അന്വേഷണം

ഓരോ പ്രണയവും ഓരോ അന്വേഷണമാണ്.. മനസ്സില്‍ മോഹിക്കുന്ന പ്രണയിനിയെ, അല്ലെങ്കില്‍ എന്നെങ്കിലും നഷ്ടമായ പ്രണയിനിയെ കണ്ടെത്തുവാനുള്ള അന്വേഷണം .. ഈ കഥയും അങ്ങനെയുള്ള ഒരു അന്വേഷണമാണ്…

ഡിസംബറിലെ തണുത്ത രാത്രിയില്‍ മദ്രസയിലെ ഉസ്താദിന് ഭക്ഷണം വാങ്ങിക്കുവാന്‍ ചെന്നപ്പോഴാണ് അവളെ ആദ്യമായി കണ്ടത്… ഇതുവരെ ആരോടും തോന്നാതിരുന്ന ഒരു ഇഷ്ടം ആദ്യമായി അവളോട്‌ തോന്നി…. പിന്നെ പ്രണയം തുറന്നു പറയാതിരുന്ന നീണ്ട ഏഴു വര്‍ഷങ്ങള്‍ അവളുടെ പാതയിലെ നിത്യ സന്ദര്‍ശകനായി.. അവളോട്‌ പറയുവാന്‍ കൊതിച്ചതൊക്കെ കവിതകളായി കുറിച്ചുവെച്ചു.. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അവളുടെ മറുപടിക്ക് പകരം അവളുടെ ഉപ്പ പറഞ്ഞു: ” മോനെ ഈ പണി നിര്‍ത്തി കൊള്ളുവാന്‍…”. അന്ന് മുതല്‍ അവള്‍ മുഖം തിരിച്ചു നടന്നു..അതോടെ ആ പ്രണയം കബറടക്കി…

എങ്കിലും ഓരോ ആള്‍ കൂട്ടത്തിലും അന്വേഷിച്ചത് അവളെയായിരുന്നു.. അവളെ പോലെയുള്ളവളെ.. അവളുടെ കണ്ണുകളെ.. അവളുടെ പുഞ്ചിരിയെ… അങ്ങനെ…അങ്ങനെ…

അതിനു ശേഷം ജോലിക്കിടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു… അതു നല്ല സുഹൃത്ത് ബന്ധത്തിലേക്ക് വളര്‍ന്നു.. ആ സുഹൃത്ത് ബന്ധം ഒഴിച്ചു കൂടുവാനാവത്തതാണ് എന്ന് തോന്നിയപ്പോള്‍ അവളോട്‌ വിവാഹ അഭ്യര്‍ത്ഥന നടത്തി.. അവള്‍ സമ്മതിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല.. അവളുടെ പിതാവ് പറഞ്ഞു, നിന്റെ മാതപിതാക്കള്‍ സമ്മതിച്ചാല്‍ നടത്താമെന്ന്.. എന്തു കൊണ്ടോ എന്‍റെ മാതപിതാക്കള്‍ സമ്മതിച്ചില്ല…അതിലുപരി എനിക്ക് അവരോടു എന്‍റെ പ്രണയം ബോധ്യപ്പെടുത്തുവാന്‍ പറ്റിയില്ല എന്നതാണ് ശരി….

ഇനി ഒരിക്കലും ആരെയും പ്രണയിക്കില്ല എന്ന് തീരുമാനിച്ചുവെങ്കിലും..എന്നോട് ഒരുവള്‍ക്ക്‌ പ്രണയം തോന്നി.. അവളെ വിവാഹ അഭ്യര്‍ത്ഥന നടത്തുവാന്‍ താത്പര്യമുണ്ടോ എന്നവള്‍ ചോദിച്ചു.., ഒരിക്കലും അങ്ങനെയൊരു ഇഷ്ടം അവളോട്‌ തോന്നാതിരുന്നതിനാല്‍, അങ്ങനെ ഒരു ആഗ്രഹമില്ലെന്നും നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്നും തുറന്നു പറഞ്ഞു.. എന്നിട്ടും എന്റെ സുഹൃത്ത്‌ ബന്ധം അവളെ ശല്യപ്പെടുത്തുന്നു എന്നവള്‍ പറഞ്ഞതിനാല്‍..ആ സുഹൃത്ത്‌ ബന്ധം എന്നേക്കുമായി ഞങ്ങള്‍ അവസാനിപ്പിച്ചു…

ഇതിനിടയിലും എന്റെ പ്രണയിനിയെ തേടിയുള്ള അന്വേഷണം തുടരുന്നുണ്ടായിരുന്നുവെങ്കിലും ആരെയും കണ്ടെത്തുവാനായില്ല..അവസാനം മാതാപിതാകളുടെ നിര്‍ബന്ധത്തിനു വഴങ്ങി, ആ ശ്രമം ഉപേക്ഷിച്ചു ഒരിക്കലും കാണാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു… ജീവിതസഖിയെ കുറിച്ച് ഒരുപാട് മോഹമുണ്ടായിരുന്നുവെങ്കിലും അതിലുപരി അവളിലെ നന്മയെ പ്രണയിക്കുവാന്‍ ഇഷ്ടപ്പെട്ടു.. ഞാന്‍ അന്വേഷിച്ചിരുന്ന എന്റെ പ്രണയിനിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് എന്ന സത്യം അങ്ങനെ ഞാന്‍ അറിഞ്ഞു…

അതെ ഓരോ പ്രണയവും ഓരോ അന്വേഷണമാണ്, അതു പൂര്‍ണതയില്‍ എത്തുന്നത്‌ നമ്മള്‍ നമ്മുടെ ജീവിതസഖിയെ എന്നേക്കുമായി കണ്ടെത്തുന്നതിലൂടെയാണ്…, തിരിച്ചറിയുന്നതിലൂടെയാണ് …

– സഹര്‍ അഹമ്മദ്‌

Generated from archived content: story1_sep8_12.html Author: sahar_ahamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here