സ്വയം തൊഴിൽ

അമ്പലത്തിൽ ഉച്ചഭാഷണിയുടെ ശബ്‌ദം കുളിമുറിയിൽ കേൾക്കാം. ഒരു കാലത്ത്‌ അസഹ്യമായി തോന്നിയിരുന്ന ഈ പാട്ടുകൾ ഇന്ന്‌ ഞാൻ കൂടെ പാടി ആസ്വദിക്കുന്നു. തല തോർത്തികൊണ്ട്‌ നിൽക്കുമ്പോൾ അനുജത്തി സുമ വിളിച്ചു ചോദിച്ചു. “ചേട്ടാ ഇന്ന്‌ ഏതു ഷർട്ട്‌ ആണ്‌ തേയ്‌ക്കേണ്ടത്‌?” ഇന്നലെ ബുക്കിംഗ്‌ ഒന്നും ഇല്ലാത്തതിനാൽ അതിനുത്തരം കൊടുത്തില്ല. കവലയിൽ ചെന്നു നിന്നാൽ കാര്യത്തിനോക്കെയും ഒരു തീരുമാനം ആകും. അതുകൊണ്ട്‌ ഇന്നോരല്‌പം നേരത്തെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു. മേശപ്പുറത്ത്‌ ചായയും പുട്ടും പഴവും നിരത്തിയിരിക്കുന്നു. അടുക്കളയിൽ അമ്മയും അനുജത്തിയും തിരക്കിട്ട പണിയിലാണ്‌. ഇന്ന്‌ ജീവിതത്തിന്നു ഒരുപാട്‌ മാറ്റം വന്നിരിക്കുന്നു. കുറച്ച്‌ നാൾ മുമ്പ്‌ വരെ പച്ചവെള്ളം കുടിച്ചിട്ടായിരുന്നു വീട്ടിൽ നിന്നും ഇറങ്ങുന്നത്‌. ഒപ്പം കൂട്ടിനായി അമ്മയുടെ ആവലാതിയും വേവലാതിയും പൊതിച്ചോറായി ഉണ്ടാകും. അമ്മയെ പറഞ്ഞിട്ട്‌ കാര്യമില്ല സ്വന്തം മോനെ ശപിക്കാൻ ഏത്‌ അമ്മയ്‌ക്കാണ്‌ പറ്റുക, ഉള്ളിലെ വിഷമം പറഞ്ഞു തീർക്കുകയല്ലാതെ വേറെ എന്തു ചെയ്യാൻ കഴിയും ആ പാവത്തിന്‌. കോലായിലെ അരഭിത്തിയുടെ ഒരു കോണിൽ പാട്ടി ഇരുന്നു ചെറുമകന്‌ നല്ലത്‌ വരാൻ നെഞ്ചുരുകി പ്രാർത്ഥിക്കുകയാണ്‌. നേരത്തെ മറിച്ചായിരുന്നു പതിവ്‌. ആരുടെയെങ്കിലും ജീവിതം കൂട്ട്‌പിടിച്ചു സദാ സമയവും എന്തെങ്കിലുമൊക്കെ ദുഷിച്ചു കൊണ്ടിരുന്ന പാട്ടിയും ഇന്നത്തെ മാറ്റത്തിന്റെ നിറമുള്ള കാഴ്‌ചകളിൽ ഒന്ന്‌ തന്നെ.

ഒരുഭാഗത്ത്‌ അച്ഛനപ്പൂപ്പൻമാരായി ഉണ്ടാക്കിയ കടങ്ങളും ബാധ്യതകളും മറുഭാഗത്ത്‌ പട്ടിണിയും പ്രാരാബ്‌ദങ്ങളും ഏതു നിമിഷവും താഴേക്ക്‌ പതിക്കാവുന്ന ടെമോക്ലസ്സിന്റെ വാൾ പോലെ തലയ്‌ക്കു മുകളിൽ തൂങ്ങി കിടന്നു. ഒരു ബിരുദത്തിന്നപ്പുറത്തേക്ക്‌ മകന്റെ പഠിപ്പിനെക്കുറിച്ച്‌ ചിന്തിക്കുവാനുള്ള ഘനമൊന്നും അമ്പലത്തിലെ പൂജാരിയുടെ മടിശീലയ്‌ക്ക്‌ ഉണ്ടായിരുന്നില്ല. വെറും ഒരു ബിരുദധാരിക്ക്‌ ഇക്കാലത്ത്‌ ആര്‌ എന്ത്‌ ജോലി തരാൻ. മറ്റുള്ളവരുടെ വേദനകൾ എരിഞ്ഞു തീരാറായ കർപ്പൂരം ചുറ്റി തേവരോടു പറഞ്ഞു പ്രാർത്ഥിച്ചിരുന്ന അച്ഛൻ സ്വന്തം കുടുംബത്തിന്റെയും മക്കളുടെയും കാര്യം പറയാൻ മറന്നു കാണും എന്ന്‌ കരുതി വേദനയോടെ കാലം കഴിച്ചു കൂട്ടി. തേവരെ പൂജിച്ചു കിട്ടുന്ന ഓട്ടകാലണയും അമ്പലത്തിലെ നിവേദ്യചോറും എത്രനാൾ എന്ന്‌ വിചാരിച്ചിരിക്കുമ്പോഴാണ്‌ ഒരു തമാശയ്‌ക്കെങ്കിലും അടുത്ത വീട്ടിലെ രാഘവേട്ടൻ പറഞ്ഞ ഈ ജോലി സ്വീകരിച്ചത്‌. അതുകൊണ്ടിപ്പോൾ അല്ലലില്ലാതെ ചിലവുകൾ ഒക്കെ നടന്നു പോകുന്നു. ഓരോന്ന്‌ ചിന്തിച്ച്‌ കവലയിൽ എത്തിയതറിഞ്ഞില്ല. കവലയിൽ ഇരുവശവും അന്നദാതാക്കളുടെ കളർ ചിത്രങ്ങൾ പതിച്ചത്‌ കാണാം. എന്നെ പോലെ നാല്‌ അഞ്ച്‌ ചെറുപ്പക്കാർ വളരെ പ്രതീക്ഷയോടെ ആരെയോ കാത്തിരിക്കുകയാണ്‌. ഒരു ദിവസം മുന്നൂറു രൂപ മുതൽ അഞ്ഞൂറ്‌ രൂപ വരെ കിട്ടും, കൂടെ ഭക്ഷണവും. ചില ദിവസങ്ങളിൽ അതിൽ കൂടുതലും. ഇന്റർവ്യൂവോ ടെസ്‌റ്റോ മുൻപരിചയമോ അല്ലെങ്കിൽ ഒരു രാഷ്‌ട്രീയകാരന്റെയും ഒത്താശയോ ഈ ജോലിയിൽ പ്രവേശിക്കാൻ ആവശ്യമില്ല എന്നത്‌ തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഇതിലേക്ക്‌ അടുപ്പിക്കുന്ന ഒരു വസ്‌തുതയാണ്‌. ഒരു ജോലിയിൽ പ്രവേശിക്കാൻ ലക്ഷങ്ങൾ കോഴ കൊടുക്കേണ്ടുന്ന ഈ കാലത്ത്‌ ഇങ്ങനെയുള്ള ഒരു ജോലി എന്നെ പോലുള്ള നിർധനരായ ചെറുപ്പകാർക്ക്‌ ശരിക്കും ഒരു അനുഗ്രഹം തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ കേരളത്തിൽ ജോലി സാധ്യത ഏറെയാണ്‌ ഇതിന്‌.

കവലയിലെ കടയിൽ നിന്നും സിഗരറ്റ്‌ വാങ്ങി കത്തിച്ചു പ്രാരാബ്‌ധങ്ങൾ പുകച്ചുരുളായി ഊതി വിടുമ്പോൾ കേരളത്തിലെ യുവാക്കളുടെ കാര്യം ഒരു നിമിഷം ആലോചിച്ചുപോയി. ഇങ്ങനെ പോയാൽ ഈ നാടിന്റെ കാര്യം എന്താകും എന്നായിരുന്നു ചിന്ത മുഴുവനും. ആർക്കും ആരോടും കടപ്പാടുകളില്ല, ഒടുക്കം ആറടി മണ്ണിനെന്നറിഞ്ഞിട്ടും എവിടെയും എന്തിനോ വേണ്ടി കടിപിടികൂടുന്ന ജനങ്ങൾ. ചിന്തകൾ കയ്യിൽ നിന്നും വിട്ടുപോകുന്നുവെന്നു തോന്നി, ആവശ്യമില്ലാത്ത ഒരു വ്യവസ്‌ഥയും ഇല്ലാത്ത വ്യർഥമായ ചിന്തകൾക്ക്‌ കേടുപാടു വരുത്തി ഒരു ജീപ്പ്‌ വന്നു മുന്നിൽ നിന്നു ജീപ്പിൽ നിന്നും തികച്ചും അപരിചിതനായ ഒരാൾ, കൂടി നിന്നവരോടായി പറഞ്ഞു. “ഇന്ന്‌ കോട്ട മൈതാനിയിലാ” ജീപ്പിന്നു മുന്നിലെ ത്രിവർണ്ണ പതാകയിലെ കൈപ്പത്തി അടയാളം കണ്ടമാത്രയിൽ തന്നെ വന്ന ആൾക്കാരെ തിരിച്ചറിഞ്ഞു. ചുണ്ടിലെ സിഗരറ്റ്‌ ആഞ്ഞു വലിച്ച്‌ ധൃതിയിൽ നിലത്തിട്ടു ചവിട്ടി കെടുത്തി. പിന്നീടൊട്ടും സമയം കളയാതെ ജീപ്പിനുള്ളിലേക്ക്‌ വലിഞ്ഞു കയറി. കാരണം ഇലക്ഷൻ കാലമാണ്‌, ചിലപ്പോൾ ഓവർ ടൈം വരെ ഒത്തു വരും. കയ്യിലിരുന്ന പ്ലാസ്‌റ്റിക്‌ സഞ്ചിയിൽ നിന്നും ഖദറിന്റെ ഒരു ഷർട്ട്‌ വലിച്ചു പുറത്തെടുത്ത്‌ ഉടനെ തന്നെ മാറി.

ജീപ്പിന്റെ വേഗത കൂടുന്നതിനനുസരിച്ച്‌ നിരത്തിൽ നടന്നു നീങ്ങുന്ന ആൾക്കാരും അതിവേഗം പുറകോട്ടു പോയി. ഒരു പക്ഷെ ഇതിലും വേഗത്തിൽ കാലവും കടന്നു പോയേക്കാം. നാട്ടിൽ രാഷ്‌ട്രീയവും രാഷ്‌ട്രീയക്കാരും ആളെണ്ണം രാഷ്‌ട്രീയ പാർട്ടികളും ഉള്ളെടുത്തോളം കാലം ഞാനും എന്നെ പോലുള്ള യുവാക്കളും ഇതുപോലെ ജീവിച്ചു പോകും. ഒരു ഇലക്ഷൻ കഴിഞ്ഞാൽ, മീറ്റിങ്ങും സമ്മേളനവും ധർണ്ണയുമൊക്കെയായി ഒരുപാടു പാർട്ടി പരിപാടികൾ. കേരളത്തിലെ യുവാക്കൾ പട്ടിണി കിടക്കേണ്ടി വരില്ല, തീർച്ച. മനസ്സിൽ ഉറപ്പിച്ചു. ജീപ്പിന്റെ വേഗതയിൽ മുഖത്തേയ്‌ക്ക്‌ വന്നടിക്കുന്ന കാറ്റ്‌ തന്ന തലോടലും ഒപ്പം മനസ്സിൽ സ്വയം തൊഴിൽ കണ്ടെത്തിയതിന്റെ സന്തോഷവും, ആഹ്ലാദത്തിന്റെ അങ്ങേയറ്റത്തെ നിർവൃതിയിലായിരുന്നു ഞാൻ.

Generated from archived content: essay2_dec18_10.html Author: saijush.chemmangattu_payannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here