ഉറങ്ങുന്നവർക്കുള്ള കത്തുകൾ

മലയാളത്തിൽ സ്വീഡിഷ്‌കവിതയുടെ ആദ്യസമാഹാരമാണ്‌ ഇത്‌. ഏറെ യൂറോപ്യൻനാടുകളിൽ നിന്നുള്ള കവിതകൾ നമ്മുടെ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടെത്തിയിട്ടുണ്ടെങ്കിലും സ്വീഡനിൽ നിന്നുള്ള കവിത വിശേഷിച്ചും സാഹിത്യം പൊതുവേയും, നമുക്ക്‌ അപരിചിതമായിത്തുടരുന്നു. അതിന്നൊരു കാരണം സ്വീഡൻ സംഭ്രമജനകമായ വൃത്താന്തങ്ങളുടെ ഉറവിടമല്ല എന്നതാകാം. ഭീകരവാദവിളയാട്ടം വിമോചനപ്പോരാട്ടങ്ങളും യുദ്ധപര്യവസായിയായ സംഘർഷങ്ങളും കൊണ്ടാണല്ലോ നാടുകൾ മാധ്യമശ്രദ്ധയാകർഷിക്കുക പതിവ്‌. നോബൽസമ്മാന പ്രഖ്യാപനങ്ങളുണ്ടാകുമ്പോൾ മാത്രമാണ്‌ നാം സ്വീഡനെ ശ്രദ്ധിക്കാറുള്ളത്‌; അല്ലെങ്കിൽ ഒലോഫ്‌ പാമെയുടെ കൊലപാതകം പോലെ, സ്വീഡനു തന്നെ ഇനിയും പൊരുത്തപ്പെടാനാകാത്ത, ഒരാകസ്മിക സംഭവമുണ്ടാകുമ്പോൾ. ചേരികളിൽപ്പെടാത്ത, സമാധാനപ്രേമിയായ, ഈ ജനാധിപത്യരാഷ്‌ട്രം രാജ്യങ്ങൾക്കിടയിൽ ഒരു ബുദ്ധനെപ്പോലെ അഭയമുദ്രയുമായി നിൽക്കുന്നു. ലോകമെമ്പാടും നിന്നുള്ള യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും വിഭജനങ്ങളുടെയും അഭയാർത്ഥികളെ സസന്തോഷം സ്വീകരിച്ച്‌ അവർക്ക്‌ എല്ലാ പൗരാവകാശങ്ങളും നൽകിക്കൊണ്ട്‌. യൂറോപ്യൻ യൂണിയനിൽ അംഗമായിട്ടും സ്വീഡൻ അതിന്റെ വിശിഷ്ട വ്യക്തിത്വം കൈവെടിഞ്ഞിട്ടില്ല. ശാന്തശീതളമായ സ്വീഡനിൽ നിന്ന്‌ ആഫ്രിക്കയുടെ വംശവീര്യമോ ലാറ്റിനമേരിക്കയുടെ വർഗ്ഗവീര്യമോ ഉള്ള കവിത പ്രതീക്ഷിക്കുന്നത്‌ മൗഢ്യമായിരിക്കും; സ്വീഡൻ ഒരു മയക്കൊഫ്‌സ്‌കിയെയോ ഡേവിഡ്‌ ദിയോപ്പിനെയോ നെരൂദയെയോ എല്വാദിനെയോ ബ്രെഹ്‌റ്റിനെയോ സൃഷ്ടിക്കുമെന്നു കരുതുക വയ്യ. പ്രശാന്തമായ നിരീക്ഷണം, പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള സൂക്ഷ്മധ്യാനം, മിഥകങ്ങളിലും സ്മൃതികളിലും ആമഗ്നമാകുന്ന ഭാവന, നേർത്ത പരിഹാസം, മൗലികമായ ബിംബാത്മകത, ഭാഷയുടെ കണിശതഃ ഇതെല്ലാമാണ്‌ പലപ്പോഴും ചിത്രകലയോടടുത്തു നിൽക്കുന്ന സ്വീഡിഷ്‌ കവിതയുടെ സാമാന്യ സ്വഭാവങ്ങളെന്നു പറയാം.

ഉറങ്ങുന്നവർക്കുള്ള കത്തുകൾ (കവിതകൾ)

പരിഭാഷ ഃ സച്ചിദാനന്ദൻ

പ്രസാ ഃ ഡി.സി. ബുക്സ്‌

വില ഃ 100രൂ.

പേജ്‌ ഃ 247

Generated from archived content: book1_may19_07.html Author: sachithanandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here