ഓർമ്മകളിലൂടെ……

നിലാവുള്ള രാത്രികളിൽ ഞാൻ വീടിന്റെ മുറ്റത്ത്‌ മരം കൊണ്ടുള്ള പടിയുടെമേൽ ഇരിക്കുകയും, കിടക്കുകയും ചെയ്യുക എന്നത്‌ അന്നത്തെ ഒരു വിനോദമായിരുന്നു. അതിൽ ഏറ്റവും ആനന്ദം നിറഞ്ഞ ഒരു കാര്യം എന്നുവെച്ചാൽ വല്ല്യുമ്മ [അവർ ഇപ്പോൾ ജീവിച്ചിപ്പില്ല] മുറ്റത്ത്‌ ഇരിക്കുന്ന സന്ദർഭം നോക്കി ഞാൻ അരികെചെല്ലും എന്തിനാണെന്നറിയുമോ? ഉമ്മാന്റെ മടിയിൽ തലവെച്ച്‌ മേൽപ്പോട്ട്‌ നോക്കി ആകാശത്തിലെ നക്ഷത്രങ്ങളുടെ സൗന്ദര്യം ആസ്വാദിക്കുകയും, ആ നേരം ഉമ്മ കൈവിരൽ കൊണ്ട്‌ തലയിലൂടെ തടവിതരും. അത്‌ വല്ലാത്തൊരു അനുഭൂതിതന്നെയാണ്. ആ തടവിൽ ഞാൻ ഒരു പക്ഷെ മയക്കത്തിലോട്ട്‌ ചാഞ്ഞ്‌ പോവും. അപ്പോഴേക്കും ഉമ്മ തട്ടിയുണർത്തും എന്നിട്ട്‌ പറയും ഒറങ്ങല്ലെ മോനെ പോയി എന്തെങ്കിലും കഴിച്ച്‌ കിടന്നാ… അപ്പോ..ഞാൻ ഉമ്മാനോട്‌ പറയും ഉമ്മാ എനിക്ക്‌ ഒറക്കം വരുന്നില്ല നിങ്ങള് ഒന്നുകൂടി തടവിം… അങ്ങനെ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളുടെ വികൃതിത്തരങ്ങൾ നോക്കി കാണും. എന്തൊരു ഭംഗിയാ… അതും നിലാവുള്ള രാത്രിയിൽ…!!

ആ ഓർമ്മകളിലൂടെ ഞാൻ സഞ്ചരിക്കുമ്പോൾ ഖബറിൽ കിടയ്ക്കുന്ന എന്റെ വല്ല്യുമ്മയെയാണ് എനിക്കു ഓർമ്മ വരുന്നത്‌. ആ കാലശേഷം ഇങ്ങനെയൊരു അനുഭൂതി ഉണ്ടായിട്ടില്ല. ഇതൊക്കെ ഓരോ കാലഘട്ടത്തിൽ കിട്ടുന്ന അമൂല്യ രത്നങ്ങളാണ്……

നമ്മുക്ക്‌ ഇപ്പഴും പഴയ കാലത്തെ കുറിച്ചോർക്കുമ്പോൾ അതിലേക്ക്‌ മടങ്ങുവാൻ കൊതിയുണ്ടാവും അല്ലെ? പക്ഷെ മടങ്ങാൻസാധിക്കില്ല..!

ചെറുപ്പത്തില്‍ കെട്ടു പന്തുമായി കളിച്ചതും, ഗോട്ടി കളിച്ചതും, ചാറ്റൽ മഴയും കൊണ്ട്‌ ചൂണ്ടയിടാൻ പോയതും, ഉടുതുണിയ്ക്ക്‌ മറുതുണിയില്ലാത്ത കാലഘട്ടത്തിൽ കൈയ്യിൽ പുസ്തകവുമായി വഴുവഴുക്കുന്ന പാടവരമ്പിലൂടെ പോകുമ്പോൾ മുമ്പിൽ പ്രത്യക്ഷപെട്ട നായയെ കണ്ട്‌ തിരികെ ഓടുന്ന വേളയിൽ ചേറിൽ വീണതും, പത്താം ക്ലാസ്സ്‌ പരീക്ഷ നടക്കുന്ന സമയത്ത്‌ പരീക്ഷ എഴുതിയ ശേഷം നേരെ നാണ്യാക്കയുടെ പീടികയിലുള്ള കാരംസ്‌ കളിയിൽ പെട്ടതും, ഒടുവിൽ പത്താം ക്ലാസ്സ്‌ തോറ്റതും, അതിനു ശേഷം പലചരക്കു കടയിൽ സാധനം പൊതിയാൻ നിന്നതും, അവിടെന്ന് കിട്ടുന്ന കാശ്‌ കൊണ്ട്‌ വീണ്ടും ട്യൂഷൻ സെന്ററിൽപോയി പഠിച്ച്‌ പത്താംതരം പാസായതും, അതിനുശേഷം കൂട്ടുകാരൊന്നിച്ച്‌ സിനിമയ്ക്കു പോവാൻ വേണ്ടി വീട്ടിലുള്ള പഴയ സാധനങ്ങൾ പെറുക്കി വിറ്റും, റോഡ്‌ പണിക്കു പോയിയും കൂട്ടത്തിൽ 1921 എന്ന സിനിമയിൽ അഭിനയിക്കുന്ന മൊട്ടയായി പോയതും ഈ വേളയിൽ ഞാനോർക്കുന്നു…. ഈ കാലഘട്ടം നമ്മുക്ക്‌ തിരിച്ചു കിട്ടുമൊ? മണ്ണിൽ ചിരട്ടകൊണ്ട്‌ തേങ്ങാപ്പുട്ടും ചക്കരപ്പുട്ടും കളിച്ച കാലം നിങ്ങളുടെ ഓർമ്മയിലും ഇല്ലെ….? അയൽപക്കത്തുള്ള വീടിന്റെ മുറ്റം ചാണകവും മണ്ണും കൂട്ടി കുഴച്ച്‌ തേച്ചു മിനുക്കിയതും, അവിടെരുന്ന് സൊറ പറഞ്ഞതും ഞാനോർക്കുന്നു…

അയൽ വാസികളായ എന്റെ സ്വന്തം സഹോദരിമാരുടെ ചുണ്ടിലൂടെ ഒഴുകിയെത്തിയ പഴയ മാപ്പിളപ്പാട്ടുകളുടെ ഈരടികൾ ഇന്നും ഞാനോർക്കുന്നു…

വീടിന്റെ തൊട്ടുള്ള അയൽ വാസിയുമായി [ഇപ്പോൾ വേർപ്പിരിഞ്ഞു] റംസാൻ കാലത്ത്‌ അർദ്ധ രാത്രി മുറ്റത്ത്‌ കാവടി കളിച്ചതും ഞാനോർക്കുന്നു… അങ്ങനെ എത്ര എത്ര ഓർമ്മകൾ….!! ആ ഓർമ്മയിലൂടെ സഞ്ചരിക്കുമ്പോൾ അതിൽ എത്രപേർ നമ്മെ വിട്ടുപിരിഞ്ഞു? എത്രപേർ കൂടുമാറിപോയി.. ? എത്രപേർക്ക്‌ വാർദ്ധക്ക്യം ബാധിച്ചു….

ഇതുപോലുള്ള ഓർമ്മകൾ ഇനി വരുംതലമുറയ്ക്ക്‌ ലഭ്യമാകുമൊ? അതൊ ആ യുഗം അവസാനിച്ചുവൊ……….? ചിലപ്പോൾ ഇതെല്ലാം ഓർക്കുമ്പോൾ ആഹ്ലാദകരമാണ് മറ്റു ചിലപ്പോൾ നൊമ്പരമാണ് മറ്റു ചിലപ്പോൾ വേർപ്പാടിന്റെ വേദനയാണ് …….

ഒരുപക്ഷെ നമ്മുക്ക്‌ ജീവിതത്തിൽ സന്തോഷിക്കുവാനും, മറ്റൊരവസരത്തിൽ സങ്കടപ്പെടുവാനും ഇതുപോലുള്ള കൊച്ചു കൊച്ചു ഓർമ്മകൾ ധാരാളം…. കുട്ടികൾക്ക്‌ ഉപ്പാന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള വളരെ രസകരമായ കഥകൾ നമ്മുക്ക്‌ പറഞ്ഞ്‌ കൊടുക്കാം, അവർ ചോദിക്കുന്ന സംശയങ്ങൾക്ക്‌ നമ്മുക്ക്‌ മറുപടി നൽകാം. അതിനു നാം സ്വന്തം വീടുമായും കുട്ടികളുമായും ഒരു ആത്മബന്ധം പുലർത്തണം. അതിലൂടെ ശാന്തിയും സമാധാനവും സന്തോഷവും നമ്മുക്ക്‌ കണ്ടെത്താം….നമ്മുക്കും ഇനി ഇതുപോലുള്ള പാത പിൻതുടർന്നുകൂടെ……..

Generated from archived content: essay1_may13_15.html Author: saifudeen_vandoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English