ഭാഷാന്തരം ; ബാബുരാജ് റ്റി.വി.
മശ്‌ദി സുൽഫിക്കർ എന്നു പേരായ ഒരു സാധാരണക്കാരന്റെ സാധാരണക്കാരിയായ ഭാര്യയായിരുന്നു സിത്താരെഖാനും.
സുൽഫിക്കർ ഒരിക്കൽ കുടുംബത്തിൽ വന്നു കയറിയ ഉടനെ അവന്റെ ഉമ്മ ഗൗഹാർ സുൽത്താന അവന്റെ അരികിലേയ്‌ക്ക് ഓടിയെത്തി. സിത്താരെ ഖാനെക്കുറിച്ച് കുറ്റപ്പെടുത്തി പറയാൻ തുടങ്ങി. “ഒരു ജാരസംസർഗ്ഗക്കാരീടെ കെട്ടിയോനാ നീ! ന്റെ പെമ്പ്രന്നോര് എന്നു പറയുന്നോള് എല്ലാ ബെടക്ക് കോന്തന്മാരെയും തലയിലേറ്റിക്കൊണ്ടു നടക്കാണെന്നുള്ള കാര്യം ബല്ലതും നെനക്കറിയാമോ? നക്ക് മാനം ഒണ്ടോടാ പഹയാ. ന്റെയൊക്കെ കാലത്ത് ഒരന്യൻ ബന്നു വാതിലിൽ മുട്ടിയാല്, ബീട്ടിലെ ചെറുപ്പക്കാരിത്ത്യോള് ജിന്ന് പിടിച്ച പോലെ അബരെ പിരാകി പായിക്കും. ഇപ്പയത്തെ കാലത്തും പള്ളീന്ന് ഇതൊക്കെ പഠിപ്പിച്ചു ബിടണൊണ്ടാല്ലാ. പക്കെങ്കില് അതൊക്കെ ആരകേക്കാൻ? ഇന്നു കാലത്തൊണ്ടായ ഒരു സംഭവം കേക്കണോ നിനക്കീ…. ഒരു കഷ്‌ണം ഐസും കട്ടക്കു ബേണ്ടീട്ട്…. ഒരു അടിക്കുപ്പായം മാത്രം ഇട്ടോണ്ട് ഇബള്…. ഈ തെരുവിന്റെ പാതിബരെ ഓടീന്ന്. ഇന്നു കാലത്തൊണ്ടായ ബേറൊരു സംഭവം കേക്കണാ മോനിക്കീ…. മോളീന്ന് അബള് കെടക്കത്തുണി എടുക്കാനും പോയപ്പ….. തായെ നിക്കണ ഇയം പൂശലുകാരൻ അലിയായിട്ട് കിന്നാരം പറഞ്ഞോണ്ട് നിക്കണത് മ്മള് കയ്യോടെപിടിച്ചെന്ന്. കബറീന്ന് ബന്ന മയ്യത്ത് പോലെ അവുക്കടെ ആ നിപ്പ്. ന്റെ പടച്ചോനെ! ഉസ്‌താദ് മാഷല്ലാടെ മോളെ അനക്ക് പിടികിട്ടണില്ലാന്നു പറഞ്ഞാ, മ്മള് നെഞ്ചത്തടിച്ച് ചാവും. ഓരോ ബേരലിലും കാക്കത്തൊള്ളായിരം കയിവൊള്ള ഒരു പൂച്ചെണ്ടു പോലെയാ അവുള്! അന്റെ കെട്ടിയോള് ഇങ്ങനെ ഞെളിഞ്ഞു നടക്കണത് ഓക്കടെ ബീട്ടീന്ന് കൊണ്ടന്ന പൊന്നും പണോം കണ്ടിട്ടാണാ! പത്തിരി ഒണ്ടാക്കാൻ മാവ് കൊയക്കണെ എങ്ങനെന്നു ഈ ഉമ്മ അവുക്ക് ആവുന്ന ബിധത്തില് പറഞ്ഞുകൊടുത്തിരിക്കണ്. ല്ലാന്ന് അനക്ക് തോന്നണുണ്ടാ? ആ ചാക്കിലിരിക്കണ മാവ് മുയോനും അവുള് ബടക്കാക്കി. ഇതി അത് കാട്ടിക്കളയാനെകൊള്ളൂ. പിന്നേം മ്മള് മാവ് കൊയച്ച് പത്തിരി ഇണ്ടാക്കി. മ്മ്‌ള് എന്തൊക്കെ പറഞ്ഞാലും മ്മടെ അടുത്ത് അവള് തർക്കുത്തരം പറയാണന്ന്. ”ന്നെ നിക്കാഹ് കയിച്ച് കൊണ്ടന്നേക്കണത് കീറിത്തുണി തുന്നാനല്ല ഇത്തിരി ബെടിപ്പായിട്ട് ഇരിക്കാനാണ്!
ഈ സന്ദർഭത്തിൽ സുൽഫിക്കർ കോപത്താൽ ജ്വലിച്ച് മുറിയിലേയ്‌ക്ക് ഓടി കയറി ചുവരിലെ ആണിയിൽ തൂക്കിയിട്ടിരുന്ന ചാട്ടവാറെടുത്ത് സിത്താരയെ ശക്തമായി പ്രഹരിച്ചു. ചാട്ടവാറിന്റെ കറുത്ത തുകൽ വള്ളി അവളുടെ ദേഹത്തു പടർന്നു കയറി കയ്യിൽ കറുത്ത തിണർപ്പുകൾ തീർത്തു. സിത്താര അവളുടെ മൂടുപടത്തിനുള്ളിൽ വിങ്ങിപ്പൊട്ടി കരഞ്ഞെങ്കിലും ആരും അവളുടെ രക്ഷക്കായി എത്തിയില്ല.
അരമണിക്കൂറിനു ശേഷം കടിച്ചു പിടിച്ച ചുണ്ടുകളിൽ ഒരു കള്ളപ്പുഞ്ചിരിയുമായി ഗൗഹാർ സുൽത്താന വാതിൽ തള്ളി തുറന്ന് മദ്ധ്യസ്‌ഥതക്കെത്തി. സുൽഫിക്കറിന്റെ കൈയ്‌ക്കു കടന്നുപിടിച്ചു കൊണ്ട് ഉമ്മ പറഞ്ഞു. “ന്റെ പടച്ചോനെ, നീ എന്താണ്ടാ ഈ കാണിക്കണേ? നിന്നെ ബല്ല ശെയ്‌ത്താനും പിടികൂടിയാ! നീ എന്തിനാണ് ഇബളെ ഇങ്ങനെ തല്ലി ബേജാറാക്കണെ? സിത്താരെ…. മോള് എയ്‌ന്നേക്ക്…..മ്മടെ പൊന്നല്ലേ….. എയ്‌ന്നേക്ക്! ഉമ്മ ബല്ല്യ അടുപ്പ് കത്തിച്ചേക്കണ്. ഓള് പോയി…. മാവെടുത്തോണ്ട് ബരീ… ചെല്ല്… മ്മക്ക് പത്തിരി ശുടാന്ന്…”
സിത്താരെ പോയി കുഴച്ച മാവ് പകർന്നെടുത്തു. അമ്മായിയമ്മ ചൂളക്കു മുകളിലൂടെ കുനിഞ്ഞു നിന്ന് തീയൂതി പിടിപ്പിക്കുന്നതുകണ്ടു കൊണ്ട് അവൾ വലിയ ചൂളക്കരികിലേയ്‌ക്ക് നടന്നടുത്തു. വിധിയുടെ വിളയാട്ടം പോലെ സിത്താരെ വെള്ളത്തൊട്ടിക്കരികിൽ കാൽ തെറ്റി വീണു കുഴച്ചമാവിന്റെ പാത്രം തെറിച്ചുപോയി ഗൗഹാർ സുൽത്താനയുടെ മുതുകിൽ പതിച്ചു. അമ്മായിയമ്മ ആഴമുള്ള ചൂളക്കുള്ളിലേയ്‌ക്കു മറിഞ്ഞു വീണു. അരമണിക്കൂറിനുശേഷം സിത്താരെ അവളുടെ വ്യാജ മൂർച്ഛയിൽ നിന്നുണർന്നപ്പോഴേയ്‌ക്കും ഗഹാർ സുൽത്താനയുടെ പാതി വെന്ത ശരീരം മൊരിഞ്ഞു കഴിഞ്ഞിരുന്നു.
സാരം ഃ ഈ കഥ നമ്മളെ പഠിപ്പിക്കുന്നത് ചൂളക്കരികിൽ ഒരു ഭാര്യയേയും അവളുടെ അമ്മായിയമ്മയേയും ഒരിക്കലും തനിച്ചുവിടരുത്.
Generated from archived content: story1_may26_09.html Author: sadik_hidayathu
Click this button or press Ctrl+G to toggle between Malayalam and English