ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് കഴിഞ്ഞതിന് ശേഷമാണ് ടി. പത്മനാഭന്റെ പുസ്‌തകം കണ്ടത്.
വെറുതെ, കോലായിൽ മുത്തച്ഛന്റെ പഴയ ചാരുകസേരയിൽ ചാരിക്കിടന്നപ്പോൾ കണ്ണുകളുടക്കിയത് കണ്ണാടി അലമാരയിൽ ആ പുസ്‌തകത്തിലാണ്. മരിക്കാൻ തീരുമാനിച്ചതിൽ പിന്നീട് എല്ലാ കാര്യങ്ങളും വളരെ നിസ്സാരമായാണ് കണ്ടിരുന്നത്. വളരെ സൗമ്യമായാണ് പെരുമാറ്റം ആരോടും ദേഷ്യപ്പെടില്ല. പരിഭവമില്ല. അമിതമായി സന്തോഷിക്കുകയോ ദുഃഖിക്കുകയോ ഇല്ല.
എപ്പോഴും കടിച്ചുകീറുന്ന സിംഹത്തെപ്പോലെ വീട്ടിൽ കഴിഞ്ഞിരുന്ന എന്റെ ഈ ഭാവവ്യത്യാസം ഏറെ അത്‌ഭുതപ്പെടുത്തിയത് ഭാര്യയെയാണ്. പ്രസന്നവദനനായാണ് എല്ലായ്‌പ്പോഴും അവളോട് സംസാരിക്കുന്നത്.
ഒരിക്കൽ പോലും മകൾ പഠിക്കുന്ന നേഴ്‌സറി സ്‌കൂളിൽ പോയിട്ടില്ലാത്ത താൻ മോളെ സ്‌ക്കൂളിൽ കൊണ്ടാക്കാൻ തീരുമാനിച്ചതും അവളെ അത്‌ഭുതപ്പെടുത്തി.
‘ഇന്ന് ഇടിവെട്ടി മഴപെയ്യും’ അവൾ പറഞ്ഞു.
‘എന്താടീ….’
‘നിങ്ങൾ മോടെ സ്‌കൂളിൽ പോകാൻ തീരുമാനിച്ചതിന്’
‘സ്‌കൂളിൽ പോവുക മാത്രമല്ല, എല്ലാ ടീച്ചർമാരെയും കണ്ട് സംസാരിച്ചിട്ടേ ഞാൻ ഓഫീസിലേക്കുള്ളു.’
അവളുടെ ഉത്സാഹവും സന്തോഷവും കണ്ടപ്പോൾ മനസ്സിൽ പറഞ്ഞു സന്തോഷിക്കട്ടെ…… എത്രനാളാണ്…. ഏറിയാൽ…..
അപ്പോഴാണ് ഓർത്തത് ആത്മഹത്യ ചെയ്യുന്ന തിയതി നിശ്ചയിച്ചിരുന്നില്ല എന്ന്. അത് വിശദമായി ആലോചിച്ച് തീരുമാനിക്കാം. ഏതായാലും മരിക്കാൻ തന്നെ തീരുമാനിച്ചല്ലോ. അതുതന്നെ ആശ്വാസം. ഓർമ്മ വച്ചനാൾ മുതൽ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയതിൽ സന്തോഷമുണ്ട്.
എന്തിന് അവൻ ഇത് ചെയ്‌തു എന്ന പബ്ലിക് ഇന്റസ്‌റ്റിന് ഒരു മറുപടി വേണം
പ്രേമനൈരാശ്യം…..? അതേതായാലും എന്നെക്കുറിച്ച് പറയില്ല. കാരണം കുഞ്ഞുകുട്ടി കുടുംബമായി, ഏകഭാര്യാവ്രതനായി കഴിയുന്ന എന്നെക്കുറിച്ച് അങ്ങനെയൊരു നിഗമനത്തിലെത്തില്ല. കടബാധ്യത….? അതുമില്ല. കാരണം കടം വാങ്ങാറുമില്ല. കൊടുക്കാറുമില്ല. ഉത്തരം കിട്ടാത്ത ധൈഷണികവ്യഥാനുഭവിച്ച് അതിന്റെ പാരമ്യതയിൽ….. ഇല്ല ഇത് ആരും അംഗീകരിക്കില്ല എന്ന് ധൈഷണികം.
അത് അവർക്ക് തന്നെ വിട്ടേക്കാം. പബ്ലിക്കിന്.
അന്ന് പതിവിലേറെ സന്തോഷത്തോടെയാണ്, ഓഫീസിൽ നിന്നെത്തിയ എന്നെ, ഭാര്യ സ്വീകരിച്ചത്. ഞാൻ നിസംഗഭാവത്തിൽ തന്നെ ചായ കുടിച്ചു. പിന്നീട് പായസം തന്നു. നെറ്റിയിൽ കളഭം പൂശിതന്നു. മുറിയിലേക്ക് വിളിച്ചിട്ട് കവിളത്തൊര് ഉമ്മയും. ഇതൊന്നുമായിട്ടും ഞാൻ കുലുങ്ങിയില്ല. പ്രസന്നവദനനായി നിൽക്കുക മാത്രം ചെയ്‌തു.
ഇത്രയൊക്കെയായിട്ടും കാര്യം തിരക്കാത്തതിൽ അവൾക്ക് ‘ശ്ശെ’ എന്നൊരു ഭാവം. ഞാനെന്തിനു തിരക്കണം. സന്തോഷിക്കാനോ വിഷമിക്കാനോ ഞാൻ തയ്യാറല്ല. അവസാനം അവൾ പറഞ്ഞു.
‘ഇന്ന് നിങ്ങളുടെ ജന്മദിനമാ. ഞാൻ അമ്പലത്തിൽ പോയിരുന്നു. ഒരു വെടി വഴിപാടും കഴിച്ചു പൊട്ടിക്കട്ടെ. ഒരു അമിട്ട് തന്നെ പൊട്ടിക്കട്ടെ. എനിക്കെന്ത്. ഞാൻ മിണ്ടിയില്ല. പക്ഷെ പ്രസന്നവദനനായി നിന്നത് കൊണ്ട് അവൾക്ക് മറ്റ് സംശയങ്ങളൊന്നും തോന്നിയില്ല.
ദൃഢനിശ്ചയത്തോടെയായിരുന്നു എന്റെ എല്ലാ നീക്കങ്ങളും. കാരണം അപ്രതീക്ഷിതമായാണ് അന്നു രാത്രി കൃതൃനിർവ്വഹണത്തിനായി തെരഞ്ഞെടുത്തത്.
ഏതു രീതിയിൽ വേണമെന്നായി ചിന്ത. പലതും ആലോചിച്ചു. വാഴയ്‌ക്കടിക്കുന്ന മരുന്ന്, പ്ലാസ്‌റ്റിക് കയർ, ബ്ലെയ്‌ഡ്, ബഹുനില കെട്ടിടം, സൈനയ്‌ഡ് കലർത്തിയ വിസ്‌കി….. ഇങ്ങനെ ചിന്തകൾ പാഞ്ഞു നടന്നു. ഭാര്യ ഇടയ്‌ക്കിടെ വന്ന് വീട്ട് വിശേഷങ്ങളും നാട്ട് വിശേഷങ്ങളും പറയുന്നതൊന്നും കേൾക്കുന്നതേയില്ല.
അപ്പോഴാണ് മുത്തച്ഛന്റെ ചാരുകസേരയിൽ വെറുതെ ഒന്ന് കിടക്കാൻ തോന്നിയതും പുസ്‌തകങ്ങൾ കാണുന്നതും. ’പ്രകാശം പരത്തുന്ന പെൺകുട്ടി.‘
ഒരുപാട് പ്രാവശ്യം വായിച്ചത് കൊണ്ട് അത് എടുത്തില്ല. ആ കഥയുടെ മാസ്‌മരികതയെക്കുറിച്ചായി പിന്നെ ചിന്ത.
അപ്പോൾ അതാ ആ പെൺകുട്ടി പുസ്‌തകത്തിൽ നിന്നും ഇറങ്ങിവരുന്നു. ഒരു സ്വപ്‌നലോകത്തെന്നപോലെ അനിയന്റെ കൈ പിടിച്ചുകൊണ്ട് കൊലുസുകൾ കിലുക്കി അവൾ മുറ്റത്തേക്കിറങ്ങി.
’അച്ഛാ, അച്ഛൻ വരുന്നോ ഞങ്ങളോടൊപ്പം കളിക്കാൻ. ഒരാളൂടെ വേണം…..‘ അവൾ വിളിച്ചു പറഞ്ഞു. അറിയാതെ എല്ലാ തീരുമാനങ്ങളും തെറ്റി. മതിമറന്ന് ആഹ്ലാദിച്ചുകൊണ്ട് അവരുടെയടുത്തേക്ക് ചെന്ന്, വളത്തുണ്ടുകളുമായി സെറ്റ് കളിക്കാൻ തുടങ്ങിയതോടെ എന്റെ ധൈഷണികവ്യഥയെല്ലാം ഒലിച്ചു പോയി.
Generated from archived content: story1_jun1_10.html Author: sabu_chenkulam