കത്തിയമര്‍ന്ന പകലിന്റെ ശേഷിപ്പുകളായി മാനത്ത് ചിതറിക്കിടക്കുന്ന സ്വര്‍ണ്ണ ചീന്തുകളിലേക്ക് നോക്കിക്കൊണ്ട് വീടിന്റെ ഉമ്മറപ്പടിയില്‍ ഗോപി അലസമായി ഇരുന്നു. എന്തിനെന്നറിയാതെ വെറുതെ അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന അയാളുടെ മനസ്സ് ഭാവിയെ കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ക്കൊന്നും മുതിരാതെ ഭൂതകാലത്തിലൂടെ തന്നെ വീണ്ടും ഉഴറി നടക്കുകയാണ്..
തിരക്കുകള്‍ ഇല്ലാത്ത ശാന്തമായ ഒരു നാട്ടിന്‍ പുറത്തുകാരന്റെ ജീവിതം കൊതിച്ച് രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന പ്രവാസ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഇങ്ങനെയൊരു വിരസത പെട്ടെന്ന് ഉണ്ടാകുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല.
വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം ഒന്നും സമ്പാദിക്കാന്‍ കഴിയാതെ തിരിച്ചു നാട്ടിലേക്കു മടങ്ങുന്ന ഭൂരിപക്ഷം പ്രവാസികളില്‍ നിന്നും വ്യത്യസ്തനായിരുന്നു ഗോപി. എല്ലാ പ്രാരാബ്ദങ്ങള്‍ക്കും ഒടുവില്‍ ശേഷിച്ച സമ്പാദ്യം കൊണ്ട് പ്രിയ സുഹൃത്തിനോടൊപ്പം തുടങ്ങിയ പുതിയ സംരംഭം വളരെ നല്ല വിജയമായി മുന്നോട്ടു പോവുന്നു. അതിന്റെ ലാഭ വിഹിതം മാത്രം മതി ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാന്‍…. ശരിക്കും താന്‍ ജീവിത വിജയം കൈവരിച്ചിരിക്കുന്നു എന്നയാള്‍ അഹങ്കരിച്ചു.
“ദേ.. എന്തൊരിരിപ്പാണിത്…. നേരം സന്ധ്യയാവാറായി, ഒന്നിങ്ങ് എണീറ്റു വരുന്നുണ്ടോ..?”
സുലോചനയുടെ നീരസത്തോടെയുള്ള ചോദ്യം അയാള്‍ കേട്ടില്ലെന്നു തോന്നുന്നു. മറുപടിക്ക് വേണ്ടി കുറച്ചു സമയം കാത്തു നിന്നിട്ട് അവള്‍ ദീപം തെളിയിക്കാനായി അകത്തോട്ടു പോയി.
സുലോചനക്ക് ഗോപിയേട്ടന്‍ എന്നും അടുത്ത് വേണമായിരുന്നു.. വിവാഹം കഴിഞ്ഞ ഉടനെ തുടങ്ങിയതാണ് വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ ദിവസങ്ങളില്‍ നേരം വെളുക്കുവോളം സംസാരിച്ചിരുന്നാലും ഒന്നും പറഞ്ഞു തീരില്ലായിരുന്നു…ഇപ്പോള്‍ തുറന്നുള്ള സംസാരം പോലും തീരെ ഇല്ലാതായിരിക്കുന്നു… ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം.. അന്നെല്ലാം എന്തായിരുന്നു അത്രയും നേരം സംസാരിച്ചിരുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിരുന്നിട്ടുണ്ട്.
നരച്ചു തുടങ്ങിയ മുടിയിഴകളിലൂടെ കയ്യോടിച്ചു കൊണ്ട് ഗോപി എന്തോ ഓര്‍ത്തിട്ടെന്ന പോലെ എണീറ്റു നടന്നു. പടിപ്പുരക്കു മുന്നിലൂടെ പതിയെ ഒഴുകുന്ന അരുവിയുടെ കരയില്‍ നിന്നും ചുവന്ന ചെമ്പരത്തി പൂക്കളുടെ ഇടയിലൂടെ താഴോട്ട് വളഞ്ഞു മേലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന മനോഹരമായ ആ പൂമൊട്ട് നിശാഗന്ധി പൂവിന്റേതാണെന്ന് സുലോചന പറഞ്ഞിരുന്നു. അത്യപൂര്‍വമായി മാത്രം കാണുന്ന ആ പൂമൊട്ട് അയാള്‍ കൊതിയോടെ നോക്കി നില്‍ക്കുന്നു. വിടരാനായി നില്‍കുന്ന ആ പൂമൊട്ട് ഇന്നത്തെ രാത്രിക്ക് വേണ്ടി കാത്തിരിക്കയാവാം. ആരും കാണാതെ രാത്രിയില്‍ വിരിഞ്ഞ് നിലാവില്‍ സുഗന്ധം പരത്താന്‍.
തെളിയിച്ച ദീപവുമായി ഉമ്മറത്തേക്ക് വന്ന സുലോചനയോടായി അയാള്‍ വിളിച്ചു പറഞ്ഞു… ഞാന്‍ ഒന്ന് നടന്നിട്ട് വരാം..
കുറച്ചു നീരസത്തോടെയാണ് സുലോചന മറുപടി പറഞ്ഞത്.
“കവലയില്‍ അധികനേരമൊന്നും സംസാരിച്ചു നില്‍ക്കാതെ വേഗമിങ്ങു വന്നേക്കണം..”
നീണ്ടു കിടക്കുന്ന പാട വരമ്പിലൂടെ ഗ്രാമ ഭംഗി ആസ്വദിച്ചു നടന്നു നീങ്ങുന്ന അയാളെയും നോക്കി കത്തി നില്‍ക്കുന്ന ദീപം അണഞ്ഞു പോവാതെ ശ്രദ്ധിച്ചു കൊണ്ട് അവള്‍ നിന്നു. ഇനിയും പുലരാന്‍ പോകുന്ന നിറം മങ്ങിയേക്കാവുന്ന ദിവസങ്ങളെ കുറിച്ചായിരുന്നു അപ്പോള്‍ സുലോചനയുടെ ചിന്ത മുഴുവന്‍.
…………………………..
ഗോപിയെ കാണാന്‍ രാവിലെതന്നെ മക്കളും മരുമക്കളും ബന്ധുക്കളും എല്ലാം എത്തിയിരുന്നു.
“ഇനി തിരിച്ചു പോകില്ലാന്നു വെച്ചാല്‍ …ഇനി ഇവിടെ തന്നെ ഇങ്ങു കൂടാം എന്നാണോ ഗോപ്യേ..?
രാവുണ്ണി മാമ്മന്റെ ആ ചോദ്യം കേട്ടപ്പോള്‍ ദേഷ്യമാണ് തോന്നിയത്., തന്റെ മുഖഭാവം മനസ്സിലാക്കിയിട്ടെന്നപോലെ അമ്മായി അപ്പോള്‍ തന്നെ അതിനു മറുപടിയും കൊടുത്തു..
“കുറെ കാലമായില്ലേ ഈ അലച്ചില്‍..ഇനി മതി. അവന്റെ ഈ തീരുമാനം തന്ന്യാ നന്നായെ..” അമ്മായി അരുതാത്തതെന്തോ പറഞ്ഞപോലെ രാവുണ്ണി മാമ്മന്‍ അമ്മായിയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി.
പിന്നെ അമ്മായി ഒന്നും തന്നെ പറഞ്ഞില്ല.
രാവുണ്ണി മാമ്മനെ പ്പോലെ പലര്‍ക്കും തന്റെ ഈ തീരുമാനം അത്ര ഇഷ്ടമായിട്ടില്ല എന്ന് തോന്നുന്നു. ഇവരൊക്കെ എന്താ ഇങ്ങിനെ എന്ന് ചിന്തിച്ചു പോയി ഒരു നിമിഷം. ഊണ് കാലമാകുന്നതിനു മുമ്പേ എല്ലാവരും ഓരോ തിരക്കുകള്‍ പറഞ്ഞ് തിരിച്ചു പോകുകയും ചെയ്തു.
*********************************
അങ്ങ് ദൂരെ നിന്നും പശുക്കളെയും തെളിച്ച് കൊണ്ട് വരുന്ന ആളെ ദൂരെ നിന്ന് തന്നെ ഗോപിക്ക് മനസ്സിലായി. തന്റെ ഏറ്റവും അടുത്ത ചങ്ങാതി കണാരന്‍.
തൊട്ടടുത്തെത്തിയപ്പോഴാണ് കണാരന് ആളെ മനസ്സിലായത്..
“ഇതാര്.. ഗോപ്യോ..ഇതെപ്പോ വന്നു..?
“ഞാന്‍ ഇന്ന് രാവിലെ എത്തി.
“കഴിഞ്ഞ പ്രാവശ്യത്തെ പോലെ പെട്ടെന്ന് തിരിച്ചു പോവ്വോ..? മിണ്ടാതെ പോയ് കളയരുത് നമുക്കൊന്ന് കാണണം..
“ഇല്ല കണാരാ ..ഇനി ഞാന്‍ തിരിച്ചു പോവുന്നില്ല …ഇനി എപ്പോ വേണേലും കാണാം..”
അത് കേട്ടപ്പോള്‍ കണാരന്റെ മുഖത്തും എന്തോ ഒരു സങ്കടം..
ഗോപിയുടെ പാതിയും കൊഴിഞ്ഞ നരച്ച മുടിയിഴകളിലേക്ക് നോക്കികൊണ്ട് കണാരന്‍ ചിരിച്ചു..
നന്നായി ഗോപ്യെ…നിനക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ..
വീട്ടുകാരിക്ക് ഇപ്പൊത്തിരി സന്തോഷം ആയിക്കാണും അല്ല്യോ..??
അതും പറഞ്ഞു കണാരന്‍ ഉറക്കെ ചിരിച്ചു…നീ ഏതായാലും നടക്ക് ..ഞാന്‍ പശുക്കളെ ഒന്ന് കേട്ടിയേച്ചും വരാം..
പശുക്കളെയും കൊണ്ട് നടന്നു പോകുന്ന കണാരനെയും നോക്കി ഗോപി കുറച്ചു നേരം അവിടെ തന്നെ നിന്നു. അവനിപ്പോഴും ഒരു മാറ്റവും ഇല്ല.
ആകാശത്ത് ഒരേ അകലത്തില്‍ നിരന്നു പറക്കുന്ന പക്ഷികളെയും നോക്കിക്കൊണ്ട് നടത്തം തുങ്ങുമ്പോഴേക്കും എരിഞ്ഞു തീര്‍ന്ന പകല്‍ രാത്രിയിലേക്ക് വഴി മാറി തുടങ്ങിയിരുന്നു.
**************
കവലയില്‍ വെച്ച് കണ്ടു മുട്ടിയ പലര്‍ക്കും അയാളോട് പറയാതെ പറയാനുണ്ടായിരുന്നത് മുഴുവന്‍ സുലോചനയെ കുറിച്ചായിരുന്നു. തന്റെ അസാന്നിധ്യത്തില്‍ തനിക്കൊരു പകരക്കാരന്‍ സുലോചനക്ക് ഉണ്ടെന്നുള്ള നടുക്കുന്ന ആ സത്യം അയാള്‍ പലരില്‍ നിന്നും പറയാതെ തന്നെ അറിഞ്ഞു. എല്ലാം മനസ്സിലാക്കിയ ഗോപിക്ക് പിന്നെ അധിക സമയം അവിടെ നില്ക്കാന്‍ തോന്നിയില്ല. തന്റെ സ്വന്തം നാട്ടില്‍ താന്‍ എല്ലാവര്ക്കും ഒരു അധികപ്പറ്റാണ് എന്ന സത്യം ഒരു ഞെട്ടലോടെയാണ് അയാള്‍ തിരിച്ചറിഞ്ഞത്.
ഓരോ പ്രാവശ്യം അവധിക്കു വരുമ്പോഴും ഒരുപാടു സമയം ഇരിക്കാറുള്ള കുന്നിന്‍മുകളില്‍. നിലാവും നക്ഷത്രങ്ങളും താഴേക്ക് ഇറങ്ങി വന്നു തന്നോടു സംസാരിക്കാറുള്ള ആ കുന്നിന്‍മുകളില്‍ അയാള്‍ കുറെ സമയം ഇരുന്നു..
രാവുണ്ണിമാമ്മന്റെ കുത്ത് വാക്കുകള്‍ക്കും, കണാരന്റെ ഉച്ചത്തിലുള്ള ചിരിക്കു പിറകിലുമുള്ള ഒരു പാട് അര്‍ത്ഥങ്ങളെ കുറിച്ച് അയാള്‍ക്ക് കൂടുതല്‍ ഒന്നും തന്നെ ചിന്തിക്കേണ്ടി വന്നില്ല. ജീവിത വിജയം കൈവരിച്ചു എന്ന് കുറച്ചു മുമ്പ് വരെ അഹങ്കരിച്ചിരുന്ന അയാള്‍ തന്റെ ജീവിതം തീര്‍ത്തും ഒരു പരാജയമായല്ലോ എന്നോര്‍ത്ത് ഒരുപാടു ദുഖിച്ചു.
നിലാവ് പെയ്തിറങ്ങിയ പാട വരമ്പിലൂടെ വീട് ലക്ഷ്യമാക്കി തിരിച്ചു നടക്കുമ്പോള്‍ അയാളുടെ മനസ്സ് തീര്‍ത്തും ശൂന്യമായിരുന്നു. പടിപ്പുര കടക്കുന്നതിനു മുമ്പേ എന്തോ ഓര്‍മ്മയില്‍ വന്നപോലെ അയാള്‍ വിരിഞ്ഞു നില്‍ക്കുന്ന ആ നിശാഗന്ധിയെ ഒന്നു നോക്കി. പതിയെ ഒഴുകുന്ന വെള്ളത്തിന്റെ താളത്തിനനുസരിച്ച് ഇളകിയാടുന്ന ആ പൂവ് നിലാവെളിച്ചത്തില്‍ വളരെ മനോഹരമായിരുന്നു..
ആരും കാണാതെ അര്‍ദ്ധ രാത്രിയില്‍ വിടര്‍ന്നു സുഗന്ധം പരത്തുന്ന നിശാഗന്ധിക്ക് അയാളോട് പറയാന്‍ ഒരു പാടു കഥകള്‍ ഉണ്ടായിരുന്നു.. കുറെസമയം അവിടെ തന്നെ ഇരുന്നതിനു ശേഷം പടിപ്പുരയും കടന്നു വീട്ടു മുറ്റത്തേക്ക് കയറുമ്പോള്‍ ഇനി ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത മറ്റൊരു പ്രവാസമായിരുന്നു അയാളുടെ മനസ്സില്‍. നിമിഷനേരത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ചിന്തകള്‍ക്ക്.
നിലാവില്‍ കുളിച്ചു കിടക്കുന്ന പാടശേഖരവും….അര്‍ദ്ധരാത്രിയില്‍ വിടര്‍ന്ന നില്‍ക്കുന്ന നിശാഗന്ധിയും..അങ്ങിനെ തന്റെ ഗ്രാമത്തിലെ പലതും അയാളെ പുതിയൊരു ജീവിതത്തിലേക്ക് തിരികെ വിളിക്കുന്നുണ്ടായിരുന്നു.. ആ പിന്‍വിളികളെ തിരസ്കരിച്ചുകൊണ്ട് അനന്തമായ പ്രവാസത്തിലേക്കു ഇനിയും നടന്നടുക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.
നിരാശയുടെ നിഴല്‍പ്പാടുകള്‍ വീണു തുടങ്ങിയ ജീവിതത്തില്‍ വെട്ടം നിറക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തില്‍ നിന്നും ആര്‍ജിച്ചു കിട്ടിയ മനോധൈര്യവും..മനസ്സിന്റെ വിശാലതയും അയാളില്‍ ആവോളം ഉണ്ടായിരുന്നു.. അത് മാത്രമായിരുന്നു അയാളുടെ വിലയേറിയ സമ്പാദ്യവും.
Generated from archived content: story1_june12_13.html Author: sajad_manjeri