ഒരു പ്രണയ കഥയുടെ ഓർമ്മയ്‌ക്ക്‌…..

കരയ്‌ക്കു പണ്ടേ അവളെ ഇഷ്‌ടമായിരുന്നു…….

ആദ്യമൊക്കെ അവന്റെ കിന്നാരം കേൾക്കാനവൾക്കു താൽപര്യം ഇല്ലായിരുന്നു. പക്ഷെ അവൻ എപ്പോഴും വിശേഷങ്ങൾ പറയുമായിരുന്നു. അവന്റെ പഞ്ചാരമണലിൽ ഓടി കളിച്ചിരുന്ന പിഞ്ചു പാദങ്ങളെക്കുറിച്ചും. അവനെ കൂടെ കൂടെ ഇക്കിളിയിട്ടിരുന്ന ഇളം കാറ്റിനെ കുറിച്ചും. സന്ധ്യക്കവനു സ്വർണ്ണ നിറം പൂശുമായിരുന്ന സൂര്യനെക്കുറിച്ചും, രാവിൽ അവനു ഇളം നീല നിറം പാകിയ ചന്ദ്രരശ്‌മികളെ കുറിച്ചും… അവന്റെ കിന്നാരം പറച്ചിലുകൾ കേട്ടു അവന്റെ തെങ്ങിൻ ചങ്ങാതികൾ തലയാട്ടിച്ചിരിക്കുമായിരുന്നു. അവനതൊന്നും കണ്ടഭാവം കാണിച്ചില്ല. പിന്നെ എപ്പോഴൊ, എന്നോ കായൽ അവന്റെ കഥ കേട്ടു തുടങ്ങി. പക്ഷെ അവൾ അപ്പോഴും തിരിച്ചൊന്നും പറഞ്ഞില്ല. ഒരിക്കൽ ഒരു കൂട്ടം പിള്ളേർ ഓടിവന്നു അവളുടെ പുറത്തു ചാടി വീണു തിമിർത്തപ്പോൾ അവൾ അറിയാതെ പൊട്ടിച്ചിരിച്ചു പോയി. അവനും ആ ചിരിയിൽ പങ്കു ചേർന്നു. അന്നാണെന്നു തോന്നുന്നു അവൾ ആദ്യമായി അവനോടു സംസാരിച്ചു തുടങ്ങിയത്‌. അവനറിയാത്ത ഒരുപാടു വിശേഷങ്ങൾ അവൾ അടക്കം പറഞ്ഞു.

നിറഞ്ഞ പൗർണ്ണമിയിൽ കര, പകൽ വിശേഷങ്ങൾ മുഴുവൻ കായലിനോടു പങ്കുവെച്ചു. കാലവും കാലാവസ്‌ഥയും മാറി മാറി വന്നു. അവർ പ്രണയബദ്ധരാണെന്നുള്ള സത്യം അവർ സ്വയം മനസ്സിലാക്കിയെങ്കിലും തമ്മിൽ ഒരിക്കൽ പോലും പറഞ്ഞില്ല.

പലനാൾ അവന്റെ പുറത്തിരുന്നു ഇളം കാറ്റു കൊണ്ടിരുന്ന പലരും പിന്നെ വരാണ്ടായതു അവൻ ശ്രദ്ധിച്ചു. അവരുടെ കൈ പിടിച്ചു വന്നിരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ വലുതായിരിക്കുന്നു. അവരുടെ പ്രണയിനികളുമായി വന്നു കളി തമാശ പറയുന്നതും, അന്യോന്യം കാതിൽ രഹസ്യം പറയുന്നതും അവൻ രാവിൽ കായലിനോടു പറയുമായിരുന്നു. അതു കേൾക്കുവാൻ അവൾ ഇക്കിളിയിട്ട പോലെ ചിരിക്കുമായിരി​‍ുന്നു.

ഒരിക്കൽ പകൽ വെളിച്ചത്തിൽ അവൻ അവളെ കണ്ട്‌ ഉത്‌കണ്‌ഠാകുലനായി. വിളറി വെളുത്ത്‌ അവശയായപോലെ…. രാവിൽ അവൾ അനോടു അതിന്റെ കാരണം പറഞ്ഞു. അവൾ വിഷം തീണ്ടിയിരിക്കുന്നു!!! അവൾ മാത്രമല്ല അവളോടൊപ്പം കളിച്ചിരുന്ന ഓരായിരം ചെറുമീനുകളും….“എനിക്കറിയില്ല എന്താണു സംഭവിച്ചതെന്ന്‌. ഒരു തരം മഞ്ഞ ദ്രാവകം. അതിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. എനിക്കു ശ്വാസം മുട്ടി. മയങ്ങി പോയ ഞാൻ ഉണർന്നപ്പോൾ കണ്ടത്‌ എന്റെ പ്രിയപ്പെട്ട മാനത്തുകണ്ണി കുഞ്ഞുങ്ങൾ മലർന്നു പൊങ്ങുന്നതാണ്‌. നിനക്കറ്യോ എനിക്കെന്താണു പറ്റിയതെന്നു? ”ഞാൻ ചിലതു കേട്ടു“ കര പറഞ്ഞു. ഇന്നലെ ഞാൻ ഇളം കാറ്റിനെ കണ്ടിരുന്നു. അവനാണു പറഞ്ഞത്‌…. എന്റെ പഴയ കൂട്ടുകാർക്കൊക്കെ എന്തോ ദീനം പിടിപെട്ടിരിക്കുന്നു…. ഞാൻ പറഞ്ഞിട്ടില്ലേ എന്റെ തെങ്ങിൻ ചങ്ങാതിമാരെ പറ്റി? അവരുടെ ഓലകളൊക്കെ മഞ്ഞ നിറമായിരിക്കുന്നവെന്ന്‌. പലരും മരിച്ചുകൊണ്ടേയിരിക്കുകയാണെന്ന്‌. കാറ്റവരെ പലവട്ടം വിളിച്ചു നോക്കിയത്രേ. അവരാരും ഒന്നും മിണ്ടുന്നില്ലത്രേ…. എല്ലാരും വിളറി വെളുത്ത്‌ മരണം കണ്ടതുപോലെ….”

ദിനവും രാത്രിയും വന്നും പോയുമിരുന്നു. രാവിൽ കര കഥ പറയുമ്പോൾ കായൽ തളർന്നിരിക്കും. അവൾ അശക്തയായികൊണ്ടിരിക്കുകയാണെന്നും അവനു മനസ്സിലായി….. അവളെ സന്തോഷിപ്പിക്കുവാൻ അവൻ പഴയ കഥകളൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. അതുകെട്ടു അവൾ അവന്റെ മടിയിൽ തലചായ്‌ച്ചു കിടന്നുറങ്ങും….

ഒരു നാൾ രാവിൽ അവനവളോടു കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവനു എവിടെയോ ഒരു വേദന തോന്നി. പണ്ടവന്റെ പുറത്തു ഓടികളിച്ചിരുന്നവരാണ്‌. ഇന്നവർ വല്യ ആൾക്കാർ ആയിരിക്കുന്നു. അവരെന്താണു ചെയ്യുന്നത്‌? അവന്റെ പഞ്ചാര മണലെല്ലാം വാരുകയാണ്‌. ഇരുട്ടിൽ അവർ പണം വാരുകയാണ്‌. അവന്റെ നെഞ്ച്‌ കുത്തി പൊളിക്കുമ്പോൾ, അവൻ കരഞ്ഞില്ല….. എപ്പോഴൊ ഞെട്ടിയുണർന്ന അവളതു കണ്ടു. ഒന്നുറക്കെ കരയാൻ കൂടി കഴിഞ്ഞില്ല….. കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ കണ്ണുനീർ അവന്റെ മുറിവിലൂടെ ഒഴുകി….. പിന്നെയെപ്പോഴൊ ഒരു നേർത്ത ചുംബനം അവൾക്കു നൽകി അവൻ കണ്ണടച്ചു……..

അവൾ അതിനു ശേഷം ഇതു വരെ ചിരിച്ചിട്ടില്ല, കരഞ്ഞിട്ടുമില്ല… പണ്ടു പഞ്ചാരമണലിലൂടെ ഓടി നടന്ന പിഞ്ചു പാദങ്ങളെ പറ്റിയവൻ പറഞ്ഞ കഥയവളോർത്തു….

എനിക്കു നിന്നെ ഒരു പാടു ഇഷ്‌ടമായിരുന്നു… എന്നും…..കായലതു നിശ്ശബ്‌ദമായ്‌ പറഞ്ഞുകൊണ്ടേയിരിക്കുന്നു….. ഇന്നും…..

Generated from archived content: story1_feb1_10.html Author: sabu_mh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here