ജീവിതത്തിന്
രണ്ടുനിറമേയുള്ളു
കരിനിഴലിന്റെയും
നറും നിലാവിന്റെയും
കത്തികരിഞ്ഞ
ജഡത്തിന്റെ
അവസ്‌ഥയിൽ
നിറഭേദങ്ങളില്ലാതെ
തിളങ്ങി തിളങ്ങി
വെറുതെയൊരു
കിനാവിന്റെ
നൂൽപാലത്തിലിരുന്ന്
ഊഞ്ഞാലാട്ടത്തിന്റെ
ആക്കത്തിലാണ്
തണൽവൃക്ഷത്തിന്റെ
ചില്ലകൾ
ഒടിഞ്ഞുവീണത്.
നനഞ്ഞുകുതിർന്ന
കണ്ണീരിന്റെ
ജഡത്വത്തിലാണ്
ഒടുക്കത്തിന്റെ
തുടക്കമെന്ന്
ആരോപറഞ്ഞതുപോലെയാണ്
മഴനിഴൽ
വെയിലിനോട്
പരിഭവം പറഞ്ഞത്.
കനലുകളെരിഞ്ഞ
അസ്‌ഥി തറയിൽ
അയഞ്ഞ കൊള്ളിയാന്റെ
ബട്ടൻ ഹോളുകളിലാണ്
ആദ്യം തുന്നലെഴുതി
ചേർത്തത്.
പ്രണയത്തിന്റെ നിറം
ചോര ചെമപ്പിന്റെ
സുവർണ്ണലിപികളിൽ
ചരിത്രമെഴുതി ചേർത്തത്.
പിന്നെയെങ്ങിനെയാണ്
കടമെഴുത്തിന്റെ
ഭാഷയിൽ
കനവുകളുടെ നിറം
ജീവിതത്തിന്
നൽകപ്പെട്ടത്….!
Generated from archived content: poem1_april14_11.html Author: sabeesh_guruthippala