ഞാന്‍ അവന്റെ ആരായിരുന്നു. അവന്റെ മനസ്സില്‍ എനിക്കുള്ള സ്ഥാനമെന്തായിരുന്നു. ഒരിക്കല്‍ അവനെ നഷ്ടപ്പെടും എന്നറിയാമായിരുന്നെങ്കിലും അതിത്രയും പെട്ടെന്ന്… ഞാന്‍ ഏറെ ഭയപ്പെട്ടിരുന്ന ദിവസം…അത് സംഭവിച്ചിരിക്കുന്നു.. ഞാന്‍ അവന് ആരുമല്ലാതായി മാറിയിരിക്കുന്നു. സന്തോഷവും ദു:ഖവും എല്ലാം പങ്കുവെച്ചുകൊണ്ട് ഒരിക്കലും അകലാന്‍ കഴിയാത്തവണ്ണം വണ്ണം അടുത്തു കഴിഞ്ഞതായിരുന്നു…എന്നിട്ടും..
ഇപ്പോള്‍ മനസ്സില്‍ ഇത്രയും കാലം ആര്‍ത്തിരമ്പി പെയ്തുകൊണ്ടിരുന്ന പ്രണയ മഴയുടെ അവസാന തുള്ളിയും പെയ്തു തീര്ന്നപോലെ.. ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടതുപോലെ…
*************************
ഞങ്ങളുടെ ചിന്തകള്‍ പലതും സമാനമായിരുന്നു. ഒരേ ചോദ്യങ്ങള്‍ ഞങ്ങള്‍ പരസ്പരം ഒരേസമയം ചോദിക്കുമായിരുന്നു.. ഒരേ പാട്ടുകള്‍ ഒരേ സമയത്ത് മൂളുമായിരുന്നു.. “മനസ്സുകള്‍ പരസ്പരം അടുത്ത് അറിയുമ്പോഴുണ്ടാകുന്ന അത്ഭുതം” എന്നാണ് അവന്‍ അതിനെ വിശേഷിപ്പിച്ചത്. അത് സത്യമാണെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങള്‍ അത്രത്തോളം അടുത്തറിഞ്ഞവരായിരുന്നു..
ജീവിതകാലം മുഴുവന്‍ കൂടെ നിറുത്തണമെന്നോ സ്വന്തമാക്കണമെന്നോ ആഗ്രഹിച്ചിട്ടല്ല അവനെ പ്രണയിച്ചത്. സത്യത്തില്‍ പ്രണയിച്ചതായിരുന്നില്ല. ഓരോ നോട്ടങ്ങളിലൂടെ ഞങ്ങള്‍ പരസ്പരം പ്രണയിക്കപ്പെടുകയായിരുന്നു.
രാത്രിയുടെ ഏകാന്തതയില്‍ അവനെ കുറിച്ചുള്ള ചിന്തകള്‍ നിദ്രയ്ക്കു വിലക്കേര്‍പ്പെടുത്തുമ്പോള്‍ അവന്‍ എന്നെ വിളിക്കുമായിരുന്നു.
“മീരാ..എനിക്കുറക്കം വരുന്നില്ല..നിന്നെ കാണണമെന്ന് തോന്നുന്നു..ഇപ്പോള്‍ തന്നെ. നീ എന്തേ ഇന്ന് എന്നോടൊന്നും മിണ്ടാഞ്ഞത്..? എന്നെ കാത്തു നില്‍ക്കാതെ പോയത്…?
സുഖ നിദ്രക്ക് ഭംഗം വന്ന ദേഷ്യം ശബ്ദത്തില്‍ കലര്‍ത്തിക്കൊണ്ട് ഞാന്‍ മറുപടി പറയുമായിരുന്നു..”എന്തിനാ ഇപ്പോള്‍ വിളിച്ചേ..? ഞാന്‍ പറഞ്ഞിട്ടില്ലേ രാത്രിയില്‍ വിളിക്കരുതെന്ന്…? നാളെയും കാണാമല്ലോ..നാളെ നമുക്ക് ഒരുപാടു നേരം സംസാരിക്കാം..
വീണ്ടും ഫോണിലൂടെയുള്ള അവന്റെ സംസാരം നീണ്ടുപോകുമ്പോള്‍..അവന്റെ വാക്കുകളില്‍ പ്രണയത്തിന്റെ മധുരഭാവം കലരുമ്പോള്‍ പേടിയായിരുന്നു…. അവനെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയുടെ ആഴം കുറക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം അകലം പാലിച്ചുകൊണ്ടേ ഇരുന്നു..
എങ്കിലും കണ്ണും കാതുമില്ലാത്ത പ്രണയം.. ചാറ്റല്‍ മഴയില്‍ മുട്ടിയുരുമ്മി നിന്ന കുടയുടെ മറവില്‍ നിന്നും അതൊരു പെരുമഴയായി വളര്‍ന്നു. ഓഫീസ് മുറിക്കുള്ളില്‍ നിന്നും ബസ് സ്റ്റോപ്പിലേക്കും.. അവിടുന്ന് ബീച്ചിലേക്കും..ഐസ്ക്രീം പാര്‍ലറിലേക്കും.. പിന്നെ ഹോട്ടല്‍ മുറികളിലേക്കും……. എല്ലാം തെറ്റാണ് എന്നറിഞ്ഞിട്ടും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തെറ്റുകള്‍ക്കിടയിലെ ചെറിയ ചെറിയ ശരികളെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. കാരണം അവന്‍ എന്നും ഒരു ആവേശമായിരുന്നു.. അഭിനയിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ നിന്നും, വീര്‍പ്പുട്ടലുകളില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു ആശ്വാസമായിരുന്നു…
***********************************
ഇന്ന് … ഈ രാത്രിയില്‍ അവനെ മറക്കാന്‍ ശ്രമിച്ചുകൊണ്ട് ഉറക്കമില്ലാതെ കിടക്കുമ്പോള്‍ മനസ്സില്‍ പ്രണയ നഷ്ടത്തിന്‍റെ വേദന കൂടുതല്‍ ശക്തമാകുകയാണ്. ഇനി അവന്‍ എന്നെ വിളിക്കില്ല..വിളിക്കാന്‍ പാടില്ല!!.. ഇന്ന് അവന്റെ കൂടെ മറ്റൊരു പെണ്ണ് ..അവനെ വിശ്വസിച്ച് അവന്റെ കുടെ ഇറങ്ങി വന്ന പെണ്ണ്.. ഇനി ആ മനസ്സില്‍ എനിക്ക് ഒരു സ്ഥാനവും ഉണ്ടായിക്കൂട..
തുറന്നിട്ട ജനവാതിലിലൂടെ നിലാവ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തുന്നുണ്ട് . രാത്രിയില്‍ അവനെ ഓര്‍മിക്കുമ്പോള്‍ എന്നും എവിടെ നിന്നോ ഒരു ഇളം കാറ്റ് തന്നെ വന്നു തലോടാറുണ്ട്. അതോടൊപ്പം തന്നെ അവന്‍ വിളിക്കാറുമുണ്ട്.. ഇന്നും അവന്‍ വിളിക്കുമോ..
നിലാവിനോടൊപ്പം എവിടെ നിന്നോ വന്ന മന്ദമാരുതന്‍ വിരഹ വേദനയാല്‍ വീര്‍പ്പുമുട്ടുന്ന അവളെ പതിയെ തലോടിക്കൊണ്ട് മുറിയുടെ നിശബ്ദതയില്‍ എങ്ങോ ഒളിച്ചു നിന്നു.
അവള്‍ അറിയാതെ തന്നെ അവളുടെ കൈ വിരലുകള്‍ക്കിടയില്‍ കിടന്നു തിരിഞ്ഞുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ സ്ഥിരമായി വരുന്ന അവന്റെ ഒരു കോളിനു വേണ്ടി കാത്തിരിക്കുകയാണ്… അവനു വേണ്ടി പ്രത്യേകമായി സെറ്റ് ചെയ്തു വെച്ച റിംഗ് ടോണ്‍.. മൊബൈല്‍ ശബ്ദിക്കുന്നു.. അതെ അവന്‍ തന്നെ.!! അവന്‍ വീണ്ടും വിളിക്കുന്നോ….എന്തിന്..?
മീരയ്ക്ക് സന്തോഷം തോന്നിയെങ്കിലും, അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് ഒരു മാത്ര തിളങ്ങിയെങ്കിലും..അവള്‍ നിരാശയോടെ ആ ഫോണ്‍ കട്ട് ചെയ്തു..
ഇനിയും ഇത് വേണ്ട..എല്ലാം ഇനി മറന്നേ പറ്റു. മൊബൈല്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്നും അവന്റെ പേര് ഡിലീറ്റ് ചെയ്യുമ്പോള്‍ അവള്‍ക്ക് ഒട്ടും തന്നെ വിഷമം തോന്നിയില്ല..
തൊട്ടടുത്ത് കിടക്കുന്ന ഭര്‍ത്താവിന്റെ കൂര്‍ക്കം വലി അസഹ്യമായപ്പോള്‍.. തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന അയാളുടെ കരവലയത്തില്‍ നിന്നും പതിയെ വേര്‍പ്പെട്ടുകൊണ്ട് … എല്ലാം മറക്കാന്‍ ശ്രമിച്ചു കൊണ്ട് മീര കട്ടിലിന്റെ ഒരറ്റത്തേക്ക് നീങ്ങിക്കിടന്നു.
Generated from archived content: story1_feb14_14.html Author: sajad_manjeri