വാൽക്കണ്ണാടിയിലെ അപ്പുണ്ണി എന്ന കഥാപാത്രം കലാഭവൻമണിയുടെ അഭിനയ പ്രതിഭയ്‌ക്ക് തുടർച്ചയായി കിട്ടുന്ന ഒരേ ഭാവമുളള കഥാപാത്രങ്ങളിൽ ഒന്നാണ്. വാസന്തിയും ലക്ഷ്‌മിയും…., കരുമാടിക്കുട്ടൻ, ആകാശത്തിലെ പറവകൾ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്ര സാമ്യത വാൽക്കണ്ണാടിയിലും കാണാം. ഹാസ്യപ്രധാനമായ ചിത്രങ്ങളുടെ ചട്ടക്കൂടിൽ നിന്നും മാറി ഗൗരവമുളള വിഷയം തിരഞ്ഞെടുക്കുകയും അതിന് സെന്റിമെന്റലായ ഒരു പരിപ്രേക്ഷ്യം ഇതിന്റെ സംവിധായകരായ അനിൽ-ബാബുമാർ ചെയ്‌തു എന്നതാണ് ഒരു പ്രത്യേകത.
മേലൂർക്കുന്ന് എന്ന പരുക്കൻഗ്രാമത്തിലാണ് കഥ നടക്കുന്നത്. വേലായുധനും രാഘവനും (തിലകൻ) കുഞ്ഞിരാമനു(ബാബുനമ്പൂതിരിാമാണ് ഈ കുന്നിലെ ആദ്യത്തെ കുടിയേറ്റക്കാർ. മരിച്ചുപോയ വേലായുധന്റെ പുത്രനാണ് അപ്പുണ്ണി. ബോധാബോധങ്ങളുടെ ദയനീയമായ വൈരുദ്ധ്യങ്ങളിലൂടെയാണ് അപ്പുണ്ണിയുടെ മനസ്സ് സഞ്ചരിക്കുന്നത്. ആറുമാസം സുബോധമെങ്കിൽ ആറുമാസം ഭ്രാന്ത്. സുബോധത്തിന്റെ കെട്ടുകൾ നഷ്‌ടപ്പെട്ടുപോയാൽ അയാൾ എന്തും ചെയ്യും.. ആരെയും വകവരുത്തും.. അത്തരമൊരു ഉന്മാദാവസ്ഥയിലാണ് അപ്പുണ്ണി, രാഘവേട്ടനെ വലിച്ചെറിഞ്ഞത്. തന്റെ പ്രിയപ്പെട്ട വളർത്തച്ഛനായ രാഘവേട്ടനോടുളള ക്രൂരതയിൽ അപ്പുണ്ണി ഹൃദയംനൊന്തു വിലപിക്കുന്നു.
രാഘവേട്ടന്റെ മകളും അപ്പുണ്ണിയുടെ പ്രണയിനിയുമായ ദേവൂട്ടി (ഗീതു മോഹൻദാസ്)യെ അപ്പുണ്ണിയിൽനിന്നും അകറ്റാനാണ് അവളുടെ അമ്മ (മീനാഗണേഷ്) ശ്രമിച്ചത്. എന്നാൽ, സ്വന്തം മകന്റെ മനസ്സറിഞ്ഞ കുട്ടിയമ്മ (കെ.പി.ഇ.സി. ലളിത)യാകട്ടെ, അപ്പുണ്ണി അവളുടെ കൈയുംപിടിച്ച് വീട്ടുപടിക്കൽ വന്നുകയറുന്നതും കാത്തിരിപ്പാണ്.
കഠിനാദ്ധ്വാനിയായ അപ്പുണ്ണിയുടെ ചുമലിലായി രാഘവേട്ടന്റെ കുടുംബഭാരംകൂടി. അങ്ങനെയിരിക്കെയാണ് മേലൂർക്കാവിൽ കുടിയേറിയത്. ഉത്സവത്തിമർപ്പിന്റെ പൊടിപൂരത്തിനിടയിലാണ് ആ ഗ്രാമത്തിലേക്ക് നഗരജീവിതത്തിന്റെ കളങ്കം, തമ്പാന്റെ (അനിൽമുരളി) രൂപത്തിൽ വന്നെത്തുന്നത്. വളരെ ചെറുപ്പത്തിലെ നാടുവിട്ടുപോയ തമ്പാൻ അപ്പുണ്ണിയുടേയും ദേവൂട്ടിയുടേയുമൊക്കെ കളിക്കൂട്ടുകാരനായിരുന്നു.
അന്യനാടുകളിൽ പോയി അദ്ധ്വാനിച്ച് പണം സമ്പാദിച്ചെത്തിയിരിക്കുന്ന തമ്പാന്റെ വൈശിഷ്‌ട്യങ്ങളിൽ അപ്പുണ്ണിയും ആരാധ്യനായി.. അപ്പോഴാണ് അപ്പുണ്ണിയുടെ മനസ്സിൽ ആ ചിന്ത ഉടലെടുത്തത്… ഭ്രാന്തനായ തന്നോടൊപ്പം ജീവിതം പാഴാക്കി നശിക്കേണ്ടവളല്ല ദേവൂട്ടി… അവളെ തമ്പാനെ ഏല്‌പിക്കാൻ അയാൾ നിശ്‌ചയിച്ചു. കല്യാണത്തിനുളള ഒരുക്കങ്ങളും പൂർത്തിയായി. പക്ഷേ, അപ്പുണ്ണിക്കുവേണ്ടി മാത്രം ജീവിക്കുന്ന ദേവൂട്ടിയുടെ എതിർപ്പുമൂലം ആ കല്യാണം നടന്നില്ല. പ്രതികാരദാഹിയായ തമ്പാൻ നടത്തുന്ന ക്രൂരതകളാണ് തുടർന്നുളള ദൃശ്യങ്ങൾ.
ഭ്രാന്തില്ലാതിരുന്നിട്ടും അയാൾ അപ്പുണ്ണിയെ ഭ്രാന്തനെന്ന് മുദ്രകുത്തി ക്രൂരമായി മർദ്ദിച്ചു. ഭ്രാന്തിന്റെ ഉന്മാദത്തിൽ സ്വയം മറന്നിരുന്ന അപ്പുണ്ണിയുടെ മുന്നിലിട്ട് ദേവൂട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. ആ കൊലക്കുറ്റം അപ്പുണ്ണിയുടെ പേരിൽ വരുത്തിത്തീർത്തു. ഒടുവിൽ നാട്ടുകാരും വീട്ടുകാരും പുറന്തളളിയ അപ്പുണ്ണിയോട് നടന്ന സത്യങ്ങൾ പറയാൻ കുഞ്ഞിരാമേട്ടന്റെ മകൾ എത്തി. അവൾക്ക് മാത്രമായിരുന്നു ദേവൂട്ടിയുടെ കൊലപാതകത്തെക്കുറിച്ചുളള സത്യം അറിയാമായിരുന്നത്.
തമ്പാൻ ദേവൂട്ടിയോടും തന്നോടും ചെയ്‌ത കൊടുംപാതകങ്ങളുടെ ശിക്ഷ അയാൾക്കുനൽകാൻ അപ്പുണ്ണി നിശ്‌ചയിച്ചു. മേലൂർക്കാവിലെ ഭഗവതിത്തെയ്യം ഉറഞ്ഞുതുളളുന്ന മറ്റൊരു ഉത്‌സവക്കാലത്ത് അപ്പുണ്ണി തമ്പാന്റെ ശിരസ്സറുത്ത് ദേവിയുടെ മുന്നിൽ കാണിക്കയായിട്ടു. കുരുതിയുടെ സംപ്രീതിയെന്നോണം ആർത്തലച്ച് മഴപെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെ സംവിധായകർ സഞ്ചരിക്കുന്നു എന്നത് ഏറെ ആശ്വാസകരമാണ്. തിരക്കഥാകൃത്ത് ടി.എ.റസാക്കിന്റെ മനസ്സറിഞ്ഞതുപോലെ തന്നെ സംവിധായകൻ സിനിമയുടെ പശ്‌ചാത്തലമൊരുക്കിയിരിക്കുന്നു. പ്രകൃതിയുടെ സജീവ സാന്നിധ്യം സിനിമയിൽ നിറയുന്നുണ്ട്. ഇതിൽ ഛായാഗ്രാഹകൻ ഷാജിയുടെ സംഭാവനയും തളളിക്കളയേണ്ടതല്ല. എസ്.രമേശൻ നായരും എം.ജയചന്ദ്രനും ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ സിനിമയുമായി പൊരുത്തപ്പെട്ടു പോകുന്നുണ്ട്. ഗിരീഷ് മേനോനാണ് കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അധികം നിറക്കൂട്ടുകൾ ചേർക്കുന്നത് ചിലപ്പോൾ അരോചകമാകും എന്ന് ഈ സിനിമയിലൂടെ ഗിരീഷ് കാണിച്ചു തരുന്നു.
എന്തൊക്കെയായാലും കലാഭവൻ മണിയെന്ന നടൻ ടൈപ്പ് ചെയ്യപ്പെടുന്നത് അദ്ദേഹത്തിന് ആരോഗ്യകരമാകുമോ എന്നതാണ് സംശയം. നല്ല നടൻ ഒരു ചതുരക്കൂട്ടിൽ ഒതുങ്ങുന്നത് നല്ലതല്ല. (വാസന്തിയും ലക്ഷ്‌മിയും…., കരുമാടിക്കുട്ടൻ, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി….)
Generated from archived content: cinema_feb19.html Author: sabumon_ms