ്പ് കാരണം അപ്പോൾ അയാളുടെ പല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാമായിരുന്നു. ”അങ്ങോട്ട് പോയിട്ട് കാര്യമില്ല. ആ വീട് അടഞ്ഞു കിടക്കുവാ…. അവരെല്ലാവരും ഇവിടുന്നു പോയി…“ എങ്ങോട്ട്…? ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു….
‘അവരുടെ നാട്ടിലേക്കായിരിക്കും… ഇവിടുത്തെ ജോലി എല്ലാം ഒഴിവാക്കീന്നാ കേട്ടത്… പാവം അദ്ദേഹത്തിന്റെയൊരു വിധി. അല്ലാതെന്ത് പറയാനാ….?
ഞാൻ ഒന്നും മനസ്സിലാകാതെ അയാളുടെ കണ്ണുകളിലേക്കു നോക്കി. ഒരു നെടുവീർപ്പോടെ അയാൾ തുടർന്നു…. ”മോളുടെ മരണത്തിനു ശേഷം അവർ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല.“ എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ…. അവൾ മരിച്ചൂന്നോ….? എനിക്കങ്ങനെ വിശ്വസിക്കാനാവില്ല…. കേട്ടത് സത്യമാവരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ അയാളോട് ചോദിച്ചു. എങ്ങിനെ….?
അയാൾ എന്റെ തോളിൽ കയ്യിട്ടുകൊണ്ട് കുറച്ചു ദൂരം മുന്നോട്ട് നടന്നു, മഴവെള്ളത്തിൽ ചവിട്ടാതെ…. ആൾകൂട്ടത്തിൽ നിന്ന് കുറച്ചു മാറി നിന്നു. കയ്യിലെ ബീഡി കുറ്റി താഴോക്കിട്ടു കൊണ്ട് അയാൾ തുടർന്നു.
”ആ മിണ്ടാ പ്രാണിയെ കൊന്നതാ…. ആ കൊച്ചിനെ കാണാനില്ലതായി ഒരാഴ്‌ചക്ക് ശേഷമാ ഞങ്ങളെല്ലാവരും അറിയുന്നത്, എവിടെയാണെന്ന് ഒരു വിവരവും ഇല്ലാതെ ഇരിക്കുമ്പോഴാണ്…. കുറച്ചു ദിവസങ്ങൾക്കു ശേഷം കോഴിക്കോട്ടുന്നോ എങ്ങാണ്ട് പോലിസിനു ഒരു വീട്ടിൽ നിന്ന് അവളെ കണ്ടു കിട്ടിയത്. ആരൊക്കെയോ ആ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി നശിപ്പിക്കുകയായിരുന്നു. പിന്നെ നാട്ടുകാരുടെയും പത്രക്കാരുടെയും ശല്ല്യം കാരണം മാഷ് പുറത്തേക്ക് ഇറങ്ങിയിട്ടില്ല. കുറെ ദിവസങ്ങൾ കഴിഞ്ഞ് എല്ലാവരും എല്ലാം മറന്നതിന് ശേഷം മാഷ് പഴയതുപോലെ സ്‌കൂളിൽ വരാനും തുടങ്ങിയിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം ആ പെങ്കൊച്ച് മനസ്സിന്റെ ദെണ്ണം കാരണം…. കോരിച്ചൊരിയുന്നൊരു മഴയുള്ള രാത്രിയിൽ അവളുടെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ചു കളഞ്ഞു… അന്ന് മൂന്നു ദിവസം തുടർച്ചയായി തോരാത്ത മഴതന്നെ ആയിരുന്നു…. പ്രളയം ഉണ്ടാവുമോ എന്ന് പോലും എല്ലാവരും പേടിച്ചിരുന്നു അന്ന്…. അതിനു മുൻപും പിൻപും അതുപോലൊരു മഴ ഉണ്ടായിട്ടുമില്ല.
ആ മഴയത്ത് വെള്ള പുതപ്പിച്ച മകളുടെ മൃതശരീരവുമായി എല്ലാവരോടും യാത്ര പറഞ്ഞു പോയ ബാലന്മാഷിന്റെ മുഖം ഇന്നും ഇവിടെ ആരും മറന്നിട്ടില്ല.“ ഒന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ തരിച്ചു നിന്നു. എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം തോളിൽ തട്ടിക്കൊണ്ടു അയാൾ പറഞ്ഞു ”മോൻ തിരിച്ചു പോയ്‌ക്കോ…. അതാ നല്ലത്.“ ആരുടെയോ വിളിക്ക് മറുപടിയായി ഒരു ശബ്‌ദവും പുറപ്പെടുവിച്ചുകൊണ്ട് അയാൾ നടന്നു നീങ്ങി. പെട്ടെന്ന് രാത്രിയായത് പോലെ… മാനം ഇരുണ്ടു തുടങ്ങി. വ്യത്യസ്‌ത ശബ്‌ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പക്ഷികൾ ചേക്കേറാൻ തുടങ്ങിയിരിക്കുന്നു. അപ്പോഴും ആൽമരം പെയ്‌തുകൊണ്ടേ ഇരുന്നു.
മിണ്ടാൻ കഴിവില്ലാത്ത…. മഞ്ഞുതുള്ളിയുടെ നൈർമല്യമുള്ള…. അവളെ പിച്ചി ചീന്തിയ കാപാലികൻമാരെ മനസ്സിൽ ശപിച്ചുകൊണ്ട് ഞാൻ റോഡിനു അപ്പുറം കടന്നു. തിരിച്ചു പോകാനുള്ള ബസ്സിനുവേണ്ടി. അവൾ എഴുതിയകടലാസു കഷ്‌ണം വിറയാർന്ന കൈകളോടെ ഒരിക്കൽ കൂടി കീശയിൽ നിന്നു എടുത്തു നിവർത്തി നോക്കി. അവളുടെ കൈവിരലുകളുടെ സ്‌പർശനം ഏറ്റ ആ കടലാസ്സിൽ അവളുടെ ചിരിക്കുന്ന മുഖം. ഒരു കണ്ണുനീർത്തുള്ളി അതിൽ വീണു ചിന്നി ചിതറിയപ്പോൾ ആണ് എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ അറിയുന്നത്. ആരും കാണാതെ കണ്ണുകൾ തുടച്ചു. ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ…? ഞാൻ ചുറ്റുപാടും നോക്കി.
റോഡിന്റെ മറുവശത്തുള്ള ചായക്കടയിൽ ഇരുന്നുകൊണ്ട് അയാൾ എന്നെത്തന്നെ ഒളിഞ്ഞു നോക്കുകയായിരുന്നു. ആ കാപാലികന്മാർക്ക് അവളെ പിടിച്ചു കൊടുത്തത് അയാളാണോ….? അയാളുടെ ചോര കണ്ണുകൾ…. അയാളുടെ നോട്ടം…. ഇതെല്ലാം എന്നിലെ സംശയങ്ങൾക്ക് ആർജ്ജവമേകുകയായിരുന്നു.
തണുത്തകാറ്റും… ശക്തമായ ഇടിയും മിന്നലും.. അടുത്ത മഴക്കുള്ള കോളാണ്. എന്നെ കൊണ്ടുപോകാൻ എത്രയും പെട്ടെന്ന് ഒരു ബസ്സ് വന്നെങ്കിൽ…. ഇവിടെ ഇനിയും അധിക സമയം നിൽക്കാൻ വയ്യ. അധികം വൈകാതെ ചെളിവെള്ളം തെറിപ്പിച്ചുകൊണ്ട് ബസ്സ് വന്നു നിന്നു. ബസ്സിനടുത്തേക്കു ഓടുമ്പോഴേക്കും മഴ പൊട്ടി വീണിരുന്നു. തലക്ക് മീതെ കൈ നിവർത്തി വെച്ചുകൊണ്ട് ഞാൻ ബസ്സിലേക്ക് ഓടിക്കയറി.
ബസ്സിനുള്ളിൽ നല്ല തിരക്കാണ്. വളരെ പ്രയാസപ്പെട്ട് ബസ്സിനുള്ളിലേക്ക് തിക്കിക്കയറി. മുകളിലെ കമ്പിയിൽ പിടിച്ചുകൊണ്ട് ഞാൻ നിന്നു. ബസ്സ് മുന്നോട്ട് ചലിക്കാൻ തുടങ്ങിയപ്പോൾ ഒരിക്കൽ കൂടി വെറുതെ തിരിഞ്ഞു നോക്കി. അപ്പോഴതാ അവൾ… കോരിച്ചൊരിയുന്ന മഴയത്ത്…. റോഡിനു നടുവിൽ ഒരു കുടയും പിടിച്ച് നിൽക്കുന്നു… ചിരിച്ചു കൊണ്ട് എനിക്ക് നേരെ കൈ വീശി കാണിക്കുകയാണവൾ…. എന്നെ യാത്രയാക്കുകയാണവൾ…. ഈ മഴയുടെ കൂടെ… ഈ ഭൂമിയിൽ ഇപ്പോൾ അവൾ ജീവിച്ചിരിപ്പില്ലെന്ന സത്യം എന്നെ അറിയിക്കാൻ അവൾ ആഗ്രഹിച്ചിരിക്കാം…. അവളുടെ ആത്മാവിന്റെ പ്രേരണയാലാവാം അവളെ തേടി ഞാൻ ഇവിടെ വന്നത്. ഇപ്പോൾ എല്ലാം എന്നെ അറിയിച്ചതിനു ശേഷം അവൾ തന്നെ എന്നെ യാത്രയാക്കുന്നതായിരിക്കാം…. ബസ്സ് മുന്നോട്ട് പോവുന്തോറും അവൾ അകന്നകന്നു പോയി…. ഒടുവിൽ ഒരു കറുത്ത പൊട്ടു പോലെ മാഞ്ഞു…. മാഞ്ഞ് പിന്നെ…. ഇല്ലാതെയായി…
Generated from archived content: story1_may19_11.html Author: sajad_saheer