നൊടിയുന്ന മന്ത്രവാദികള്‍ മലകള്‍

അകലെ, സ്വന്തം ആത്മാവിന്റെ തീരത്തിലേക്ക്
അവര്‍ യാത്രയായി
ഏകാന്തതയിലേക്കുള്ള യാത്ര
ദിനങ്ങള്‍ക്ക് പിന്നാലെ ദിനങ്ങള്‍
വസതികള്‍ അവയുടെ കമിതാക്കളുടെ കണ്ണില്‍
ശുഷ്ക്കിതമാകുന്നു
മലകള്‍ സ്മൃതികളുടെ സിംഹമട
അതീതകാലത്തോടുരസിയുരസി
ഏതാണ്ട് പാറകളുടേയും മണലിന്റേയും
വര്‍ണമിയന്ന
മുട്ടകളുടെ മേല്‍ ഫാല്‍ക്കണ്‍
പക്ഷി അടയിരിക്കുന്നു.
ഹേ സുപ്രസുവായ മന്ത്രവാദിനി
നമുക്കിടയില്‍ ഈ മണല്‍ക്കൂനയും
എന്റെ കവാടത്തിനു മുമ്പില്‍
തിടം വെക്കുന്ന കാലമേരുക്കളുമല്ലാതെ
മറ്റൊരു തിരസ്ക്കരണിയുമില്ല
നീ ഉരിയാടുന്ന ഭാഷ എനിക്ക് ദുര്‍ഗ്രഹം
എന്നാല്‍ നീ നൊടിയുമ്പോള്‍
ശിരസ്സില്‍ കൊള്ളിയാന്‍ പതിക്കുന്നു
ശീഘ്രം എനിക്കത് സുഗ്രാഹ്യമാകുന്നു
ദിനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സഞ്ചരിക്കുന്നു.
പ്രവാചകന്മാരുടെ ഭൂമിയില്‍
നീണ്ടു നിവര്‍ന്നു കിടക്കുന്ന വിഗ്രഹത്തില്‍
ഞങ്ങള്‍ തുറിച്ചു നോക്കുന്നു
അജപാലന്റെ വടിയാല്‍
നിന്റെ പറ്റത്തെ ഞാന്‍ നയിക്കുന്നു
എന്റെ മുന്നില്‍ വന്ന് ഭവതിയുടെ കാമനകള്‍
വിലപിക്കുന്നു
ലോകാന്ത്യം തൊട്ടെത്തിയെന്നോണം
ആ കാമനകള്‍ പൊട്ടിത്തെറിക്കുന്നു
നിശാന്ധകാരത്തില്‍ ഒരു കൊള്ളിയാന്‍ മിന്നുന്നു
നിന്റെ വിഷാദ നിഴലില്‍ ഞാന്‍
എടുത്തെറിയപ്പെട്ടപ്പോള്‍
ദൂരയാത്രകളില്‍ നിന്ന് ഇനി
എനിക്ക് മടക്കമില്ലെന്നതു പോലെ
സ്ഥല വിസ്തൃതിയില്‍ എന്റെ ശരീരാവയവങ്ങള്‍
അനക്കമറ്റു
ഇടുങ്ങിയ ഭൂമി
യാത്രികരുടെ തേങ്ങല്‍
അനവധി നഗരങ്ങളില്‍ എന്റെ
അവയവങ്ങള്‍ ചിതറി
കാല്‍ച്ചുവട്ടില്‍ ഞാന്‍ ഭൂകമ്പം കണ്ടു
ഭൂമിയുടെ തലക്കറക്കം, ആകാശത്തിന്റെ
ലഹരി
നീര്‍ച്ചാലുകളിലിറങ്ങിയ കിളികള്‍
വിശാലഭൂമിയുടെ മേല്‍ക്കൂരയില്‍ തലചായ്ക്കുന്ന
മാലാഖമാര്‍
മനുഷ്യരുടെ ഉച്ഛിഷ്ടങ്ങളില്‍
കൊക്കുരസുന്ന ബലഹീനകളായ
പറവകളെപ്പോലെ കാണിയുടെ
മുന്നില്‍ അവ ചിത്രപ്പെടുന്നു
മനുഷ്യരോ – അവരുടെ അമ്മമാരുടെ
ഉദരത്തിലേക്ക് തന്നെ മടങ്ങി

കളങ്കിതരും വിശുദ്ധരുമായി
ഇവ്വിദം ജലകുംഭിനികളായ
മേഘങ്ങള്‍ മക്കളില്‍ സമൃദ്ധമായി
പെയ്യുന്നു
നിന്റെ പ്രേമവായ്പ്പുകളില്‍ നിന്ന്
അകന്ന് ഞാന്‍ യാത്രയായി
അപ്പോള്‍ മദ്ധ്യാഹ്നം എന്നെ
റൂബ് ഉല്‍ഖാലിയില്‍1 കണ്ടെത്തി
ഒട്ടകത്തെ ഞാന്‍ ഗാഫ് ഗാഫ് വൃക്ഷത്തിലേക്ക് തെളിച്ചു
ബദു കാലങ്ങളായി ഉപേക്ഷിച്ചിട്ടു പോയ
വൃക്ഷം
നാഗരികതയുടെ പ്രഹര ശക്തിയില്‍
അത് തകര്‍ന്നടിഞ്ഞു പോയി
നിന്റെ വിശുദ്ധ വദനം തേടി
ഞാന്‍ ആഗതനായി
…………………………….

ഏകാന്തമായ മരുഭൂ വൃക്ഷത്തിലേക്ക്
ഓടുന്നതായി നിന്നെ ഞാന്‍ കണ്ടെത്തി
കട്ടപ്പുരകള്‍, വൃഷ്ടിധാരകള്‍ , വരള്‍ച്ചയുടെ
കാലങ്ങള്‍, അതീത കാല ഭാഷ
എന്റെ കവാടത്തിനു മുന്നില്‍
കുമിയുന്ന കാലരാശി
……………………………………..
പറ്റങ്ങളെ താഴ്വരയിലെ ചുറ്റുവഴികളിലേക്കും
അതിഥികളെ എതിര്‍ ഗൃഹത്തിലേക്കും
നമ്മള്‍ നയിച്ചതേ ഇല്ലെന്ന പോലെ.

നീരൊഴുക്കുകളെ അവയുടെ വിദൂര
സമുദ്രങ്ങളിലേക്ക് ഞാന്‍ തിരിച്ചു വിട്ടു
ഉപഗ്രഹങ്ങളാലും ക്ഷണപ്രഭാചഞ്ചല നക്ഷത്രങ്ങളാലും അനുഗതരായി
തൊട്ടു തൊട്ട നാടുകളില്‍ നിന്നു വന്നെത്തിയവരും
നാടോടികളും തിരിച്ചു പോയതായി
ഗ്രാമങ്ങളില്‍ വാര്‍ത്ത പരന്നു.
തൊട്ടു തൊട്ടു മലകള്‍ ഉണ്മയുടെ മരീചികയില്‍ നിന്നുയരുന്ന
ഈ കെട്ടിടങ്ങള്‍
എന്തെല്ലാം രഹസ്യങ്ങളാണാവോ മൂടി വെച്ചിരിക്കുന്നത്?
ഏതെല്ലാം ജീവജാലങ്ങളെയാണാവോ
ഒരു ദിനം അവ നമ്മുടെ
ഗോളമുഖത്തേക്ക് വലിച്ചെറിയുന്നത്?
ഗോളം ചാരവും ചവറുമായി മാറി
മറ്റൊരു ജീവിതത്തിന്റെ ഭ്രൂണം
ഒരു വേള തലമുറകളുടെ ധൂളികള്‍, സ്വപ്നങ്ങള്‍,
മലകള്‍ മലകള്‍
നിഴലും മരീചികയും നിറയുന്ന മണലാരണ്യങ്ങള്‍
ആ മരുഭൂ മലകളില്‍ നിന്ന് ചെന്നായകളും
കുറുക്കന്മാരും ഇറങ്ങി വരുന്നു
യുദ്ധങ്ങള്‍ക്കു വേണ്ടിയുള്ള മഹാ
സായാഹ്നങ്ങളില്‍
അവയുടെ പ്രവേശദ്വാരങ്ങളില്‍
ഇരുമ്പിന്റെ ത്ഡം ത്ഡരാര‍വം ഇറങ്ങി
വരുന്നു
ഹേ മലകളേ, ഞങ്ങളോട് കരുണ കാണിച്ചാലും
നിന്റെ താഴ്വാരങ്ങളാലും
ആലയങ്ങളാലും
നീ ഞങ്ങളുടെ നിര്‍ഭാഗ്യത്തിന്‍
നിമിത്തമായിട്ടില്ല
എങ്കിലും ആര്‍ക്കാണ് നിന്റെ
ആര്‍ദ്രതയുടെ താക്കോലുകള്‍
നീ ഉടമപ്പെടുത്തിക്കൊടുക്കുക?
റുബ് ഉല്‍ഖാലി വരെ ഗോത്രങ്ങളായും
ജനതകളായും നീണ്ടു കിടക്കുന്ന
നിന്റെ അധികാര ശക്തിക്ക് കീഴില്‍
ഒന്നിനു പിറകെ ഒന്നായി വരുന്ന സന്താന
പരമ്പരകള്‍
മണല്‍ കൂനകളും പ്രളയങ്ങളും അവരെ തൂത്തു വാരുന്നു
അവരുടെ ഒരേയൊരു അടയാളം ഗോളോപരിതലത്തില്‍
അവശേഷിക്കുന്നു
വ്യര്‍ഥവും ശൂന്യവുമായി
* * *
വിദൂരമായ മലമ്പാതകള്‍ താണ്ടി വരുന്ന
ജനാരവം, യുദ്ധ ദുന്ദുഭി
ഞാന്‍ കേള്‍ക്കുന്നു
ഭീമന്‍പാറച്ചുവട്ടിലെ രാപ്പാടിയുടെ
വിതുമ്പല്‍ ഞാന്‍ കേള്‍ക്കുന്നു
പാറയുടെ നിഴല്‍ നാടിനെ മുഴുവന്‍ മുട്ടുന്നു
രാത്രി ഇറക്കം വെച്ച് തുടങ്ങിയിരുന്നു
മന്ത്രവാദികള്‍ കൃഷീവലന്‍മാരോട്
വീട്ടിലേക്ക് മടങ്ങാന്‍ വിളിച്ചു പറയുമ്പോള്‍
വലിയൊരു ആകാശവലുപ്പത്തിലുള്ള മുകില്‍
മഴയായും സ്വപ്നങ്ങളായും തകര്‍ത്ത് പെയ്യുന്നു
പര്‍വതങ്ങളുടെ പങ്ക ത്തുന്നു
പാമ്പുകളുടെ മാളം (….)
നിതാന്തമായ പ്രവാഹത്തിലേക്ക്
കണ്ണു നട്ടുകൊണ്ട്
കുന്നുകള്‍ക്ക് നേരെ പാട്ടു പാടി
ഇറങ്ങുന്ന
ഇടയന്മാരെ ഞാന്‍ കേള്‍ക്കുന്നു
* * *
ഒറ്റച്ചെന്നായയുടെ രൂപത്തില്‍
മിനാരാകൃതിയില്‍
സൈകതഭൂമിയില്‍
ഋതുക്കള്‍ ആവര്‍ത്തിക്കും പോലെ
അബിസീനിയന്‍ നാടുകള്‍ക്ക്
സമാന്തരമായ
കിഴക്കന്‍ ചക്രവാളത്തില്‍‍ നിന്ന്
മണല്‍ കൂനകളിറങ്ങി വരുന്നു
മന്ത്രവാദികള്‍ പരസ്പരം
അപരനാമങ്ങള്‍ ചൊല്ലി വിളിക്കുന്ന
അബിസീനിയന്‍ നാടുകള്‍
ചുഴലിക്കാറ്റില്‍ അത് ശിഥിലമായിപ്പോയി
പൊടുന്നനെ അസ്തമിച്ചു പോയ
സ്നേഹജനങ്ങളുടെ വസതികള്‍ പോലെ
എന്റെ അപരനാമത്തില്‍
അവര്‍ വിളിച്ചോതുന്നതായി ഞാന്‍ കേള്‍ക്കുന്നു
‘ ഞങ്ങളുടെ കണ്‍ വെട്ടത്തു നിന്ന് മാറിപ്പോക
നീ ഞങ്ങളില്‍ പെട്ടവനല്ല
ഞങ്ങള്‍ നിന്റെ കൂട്ടത്തില്‍ പെട്ടവരുമല്ല’
അവര്‍ ജീവനോടെയിരിക്കുമ്പോഴും
മൃത പിണ്ഡങ്ങളായി മാറിയപ്പോഴും
നിങ്ങള്‍ മറഞ്ഞു പോക
എന്ന് അതിനു മുമ്പേ ഞാന്‍
അവരോടു പറഞ്ഞിരുന്നു.
എന്നാല്‍ കാലം മുഴുനീളം
അവര്‍ എന്റെ ജഡത്തില്‍ തന്നെ
കന്നും നട്ടിരുന്നു; അന്ധമായ അവരുടെ
നഖങ്ങള്‍ ആഴ്ത്തിക്കൊണ്ടു.
നിനക്ക് ജാരസന്താന്മുണ്ടെന്ന്
അവര്‍ പറഞ്ഞു
നിന്റെ പിതാമഹന്റെ ഖബറിനെപ്പറ്റി
അവര്‍ ഇല്ലാ കഥകള്‍ പറഞ്ഞു പരത്തി
അന്നറെ, ഗോത്രയുദ്ധം പൊട്ടിപ്പുറപ്പെട്ടു
മലമുകളില്‍ നിന്ന് താഴേക്ക്
നോക്കുമ്പോള്‍
കോട്ട ഗോപുരങ്ങളുടെ നേരെ
ചിനച്ചോടുന്ന കൊറ്റനാടുകളുടെ
കൊമ്പുകളില്‍ തൂങ്ങിയാടുന്ന
മരണം നിനക്ക് ദൃശ്യമാകും
കുറുക്കന്മാരുടെ ഓരിയും
മലകളുടെ ഹുങ്കാരവും ഇടകലര്‍ന്ന
മേടുകളിലും കുന്നിന്‍ പുറങ്ങളിലും
ആളുകള്‍ ഇറങ്ങി വരും നേരം
ഞാന്‍ ഓര്‍ക്കുന്നു
ഗ്രാമത്തെ,മേല്‍ഭാഗം മുതല്‍
ഇരുണ്ട താഴ്വാരത്തിന്റെ അറ്റത്തോളം
പ്രഹരിക്കുന്ന വെടിമേഘം
പ്രപഞ്ചമാസകലം കവിയുന്ന ആഗസ്ത്
മാസത്തിലെ സൂര്യന്റെ കീഴെ
കഴുതകളും ഒട്ടകങ്ങളും വഹിച്ചെത്തുന്ന ആയുധങ്ങള്‍
യാതോരു വക്രോക്തിയും ചതിയുമില്ലാതെ
സൃഷ്ടിജാലങ്ങള്‍ അവയുടെ മരണം
തുള്ളി തുള്ളിയായി ഇറുമ്പി രുചിക്കുന്നു
തുറന്ന യുദ്ധങ്ങള്‍
മധ്യാഹ്ന പ്രതാപത്തില്‍ വധിക്കപ്പെട്ടവര്‍
അവരെന്റെ പേരു ചൊല്ലി വിളിച്ചു പറയുന്നു
‘നിന്റെ ശിരസ്സിലെ പനിനീര്‍ പൂ പിഴുതെടുക്കുക
നീ റുബ് ഉല്‍ഖാലിയയുടെ കവാടത്തിലാണ്’
ലൗന്‍ജില്‍ നിറയെ കബന്ധങ്ങള്‍
അവര്‍ എന്നോടൊപ്പം കട്ടിലും
ഉറക്കറയും പങ്കു വയ്ക്കുന്നു;
വീഞ്ഞു കുപ്പിയും.
അടിത്തട്ടില്‍ അവര്‍
ഉപജാപം നടത്തുന്നതായി
ഞാന്‍ കാണുന്നു
എന്റെ ജഡത്തില്‍ തുറിച്ചു നോക്കി
അവര്‍ ചിരിക്കുന്നു
ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും
വന്നവരാണെന്ന് തോന്നും അവര്‍
അവരുടെ കണ്‍ നിറയെ പരാജയവും
അപരിചിതത്വവും
ജനമം മുതല്‍ക്കേ അവരുടെ വിളി ഞാന്‍
കേള്‍ക്കുന്നു
ഈതര്‍ വലയത്തിലൂടെ മലയോര
കൈശോരത്തിനായി അതെന്റെ
അടുത്തു വന്നു
എന്റെ മേല്‍ക്കൂരയില്‍ കാലിടറുന്ന
വെള്ളിപ്പറവകള്‍ ശവകുടീരങ്ങളില്‍.
നിന്നുയരുന്ന പറവകളുടെ
പാട്ടു ഞാന്‍ കേള്‍ക്കുന്നു
പീഢിതരായ ഭീമന്‍ പറവകള്‍
സ്നേഹ ജനങ്ങളെ തേടിയുള്ള
നിശായാത്രയില്‍ അവരുടെ ആത്മാവുകളാകുന്നു
അവ
അവരെന്നെ പേര്‍ ചൊല്ലി വിളിച്ചു പറയുന്നു
ജനറല്‍മാരുടെ അങ്കണം നീ വിട്ടു പോക
നിന്നേപ്പോലുള്ളവര്‍ പ്രവാചകനല്ല
എന്നില്‍ ജ്ഞാനയുക്തി പ്രസാദിച്ചിട്ടില്ല.
ഇന്നലെ രാത്രി നിന്റെ സുഷുപ്തിയില്‍
കണ്ട യാത്രാ രേഖ
നീ കറുത്ത യാത്രികനോട് ചോദിക്കുന്നു
ഏത് വഴി തിരിച്ചാല്‍ യമനിലെത്താമെന്ന്
നിഴല്‍ പോലെ നിന്റെ കണ്മുന്‍പില്‍
നൃത്തമാടുന്ന വാക്കുകള്‍
ഉറക്കില്‍ നീ വിലപിക്കുന്നു
‘ എന്റെ വഴി കാട്ടി മരിച്ചു പോയി
വഴികളൊക്കെയും ചിതറിപ്പോയി’
മരുഭൂമി അതിന്റെ ച്യുതിയില്‍ തുടരുന്നു
ഈ രാവില്‍ ഏതു നഗരിയില്‍ നീ പുലരും?
ലോകത്തിന്റെ കവാടങ്ങള്‍
കാറ്റഴിച്ചു കൊണ്ടു പോയി
ഭീതിയാല്‍ വിറ കൊള്ളുന്ന ഗോത്രങ്ങള്‍
കുത്തിയൊഴുകുന്ന അനന്തയില്‍
കണ്ണൂ നട്ട് മലയടിവാരത്തിലേക്ക്
ഇറങ്ങി വരുന്നു വേറേ ചിലര്‍.
ഞാന്‍ എന്റെ മലമുകളില്‍ നിന്ന്
ഒരിക്കലും ഇറങ്ങില്ല.
ദൈവമല്ലാതെ ഒരു രക്ഷകനുമില്ല

———————————

1. റുബ് ഉല്‍ ഖാലി – സൗദിയിലെ ഏറ്റവും വലിയ മരുഭൂമി

ഒമാനികവിതകള്‍

Generated from archived content: poem1_mar22_12.html Author: saif_rahabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English