ശീതക്കാറ്റ് വീശുന്ന വിറങ്ങലിച്ച രാത്രി. ഉമ്മറത്തെ ചിമ്മിനി വിളക്കിന്റെ വെട്ടം അകത്തെ മുറിയിലേക്ക് എത്തി നോക്കുന്നു.
“അവളെ കയ്യിൽ കിട്ടിയാൽ അരിഞ്ഞ് തള്ളുകയാ വേണ്ടത് അച്ഛൻ പുലമ്പി കൊണ്ടിരിക്കുന്നു. അമ്മയുടെ കൺപോളകൾ കരഞ്ഞ് കനം വീണിരിക്കുന്നു. ഇന്നിവിടെ ഒന്നും വെച്ച് വിളമ്പിയിട്ടില്ല. അച്ഛന്റെ ശബ്‌ദമൊഴിച്ചാൽ മരിച്ച വീടുപോലെ….
അഴിഞ്ഞ് കിടന്ന മുടി കൈകൊണ്ട് മേല്‌പോട്ട് കെട്ടി വെച്ച് പതിയെ തറയിൽ കിടന്നു. കൈകാലുകൾക്ക് അസഹ്യമായ വേദന, അയാളുടെ കറുത്ത മുഖം അവളുടെ കണ്ണിൽ ഭയം പടർത്തി.
നേരം പുലർന്നതേ ഉള്ളൂ. പറമ്പിന്റെ അങ്ങേ തലക്കൽ നിന്നും മേയാൻ വിട്ട കാലികളുടെ കരച്ചിൽ, ”പുലർച്ചെ തന്നെ അവറ്റയെ കെട്ടഴിച്ചു വിട്ടേക്കുന്നു.“ അമ്മയുടെ അരിശം നിറഞ്ഞ വാക്കുകൾ, മുൻവശത്തെ ശാരദയുടെ വീട്ട് മുറ്റത്ത് വന്ന് നിന്ന വെളുത്ത അംമ്പാസിഡർ കാറിൽ നിന്നും സ്‌ത്രീകൾ ഇറങ്ങുന്നു.
”അവൾടെ കെട്ടിയോന്റെ വീട്ടിന്നാവും.“
”അയാളിപ്പോ ദുബായിലല്ലേ… അമ്മേ, അവിടുന്ന് വന്ന ആരെങ്കിലും ആവും“
”അവിടെ എപ്പോഴും വിരുന്നുകാരാ ഇവറ്റകൾക്കൊക്കെ ചായേം വെള്ളോം കൊടുക്കാൻ തന്നെ അയാൾ അധ്വാനിച്ചാ തെകയോ…. “അമ്മക്ക് ഇടക്കുള്ള സംശയം.
കരിപിടിച്ച അലുമിനിയംകലം തേച്ച് വെളുപ്പിക്കുമ്പോൾ അമ്മ പറഞ്ഞു.
”നീയാ കുഞ്ഞിപ്ലാവിന്റെ മുരട്ടിൽ കൊണ്ടോയി കലം കഴുക്, അച്ഛൻ പണ്ട് വടകരേന്ന് കൊണ്ടോന്ന ചക്കേടെ കുരുവാ, കായ്‌ക്കാനുള്ള പ്രായൊക്കെ ആയി. ന്നട്ടും കായ്‌ച്ചോ. വെള്ളത്തിന്റെ കൊറവാ.“
അമ്മ കുഞ്ഞി പ്ലാവിന്റെ തടം ഒരു ഉണക്ക കൊള്ളികൊണ്ട് കിളച്ച് ഉണങ്ങിയ ഇലകൾ വാരി അതിന്റെ തടത്തിലിട്ട് മൂടി. കുഞ്ഞിപ്ലാവ് സുന്ദരിയാ. കുഞ്ഞി ചില്ലകളുമായി അവൾ പന്തലിച്ചിരിക്കുന്നു.
ശാരദയുടെ വീട്ടിൽ നിന്ന് അംമ്പാസിഡർ സ്‌റ്റാർട്ടാക്കുന്ന ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കി. ശാരദചേച്ചി ഒരുങ്ങി വീടും പൂട്ടി അവരോടൊപ്പം പുറപ്പെടുന്നു. പശുവിനുള്ള കാടിവെള്ളം ശാരദേടെ വീട്ടിന്നാണ് എടുക്കാറ്. ഇന്നിനി പശുവിനും പട്ടിണി.
അച്ഛനിന്ന് ഉസ്‌മാൻ ഹാജീടെ പറമ്പിലാ ജോലി. വൈകിട്ട് വീട്ടിലെത്തുമ്പോഴേക്കും നന്നേ ക്ഷീണിക്കും. ഒരു ആൺതരിയില്ലാത്ത സങ്കടം അച്ഛന് ഒരുപാടുണ്ട്. കൂട്ടില്ലാത്ത എനിക്കും ചിലപ്പോ സങ്കടാവാറുണ്ട്. ആകേയുള്ളത് കേശു ആശാരീടെ മകൾ മാളു. അങ്ങോട്ടാണെങ്കീ അമ്മ കൂടുതൽ വിടുകേം ഇല്ല. മാളൂന്റമ്മ ദേവയാനിക്ക് കരിനാക്കാണെത്രെ. അവളെക്കാളും ഒരു പൊടി സൗന്ദര്യം ന്റെ കുട്ടിക്കാന്നാ അമ്മേടെ ഭാഗം. അതോണ്ട്‌തന്നെ അങ്ങോട്ടുള്ള പോക്ക് അമ്മക്ക് അത്രക്ക് ഇഷ്‌ടമല്ല. പിന്നെ ശാരദ ചേച്ചി. അവരോട് കൂടുതൽ കൂട്ടൊന്നുമില്ലാ. വല്ലപ്പോഴും ഞായറാഴ്‌ച സിനിമ കാണാൻ അവരുടെ വീട്ടിപോകും.
അന്നും ഒരു ഞാറാഴ്‌ചയായിരുന്നു. വൈകുന്നേരം മുടിയും ചീകി സിനിമ കാണാൻ ഇറങ്ങുമ്പോഴാണ് അമ്മ വിളിച്ചത്.
”നന്ദൂട്ട്യെ…. മ്മളെ കുഞ്ഞി പ്ലാവിൽ ചക്ക വിരിഞ്ഞു.“
സന്തോഷം തന്നേ… ചക്ക വിരിഞ്ഞത് കാണാൻ വീടിന്റെ പിന്നിലേക്കോടി. അമ്മ പഴകിയ ഒരു തുണികഷ്‌ണം എടുത്ത് പ്ലാവിന്റെ കടക്കൽ ചുറ്റി വെക്കുന്നു.
”എന്തിനാമ്മേ അത്“.
”അത്, അവൾക്കും പ്രായായി. നിന്നെ പോലെ വയസ്സറിയിച്ചു. ഇവൾക്കും ഒരു കോടി വേണ്ടേ നന്ദൂട്ടി…..“ അമ്മ പറഞ്ഞത് കേട്ടപ്പോ നിക്ക് ചിരിവന്നു. ഈ അമ്മേടെ ഒരു കാര്യം.
കുഞ്ഞിപ്ലാവ്, അവളിപ്പോ പുള്ളിയുള്ള നാടൻ മുണ്ടും ചുറ്റി നിൽക്കുന്ന ഒരു സുന്ദരിയെ പോലെ തോന്നി. താഴത്തെ കൊമ്പിന് മുകളിലായി ഒത്തിരി കുഞ്ഞി ചക്കകൾ വിരിഞ്ഞ് തുടങ്ങുന്ന അവൾക്ക് നല്ല ഭംഗി. തലോടാൻ തോന്നി, അമ്മയെ പേടിച്ച് പിന്തിരിഞ്ഞു.
അമ്മയോട് പോവാന്ന് പറഞ്ഞ് ശാരദേച്ചീടെ വീട്ടിലെത്തി. ടീവിടെ ശബ്‌ദം പുറത്ത് കേൾക്കാം. നീട്ടി വിളിച്ചു.
”ശാരദേച്ചീ….“
ഒറ്റ വിളിക്ക് തന്നെ വാതിൽ തുറന്നു. കറുത്ത് തടിച്ച ഒരാൾ ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നു. പേടിച്ച് ഞാൻ പിന്നിലേക്ക് വലിഞ്ഞു. എന്റെ പരുങ്ങൽ കണ്ട ശാരദേച്ചി അകത്ത് നിന്ന് വിളിച്ച് പറഞ്ഞു.
”നന്ദൂട്ടി വരൂ. അദ്ദേഹം എന്റെ ബന്ധുവാ പേടിക്കണ്ട…“
പിന്നീട് നടന്ന സംഭവങ്ങൾ ഓർക്കാൻ പോലും നന്ദൂട്ടിക്ക് ശേഷിയില്ലാതായി.
സിനിമയോടുള്ള കൊതി കാരണം മറ്റൊന്നും നോക്കാതെ നന്ദൂട്ടി അകത്തേക്ക് കയറി. സ്‌ക്രീനിൽ ‘പത്രം’ എന്ന പടം. മഞ്ജുവാര്യർ തകർക്കുന്നു. അവൾ സന്തോഷത്തോടെ മാർബിൾ തറയിൽ ഇരുന്നു. സ്‌ക്രീനിൽ മാറിവരുന്ന സീനുകൾ നന്ദു ഇമവെട്ടാതെ നോക്കികൊണ്ടിരുന്നു. പെട്ടന്നായിരുന്നു വാതിൽ അടഞ്ഞത്. പിന്നിൽ കറുത്ത് തടിച്ച അയാൾ.
പേടിച്ച നന്ദു വിളിച്ചു കൂവി.
”ശാരദേച്ചീ…. ചേച്ചീ…….“
അവളുടെ വിളികൾ അടഞ്ഞ് കിടന്ന കോൺക്രീറ്റ് ഭിത്തികൾ തടഞ്ഞ് നിർത്തി. ഭയന്നു വിറച്ച നന്ദു പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി. അയാൾ ചിരിച്ച്‌കൊണ്ട് അവളോട് പറഞ്ഞു.
”നന്ദൂട്ടി ഭയക്കണ്ട…. ഇപ്പൊ പതിനേഴായില്ലേ എന്നിട്ടും ഭയമോ….“
”വേണ്ട, എന്റെ അരികിലേക്ക് വരണ്ട. ഞാൻ…. ഞാൻ…..“
അവൾ ചുറ്റും നോക്കി. പേടിച്ചരണ്ട അവൾ അലറിക്കരഞ്ഞു. സ്‌ക്രീനിൽ മഞ്ജുവിന്റെ പടം മിന്നി മറയുന്നു. അവൾ ഒരു നിമിഷം ധൈര്യം വീണ്ടെടുത്ത് മേശപ്പുറത്തിരിക്കുന്ന ഫ്ലവർവേയ്‌സ് കയ്യിലെടുത്ത് അയാൾക്ക് നേരെ നീട്ടി.
”കൊല്ലും ഞാൻ, മാറി നിൽക്കൂ…..“
മാറി നിൽക്കാൻ അവൾ ആക്രോശിച്ചെങ്കിലും അയാൾ ചിരിച്ചു. അവൾ കയ്യിലിരിക്കുന്ന ഫ്ലവർവേയ്‌സ് ജനാലക്ക് നേരെ ശക്തിയായി എറിഞ്ഞു. ചില്ല് തകർന്ന ജാലകത്തിനുള്ളിലൂടെ അവളുടെ ശബ്‌ദവീചികളും മുറി വിട്ട് പുറത്ത് ചാടി. നിരത്തിലൂടെ പോകുന്നവർ കേൾക്കും എന്ന ഭയത്താൽ അയാൾ നന്ദുവിന്റെ വായപൊത്തി. അവൾ ആ കൈകൾ കടിച്ച് മുറിച്ച് വീണ്ടും അലറി. അലർച്ചകേട്ട് പൊട്ടിയ ജാലകത്തിലൂടെ ആളുകൾ എത്തിനോക്കി. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തെത്തിയ ആളുകൾ അയാളെ ശരിക്കും പെരുമാറി. ശാരദ അപ്പോഴേക്കും പിൻ വാതിലിലൂടെ സ്‌ഥലം വിട്ടിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ നന്ദുവിന്റെ അമ്മ സംഭവിച്ചത് എന്തെന്നെറിയാതെ അന്ധാളിച്ച് മകളെ നോക്കി. മേശപ്പുറത്തെ തുറന്ന് വെച്ച ആൽബം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുന്ന നന്ദുവിനെ അമ്മ സമാധാനിപ്പിച്ചു. ശാരദേച്ചി കഴിഞ്ഞ ആഴ്‌ച തന്നെ കൂടെ നിർത്തി എടുത്ത ഫോട്ടോകൾ അയാൾക്ക് കാണിക്കാൻ ആയിരുന്നെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.
നന്നായി പെരുമാറി ഒരു പരുവമാക്കിയ അയാളെ നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു. കരഞ്ഞ് വീർത്ത നന്ദുവിന്റെ മുഖത്ത് നോക്കി അമ്മ പറഞ്ഞു.
”അച്ഛൻ അറിഞ്ഞാൽ….“ അമ്മയുടെ ചുണ്ടുകൾ വിതുമ്പി.
ദേഷ്യം മൂക്കത്താണ് നാരായണന്. നാട്ടിലെ അറിയപ്പെടുന്ന പോക്കിരി.
ജോലി കഴിഞ്ഞെത്തുമ്പോൾ ഏതായാലും അച്ഛനറിയും. അമ്മയുടെ ഉള്ളം പിടഞ്ഞു. വളർത്ത് ദോഷം അതാവും എല്ലാത്തിനും ഒടുവിൽ….
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി വീട്ടിലെത്തുമ്പോൾ കുഞ്ഞിപ്ലാവിന്റെ ചുവട്ടിൽ വീണു കിടക്കുന്ന കുഞ്ഞു ചക്കകൾ.
അമ്മ പറഞ്ഞു.
”വേണ്ട ഇനി പടികടന്ന് പുറത്ത് പോകണ്ടാ, ശാരദ, അവൾ ഭയങ്കരിയാ… ന്റെ മോളേ ദൈവം കാത്തു.“
പറഞ്ഞു തീർന്നില്ല, പടി കടന്ന് വന്ന നാരായണൻ ദേഷ്യത്തോടെ ഉമ്മറത്തേക്ക് കയറി. കയ്യിൽ നീണ്ട ചൂരൽ. മുഖം ചുവന്നിരിക്കുന്നു.
”അസത്ത് എവിടെ അവൾ“.
നന്ദുവിന്റെ അമ്മ ഭയന്ന് വിറച്ചു. ഇറയിൽ നിന്നും വാക്കത്തിയെടുത്ത് അരയിൽ തിരുകി അയാൾ ശാരദയുടെ വീട് ലക്ഷ്യമാക്കി നടന്നു.
Generated from archived content: story1_jun2_11.html Author: sabira_siddiq